മാവേലി നാടുവാണീടും കാലം

mahabali

മാവേലി നാടുവാണീടും കാലം … മാനുഷരെല്ലാരും ഒന്നുപോലെ … എന്നിങ്ങനെയുള്ള ഓണപ്പാട്ടിനെ അവസാനം പലതും ഏച്ചുകെട്ടി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഓണപ്പാട്ട് ആരോ സെൻസർ ചെയ്തതാണെന്നും സഹോദരൻ അയ്യപ്പൻ ആണ് ഒറിജിനല്‍ എഴുതിയതെന്നും അതിലെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയതാണ് ഇപ്പോള്‍ അറിയപ്പെടുന്ന ഓണപ്പാട്ട് എന്നും പലരും ദുരുദ്ദേശപരമായി പ്രചരിപ്പിക്കുന്നുണ്ട്. സഹോദരന്റെ പദ്യകൃതികൾ, D C ബുക്സ്, 1981, പ്രൊഫ എം കെ സാനു എഡിറ്റ്‌ ചെയ്തത് ആണ് ‘യഥാര്‍ത്ഥ രൂപം’ എന്നാണ് അവരുടെ വാദം. സഹോദരന്‍ അയ്യപ്പന്‍, അദ്ദേഹത്തിന്‍റെ ചില വികലചിന്തകള്‍ തിരുകി കയറ്റി ഓണപ്പാട്ടിന് ഒരു പാരഡി എഴുതി പ്രസിദ്ധീകരിച്ചാല്‍ത്തന്നെ, എങ്ങനെയാണ് അതിനെ ഒറിജിനല്‍ എന്നു വിളിക്കുന്നതെന്ന് മനസ്സിലാകുന്നില്ല!

അപ്ഡേറ്റ്: ഇതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് ചര്‍ച്ച കണ്ടു, കൂടുതല്‍ ശരികളിലേയ്ക്ക് നയിക്കുന്നൊരു ചര്‍ച്ച. താല്പര്യമുള്ളവര്‍ക്ക് വായിക്കാം:
https://www.facebook.com/photo.php?fbid=10153248258743668&set=a.10151796346733668.1073741832.574698667&type=1&theater


ഇപ്പോള്‍ ലഭ്യമായ ശരിയായ ഈ പൂര്‍ണ്ണരൂപം ഷെയര്‍ ചെയ്യുന്നു. പ്രാദേശിക വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ താഴെ കമന്റായി എഴുതാന്‍ അഭ്യര്‍ത്ഥിക്കുന്നു.

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല

പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്

എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറുവിളവതുണ്ട്

ദുഷ്ടരെ കണ്‍കൊണ്ടുകാണാനില്ല
നല്ലവരെല്ലാതെയില്ല പാരില്‍

ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ

നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്

നാരിമാര്‍ ബാലന്മാര്‍ മറ്റുളേളാരും
നീതിയോടെങ്ങും വസിച്ചകാലം

കളളവുമില്ല ചതിയുമില്ല
എളേളാളമില്ല പൊളിവചനം

വെളളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി

കളളപ്പറയും ചെറുനാഴിയും
കളളത്തരങ്ങള്‍ മറ്റൊന്നുമില്ല

നല്ലമഴപെയ്യും വേണ്ടും നേരം
നല്ലപോലെല്ലാവിളവും ചേരും

മാനംവളച്ച വളപ്പകത്ത്
നല്ല കനകം കൊണ്ടെല്ലാവരും

നെല്ലുമരിയും പലതരത്തില്‍
വേണ്ടുന്നവാണിഭമെന്നപ്പോലെ

ആനകുതിരകളാടുമാടും
കൂടിവരുന്നതിനന്തമില്ല

ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവണികള്‍ വേണ്ടുവോളം

നല്ലോണം ഘോഷിപ്പാന്‍നല്ലെഴുത്തന്‍
കായങ്കുളം ചോല പോര്‍ക്കളത്തില്‍

ചീനത്തെമുണ്ടുകള്‍ വേണ്ടപോലെ
ജീരകം നല്ല കുരുമുളക്
ശര്‍ക്കര, തേനൊടു പഞ്ചസാര
എണ്ണമില്ലാതോളമെന്നേവേണ്ടൂ

കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ടപോലെ

മാവേലി പോകുന്ന നേരത്തപ്പോള്‍
നിന്നുകരയുന്ന മാനുഷ്യരും
ഖേദിക്കവേണ്ടെന്റെ മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്
ഒരുകൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്
തിരുവോണത്തുന്നാള്‍ വരുന്നതുണ്ട്
എന്നതു കേട്ടോരു മാനുഷരും
നന്നായ് തെളിഞ്ഞു മനസ്സുകൊണ്ട്

വല്‍സരമൊന്നാകും ചിങ്ങമാസം
ഉല്‍സവമാകും തിരുവോണത്തിന്
മാനുഷരെല്ലാരുമൊന്നു പോലെ
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു

ഉച്ചമലരിയും പിച്ചകപ്പൂവും
വാടാത്ത മല്ലിയും റോസാപ്പൂവും
ഇങ്ങനെയുളേളാരു പൂക്കളൊക്കെ
നങ്ങേലിയും കൊച്ചുപങ്കജാക്ഷീം
കൊച്ചുകല്യാണിയും ഏറ്റൊരുത്തി
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള്‍ കൂടി
അത്തപ്പൂവിട്ട് കുരവയിട്ടു
മാനുഷരെല്ലാരുമൊന്നുപ്പോലെ
മനസ്സു തെളിഞ്ഞങ്ങുല്ലസിച്ചു.

ശ്രീ · ലേഖനം · 26-08-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *