കേരളചാറ്റ് അഥവാ മലയാളികളുടെ ചാറ്റ് റൂം (ഇവിടെയും ഇവിടെയും ഇവിടെയും ഒക്കെയുണ്ട്) ആയിരുന്നു പണ്ടൊക്കെ ഹരം. പണ്ട് എന്നുപറയുമ്പോള്‍ അത്ര പണ്ടല്ല, ഒരഞ്ചാറു വര്‍ഷം മുമ്പുവരെ എന്നു കരുതുക. അന്ന് ബ്ലോഗ്ഗിങ്ങും അഗ്ഗ്രിഗേറ്ററും RSS ഫീഡും ഒന്നും ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ അത്രയ്ക്ക് ഉപയോഗിക്കപ്പെട്ടിരുന്നില്ല. ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലും ഒക്കെയുള്ള കുറെയേറെ മലയാളി കുമാരീകുമാരന്മാരുടെയും മധ്യവയസ്കരുടെയും താവളമായിരുന്നു ആ ചാറ്റ് റൂമുകള്‍. പെണ്ണിന്‍റെ പേര് ചാറ്റ് റൂമിലെ നിക്ക് നെയിം ആയി ഉപയോഗിച്ച് ചാറ്റ് ചെയ്തിരുന്ന വിരുതന്മാര്‍ ആയിരുന്നു കൂടുതല്‍! കാന്താരിയും കുട്ടൂസനും മായാവിയും ഖില്ലാടിയും തുടങ്ങി കുറേപ്പേര്‍ അവിടം അടക്കി വാണിരുന്നു. ഇപ്പോഴും അവിടെ അങ്ങനെയായിരിക്കാം, ഈയുള്ളവന്‍ നോക്കാറില്ല എന്നു മാത്രം. ചില വിരുതന്മാര്‍ പുളിച്ച തെറി വിളിക്കാന്‍ മാത്രമായുള്ള വെറും ചാറ്റ് റൂം ജന്മങ്ങള്‍ മാത്രമായിരുന്നു! അങ്ങനെ അവര്‍ക്ക് ഈ സമൂഹത്തോടുള്ള അമര്‍ഷം തീര്‍ക്കാനും ചാറ്റ് റൂമുകള്‍ സഹായിച്ചു.
parachat.com-ന്‍റെ ഒരു സൗജന്യ സര്‍വീസ് ആയിരുന്നു/ആണ് മിക്കവാറും ചാറ്റ് വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നത്. അന്ന് parachat-ന്‍റെ സൗജന്യ അക്കൗണ്ടിന് ഐ പി ട്രാക്കിംഗ് ഒന്നും ചെയ്തിരുന്നില്ല. അതിനാല്‍ ആര്‍ക്കും വിലസാം എന്നതായിരുന്നു അവസ്ഥ. പിന്നീട് യാഹൂ ചാറ്റിലെ കേരള റൂമും paltalk-ഉം MSN മെസ്സഞ്ചറും മറ്റും കൂടുതല്‍ പ്രചാരത്തില്‍ വന്നു, മലയാളികള്‍ അവയെ കൂടുതല്‍ ഉപയോഗിച്ചു തുടങ്ങി. അവിടെയും ഇതുപോലെ തെറി വിളിക്കാന്‍ ധാരാളം ആള്‍ക്കാര്‍. ഇന്നും അതിനൊട്ടും കുറവില്ല എന്നു കാണുന്നു. 🙂
അപ്പോള്‍ പറഞ്ഞു വന്നത്, ദിവസേന എന്ന തോതില്‍ ഞാന്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് (അതായത് ഈ സോഫ്റ്റ്‌വെയര്‍ കൂലിപ്പണി തുടങ്ങിയിട്ട്) പതിനൊന്നു വര്‍ഷമായി. അല്ലാതെ സ്വന്തം കാശ് കൊടുത്ത് അന്നൊന്നും ഇന്‍റര്‍നെറ്റ് എടുത്തിട്ടില്ല! ഈ വര്‍ഷങ്ങളിലൊന്നും ഓടിനടന്നു തെറിവിളിക്കാത്ത അനോണിമസ് ആള്‍ക്കാര്‍ ഇല്ലാത്ത ഒരു സത്യസൈബര്‍ലോകം കണ്ടിട്ടില്ല, ഇനിയൊട്ടു അങ്ങനെ ഒരു പ്രതീക്ഷയുമില്ല! പണ്ടും ഇപ്പോഴും മലയാളി ചാറ്റ് റൂമില്‍ അവരുണ്ട്, ഇപ്പോള്‍ ബ്ലോഗ്ഗിലെ കമന്‍റ് എഴുതാനും അവര്‍ ഉണ്ട്. വന്നുവന്നിപ്പോള്‍, അനോണിമസ് അഥവാ അജ്ഞാതര്‍ ഇല്ലാത്ത ബ്ലോഗ് ലോകം നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല എന്നായി. ചുക്ക് ചേരാത്ത കഷായമോ?
