നൂറുവര്‍ഷം മുന്‍പ് നാരായണഗുരു അദ്വൈത പ്രചരണാര്‍ത്ഥം ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചതിനുശേഷം, ശ്രീ രാമകൃഷ്ണമിഷന്‍ പ്രസിദ്ധീകരിക്കുന്ന പ്രബുദ്ധകേരളം മാസികയ്ക്ക് അയച്ചുകൊടുത്ത് പ്രസിദ്ധീകരിച്ച പ്രസ്താവനയിലെ വാക്യങ്ങള്‍ ഭംഗിയായി ശിവഗിരി വൈദികമഠത്തിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിട്ടുണ്ട്.
“നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരുക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ കൂട്ടത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽ നിന്നും മേൽ പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവണ്ണം ആലുവ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.”
ആ കാലത്ത് നാരായണഗുരുവിനു ഏകദേശം അറുപതു വയസ്സുണ്ടായിരുന്നു. അദ്ദേഹം ജാതി-മതം വെടിഞ്ഞിട്ട് ‘ഏതാനും’ വര്‍ഷങ്ങളായി എന്നും കത്തില്‍ സൂചനയുണ്ട്.
കന്യാകുമാരി മരുത്വാമലയിലെ ഗുഹാവാസം അവസാനിപ്പിച്ച്, കന്യാകുമാരി മുതല്‍ മംഗലാപുരം വരെ കേരളമങ്ങോളമിങ്ങോളം, വളരെക്കാലം സാമൂഹിക-സാമുദായിക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുശേഷം, അദ്വൈത പ്രചാരണത്തിലേയ്ക്കുള്ള പൂര്‍ണ്ണ ചുവടുമാറ്റമാകാം ഈ പ്രസ്താവനയിലൂടെ നാരായണഗുരു ഉദ്ദേശിച്ചത്.
ഇതിനുശേഷമാണ് നാരായണഗുരു എസ്എൻഡിപി യോഗവുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി സെക്രട്ടറി ആയിരുന്ന കുമാരനാശാന് കത്തെഴുതിയത്. ( തന്റെ ആദര്‍ശങ്ങളില്‍ നിന്നും എസ്എൻഡിപി യോഗം വ്യതിചലിക്കുന്നു എന്ന കാരണത്താല്‍.)
അദ്ദേഹത്തെ ഒരു സമുദായ നേതാവാക്കി മാത്രം കണക്കാക്കിയവരെ, അദ്വൈതത്തിന്റെ നേരായ വഴിയ്ക്കു നയിക്കാനാണ് അദ്ദേഹം പ്രസ്താവന നടത്തിയതും ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചതും.
ഈ പ്രസ്താവനയെ വ്യാഖ്യാനിച്ച് നാരായണഗുരു ഹിന്ദുമതത്തിനു എതിരെയാണ് പറഞ്ഞതെന്ന് പറഞ്ഞുനടക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ നാരായണഗുരുവിന്റെ കൃതികള്‍ വായിച്ചു മനസ്സിലാക്കൂ എന്നുമാത്രമേ അവരോടു പറയാനുള്ളൂ.
അദ്വൈതപ്രചാരകനായിരുന്ന ശങ്കരാചാര്യരുടെ നിര്‍വാണഷട്കത്തില്‍ പറഞ്ഞിരിക്കുന്നതും “ന മേ ജാതിഭേദഃ” എന്നുതന്നെ! – ജാതിയില്ല, മതമില്ല, മദവുമില്ല. എക്കാലത്തും ഭാരതീയ ദര്‍ശനം അഥവാ ഹൈന്ദവ ദര്‍ശനം നമ്മളെ പഠിപ്പിക്കുന്നതും ഇതുതന്നെ. ആ ആദ്വൈത ദര്‍ശനത്തെ മലയാളത്തില്‍ കേരളക്കരയില്‍ പ്രചരിപ്പിച്ച നാരായണഗുരു പിന്നെന്തു പറയണം, പിന്നെങ്ങനെ പറയണം?
വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും വേണ്ടിയുള്ളതാവണം സംവാദം.
നാരായണഗുരുവിന്റെ കൃതികളുടെ ഈ പട്ടിക നോക്കിയിട്ട് ഹിന്ദുമതവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ആലോചിക്കൂ!
