‘ഭീകര ആനകോണ്ട’യുടെ വ്യാജചിത്രവും സത്യവും

giant-anaconda-spamകൌതുകകരമായൊരു പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്, വായിച്ചു നോക്കൂ.

“ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അനാകോണ്ട ആഭ്രിക്കയിലെ ആമസോണ് നദിയില്‍ കണ്ടെത്തി നരഭോജിയായ ഇത് കഴിഞ്ഞ വ൪ഷങ്ങളില് 257 ന് അടുത്ത് മനുഷ്യനെയും ഏകദേശം2325 മൃഗങ്ങളെയും കൊന്നു തിന്നു കൂടുതല്‍ അപകടകാരിയായ് മാറിയ 134 അടി നീളവും 2067 കിലോഗ്രാം തൂക്കവും ഉള്ള അനാകോണ്ടയെ വധിക്കാന്‍ ആഭ്രിക്ക൯ റോയല്‍ ബ്രിട്ടീഷ് കമാന്‍ഡോകളുടെ 37 ദിവസത്തെ പ്രയത്നം വേണ്ടി വന്നു…”

ഇതാദ്യം വായിക്കുമ്പോള്‍ പ്രകൃതിയുടെ വൈവിധ്യവും ‘സൃഷ്ടി’യുടെ സങ്കീര്‍ണ്ണതകളും ഒക്കെ ആലോചിച്ച് ഊറ്റം കൊള്ളാം. ‘ദൈവ’ത്തിന്റെ ഓരോ ലീലാവിലാസങ്ങള്‍ തന്നെ. ദൈവം തമ്പുരാന്‍ ഇല്ലായിരുന്നെങ്കില്‍ ഈ ആനകോണ്ടയെ അര് സൃഷ്ടിച്ചേനെ? 🙂

ഈ സംഭവം നടന്നത് എന്നായിരിക്കും? ആഫ്രിക്കയില്‍ ഈ ബ്രിട്ടീഷ് കമാന്‍ഡോകള്‍ എങ്ങനെയെത്തി? ആ കൊടുംകാട്ടില്‍ ചെല്ലുന്ന മനുഷ്യരെയല്ലേ ആനകോണ്ട അകത്താക്കിയുള്ളൂ, മനുഷ്യര്‍ എന്തിന് അവിടെപ്പോയി? എന്തിനു കാട്ടിലുള്ള ഈ ആനകോണ്ടയെ കൊന്നു? നാം ഇങ്ങനെയും ചിന്തിക്കേണ്ടേ?

ഇതിനൊക്കെ ‘ബ്രിട്ടീഷ്’ കമാന്‍ഡോകളുടെ ആവശ്യമേ ഉണ്ടായിരുന്നില്ലല്ലോ. നമ്മുടെ പ്രിയപ്പെട്ട നടന്‍ ജയന്‍ ഉണ്ടായിരുന്നെങ്കില്‍, അതിനെയെടുത്ത് മാലയാക്കിയേനെ. നമ്മുടെ രജനികാന്ത് അറിഞ്ഞിരുന്നെങ്കില്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ തയ്ക്കാനുള്ള നൂലായി ഉപയോഗിച്ചേനെ. അന്ന് നരേന്ദ്രമോദി ആയിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യയുടെ സൈന്യമോ കമാന്‍ഡോകളോ ഈ ദൌത്യം ഏറ്റെടുത്തേനെ, വേണമെങ്കില്‍ കപ്പലില്‍ കയറ്റി ഇന്ത്യയില്‍ കൊണ്ടുവന്നേനെ! പിന്നല്ല!

south-america-africa-map

ആഫ്രിക്കയിലെ ആമസോണ്‍ നദിയിലാണോ ഈ ആനകോണ്ടയെ കണ്ടെത്തിയത്? തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലൂടെ ഒഴുകിയിരുന്ന ആമസോണ്‍ നദി അത്ലാന്റിക് സമുദ്രം കടന്ന് ഇപ്പോള്‍ ആഫ്രിക്കയില്‍ എത്തിയോ? അതെപ്പോള്‍ സംഭവിച്ചു? കപ്പല്‍ വഴി ആയിരിക്കുമോ ആമസോണ്‍ യാത്ര ചെയ്തത്? 🙂

ചില വസ്തുതകള്‍

ആനകോണ്ടയും ആമസോണ്‍ നദിയും തെക്കേഅമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആണ്, ആഫ്രിക്കയില്‍ അല്ല.

ഏറ്റവും വലിയ ആനകോണ്ടയ്ക്ക് 17 അടി നീളവും 100 കിലോഗ്രാം ഭാരവും വരെ ഉണ്ടാകാമെന്ന് കണക്കാക്കപ്പെടുന്നു.

134 അടി നീളവും 2067 കിലോഗ്രാം ഭാരവുമുള്ള ജയന്റ് ആനകോണ്ട എന്നത് വെറുമൊരു സങ്കല്പം മാത്രമാണ്.

ചില ദുര്‍ബുദ്ധികള്‍ പല ചിത്രങ്ങളെ ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തുന്നിക്കെട്ടി ഉണ്ടാക്കുന്നവ മാത്രമാണ് ഇതുപോലുള്ള ചിത്രങ്ങള്‍.

അത്ഭുതങ്ങളെ മനസ്സില്‍ ഉണ്ടാക്കാനും വിശ്വസിക്കാനും വിശ്വസിപ്പിക്കാനും പ്രചരിപ്പിക്കാനും ദുര്‍ബല മനസ്സുള്ളവര്‍ക്ക് ഇഷ്ടമാണ്. എന്തെങ്കിലും അത്ഭുതകാര്യങ്ങളോ സഹായാപേക്ഷകളോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് പലതവണ ആലോചിക്കുക, ഇന്റര്‍നെറ്റില്‍ തിരയുകയോ അറിവുള്ള മറ്റു സുഹൃത്തുക്കളോട് ചോദിക്കുകയോ ചെയ്യുക.

ആധുനികശാസ്ത്രം ആയാലും മതം ആയാലും ആദ്ധ്യാത്മികം ആയാലും, നമുക്ക് യുക്തിചിന്ത ഇല്ലെങ്കില്‍ എന്തു പ്രയോജനം?

ശ്രീ · കൗതുകം · 23-05-2015 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *