കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home തത്ത്വചിന്ത

മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍

കുടുക്ക ടീം by കുടുക്ക ടീം
August 26, 2015
in തത്ത്വചിന്ത
മഹാബലി – ശ്രീരാമനുപോലും മാതൃകാപുരുഷന്‍
1
SHARES
0
VIEWS
Share on FacebookShare on Twitter

‘യോഗവാസിഷ്ഠ’ത്തിലെ ഉപശമപ്രകരണത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. എ. പി. സുകുമാര്‍ അദ്ദേഹത്തിന്‍റെ ബ്ലൊഗ്ഗൈന്‍ വില്ല എന്ന ബ്ലോഗില്‍ എഴുതിയ ലേഖനം.


അസുരചക്രവര്‍ത്തിയായിരുന്ന മഹാബലിയുടെ ചരിതത്തില്‍ നിന്നും മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ അതിഗുഹ്യവും അതിപ്രധാനവുമായ ജ്ഞാനം ഗ്രഹിക്കുകയുണ്ടായി. അതദ്ദേഹത്തിന്റെ ജീവിതത്തിനു വഴികാട്ടിയായിത്തീരുകയും ചെയ്തു. അസുരരാജാവ് ശ്രീരാമന് മാതൃകയോ?. കേട്ടാല്‍ തികച്ചും അവിശ്വസനീയം എന്ന് തോന്നാം! തിരുവോണത്തിന്റെ നാടന്‍ കഥകളിലും പുതുപുത്തന്‍ കച്ചവടക്കഥകളിലും മഹാബലിയോട് ‘അനീതി’ ചെയ്ത മഹാവിഷ്ണുവിന്റെ അവതാരമാണ് ശ്രീരാമന്‍. ആ രാമന്‍ സ്വയം അസുരചക്രവര്‍ത്തിയായ ബലിയില്‍ നിന്നും എന്ത് പഠിക്കാനാണ്? അതിന്റെ കഥ യോഗവാസിഷ്ഠത്തിലെ ഉപശമ പ്രകരണത്തില്‍ നമുക്ക് കാണാം.

ദേവാസുരന്മാര്‍

ദേവന്മാര്‍ കറയേശാത്ത വെളുപ്പിന്റെയും അസുരന്മാര്‍ പ്രകാശലേശമേല്‍ക്കാത്ത കറുപ്പിന്റെയും പ്രതിനിധികളാണെന്ന് പുരാണങ്ങളുടെ പുറംതോടുമാത്രം വായിച്ചവര്‍ക്കേ തോന്നുകയുള്ളൂ. ദേവാസുരന്മാരുടെ സ്വഭാവത്തിലെ കറുപ്പും വെളുപ്പും ഇടകലര്‍ന്ന നിറഭേദങ്ങളില്‍ ചിലസമയത്ത് വെളിച്ചത്തിനും മറ്റുചിലപ്പോള്‍ ഇരുട്ടിനും പ്രാമുഖ്യം ഉണ്ടായിരുന്നു എന്നതാണ് അവരെ വേര്‍തിരിക്കുന്ന കാര്യം. ഈ തരംതിരിവാകട്ടെ നൂറുശതമാനം ദേവന്‍, അല്ലെങ്കില്‍ നൂറുശതമാനം അസുരന്‍ എന്ന തരത്തില്‍ ആയിരുന്നിട്ടില്ല – ഒരിക്കലും. രാവണനു പത്തുതലയോളം പോന്ന ബുദ്ധിയും ശിവപാര്‍വ്വതിമാരെ പ്രീതിപ്പെടുത്താനായ ഭക്തിയും, നാരദതുല്യമായ സംഗീതജ്ഞാനവും ഉണ്ടായിരുന്നല്ലോ. കൂട്ടത്തില്‍ വിട്ടുപോവാനാകാത്ത ഒരല്‍പ്പം അഹന്തയും കാമവും ഉണ്ടായിരുന്നുവെന്നു മാത്രം. മറ്റസുരന്മാരും അങ്ങിനെയൊക്കെത്തന്നെയാണ്. ഭാഗവതത്തിലെ വൃത്രാസുരന്റെ പ്രഭാഷണം (ആറാം സ്കന്ധം) കേട്ടാല്‍ എന്ത്?, ഇദ്ദേഹം അസുരനോ എന്ന് നാം വിസ്മയിക്കുകതന്നെ ചെയ്യും. കംസന്‍, ദേവകീവസുദേവന്മാര്‍ക്ക് നല്‍കുന്ന ഉപദേശവും ഒട്ടും ആസുരീകമല്ലല്ലോ. ബലിയുടെ അച്ഛനായ വിരോചനന്‍, വിരോചനന്റെ അച്ഛനായ പ്രഹ്ലാദന്‍ എന്നിവരുടെ മാഹാത്മ്യവും നമുക്കറിയാം. വിഷ്ണുഭക്തിയിലും ആത്മാന്വേഷണത്തിലും അഗ്രഗണ്യന്മാരായ ഇവരില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട്.

പുരാണകഥകളിലും അതിന്റെ പിറകിലുള്ള ചിന്തകളിലും, നന്മയും തിന്മയും എന്നത് ആത്യന്തികമായ ഒരവസാന വാക്കല്ല. അത് വായനക്കാരനില്‍, അല്ലെങ്കില്‍ സാധകനില്‍ ഉളവാക്കാനിടയുള്ള നന്മ-തിന്മ എന്നീ ദ്വന്ദഭാവങ്ങള്‍ മൂര്‍ത്തീകരിക്കുന്നതിലെ സാദ്ധ്യതകള്‍ മാത്രമാണ്. നായകനിലും പ്രതിനായകനിലും നന്മയുടെയും തിന്മയുടെയും അംശങ്ങള്‍ വിവിധ തോതുകളില്‍, പല തലങ്ങളില്‍ നിലകൊള്ളുന്നുണ്ട്. അത് കാലദേശങ്ങള്‍ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സാധകനിലെ (വായനക്കാരനിലെ) നന്മതിന്മകളുടെ നിറക്കൂട്ടുകളില്‍ അവ പ്രതിഫലിക്കുന്നതനുസരിച്ചാണ് കഥയിലെ നായകന്റെയും പ്രതിനായകന്റെയും വളര്‍ച്ച. നമ്മുടെ പുരാണകഥകളില്‍ ഒരിക്കലും ‘വില്ലന്മാര്‍’ ഉണ്ടായിരുന്നിട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്.

യോഗവാസിഷ്ഠം

ഇനി നമുക്ക് ശ്രീരാമനിലേയ്ക്ക് വരാം. വാല്മീകി മഹര്‍ഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ രാമായണം എഴുതിയത് തികച്ചും വായനാക്ഷമമായ കഥാരൂപത്തിലാണ്. എന്നാല്‍ അതിലെ അയോദ്ധ്യാകാണ്ഡത്തില്‍ മുപ്പത്തീരായിരം ശ്ലോകങ്ങളിലായി യോഗവാസിഷ്ഠം എന്ന അതിബ്രഹത്തായ ഒരു ഭാഗവും ഉള്‍ക്കൊള്ളിച്ചിരുന്നു. അതിന്റെ വായനാക്ഷമത അത്ര ജനകീയമല്ല എന്ന് തന്നെ പറയാം. രാമായണകഥയില്‍ ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവെങ്കിലോ എന്ന് കരുതിയാവണം തത്വചിന്താപരമായ ഈ ബ്രഹദ്ഭാഗം രാമായണത്തില്‍ നിന്നും അടര്‍ത്തിമാറ്റി മറ്റൊരു കൃതിയാക്കിയത്. ഏതായാലും യോഗവാസിഷ്ഠാരംഭത്തിലെ രാമന്‍ ഒരു സാധാരണ രാജകുമാരന്‍ മാത്രമായിരുന്നു. അതിബുദ്ധിശാലിയെങ്കിലും ഏറെ സംശയങ്ങള്‍ക്ക് വിധേയനായി ആകെ ‘അര്‍ജ്ജുനവിഷാദി’യായിരുന്ന രാമനെ ആ വിഷാദത്തില്‍ നിന്നും കരകയറ്റി ഊര്‍ജ്ജ്വസ്വലനായ ഒരു കര്‍മ്മയോഗിയാക്കി മാറ്റുക എന്നതായിരുന്നു വസിഷ്ഠന്റെ നിയോഗം. മഹാബലിയുടെ കഥ അങ്ങിനെ വസിഷ്ഠവചനങ്ങളിലൂടെയാണ് രാമന് മാതൃകാപാഠമായിത്തീര്‍ന്നത്. രാമനോടുള്ള വസിഷ്ഠന്‍റെ ആഹ്വാനം ‘നീയും മഹാബലിയെപ്പോലെയാവൂ’ എന്നാണ്. മഹാബലിയെപ്പോലെ ഉല്‍കൃഷ്ടമായ ജീവിതം നയിക്കുന്നതിലൂടെ നിനക്കും മൂന്നുലോകങ്ങളെക്കുറിച്ചും യാതൊരു വ്യാകുലതകളുമില്ലാതെ ചക്രവര്‍ത്തിപദം കയ്യാളാം എന്നാണ് മഹര്‍ഷി ഉപദേശിച്ചത്. ആ ചക്രവര്‍ത്തിസ്ഥാനം പോയ്‌പോയാലും നിന്നില്‍ ആകുലതകള്‍ ഉണ്ടാവുകയില്ല. ഒരു ദിവസം പട്ടാഭിഷേകത്തിനായി തയ്യാറെടുക്കുക, പിറ്റേന്ന് വനവാസത്തിനായി നിയുക്തനാവുക എന്നിങ്ങിനെയുള്ള വിധിവിഹിതങ്ങളെ നേരിടാന്‍ ശ്രീരാമന് കരുത്തേകിയത് വസിഷ്ഠന്റെ ഉപദേശങ്ങള്‍ ആയിരുന്നുവല്ലോ.

ചക്രവര്‍ത്തിയായ ബലി, വാമനാവതാരത്തിനു മുന്‍പേ തന്നെ മൂന്നുലോകങ്ങളിലെ വ്യാപാരങ്ങളും തന്നെ ‘ബാധിക്കാത്ത’ രീതിയില്‍ ആത്മസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ വിരാജിച്ചിരുന്നു. മഹാവിഷ്ണു, വാമനനായി വന്ന് തന്നില്‍നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിക്കൊണ്ടുപോയപ്പോഴും ബലിയുടെ സ്ഥിതപ്രജ്ഞ ഭാവത്തിന് യാതൊരു കോട്ടവും ഉണ്ടായില്ല. താന്‍ സ്വയം ഇന്ദ്രപദവിയില്‍ ഇരുന്നപ്പോഴും ഇനിയും എത്രയോ യുഗങ്ങള്‍ ആ പദവി തിരികെ കിട്ടാനായി കാത്തിരിക്കേണ്ടി വരുമെന്നറിയുമ്പോഴും ബലിയില്‍ യാതൊരു ചാഞ്ചല്യവും ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് ബലിചക്രവര്‍ത്തി ‘മഹാബലി’യായത്. മര്യാദാ പുരുഷോത്തമന്റെ മാതൃകാപുരുഷനാണ് മഹാബലി. അതിന്റെ കഥയെന്തെന്ന് നമുക്ക് യോഗവാസിഷ്ഠത്തില്‍ നോക്കാം. കഥകള്‍ക്കുള്ളില്‍ ഉള്‍പ്പിരിവുകളായാണ് വാസിഷ്ഠത്തിലെ കഥാകഥനരീതി.

ബലിയുടെ ജീവിതം തന്നെയാണ് ബലിയുടെ തത്വചിന്ത

വസിഷ്ഠന്‍ പറഞ്ഞത്, രാമാ, നിനക്ക് ശാശ്വതമായ സത്യത്തെക്കുറിച്ചുള്ള അറിവുണ്ടാകാന്‍ ഞാന്‍ ബലിയുടെ കഥ പറയാം എന്നാണ്. വിശ്വത്തിന്റെ മറ്റൊരു ഭാഗത്ത് പാതാളം എന്നൊരു ലോകമുണ്ട്. അവിടെ വിരോചനപുത്രനായ ബലി രാജാവായി വാണിരുന്നു. വിശ്വരക്ഷിതാവായ ശ്രീഹരിതന്നെയാണു പാതാളത്തിന്റെയും ബലിയുടെയും രക്ഷകര്‍ത്താവ്. ദേവരാജനായ ഇന്ദ്രന്‍പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അങ്ങിനെ ബലി ഏറെക്കാലം പാതാളലോകം ഭരിച്ചുവെങ്കിലും കാലക്രമത്തില്‍ തീവ്രമായ ഒരനാസക്തി അദ്ദേഹത്തെ ബാധിച്ചു. അദ്ദേഹമിങ്ങിനെ ആലോചിക്കാന്‍ തുടങ്ങി: ഞാന്‍ എത്രകാലം ഈ പാതാളം വാഴണം? എത്രകാലമീ ത്രിലോകങ്ങള്‍ ചുറ്റണം? ഈ രാജ്യം ഭരിച്ചിട്ടെനിക്കെന്തുനേടാന്‍? മൂന്നു ലോകങ്ങളിലുമുള്ള എല്ലാം നാശത്തിനു വിധേയമാണല്ലോ? വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന വൃത്തികെട്ട സുഖാനുഭവങ്ങളും കര്‍മ്മങ്ങളും ദിനംതോറും സംഭവിക്കുന്നു. എന്നിട്ട് ജ്ഞാനികള്‍ പോലും അതില്‍ ലജ്ജിക്കുന്നില്ല. ഈ ചംക്രമണം നാമെത്രനാള്‍കൂടി തുടരണം? എന്താണതിന്റെ ഉദ്ദേശം?

ഈ പ്രത്യക്ഷലോകത്തിന്റെ ലക്ഷ്യമെന്താണ്‌? ഈ ചാക്രികമായ ആവര്‍ത്തനങ്ങളുടെ ഉദ്ദേശമെന്താണ്‌?എപ്പോഴാണിതവസാനിക്കുക? എപ്പോഴാണു മനസ്സിന്റെ ഭ്രമമടങ്ങുക? മറ്റൊന്നും തേടാതെ എന്തു നേടിയാലാണൊരുവന്‍ പരിപൂര്‍ണ്ണ തൃപ്തിയടയുക? എങ്ങിനെയാണെനിയ്ക്ക് പരമ പ്രശാന്തതയില്‍ അഭിരമിക്കാനാവുക എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ബലിയുടെ അച്ഛന്‍ വിരോചനന്‍ ഉചിതമായ മറുപടി നല്‍കിയിരുന്നു.

കഥാരൂപേണ അദ്ദേഹം പറഞ്ഞത് മുക്തിപദമെന്ന ഒരു മഹാരാജ്യത്തെക്കുറിച്ചാണ്. അവിടെ ദു:ഖങ്ങളില്ല. അവിടുത്തെ രാജാവാണ്‌ ആത്മാവ്. ആത്മാവ് എല്ലാ മണ്ഡലങ്ങള്‍ക്കും ബോധാവസ്ഥകള്‍ക്കും അതീതമാണ്. മനസ്സാണ്‌ മന്ത്രി. ഈ മനസ്സാണ്‌ കളിമണ്ണില്‍ നിന്നു കുടമെന്നപോലെ ഈ ലോകമുണ്ടാക്കിയത്. മനസ്സു കീഴടക്കിയാല്‍ എല്ലാം കീഴടക്കി എന്നര്‍ത്ഥം. ബുദ്ധികൂര്‍മ്മതയോടെയുള്ള പ്രവൃത്തിയെക്കൂടാതെ മനസ്സിനെ വെല്ലുക അസാദ്ധ്യം. വിത്തിടാതെ, അത് നനച്ചു പരിപാലിക്കാതെ, വിളവെടുക്കാനാവില്ല. നിരന്തരമായ സാധനകൂടാതെ മനസ്സടങ്ങുകയില്ല. അതുകൊണ്ട് ത്യാഗത്തിന്റെയും സംന്യാസത്തിന്റേതുമായ മാര്‍ഗ്ഗം മാത്രമേ ശ്രേയസ്കരമായുള്ളു. ഇന്ദ്രിയസുഖാനുഭവങ്ങളില്‍ നിന്നും പിന്തിരിഞ്ഞാലല്ലാതെ ദു:ഖസാന്ദ്രമായ ഈ ലോകത്തിലെ നട്ടംതിരിയല്‍ അവസാനിക്കുകയില്ല. പരിപൂര്‍ണ്ണമായ നിര്‍മമതയുടെ,അനാസക്തിയുടെ തലത്തിലേയ്ക്കെത്താന്‍ നിസ്തന്ദ്രമായ സാധന കൂടിയേ തീരൂ.

മനസ്സാണ് കര്‍മ്മം ചെയ്യുന്നത്. നിയതിക്കനുസൃതമായി, പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് മനസ്സോരോന്നു ചിന്തിക്കുകയും സൃഷ്ടിക്കുകയും അവയെ പ്രകടമാക്കുകയും ചെയ്യുന്നു. മനസ്സിന് പ്രകൃതിനിയമങ്ങള്‍ക്കെതിരായും പ്രവര്‍ത്തിക്കുവാനാകും. അതിനാല്‍ മനസ്സാണ് പ്രകൃതിയെ നിയന്ത്രിക്കുന്നതെന്നും പറയാം. ആകാശത്ത് കാറ്റു സഞ്ചരിക്കും പോലെ വ്യക്തിജീവന്‍ ഈ ലോകത്ത് വര്‍ത്തിക്കുന്നു. പ്രകൃതിയുടെ വിളിക്കനുസരിച്ച് ചലിച്ചോ ഒരിടത്ത് ചലനമില്ലാതെ നിന്നോ ജീവികള്‍ തങ്ങളുടെ ഭാഗം അഭിനയിക്കുന്നു. ആത്മവിദ്യയാകുന്ന വളളിച്ചെടിയിലാണ് സുഖാസക്തിയുടെ അന്ത്യമെന്ന ഫലം കായ്ക്കുന്നത്. അതുണ്ടാവുന്നതോ?ആത്മദര്‍ശനം ഉണ്ടായിക്കഴിഞ്ഞുമാത്രം. ബുദ്ധിപൂര്‍വ്വമായ അന്വേഷണത്തിലൂടെ ആത്മാവിനെ തേടുകയും അങ്ങിനെ ആസക്തികളെ ഉപേക്ഷിക്കാനാവുകയും വേണം.

ആത്മസാക്ഷാത്കാരവും അനാസക്തിയും ഒരേ സമയം പുരോഗതി പ്രാപിക്കുന്നു. ശരിയായ അനാസക്തി ഒരുവനിലുണ്ടാവുന്നത് തപ:ശ്ചര്യകളിലൂടെയോ തീര്‍ത്ഥാടനങ്ങളിലൂടെയോ, ദാനധര്‍മ്മങ്ങളിലൂടെയോ അല്ല. അത് സാധിക്കുന്നത് അവനവന്റെ സ്വരൂപത്തെ, ആത്മാവിനെ നേരിട്ടറിയുന്നതിലൂടെ മാത്രമാണ്. ഇതിനുവേണ്ടത് ശരിയായ സ്വപരിശ്രമം തന്നെയാണ്. അതിനാല്‍ സാധകന്‍ ഈശ്വരനിലും വിധിയിലും മറ്റുമുള്ള പരാധീനത ഉപേക്ഷിച്ച് ശരിയായ പരിശ്രമത്തിലൂടെ സുഖാസക്തിയെ തരണം ചെയ്യണം. നിര്‍മമത അങ്ങിനെ പക്വമാവുമ്പോള്‍ അയാളില്‍ ആത്മാന്വേഷണം താനേ ഉദിച്ചുയരും.

അതിനാല്‍ ഒരുവന്‍ ആദ്യമായി ഈശ്വരന്‍ തുടങ്ങിയ ബാഹ്യമായ എല്ലാ അവലംബനങ്ങളേയും ഉപേക്ഷിച്ച് ശരിയായ പ്രവൃത്തിയിലേര്‍പ്പെട്ട് അനാസക്തി വളര്‍ത്തിയെടുക്കണം. എന്നാല്‍ സമൂഹത്തിന്റെ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് ധനം സമ്പാദിക്കുന്നതില്‍ തെറ്റില്ല. അത് ബന്ധുക്കളെയോ മറ്റുള്ളവരേയോ വഞ്ചിച്ചാവരുത് എന്ന് മാത്രം. ഈ ധനം പാവനചരിതന്മാരായ മഹത് വ്യക്തികളുമായുളള സത്സംഗത്തിനായി ഉപയോഗിക്കണം. അത്തരം സത്സംഗവും അനാസക്തിയെ പ്രദാനം ചെയ്യും. അങ്ങിനെ ആത്മാന്വേഷണത്വരയും, ശാസ്ത്രപഠനവും ജ്ഞാനസമ്പാദനവും അവിടെ സഹജമാവും. ക്രമേണ, പടിപടിയായി പരമസത്യത്തിലേക്ക് സാധകന്‍ എത്തിച്ചേരുന്നു. സുഖാനുഭവപ്രയത്നങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുമ്പോള്‍ ആത്മാന്വേഷണത്താല്‍ പരമസത്യം വെളിവാകുന്നു. ആത്മാവ് തികച്ചും നിര്‍മ്മലമാവുമ്പോള്‍ പരമശാന്തിയില്‍ അഭിരമിക്കാം. വീണ്ടുമൊരിക്കലും ദു:ഖനിദാനമായ വാസനാമാലിന്യങ്ങളിലേയ്ക്കും (തെറ്റി)ദ്ധാരണകളിലേയ്ക്കും നിപതിക്കേണ്ടതായി വരികയില്ല. തുടര്‍ന്നും ഈ ലോകത്ത് ജീവിക്കുന്നുവെങ്കിലും എല്ലാ ആശകള്‍ക്കും പ്രതീക്ഷകള്‍ക്കും അതീതനായി വര്‍ത്തിക്കുവായും കഴിയും.

വിരോചനന്റെ ഉപദേശങ്ങള്‍ ഓര്‍മ്മവന്ന ബലി തന്നില്‍ സുഖാനുഭവങ്ങള്‍ക്കായുള്ള ആസക്തി തീരെ ഇല്ലാതായിരിക്കുന്നു എന്നറിഞ്ഞു. അമൃതസമാനമായ പ്രശാന്തതയെ പ്രാപിക്കണം എന്നദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിനായി പരിശ്രമവും തുടങ്ങി. ഈ വിശ്വം എന്നത് മനസ്സിന്റെ സൃഷ്ടിയാകയാല്‍ അതുപേക്ഷിച്ചതുകൊണ്ട് നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ‘ഞാന്‍ ആരാണ്?’; ‘ഇതെല്ലാം എന്താണ്?’ എന്നിങ്ങിനെ മനസ്സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ തന്റെ ഗുരുവായ ശുക്രാചാര്യനോടു ചോദിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

ശുക്രാചാര്യരുടെ ഉപദേശം

ശുക്രാചാര്യരുടെ ഉപദേശം ഹൃസ്വമെങ്കിലും ഗഹനമായിരുന്നു. ‘ബോധം മാത്രമേ നിലനില്‍ക്കുന്നതായുളളു. ഇക്കാണുന്നതും കാണാത്തതുമെല്ലാം ബോധം മാത്രം. എല്ലാടവും നിറഞ്ഞു നില്‍ക്കുന്നതും ബോധം. നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല. ബോധത്തില്‍ ഉണ്ടാവുന്ന വിഷയത്വം, ധാരണാകല്‍പ്പനകള്‍ എന്നിവയാണ് ബന്ധനങ്ങള്‍. അവയുടെ നിരാസമാണു മുക്തി. അവബോധത്തില്‍ നിന്നും ധാരണകള്‍ (വസ്തുബോധം) നീക്കിയാല്‍ എല്ലാറ്റിന്റെയും സത്യസ്ഥിതിയായി. എല്ലാ തത്വചിന്തകളുടെയും അടിസ്ഥാനമിതാണ്. ഈ ദര്‍ശനത്തില്‍ സ്വയം സ്ഥിരപ്രതിഷ്ഠനായാല്‍ നിനക്ക് അനന്താവബോധത്തിലഭിരമിക്കാം.

ഗുരുവിന്റെ ഉപദേശം ബലിയില്‍ പുതിയൊരുണര്‍വ്വുണ്ടാക്കി. തീര്‍ച്ചയായും എല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല. ആ ബോധസത്ത ‘ഇത് സൂര്യനാണ്’ എന്ന് ചിന്തിക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും വ്യതിരിക്തമായി സുര്യന്‍ നിലകൊള്ളുന്നു. വെളിച്ചത്തെ ഇരുട്ടില്‍ നിന്നും തിരിച്ചറിയാന്‍ പര്യാപ്തമാക്കുന്നത് ഈ ബോധമാണ്. ഭൂമിയെ ഭൂമിയായും ആകാശദിക്കുകളെ അപ്രകാരവും ലോകത്തെ ലോകമായും നിലനിര്‍ത്തുന്നത് ബോധമാണ്. ബോധം ഒരു പര്‍വ്വതത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ആ പര്‍വ്വതത്തിന് നിലനില്‍പ്പില്ല. ഇന്ദ്രിയങ്ങളും ദേഹവും മനസ്സിലുദിക്കുന്ന ആശകളും അകത്തുള്ളതും പുറത്തുള്ളതും ആകാശവും മാറ്റമെന്ന പ്രഹേളികയുമെല്ലാം ബോധം മാത്രം. ബാഹ്യവസ്തുക്കളുമായി ഒരുവനിലുണ്ടാകുന്ന സമ്പര്‍ക്കവും അനുഭവങ്ങളുമെല്ലാം ബോധമാണുണ്ടാക്കുന്നത്. ശരീരമല്ല അതിനു ഹേതു. ശരീരമില്ലാതെതന്നെ ഞാന്‍ ബോധസ്വരൂപമാണ്. അത് തന്നെയാണീ വിശ്വത്തിന്റെ ആത്മാവ്. രണ്ടാമതൊന്നില്ലാതെ (അദ്വൈതം) ബോധം എങ്ങും നിറഞ്ഞു വിളങ്ങുമ്പോള്‍ സുഹൃത്ത്, ശത്രു എന്നിങ്ങിനെയുള്ള തരം തിരിവില്ല.

ആത്മാവില്‍ പരമശാന്തി കൈവരുന്നതുവരെ ഞാന്‍ കര്‍മനിരതനായി തുടരും എന്ന് നിശ്ചയിച്ച് ഓംകാരം ജപിച്ച് എല്ലാ സംശയങ്ങളും ഒഴിഞ്ഞ്, വസ്തുധാരണകള്‍ നീക്കി, വിഷയ-വിഷയീ ഭേദഭാവമില്ലാതെ, ചിന്ത-ചിന്തകന്‍–ചിന്ത്യവിഷയം (ധ്യാനം, ധ്യാനി, ധ്യാനവിഷയം) എന്ന തോന്നലുകളില്ലാതെ ബലി അവിടെയിരുന്നു. ഉദ്ദേശലക്ഷ്യങ്ങളൊന്നുമില്ലാതെ പ്രശാന്തനായി, മനസ്സടങ്ങി,കാറ്റില്ലാത്തയിടത്തു കത്തിച്ച ദീപമെന്നപൊലെ അദ്ദേഹം പരമപദത്തില്‍ അഭിരമിച്ചു. ബലി, ധ്യാനത്തിന്റെ അതീന്ദ്രിയമായ അബോധാവസ്ഥയിലാണെന്ന് ശുക്രന്‍ മനസ്സിലാക്കി.

ആയിരം ദേവവര്‍ഷങ്ങള്‍ ധ്യാനത്തില്‍ കഴിഞ്ഞ ബലി ദേവഗന്ധര്‍വ്വന്മാരുടെ സംഗീതം കേട്ടുണര്‍ന്നു. അദ്ദേഹത്തില്‍ നിന്നും ഉദ്ഗമിച്ച ഒരലൌകിക പ്രഭ ലോകത്തെ ശോഭായമാനമാക്കി. ബലി മഹാരാജാവ് തുടര്‍ന്നും ഭംഗിയായി രാജ്യം ഭരിച്ചു. യാതൊന്നും മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിക്കാതെ തന്നെ യദൃച്ഛയാ വരുന്ന അവസരങ്ങള്‍ക്കനുസൃതമായി അദ്ദേഹം ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചു. ബ്രാഹ്മണരെയും, ദേവതകളെയും മഹാത്മാക്കളേയും അദ്ദേഹം വന്ദിച്ചു പൂജിച്ചു വന്നു. ബന്ധുജനങ്ങളോട് അദ്ദേഹം ആദരപൂര്‍വ്വം പെരുമാറി. ഭ്രുത്യജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ കയ്യയച്ച് നല്‍കി. ദാനധര്‍മങ്ങള്‍ ചെയ്തു. വനിതകളുമായും അദ്ദേഹം യഥേഷ്ടം കേളിയാടി. ഒന്നും അദ്ദേഹത്തിനു വര്‍ജ്ജ്യമായിരുന്നില്ല.

യാഗം, സുതലപ്രവേശം

അങ്ങിനെയിരിക്കെ അതിമഹത്തായ ഒരു യാഗം വിപുലമായിത്തന്നെ നടത്താനും അങ്ങിനെ പുകള്‍ നേടാനും അദ്ദേഹത്തിനു കലശലായ ആഗ്രഹം തോന്നി. അതിനുവേണ്ട സാമഗ്രികളും ആളുകളും ഉടനെ തയാറായി. യഥോചിതമായി അദ്ദേഹം ആ യാഗകര്‍മ്മം തുടങ്ങി വച്ചു. ഈ യാഗസമയത്താണ് ഭഗവാന്‍ വിഷ്ണു ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളുടെയും ഭരണാധികാരം മാറ്റി അത് ഇന്ദ്രന് നല്‍കാനായി വാമനരൂപം പൂണ്ട് അവതരിച്ചത്. ബലിയുടെ പക്കല്‍ നിന്നും മൂന്നു ലോകങ്ങളെയും ദാനമായി വാങ്ങിയാണ് വിഷ്ണു ഇത് സാധിച്ചത്. അടുത്ത ഇന്ദ്രപദവി ബലിക്കാണ്. ദാനം കൊടുത്ത് നിസ്വനായ ബലിയെ വിഷ്ണുഭഗവാന്‍ പാതാളലോകമായ സുതലത്തിലേയ്ക്ക് അയക്കുകയാണുണ്ടായത്. അതിനാലാണ് അദ്ദേഹം അവിടെ മുക്തനും പ്രബുദ്ധനുമായി സ്വര്‍ഗ്ഗഭരണമേറ്റെടുക്കാനുള്ള തന്റെ ഊഴവും കാത്തിരിക്കുന്നത്. ഐശ്വര്യമോ ആപത്തോ തന്നെ സന്ദര്‍ശിക്കുന്നത് എന്ന വിവേചനം അദ്ദേഹത്തിനില്ല. സന്തോഷ-സന്താപ അനുഭവങ്ങളില്‍ അദ്ദേഹം അമിതമായി ആനന്ദിക്കുകയോ വിലപിക്കുകയോ ചെയ്യുന്നില്ല. അനേകകോടി വര്‍ഷങ്ങള്‍ അദ്ദേഹം മൂന്നു ലോകങ്ങളും ഭരിച്ചു. എന്നാലിപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം വിശ്രമിക്കുകയാണ്. ഇനിയും അദ്ദേഹം ഇന്ദ്രപദവിയില്‍ ഏറെക്കാലം മൂലോകങ്ങളും ഭരിക്കും. എന്നാലദ്ദേഹത്തിനു ഇന്ദ്രപദവിയില്‍ താല്‍പ്പര്യമൊന്നുമില്ല. രാജപദവി നഷ്ടപ്പെട്ടപ്പോഴും തന്നെ സുതലപാതാളത്തിലേയ്ക്ക് കൊണ്ടുപോയപ്പോഴും അദ്ദേഹം വിലപിച്ചില്ല. യാദൃഛയാ വന്നുചേരുന്നതിനെ സര്‍വ്വാത്മനാ സ്വീകരിച്ച് അദ്ദേഹം സ്വയം പ്രശാന്തയില്‍ അഭിരമിക്കുന്നു. (ആയാതമായാതം അലംഘനീയം ഗതം ഗതം സര്‍വ്വമുപേക്ഷണീയം). വസിഷ്ഠമുനി രാമന് പറഞ്ഞു കൊടുത്ത ബലി മഹാരാജാവിന്റെ കഥ ഇതാണ്.

മഹാബലി ശ്രീരാമന് പോലും മാതൃകാപുരുഷന്‍

“രാമാ, ബലി മഹാരാജനുണ്ടായിരുന്നത് പോലെയുള്ള ഉള്‍ക്കാഴ്ചയുമായി പരമപദത്തില്‍ നീയും അഭിരമിക്കൂ. ഉപയോഗശൂന്യവും അസത്തുമായ ലൌകീകസുഖങ്ങളില്‍ ഒരിക്കലും ആസക്തനാകാതിരിക്കൂ. ദൂരെക്കാണുന്ന വെറും, പാറക്കല്ലുകള്‍പോലെ മാത്രമേ ഈ ലോകത്തുള്ള ആകര്‍ഷണീയവസ്തുക്കള്‍ക്ക് നിന്റെയുള്ളില്‍ സ്ഥാനമുണ്ടാവാന്‍ പാടുള്ളൂ. അവ നിന്റെ ശ്രദ്ധയോ ആദരവോ അര്‍ഹിക്കുന്നില്ല. ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് ചാഞ്ചാടുന്ന നിന്റെ മനസ്സ് ദൃഢമായി ഹൃദയത്തില്‍ ഉറപ്പിച്ചാലും. രാമാ, നീ അനന്താവബോധത്തിന്റെ നിതാന്തഭാസുരതയാണ്. ലോകങ്ങള്‍ നിന്നില്‍ വേരുറപ്പിച്ചിരിക്കുന്നു. നിനക്ക് സുഹൃത്തായും ശത്രുവായും ആരുണ്ട്? നീ അനന്തതയാണ്. മാലയില്‍ കോര്‍ത്ത മണികള്‍ പോലെയാണ് നിന്നില്‍ ലോകങ്ങള്‍ നിലകൊള്ളുന്നത്. നീയാകുന്ന ആ വ്യതിരിക്തസത്വം ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ മരിക്കുകയുമില്ല. ആത്മാവാണുണ്മ. ജനനമരണങ്ങള്‍ വെറും ഭാവനകള്‍ മാത്രം. വെറും മിഥ്യയാണവ. ജീവിതത്തിലെ എല്ലാ ദുരിതങ്ങളേയും കുറിച്ച് ആരായുക. എന്നാല്‍ ഒന്നിലും ഒട്ടാതിരിക്കുക. നീയാണ് രാമാ ഭഗവാനും ഭഗവദ്പ്രഭയും. ലോകം ആ പ്രഭയിലാണ് ദര്‍ശിതമാവുന്നത്. ലോകത്തിന്, വേറിട്ട് സ്വതന്ത്രമായി നില്‍ക്കുന്ന ഒരസ്തിത്വമില്ല. പണ്ട് നിന്നില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദശക്തികള്‍ വര്‍ത്തിക്കുന്നുണ്ടായിരുന്നുവല്ലോ. അവയെ ഉപേക്ഷിച്ചാല്‍ നിനക്ക് സമതാഭാവം കൈക്കൊള്ളാനാവും. അതോടെ ജനനമരണചക്രത്തിന്റെ അവസാനവുമാവും. മനസ്സ് ആഴ്ന്നിറങ്ങാന്‍ സാദ്ധ്യതയുള്ള എല്ലാത്തില്‍ നിന്നും അതിനെ പിന്‍വലിച്ച് സത്യത്തിലേയ്ക്ക് ഉന്മുഖമാക്കുക. മഹാബലിയുടെ ചരിതം നിന്നില്‍ ഈ സത്യത്തിന്റെ പ്രകാശം നിറയ്ക്കട്ടെ. സത്യത്തിന്റെ നേരറിവില്ലാത്തവരും സ്വയം ഗുരുക്കളായി അവരോധം ചെയ്തവരുമായവരുടെ വാഗ്ധോരണികളില്‍ വീണുപോകാതെ നീ സൂക്ഷിക്കണം. മഹാബലിയെപ്പോലുള്ള പാവനചരിതന്മാരെയാണ് നീ മാതൃകയാക്കേണ്ടത്.”

തന്റെതായിരുന്ന സര്‍വ്വവും കൂടാതെ തന്നെത്തന്നെയും (അഹത്തെ) ബലികൊടുത്ത മഹാനായ ബലി തന്നെയാണ് ശ്രീരാമനു മാതൃകയാവാന്‍ സര്‍വ്വഥാ അനുയോജ്യന്‍. ഈ മഹാബലിയെയാണ് തിരുവോണത്തില്‍ നാം ഓര്‍ക്കേണ്ടത്. ആത്മജ്ഞാനത്തില്‍ ശ്രീരാമനുപോലും മാര്‍ഗ്ഗദര്‍ശിയായ ബലിചക്രവര്‍ത്തി മഹാബലിയായ കഥയാണ് നാം പുതുതലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടത്. കുടവയറും വമ്പന്‍ മീശയുമായി കടകള്‍ക്ക് മുന്നില്‍ വെറുമൊരു പരിഹാസപാത്രമായി നില്‍ക്കുന്ന ‘കോമഡിസ്റ്റാറല്ല’ മഹാബലി.

ഒറിജിനല്‍ ബ്ലോഗ്‌ ലിങ്ക് : http://bloggainvilla.blogspot.in/2014/08/blog-post.html

Tags: SLIDER

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media