പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന ഒരു പഴമൊഴിയാണ് ‘ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുത്’ എന്ന്.
അതിനെ അല്പമൊന്ന് മാറ്റി ചിന്തിച്ചു നോക്കാം. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയേണ്ടേ?
അറിയണം, ധാരാളംപേര്‍ അറിയണം, അറിയുന്നവര്‍ക്കും അതുപോലെ ചെയ്യാനുള്ള ഇച്ഛ ജനിപ്പിക്കുന്നത് ചെയ്യണം; എന്നാല്‍ ചെയ്തതേ പറയാവൂ, ലോകത്തോട് പറയാന്‍ കൊള്ളാവുന്നതേ ചെയ്യാവൂ, പറയാന്‍ വേണ്ടിമാത്രം ചെയ്യുകയുമരുത്.
ചെമ്മണ്ണൂര്‍ ബോബിയെപ്പോലുള്ളവരുടെ പരസ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ലോകമറിയും. അങ്ങനെ പണം കൊടുത്ത് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് സെല്‍ഫ്-മാര്‍ക്കറ്റിംഗ് ചെയ്യുന്നവരെ മാത്രം ലോകം അറിഞ്ഞാല്‍ മതിയോ? പോരാ, പോരേപോരാ.
ജ്വാല ഫൌണ്ടേഷന്റെ അശ്വതി നായരെയും Aswathy Jwala സായിഗ്രാമത്തിലെ ആനന്ദകുമാര്‍ സാറിനയും Anandkumar KN മാലോകര്‍ അറിയണം. അമൃതമഠം ചെയ്യുന്ന സദ്‌പ്രവര്‍ത്തികള്‍ ലോകം അറിയണം. ബാംഗളൂരിലെ അക്ഷയപാത്ര ഫൌണ്ടേഷനെ The Akshayapatra Foundation ലോകം അറിയണം. അങ്ങനെയുള്ള അനേകലക്ഷം ആള്‍ക്കാരെയും പ്രസ്ഥാനങ്ങളെയും ലോകം അറിയണം.
എന്തിനു അറിയണം? അറിയുന്ന ഒരു ശുദ്ധ മനസ്സിന് ഇതുപോലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ഇത് പ്രയോജനപ്പെടുമെങ്കില്‍ തീര്‍ച്ചയായും സോഷ്യല്‍ മീഡിയ വഴിയും ദൃശ്യശ്രാവ്യഅച്ചടി മാധ്യമങ്ങള്‍ വഴിയും ലോകം അറിയണം, നാം അത് മനസ്സുകൊണ്ട് ആഘോഷിക്കണം, അഹങ്കരിക്കേണ്ടെന്നു മാത്രം. അങ്ങനെ ചെയ്തില്ലെങ്കില്‍ ‘സേവനം ചെയ്യുന്നു എന്ന് അഭിനയിക്കുന്ന’താണ് ശരിയെന്നു വളര്‍ന്നുവരുന്നവര്‍ തെറ്റിദ്ധരിക്കും.
‘ചെകുത്താന്മാര്‍ക്കും കോടാലികള്‍ക്കും’ അഹങ്കരിച്ച് ആഘോഷിക്കാമെങ്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ബാലിക-വൃദ്ധ സദനങ്ങളിലെത്തി അവരോടൊപ്പം ഓണം ആഘോഷിക്കുന്നതും നാം അറിയണം, അറിയിക്കണം, ആഘോഷിക്കണം, അഭിനന്ദിക്കണം, അങ്ങനെ മറ്റുള്ളവരിലും അത്തരം പരസഹായ-പരസ്പരാശ്രയ ജീവിത ചിന്ത പടരണം.
Discussion about this post