തിരുവനന്തപുരം നഗരത്തില്‍ ആകെയുള്ള ഒരു തുറന്ന പൊതുസ്ഥലമാണ് പാളയം നാപിയര്‍ മ്യൂസിയവുമായി ചേര്‍ന്നുള്ള ചെറിയൊരു പാര്‍ക്കും ‘ബോട്ടാണിക്കല്‍ ഗാര്‍ഡനും’. ഇവിടെയാണ് രാവിലെയും വൈകിട്ടും നഗരവാസികള്‍ നടക്കാനും ‘ശുദ്ധവായു’ ശ്വസിക്കാനും വരുന്നത്. പകല്‍സമയത്ത് സാധാരണകാരായ വിദ്യാര്‍ഥി കമിതാക്കള്‍ക്ക് കുറച്ചു സല്ലപിച്ചു നടക്കാനും മരച്ചുവട്ടില്‍ ഇരിക്കാനും നസീര്‍-ഷീല മരം ചുറ്റി പ്രേമം നടത്താനും ഒക്കെയുള്ള ഏക ആശ്രയമാണ് ഈ മ്യൂസിയം വളപ്പ്. (വിദ്യാര്‍ഥികള്‍ മ്യൂസിയം വളപ്പില്‍ വരുന്നത് ‘വളയ്ക്കാന്‍’ ആണെന്നും കേള്‍ക്കുന്നു!) നഗരത്തിലെ ജനസംഖ്യ കൂടിയപ്പോള്‍ ഈ പാര്‍ക്കിലെ സ്ഥലം ഒട്ടും തികയാതെയായി. കുറച്ചു പണമുള്ളവര്‍ ആധുനിക ഭക്ഷണശാലകളില്‍ പോയി സല്ലപിക്കുന്നു. പാവം വിദ്യാര്‍ഥികള്‍ എന്ത് ചെയ്യും? മാത്രമല്ല, ഇവിടെ കുറച്ചു മരങ്ങള്‍ ഉണ്ടെങ്കിലും, ചൂടില്‍ നിന്നും രക്ഷിക്കാന്‍ മാത്രം അവ പര്യാപ്തവുമല്ല.
ഈ നാപിയര്‍ മ്യൂസിയം പാര്‍ക്കുമായി ചേര്‍ന്നാണ് തിരുവനന്തപുരം മൃഗശാല സ്ഥിതിചെയ്യുന്നത്. 1857-ല്‍ തിരുവിതാംകൂര്‍ രാജാവിനാല്‍ വിനോദത്തിനായി നഗരഹൃദയത്തില്‍ പാളയത്തിനടുത്ത് സ്ഥാപിക്കപ്പെട്ട ഈ മൃഗശാല ഏകദേശം അമ്പതേക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു.
മൃഗശാല കൂടുതലും സന്ദര്‍ശിക്കുന്നത് സ്വദേശി ടൂറിസ്റ്റുകളും കേരളത്തിലെയും തെക്കന്‍ തമിഴ്നാട്ടിലെയും സ്കൂളുകളില്‍ നിന്നുള്ള കുട്ടികളും ആണ്. നാലോ അഞ്ചോ വര്‍ഷമോ അതിലേറെയോ കൂടുമ്പോള്‍ മാത്രമായിരിക്കും ചിലപ്പോള്‍ ഒരു നഗരവാസി ഈ മൃഗശാല കാണുന്നത്. എന്നാല്‍ അതുമായി ചേര്‍ന്നുള്ള മ്യൂസിയം പാര്‍ക്ക് അവര്‍ ദിവസേന ഉപയോഗിക്കുന്നു.
അമ്പതേക്കര്‍ സ്ഥലം എന്നതും ഒരു നല്ല മൃഗശാലയെ സംബന്ധിച്ചു വളരെ കുറവാണ്. ഇവിടെ ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ വളരെ കുറവാണ്. മൃഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഉണ്ടാക്കുന്നതോടൊപ്പം, ഒരു കുടുംബത്തിന് ഒരു ദിവസം സുഖകരമായി മൃഗശാലയില്‍ ചുറ്റിത്തിരിയാനും കാണാനും പഠിക്കാനും ആഹാരം കഴിക്കാനും മറ്റുമുള്ള സൗകര്യങ്ങളും ആവശ്യമാണ്. മാത്രവുമല്ല, ഓരോ ഗ്രൂപ്പിനും മൃഗശാലയെപ്പറ്റിയും മൃഗങ്ങളെപ്പറ്റിയും ഒക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാനുള്ള ഗൈഡ് സംവിധാനം, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൃഗങ്ങളെ പരിചയപ്പെടുത്താനും സ്നേഹിക്കാനും മറ്റും ഉതകുന്ന വര്‍ച്വല്‍ റിയലിറ്റി പോലുള്ള സംവിധാനങ്ങള്‍, എന്നിവയും വേണം.
ഒരു മൃഗശാലയ്ക്ക് ഒരിക്കലും നഗരത്തിലെ തിരക്കുപിടിച്ച സ്ഥലം അനുയോജ്യമല്ല. മൃഗശാലയ്ക്ക് അനുയോജ്യം കാടുമായി അടുത്തുനില്‍ക്കുന്ന പ്രദേശങ്ങള്‍ ആണ്. ഉദാഹരണത്തിന്, പേപ്പാറ, നെയ്യാര്‍ ഡാം, ബ്രൈമൂര്‍, വിതുര, കല്ലാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ നന്നായിരിക്കും. ഈ സ്ഥലങ്ങള്‍ പേപ്പാറ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്‍റെ അടുത്താണ്. നെയ്യാര്‍ ഡാമില്‍ ഇപ്പോള്‍ത്തന്നെ ‘ആന സഫാരി’ ഉണ്ട്. അവിടെ നിന്നും കുറച്ചു കൂടി പോയാല്‍ തെന്മല ഇക്കോടൂറിസം മേഖലയിലും പാലരുവിയിലും എത്താം. മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ നഗരത്തില്‍ നിന്നും എളുപ്പത്തില്‍ എത്താവുന്നവയാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള സഞ്ചാരികള്‍ക്ക് നഗരത്തിലെ തിരക്കില്‍ കുടുങ്ങാതെ ഇവിടെ എത്താനും കഴിയും.
അതിനാല്‍ തിരുവനന്തപുരം മൃഗശാല മ്യൂസിയം വളപ്പില്‍ നിന്നും തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ മേഖലയിലേയ്ക്ക് മാറ്റി സ്ഥാപിക്കണം. അങ്ങനെ മൃഗങ്ങള്‍ എങ്കിലും പരിസ്ഥിതി മലിനീകരണത്തില്‍ നിന്നും രക്ഷപ്പെടട്ടെ!
ഇപ്പോഴത്തെ മൃഗശാല സ്ഥിതിചെയ്യുന്ന അമ്പതേക്കര്‍ സ്ഥലം നല്ലൊരു പൊതുസ്ഥലമായി വികസിപ്പിക്കാം. ന്യൂയോര്‍ക്ക് നഗരത്തിന്‍റെ മധ്യത്ത് സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ പാര്‍ക്ക് പോലെ, തിരുവനന്തപുരത്തിനും വേണം സ്വന്തമായി വലിയൊരു ബോട്ടാണിക്കല്‍ പാര്‍ക്ക്. ഇവിടെ മെയിന്‍ റോഡിനോട് അടുത്തുള്ള കുറച്ചു സ്ഥലം കണ്‍വെന്‍ഷന്‍ സെന്‍ററായോ മറ്റോ വികസിപ്പിക്കാം. മറ്റു പ്രദേശങ്ങള്‍ ജനങ്ങള്‍ക്ക് നടക്കാനും കാറ്റുകൊള്ളാനും സല്ലപിക്കാനും ശുദ്ധവായു ശ്വസിക്കാനും പിക്നിക്കിനും മറ്റുമുള്ള സ്ഥലമായി നിലനിര്‍ത്തട്ടെ. അങ്ങനെ കോണ്‍ക്രീറ്റ് കട്ടകളുടെ ഉള്ളില്‍ ശ്വാസം മുട്ടുന്ന ജനത്തിന് സ്വാതന്ത്ര്യം ലഭിക്കട്ടെ.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പഠനങ്ങളോ തീരുമാനങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ആരെങ്കിലും ഓര്‍ക്കുന്നെങ്കില്‍ പറയുക. സര്‍ക്കാര്‍ ആപ്പീസില്‍ പോയി കൂടുതല്‍ അന്വേഷിക്കാന്‍ തല്‍ക്കാലം സമയം അനുവദിക്കുന്നില്ല എന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കുക.
തിരുവനനതപുരം മൃഗശാല മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
Discussion about this post