[പഴയ ‘സദ്ഗുരു‘ മാസികയുടെ ചില ലക്കങ്ങളില്‍ ചട്ടമ്പിസ്വാമികള്‍ എഴുതിയതില്‍ നിന്നും എടുത്തത്. പല ലേഖനങ്ങളും സ്വാമികള്‍ ‘അഗസ്ത്യന്‍‘ എന്ന തൂലികാനാമം വെച്ചാണ് എഴുതിയത്. ]
പരദേശികളുടെ വരവു ഹേതുവായിട്ടു നാമങ്ങള്‍ പലവിധത്തിലും ഭേദപ്പെട്ടിട്ടുണ്ടെന്നുള്ളതിനു സാധാരണനടപ്പുള്ളവയില്‍ നിന്നും ഒരു ഉദാഹരണം കാണിക്കാം.
ഇവിടെ കിഴക്കെന്നും, മേക്കെന്നുമാണല്ലോ പൂര്‍വപശ്ചിമദിക്കുകള്‍ക്കു പറഞ്ഞുവരുന്നത്. കിഴക്ക്, മേക്ക് ഈ വാക്കുകള്‍ തമിഴു ഭാഷയില്‍ പെട്ടതാണ്. കിഴക്കെന്നുള്ളത്, കീഴ് എന്നുള്ളതില്‍ നിന്നും മേക്കുമേല്‍ എന്നുള്ളതില്‍ നിന്നും ഉണ്ടായവയാകുന്നു. പര്‍വതത്തിന് കിഴക്കായി സ്ഥിതിചെയ്യുന്ന പാണ്ടിദേശത്തു സമുദ്രം കിടക്കുന്നതും സൂര്യന്‍ ഉദിക്കുന്നതുമായ ഭാഗം കിഴക്കും പര്‍വതഭാഗമായ മേല്‍ഭാഗം മേക്കുമാണ്.
ഈ മുറയ്ക്കു മലയാളദേശത്തു പര്‍വതങ്ങളുടെ ഭാഗം മേല്‍ഭാഗവും സമുദ്രം കിടക്കുന്ന താഴ്ന്നഭാഗം കീഴ്ഭാഗവുമാണ്. നാം ഇപ്പോള്‍ പറഞ്ഞുവരുന്ന കിഴക്ക് എന്നുള്ള ഭാഗം നമുക്കു മേക്കും മേക്കെന്നുള്ള ഭാഗം നമുക്കു കിഴക്കുമാണ്. എന്നാല്‍ നാം പറഞ്ഞും ധരിച്ചും വരുന്നതു മേക്കിനെ കിഴക്കെന്നും, കിഴക്കിനെ മേക്കെന്നും വിപരീതമാക്കിയാണ്. ഇതു പാണ്ടിക്കാരോടു നമുക്കുള്ള അധിസംസര്‍ഗ്ഗം ഹേതുവായിട്ടു വന്നു പോയതായിരിക്കണം.
ഇവിടെ പണ്ടുപണ്ടേ നടപ്പുളള പേര് ഉഞ്ഞാറ്, പടിഞ്ഞാറ് എന്നാകുന്നു. ഉഞ്ഞാറ് = ഉയര്‍ + ഞാര്‍; ഉയര്‍ = ഉയരുന്ന സ്ഥലം; ഞാര്‍ = ഞായര്‍ സൂര്യന്‍. അതായതു സൂര്യന്‍ ഉദിച്ചുയരുന്ന ദിക്കെന്നും; പടിഞ്ഞാറ് = ഞായര്‍ പടിയുന്ന സൂര്യന്‍ പടിയുന്ന; താഴുന്ന സ്ഥലം എന്നും; സൂര്യന്‍ അസ്തമിക്കുന്ന എടമെന്നും താല്‍പര്യം.
‘ഉഞ്ഞാറ്റുവരയെ നീങ്കി ഉയിരിളം പതിമേനി’ എന്ന തമിഴു പാടലില്‍ പടിഞ്ഞാറ് എന്നുള്ളത് പ്രസിദ്ധമാണല്ലോ.
(എഡിറ്റര്‍ : ‘ഉഞ്ഞാറ്റുവരയെ നീങ്കി ഉയിരിളം പതിമേനി’ എന്നതിന്റെ അര്‍ത്ഥം അറിയില്ല.)
Discussion about this post