കഴിഞ്ഞ ദിവസം കണ്ണമ്മൂലയില്‍ ചട്ടമ്പിസ്വാമികളുടെ (Sree Chattampi Swamikal) ജന്മസ്ഥലത്തുപോയി ഇപ്പോഴവിടെയുള്ള കുടുബാംഗങ്ങളോട് സംസാരിച്ചപ്പോള്‍ സ്വാമിയെ കുറിയ്ക്കാന്‍ അവര്‍ ഉപയോഗിച്ച പദം ‘പോറ്റിയമ്മാവന്‍’ എന്നാണ്.
പോറ്റി എന്നാല്‍ രക്ഷിതാവ് എന്നര്‍ത്ഥം. പോറ്റുന്നവന്‍ ആരോ അവന്‍ പോറ്റി, ബഹുവ്രീഹി സമാസം! അങ്ങനെയാണല്ലോ പോറ്റമ്മ എന്നുള്ള വാക്കിനും അര്‍ത്ഥം.
“വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ” എന്നുതുടങ്ങി എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തില്‍ ഈ പ്രയോഗം ധാരാളമുണ്ട്. ഭക്തിപ്പാട്ടുകളില്‍ ഈ വാക്ക് ഉപയോഗിച്ചു കണ്ടിടുണ്ട്.
“ഒഴികഴിവൊന്നു പറഞ്ഞൊഴിയാതെ നി-
ന്നഴലതിലിട്ടുരുകും മെഴുകെന്നപോല്‍
കഴലിണയിങ്കലടങ്ങുവതിന്നു നീ
വഴിയരുളീടുക വാമദേവ, പോറ്റീ!”
– എന്ന് ശിവശതകത്തില്‍ നാരായണഗുരു.
തിരുവനന്തപുരത്തും മറ്റും കുടുംബത്തിലെ വലിയ കാരണവനെ ‘പോറ്റി അമ്മാമന്‍’ എന്നു വിളിക്കാറുണ്ട് എന്ന് ചട്ടമ്പിസ്വാമികള്‍ എഴുതിയ ‘മലയാളത്തിലെ ചില സ്ഥാനനാമങ്ങള്‍‘ എന്ന പ്രബന്ധത്തില്‍ പറഞ്ഞിട്ടുണ്ട്.
അമ്പലത്തിലെ പൂജാരിമാരെ പോറ്റി എന്നു വിളിക്കുന്നത് ഇക്കാലത്ത് പ്രത്യേകിച്ച് അര്‍ത്ഥമില്ലാത്ത ഒരു പ്രയോഗമാണെന്നു തോന്നുന്നു. നാട്ടുകാരെ പോറ്റുന്നവന്‍ അഥവാ അധികാരി എന്ന അര്‍ത്ഥം ഇക്കാലത്ത് ഇല്ലല്ലോ. ശ്രീകോവിലില്‍ നിവേദ്യം സമര്‍പ്പിക്കുന്നതിനാല്‍ ദേവതയെ പോറ്റുന്നവന്‍ എന്നായിരിക്കാം.
Discussion about this post