ഈയുള്ളവന്‍ 1999 മുതല്‍ വെബ് ഡെവലപ്മെന്‍റ് ഫീല്‍ഡില്‍ പണി ചെയ്തു ജീവിക്കുന്നു, 2004 മുതല്‍ സ്വന്തമായി ബ്ലോഗ് എഴുതുന്നു, എന്നാല്‍ മലയാളത്തില്‍ എഴുതിത്തുടങ്ങിയത് അടുത്ത കാലത്താണ്. മലയാളം ബ്ലോഗ് ലോകത്ത് വന്നിട്ട് കണ്ട ഒരു പ്രത്യേകത എന്തെന്നാല്‍, കൂടുതല്‍ പേരും കൂപമണ്ടൂകങ്ങള്‍ ആയി കഴിയാന്‍ ആണ് താല്പര്യപ്പെടുന്നത്. അതായത് മലയാളം ബ്ലോഗുകള്‍ മാത്രമാണ് ഈ ലോകത്തുള്ള ബ്ലോഗുകള്‍ എന്നു പലരും കരുതുന്നതായി എനിക്ക് തോന്നുന്നു. മനോജിന്‍റെ മലയാളം ബ്ലോഗ്റോള്ളും ചിന്തയും തനിമലയാളവും മറുമൊഴികളും പിന്മൊഴികളും (അവരുടെ ആരുടേയും സേവനത്തെ ഞാന്‍ തള്ളിപ്പറയുന്നതല്ല, ഒരിക്കലും) ഒക്കെയടങ്ങുന്ന ഈ ബ്ലോഗ്ഗര്‍.കോം ബ്ലോഗ്ഗുകള്‍ മാത്രമാണ് ബ്ലോഗ്ഗുകള്‍ എന്ന രീതിയിലുള്ള ചിന്ത കൂടുതല്‍പ്പേരെയും, പ്രത്യേകിച്ച് സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ അല്ലാത്തവരെ, ഗ്രസിച്ചിരിക്കുന്നു എന്നു തോന്നുന്നു. സ്വന്തമായി ബ്ലോഗ് ഹോസ്റ്റ് ചെയ്യുന്നവരും വേര്‍ഡ്പ്രസ്സ്.കോം-ല്‍ എഴുതുന്നവരും ഉണ്ട് എന്നതും ചിലപ്പോള്‍ മറന്നുപോകുന്നു.
മലയാളം ബ്ലോഗ്ഗുകളില്‍ തമാശകളും സാഹിത്യവും കാലികമായ രാഷ്ട്രീയവും പരസ്പരം പാരവയ്ക്കലും മത-ജാതി കുറ്റപ്പെടുത്തലുകളും മറ്റുമാണ് കൂടുതല്‍ കാണുന്നത്. ഇപ്പോള്‍ സയന്‍സ്, ടെക്നോളജി, ചിന്തകള്‍, പഠനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും കൂടുതല്‍ വന്നു തുടങ്ങി എന്നതും മലയാളഭാഷയ്ക്ക് മുതല്‍ക്കൂട്ടാണ്.
ഓരോ ബ്ലോഗ് പോസ്റ്റിലും നടക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ സദുദ്ദേശ്യത്തോടെ ചോദിക്കാനും അറിയാനും അറിവ് പങ്കുവയ്ക്കാനും ഉള്ള മാര്‍ഗമായി കാണുന്നതിനു പകരം, കുറ്റപ്പെടുത്താനും പാരവയ്ക്കാനും തെറിവിളിക്കാനും ഒക്കെയായി അധപതിച്ചിരിക്കുന്നു എന്നത് ഖേദകരം തന്നെ. കൂടുതല്‍ പേരും പ്രതീക്ഷിക്കുന്നത് “വായിച്ചു”, “നന്നായി”, “കൊള്ളാം”, “കലക്കി” , “:-)” എന്നിങ്ങനെയുള്ള കമന്റുകള്‍ മാത്രം. അതുകൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം?
അതുപോലെ, ബ്ലോഗ് മീറ്റ്/ഇമെയില്‍/ചാറ്റ്/ഫോണ്‍ വഴി ഒരിക്കല്‍ പരിചയപ്പെട്ടാല്‍, പിന്നെ ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും വിമര്‍ശിച്ചു എഴുതുകയില്ല എന്നതും ഒരു വസ്തുതയാണെന്ന് തോന്നുന്നു. ഓരോ ബ്ലോഗ്ഗറും ഏതെങ്കിലും ഒരു ‘ചേരിയില്‍’ ആവണം എന്നതും ഒരു സത്യമാണ്. സ്വയം ചിന്തിച്ചു, എഴുതി, ആത്മവിശ്വാസത്തോടെ സ്വന്തം കാലില്‍ നിലനില്‍ക്കുന്നതും അസഹനീയം തന്നെ!
സ്ഥിരമായി പുതിയ ലേഖനങ്ങള്‍ എഴുതുന്ന, എന്നെന്നും നിലനില്‍ക്കുന്ന, ഉപയോഗ്യമായ, വിജ്ഞാനപ്രദമായ കണ്ടന്റുള്ള മലയാളം ബ്ലോഗുകളും മറ്റു വെബ്സൈറ്റുകളും കൂടുതല്‍ ഉണ്ടാവുന്നതോടെ, ഇപ്പോഴത്തെ അഗ്ഗ്രിഗേറ്ററുകള്‍ കാലഹരണപ്പെടുകയോ ചെറിയ സെഗ്മെന്റുകളായി ചുരുങ്ങുകയോ ചെയ്യും. അതോടെ നമുക്ക് ആവശ്യമായ മലയാളം അറിവുകള്‍ കണ്ടെത്താന്‍ നാം ഗൂഗിള്‍ മുതലായ സേര്‍ച്ച്‌എഞ്ചിനെ അല്ലെങ്കില്‍ ബ്ലോഗ് സേര്‍ച്ച്‌എഞ്ചിനെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങും. അങ്ങനെ സെര്‍ച്ച് ചെയ്തു കിട്ടുന്ന സൈറ്റ്/ബ്ലോഗ് എന്നിവയുടെ RSS ഫീഡ് ഉപയോഗിക്കുന്ന സംസ്കാരം (ഗൂഗിള്‍ റീഡര്‍, Feedreader) കൂടുതല്‍ പടരും. അങ്ങനെ എഴുത്തുകാരും വെബ്സൈറ്റുകളും കണ്ടന്‍റും കൂടുമ്പോള്‍ നാമെല്ലാം ഈ മലയാളം കരകാണാകടലിലെ വെറും ചെറിയ തുള്ളികള്‍ മാത്രമായി ചുരുങ്ങി എന്നു ഓരോരുത്തര്‍ക്കും ബോധ്യപ്പെടും. അപ്പോള്‍ തമ്മില്‍ തല്ലാനും, ഒരാള്‍ തെറി വിളിച്ചാല്‍ അത് കേള്‍ക്കാനോ മറുപടി പറയാനോ പോലും സമയം കാണില്ല നമ്മള്‍ ഓരോരുത്തര്‍ക്കും.
മലയാളത്തിനു പ്രത്യേകമായി, വിഭാഗങ്ങളോട് (category) കൂടിയ ബ്ലോഗ് ലിസ്റ്റിങ്ങും മറ്റു സൗകര്യങ്ങളോടും കൂടിയ പുതിയ പ്രൊഫഷണല്‍ സംവിധാനങ്ങള്‍ വരുന്നത് നല്ലതായിരിക്കും. ഇപ്പോള്‍ അങ്ങനെ പലതും ഉണ്ടെങ്കിലും അവയെല്ലാം ഉപയോഗക്ഷമത (useability) നോക്കുമ്പോള്‍ വളരെ പിന്നിലാണ്. അങ്ങനെയൊരു സംവിധാനം ചിന്ത.കോം, അല്ലെങ്കില്‍ മറ്റാരെങ്കിലും, മലയാളം ബ്ലോഗ്ഗേഴ്സിന്‍റെ സഹകരണത്തോടെ ചെയ്‌താല്‍ വളരെ നന്നായിരിക്കും.
Pligg പോലെയുള്ള ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വെയര്‍ വെറുതെ കോപ്പി ചെയ്തു ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിട്ട് കാര്യമില്ല. മലയാളത്തിന്‍റെ പ്രത്യേക ആവശ്യങ്ങള്‍ ചിന്തിച്ചു, ചര്‍ച്ച ചെയ്തു, കണ്ടെത്തി, നടപ്പില്‍വരുത്തുകയാണെങ്കില്‍ അത് വളരെ നല്ലൊരു ഉദ്യമാമാകും എന്നാണു എന്‍റെ പ്രതീക്ഷ.
Discussion about this post