രക്ഷാബന്ധന്‍ ദിവസം സഹോദരീസഹോദരന്മാര്‍ രക്ഷച്ചരട് (രാഖി) കെട്ടിക്കൊടുക്കുന്ന പതിവ് എന്റെ നാട്ടിലോ (താളിക്കുഴി, കാരേറ്റ്, തിരു.) സമുദായത്തിലോ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. നാട്ടില്‍ അന്നുണ്ടായിരുന്ന ആര്‍എസ്എസുകാരുടെ ഒരു പരിപാടി എന്ന അറിവിലുപരി എനിക്ക് അതൊരു ആഘോഷം അല്ല. പിന്നെ, ആ ചരട് കാണുമ്പോള്‍ ഒരു കൌതുകം അന്നുണ്ടായിരുന്നു എന്നുമാത്രം.
എനിക്ക് എന്നെക്കാള്‍ പ്രായമുള്ള ഏഴു സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത്. അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാകുന്നതുവരെ അവരുടെ സംരക്ഷണം, എന്നാല്‍ കഴിയുന്ന രീതിയില്‍, എന്റെയും കര്‍ത്തവ്യമാണെന്ന ബോധ്യം ഞാന്‍ വളര്‍ന്ന ജീവിത സാഹചര്യങ്ങള്‍ എന്നെ ബോധ്യപ്പെടുത്തിയിരുന്നു. ഒരമ്മയുടെ ഉദരത്തില്‍ നിന്നും പിറന്നതിനാല്‍ പൊക്കിള്‍ക്കൊടികള്‍ വഴി ഞങ്ങള്‍ തമ്മിലുണ്ടായ ബന്ധമായിരുന്നു ആ സഹ-ഉദര ബന്ധം, അതാണ് യഥാര്‍ത്ഥ രക്ഷാബന്ധനം. (ഏതാനും വര്‍ഷം മുന്‍പ് ആ പുണ്യോദരം ഭൂമിയില്‍ അലിഞ്ഞുചേര്‍ന്നു, മുതിര്‍ന്ന സഹോദരങ്ങളെല്ലാം സ്വന്തം കാലിലുമായി, ഇപ്പോള്‍ എന്റെ ചെറുകുടുംബ രക്ഷ മാത്രം ചെയ്‌താല്‍ മതി.)
എന്റെ കുട്ടിക്കാലത്ത് നമുക്ക് ‘ഇല്ലം നിറ വല്ലം നിറ’ ആയിട്ടുള്ള സമൃദ്ധി കൊല്ലത്തിലൊരിക്കല്‍ ഓണത്തിനു മാത്രമായിരുന്നു കഴിയുമായിരുന്നത്. ഓണം ഒഴിച്ചുള്ള ഒരാഘോഷത്തിനും അന്നത്ര പ്രാധാന്യവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കൊല്ലം നിറ(യെ) ‘ഇല്ലം നിറ വല്ലം നിറ’ സൗഭാഗ്യം സിദ്ധിച്ചതിനാല്‍ ഓണാഘോഷത്തിന്റെ ആ പ്രാധാന്യം ഇപ്പോഴില്ല.
രക്ഷാബന്ധന്‍ പോലുള്ള സിംബോളിക് ആചരണങ്ങളോട് പണ്ടുതന്നെ താല്പര്യമില്ലാതിരുന്ന ഞാന്‍ ഇപ്പോഴും അങ്ങനെതന്നെ. അനുഭവിച്ചു പഠിച്ചതിനേക്കാള്‍ ലളിതമായി ജീവിതം എന്തെന്ന് ഒരാഘോഷവും വിഗ്രഹവും ഐതീഹ്യവും പുരാണവും ഉപനിഷത്തും എന്നെ പഠിപ്പിച്ചിട്ടില്ല താനും.
അപ്പോള്‍ പറഞ്ഞു വരുന്നതെന്തെന്നാല്‍, കാലം മാറി, കഥ മാറി. എനിക്ക് വ്യക്തിപരമായി ഇത്തരം ആഘോഷങ്ങളില്‍ പ്രത്യേകതയില്ലെങ്കിലും, മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ക്ക് പ്രാധാന്യമുണ്ട് എന്ന് തിരിച്ചറിയുന്നു. കുട്ടിക്കാലത്ത് ഞങ്ങള്‍ ഒരു വലിയ കുടുംബം ഒരു ചെറുകൂരയ്ക്കു കീഴില്‍ ജീവിച്ച പോലെയുള്ള അവസ്ഥയല്ല ഇപ്പോള്‍; അതുനല്ലതുതന്നെയാണുതാനും. ഇപ്പോള്‍ കൊച്ചുകുടുംബങ്ങളായതിനാലും പഠിയ്ക്കാനും ജോലിയ്ക്കായും പല സ്ഥലങ്ങള്‍ മാറി താമസിക്കേണ്ടിവരുന്നതിനാലും ഇന്നത്തെ സാഹചര്യങ്ങളില്‍ സഹോദരീ-സഹോദര, മാതൃപിതൃ, ഗുരു ബന്ധങ്ങള്‍ക്ക് ഓരോ ദിവസം ആചരിക്കുന്നതും നല്ലതുതന്നെ.
എല്ലാ സഹോദരീസഹോദരന്മാര്‍ക്കും രക്ഷാബന്ധന ആശംസകള്‍.
Discussion about this post