കുഞ്ഞന്‍ പിള്ള എന്നതാണ് ശ്രീ ചട്ടമ്പിസ്വാമികളുടെ പേര്. എന്തുകൊണ്ടാണ് അദ്ദേഹത്തെ ചട്ടമ്പിസ്വാമി എന്നു വിളിക്കപ്പെടുന്നത്? സ്വാമി ആളൊരു ചട്ടമ്പി ആയിരുന്നോ? സന്യാസിമാരിലും ചട്ടമ്പിയോ? സ്വാമിയെ കണ്ടാല്‍ ഒരു ചട്ടമ്പി ലുക്ക് ഇല്ലല്ലോ. കുട്ടികളെ പേടിപ്പിക്കുമായിരുന്നോ? ഇതുപോലുള്ള പല ചോദ്യങ്ങളും കേള്‍ക്കാറുണ്ട്.
ചട്ടമ്പി എന്ന പദത്തിന് ചട്ടത്തെ അന്‍പുന്നവന്‍ എന്നര്‍ത്ഥം. പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് കുഞ്ഞന്‍ പിള്ളയെ ആശാന്‍ ക്ലാസ്സിലെ ‘ചട്ടമ്പി’യാക്കി. ക്ലാസിലെ മോണിട്ടര്‍ അഥവാ ക്ലാസ് ലീഡര്‍ – ചട്ടങ്ങളെ നടപ്പിലാക്കുന്നവന്‍ – എന്നര്‍ത്ഥം. ചട്ടംപിള്ള, ചട്ടമ്പിള്ള, ചട്ടമ്പിപിള്ള എന്നും അന്നുപറയും. പിന്നീട് ആ സ്ഥാനപ്പേര് വ്യക്തി നാമമായി മാറി. അങ്ങനെ ചട്ടമ്പിസ്വാമിയെന്ന് അദ്ദേഹം പില്‍ക്കാലത്തും അറിയപ്പെട്ടു. ചട്ടമ്പിയ്ക്ക് പ്രമാണി, അധ്യാപകന്‍, ഗുരു എന്നും അര്‍ത്ഥമുണ്ട്.
ആള്‍ക്കാരെ അവരവരുടെ തൊഴില്‍, സ്ഥലം, എന്തെങ്കിലും പ്രത്യേകത അനുസരിച്ച് മറ്റൊരു പേരില്‍ അറിയപ്പെടാറുണ്ടല്ലോ. അതുപോലെ അവധൂതരെയും സ്വാമിമാരെയും അറിയപ്പെട്ടിരുന്നു. ഉദാഹരണത്തിനു, ചാക്കുസ്വാമി, ബൈക്ക് ബാബ, കൊല്ലത്തമ്മ, തിരുവല്ലത്തമ്മ, പൂന്തുറസ്വാമി, വടലൂര്‍ വള്ളലാര്‍, മൌനഗുരുസ്വാമി, തക്കല സ്വാമി, മായിയമ്മ, കോമ്പൈസ്വാമി, നായനാര്‍സ്വാമി, തൈക്കാട്ടയ്യാസ്വാമി, അച്ചാറുസ്വാമി, ആലയില്‍ സ്വാമി എന്നിങ്ങനെ ധാരാളംപേര്‍.
അതുപോലെയാണ് ഈ “ചട്ടമ്പിസ്വാമി” എന്ന പേരും രൂപപ്പെട്ടത്. കുട്ടിക്കാലത്ത് സ്കൂളില്‍ ചട്ടമ്പി (ക്ലാസ് മോണിട്ടര്‍) എന്ന പേരില്‍ അറിയപ്പെട്ടത് പിന്നീട് സ്ഥിരമായി. ശരീരത്തിനും ധനത്തിനും ആശ്രമത്തിനും ശിഷ്യന്മാര്‍ക്കും ആഗ്രഹമില്ലാത്തവര്‍ക്ക് ഒരു പേരിലെന്തിരിക്കുന്നു?
ഗിരിയും പുരിയും സരസ്വതിയും തീര്‍ത്ഥയും മഹാരാജും ചൈതന്യയും എന്നിങ്ങനെ പേരിന്റെ അവസാനം വേണമെന്നുമില്ല സന്യാസിയാകാന്‍ എന്നര്‍ത്ഥം.
പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച “ശ്രീ വിദ്യാധിരാജ സുപ്രഭാത”ത്തിലെ ഈ പേരിനെ സൂചിപ്പിക്കുന്ന രണ്ടാമത്തെ ശ്ലോകമാണ് താഴെ കൊടുത്തിരിക്കുന്നത്.
ചട്ടത്തെയമ്പുമൊരു ശിഷ്യനുദേശികാഗ്ര്യന്‍
പട്ടം കൊടുത്ത പദമിങ്ങഭിദാനമായി
ചട്ടമ്പിയെന്നു ഭുവി വിശ്രുതനായി വാഴും
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം.
[ കടപ്പാട് : Sree Chattampi Swamikal ഫെയ്സ്ബുക്ക് പേജ്. ]
Discussion about this post