ബ്രഹ്മശ്രീ

ഇപ്പോള്‍ കൂടുതലായി ഉപയോഗിച്ചു കാണാറുള്ള ഒരു ആദരസൂചകപദമാണ് ബ്രഹ്മശ്രീ. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?

ഞാന്‍ വിചാരിച്ചിരുന്നത് (ബ്രഹ്മ)ജ്ഞാനികളെ കുറിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്കായിരിക്കും ബ്രഹ്മശ്രീ എന്നാണ്. പലപ്പോഴും സന്യാസിമാരുടെ പേരിനൊപ്പമാണ് കണ്ടിരുന്നതും. ശ്രീ എന്നാല്‍ ഐശ്വര്യം എന്നര്‍ത്ഥം. ആ ഐശ്വര്യതലവും കടന്നവരാണ് ജ്ഞാനികള്‍. അപ്പോള്‍ ബ്രഹ്മശ്രീ അങ്ങോട്ടു ചേരുന്നില്ല എന്നൊരു തോന്നല്‍. പിന്നെ, ജ്ഞാനികള്‍ക്ക് എന്തോന്ന് പേര്, എന്തോന്ന് ഐശ്വര്യം, അവര്‍ക്ക് ഇതൊന്നും ഒരു കാര്യമല്ല താനും. അതിനാല്‍ ആ അന്വേഷണം വിട്ടു.

പിന്നീട് ക്ഷേത്രോത്സവ നോട്ടീസുകള്‍ ശ്രദ്ധിച്ചപ്പോള്‍ പൂജാരിയുടെയും തന്ത്രിയുടെയും പേരിനൊപ്പവും കണ്ടു ഈ ബ്രഹ്മശ്രീ. ഇപ്പോള്‍ എവിടെത്തിരിഞ്ഞാലും ബ്രഹ്മശ്രീ മയം! ബ്രാഹ്മണശ്രീ എന്നെങ്ങാനുമാകുമോ ഈ നോട്ടീസ് തയ്യാറാക്കുന്നവര്‍ ഉദ്ദേശിച്ചത്? എല്ലാവരെയും പോലെ അവര്‍ക്കും ഒരു ശ്രീ കൊടുത്താല്‍ ഉണ്ടാവുന്ന ആദരം പോരേ ഉത്സവക്കമ്മറ്റികളെ?

 • പ്രജ്ഞാനം ബ്രഹ്മ
 • അഹം ബ്രഹ്മാസ്മി
 • തത്ത്വമസി
 • അയമാത്മാ ബ്രഹ്മ
 • സര്‍വ്വം ഖല്വിദം ബ്രഹ്മ
 • ഈശാവാസ്യമിദം സർവ്വം
 • ആത്മനി വിദിതേ സര്‍വ്വം വിദിതം ഭവതി (അറിയപ്പെടുന്ന എല്ലാ പ്രപഞ്ചവും ആത്മാവാണ്)
 • ഇദം സര്‍വം യദയമാത്മാ (ഇതെല്ലാം ആത്മാവുതന്നെയാണ്)
 • ആത്മൈവേദം സര്‍വം (ഇതെല്ലാം ബ്രഹ്മം തന്നെയാണ്)
 • ബ്രഹ്മൈവേദം സര്‍വ്വം (ഈ ബ്രഹ്മത്തില്‍നിന്നു ഭിന്നനായി വേറെ ഒരുദ്രഷ്ടാവില്ല)
 • നാന്യോഽതോഽസ്തി ദ്രഷ്ടാ (ഇതെല്ലാം ആ ബ്രഹ്മസ്വരൂപംതന്നെയാണ്)
 • ഐതദാത്മ്യമിദം (പ്രത്യക്ഷസിദ്ധമായ പ്രപഞ്ചമെല്ലാം ബ്രഹ്മസ്വരൂപമാണ്)
  – എന്നിങ്ങനെ പഠിച്ചറിയുന്നതിനോടൊപ്പം എവിടെ കൂട്ടിക്കെട്ടണം ഈ ബ്രഹ്മശ്രീയെ?
  (റഫറന്‍സ്: ചട്ടമ്പിസ്വാമികളുടെ അദ്വൈതചിന്താപദ്ധതി)

– സര്‍വ്വശ്രീ ശ്രീകണ്ഠന്‍ (എല്ലാ ഐശ്വര്യവും ഇങ്ങോട്ടു പോരട്ടെ, പിന്നല്ല!)

ശ്രീ · ലേഖനം · 01-09-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *