ഇടത്തോട്ടോ വലത്തോട്ടോ മുന്നോട്ടോ എങ്ങോട്ടു പോയാലും കോട്ടയം തന്നെ എന്ന രീതിയില്‍ ഒരു റോഡ് സൈന്‍ ബോര്‍ഡ് നമ്മള്‍ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കാണാറുണ്ടല്ലോ. ഇനി കള്ളുകുടിച്ചിട്ടു കാഴ്ച മങ്ങിയതാണോ എന്നും സംശയിച്ചുപോകും!
നേരെ പോയാല്‍ രണ്ടു കിലോമീറ്റര്‍, വലത്തോട്ടു പോയാല്‍ നാലു കിലോമീറ്റര്‍, ഇടത്തോട്ടു പോയാല്‍ അഞ്ചു കിലോമീറ്റര്‍ ആണ് കോട്ടയത്തേയ്ക്ക് എന്നാണു സോഷ്യല്‍ മീഡിയയിലെ ബോര്‍ഡ് പറയുന്നത്. മുന്നോട്ടു നേരെ പോയാല്‍ കോട്ടയത്തേയ്ക്ക് രണ്ടു കിലോമീറ്റര്‍ മാത്രമേ ഉള്ളൂവെങ്കില്‍ പിന്നെന്തിനു ഇങ്ങനെയൊരു അര്‍ത്ഥമില്ലാത്ത ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു ഈ ഏഭ്യന്മാര്‍ എന്ന് അതുകാണുമ്പോള്‍ നമ്മളും ചിന്തിച്ചും പോകും, അല്ലേ!
മുന്‍പൊരിക്കല്‍ കുമരകത്തിനുപോയിട്ടു മടങ്ങുമ്പോള്‍ ഏകദേശം ഇതുപോലെ വ്യത്യസ്തമായൊരു ബോര്‍ഡ് കണ്ടിരുന്നു എന്നോര്‍മ്മ ഉണ്ടായിരുന്നു. അതിനാല്‍ കഴിഞ്ഞ ആഴ്ച കോട്ടയത്തുപോയപ്പോള്‍ ഇതിലെ സത്യം നേരിട്ടുകാണാന്‍ ഞാനൊരു ശ്രമം നടത്തി. ഗൂഗിള്‍ മാപ്പില്‍ നോക്കി ഏകദേശം സ്ഥലം മനസ്സിലാക്കിയതിനുശേഷം ഞാന്‍ ആ പ്രദേശത്തൊന്നു കറങ്ങി. അതെല്ലാം ചേര്‍ത്ത് താഴെ കൊടുക്കുന്നു.
കുമരകം – കോട്ടയം റൂട്ടില്‍ കോട്ടയം ടൌണില്‍ പ്രവേശിക്കുമ്പോള്‍ മീനച്ചിലാറിനു കുറുകെയുള്ള ഇല്ലിയ്ക്കല്‍ പാലത്തിലേയ്ക്ക് കടക്കുമ്പോഴുള്ള ദിശാസൂചികാഫലകമാണ് ചിത്രത്തില്‍ ഇടതുവശത്തു കാണുന്നത്. ഇല്ലിയ്ക്കല്‍ പാലത്തില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞാല്‍ ചാലുകുന്ന്‍ CMS കോളേജ് വഴിയും വലത്തോട്ടു തിരിഞ്ഞാല്‍ തിരുവാതുക്കല്‍ പുത്തനങ്ങാടി വഴിയും കോട്ടയം ടൌണിലെത്താം. രണ്ടുവഴിയും ഏകദേശം ഒരേ ദൂരമാണ് – നാലര കിലോമീറ്റര്‍. കോട്ടയത്ത് നമുക്ക് പോകേണ്ടുന്ന സ്ഥലവും റോഡിന്റെ അവസ്ഥയും തിരക്കും ഒക്കെ അനുസരിച്ച് ഇഷ്ടമുള്ള വഴി തിരഞ്ഞെടുത്തു പോകാം.
വലത്തോട്ടുള്ള റോഡില്‍ ഏകദേശം രണ്ടു കിലോമീറ്റര്‍ പോയാല്‍ തിരുവാതുക്കല്‍ എന്ന സ്ഥലമാണ് എന്നത് പ്രത്യേകതയോടെ സൂചിപ്പിക്കാന്‍ ഈ ഫലകത്തില്‍ മൂന്നാമതായി തിരുവാതുക്കല്‍ കൂടി ചേര്‍ത്തിരിക്കുന്നു എന്നുമാത്രം. ഈ ബോര്‍ഡിനെയാണ് തിരുവാതുക്കല്‍ എന്നതു മാറ്റി കോട്ടയം എന്നാക്കി ചില വിരുതന്മാര്‍ പ്രചരിപ്പിക്കുന്നത്! – അത് ചിത്രത്തില്‍ വലതു വശത്തായി കാണാം. ഇല്ലിയ്ക്കല്‍ പാലം കടന്നാല്‍ മുന്നിലേയ്ക്ക് ഒരു വഴിയുമില്ല, ഇടത്തോട്ടും വലത്തോട്ടും മാത്രം!
ചിത്രത്തില്‍ താഴെ കാണുന്നത് ഗൂഗിള്‍ മാപ്പില്‍ സ്ഥലവും വഴിയും ദൂരവും രേഖപ്പെടുത്തിയ ചിത്രം.
ഇനിയും മാപ്പില്‍ നേരിട്ടു കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ മതി.
Illickal Bridge to Seematti Round, Baker Hill, Kottayam. https://goo.gl/maps/Ta0JW
എന്നിരുന്നാലും ഈ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ബോര്‍ഡ് ഒഴിവാക്കാമായിരുന്നു. ഇതില്‍ ഏറ്റവും നല്ല റോഡ് ചാലുകുന്ന്‍ വഴിയുള്ളതാണ്, അതാണ് കോട്ടയം – കുമരകം റോഡ് എന്നറിയപ്പെടുന്നത്. പ്രാദേശികമായി സ്ഥലപരിചയം ഇല്ലാത്തവര്‍ക്ക് ഈ റോഡ് തന്നെയാണ് ഏറ്റവും നല്ലത്, പ്രത്യേകിച്ചും കുമിളിയിലേയ്ക്കും മറ്റും പോകുന്നവര്‍ക്ക്. അവരെ കണ്‍ഫ്യൂഷന്‍ അടിപ്പിക്കാതെ കോട്ടയം ബോര്‍ഡും തിരുവാതുക്കല്‍ ബോര്‍ഡും മാത്രം മതിയായിരുന്നു എന്നുതോന്നുന്നു.
ഇനി ഇതും ഈ ടൂറിസ്റ്റ് പാതയിലെ ഒരു ‘വ്യൂസ്പോട്ട്’ ആയി പ്രൊമോട്ട് ചെയ്താലും മതി!
Discussion about this post