മനോബുദ്ധ്യഹങ്കാരചിത്താനിനാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ
ന ച വ്യോമഭൂമിര്‍ന്ന തേജോ ന വായു
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയൊന്നും ഞാനല്ല. ചെവി ഞാനല്ല. നാക്കു ഞാനല്ല. മൂക്കും കണ്ണും ഞാനല്ല. ആകാശവും ഞാനല്ല. ഭൂമി ഞാനല്ല. തേജസ്സ് ഞാനല്ല. വായു ഞാനല്ല. ഞാന്‍ ബോധാന്ദരൂപനായ പരമാത്മാവാണ്; ഞാന്‍ പരമാത്മാവാണ്.
ന ച പ്രാണസംജ്ഞോ ന വൈപഞ്ചവായുര്‍-
ന വാ സപ്തധാതുര്‍ന്ന വാ പഞ്ചകോശഃ
ന വാക്പാണിപാദൗ ന ചോപസ്ഥപായു
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
പ്രാണനെന്നു പറയപ്പെടുന്നത് ഞാനല്ല. അഞ്ചായി പിരിഞ്ഞു ദേഹത്തെ നിലനിറുത്തുന്ന വായുവും ഞാനല്ലതന്നെ. ദേഹത്തിന്റെ ഭാഗങ്ങളായ ഏഴു ധാതുക്കളും ഞാനല്ല. അഞ്ചുകോശങ്ങളും ഞാനല്ല. വാക്ക്, കൈ, കാല് എന്നിവയും ഞാനല്ല. ജനനേന്ദ്രിയവും വിസര്‍ജനേന്ദ്രിയവും ഞാനല്ല. ഞാന്‍ ബോധാനന്ദരൂപിയായ പരമാത്മാവാണ്; ഞാന്‍ പരമാത്മാവാണ്.
ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ
ന ധര്‍മ്മോ ന ചാര്‍ത്ഥോ ന കാമോ ന മോക്ഷ-
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധര്‍മമില്ല; അര്‍ത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാന്‍ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാന്‍ പരമാത്മാവാണ്.
ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീര്‍ത്ഥം ന വേദോ ന യജ്ഞാഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
ഞാന്‍ പുണ്യമല്ല, പാപമല്ല. സുഖമല്ല, ദുഖമല്ല. മന്ത്രമല്ല, തീര്‍ത്ഥമല്ല. വേദങ്ങളല്ല, യജ്ഞങ്ങളല്ല. ഞാന്‍ ഭോജനമല്ല തന്നെ, ഭുജിക്കപ്പെടേണ്ടതോ ഭോക്താവോ ഞാനല്ല. ഞാന്‍ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്. ഞാന്‍ പരമാത്മാവാണ്.
ന മൃത്യുര്‍ന്ന ശങ്കാ ന മേ ജാതിഭേദഃ
പിതാ നൈവ മേ നൈവ മാതാ ച ജന്മ
ന ബന്ധുര്‍ന മിത്രം ഗുരുര്‍നൈവശിഷ്യഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
മരണമില്ല, സംശയമേയില്ല. എനിക്കു ജാതിഭേതദമില്ല. അച്ഛന്‍ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല. ഗുരോശിഷ്യനോ ഇല്ല. ഞാന്‍ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാന്‍ പരമാത്മാവാണ്.
അഹം നിര്‍വികല്പോ നിരാകാരരൂപോ
വിഭുത്വാച്ച സര്‍വത്ര സര്‍വേന്ദ്രിയാണാം
ന ചാസംഗതോ നൈവ മുക്തിര്‍നമേയ
ശ്ചിദാനന്ദരൂപഃ ശിവോഹം ശിവോഹം
ഞാന്‍ രണ്ടെന്ന ഭേദം സ്പര്‍ശിക്കാത്തവനാണ്. നാമരൂപാകാരങ്ങളൊന്നും എനിക്കില്ല. എല്ലായിടത്തും എല്ലാ ഇന്ദ്രിയങ്ങളുടേയും അനുഭവം എന്റെ അനുഭവം തന്നെയാണ്. ഒന്നില്‍ നിന്നും ഭിന്നനായി നില്‍ക്കുന്നവനല്ല ഞാന്‍. അതുകൊണ്ടുതന്നെ എനിക്കുമോക്ഷമോ ബന്ധമോ ഇല്ല. ബോധാനന്ദരൂപനായ പരമാത്മവാണു ഞാന്‍ പരമാത്മാവാണ്.
[ കൂടുതല്‍ അറിയാന്‍ ]
കുടുക്ക - അറിവിന്റെ ഓണ്‍ലൈന്‍ കുടുക്ക