ഐശ്വര്യ ദേവത കനിഞ്ഞനുഗ്രഹിച്ച പ്രസിദ്ധമായ ഒരു രാജ്യമായിരുന്നു പാടലീപുത്രം. അവിടുത്തെ മഹാരാജാവായിരുന്ന സുദര്‍ശനന്‍റെ ഭരണനൈപുണ്യംകൊണ്ടും രാജ്യത്തിന്റെ സമ്പത്സമൃദ്ധികൊണ്ടും കൊട്ടാരത്തിന്‍റെ മഹത്വം നാടെങ്ങും നിറഞ്ഞു നിന്നു. സത്കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തിയിരുന്നു.
അദ്ദേഹത്തിന് എട്ട് പുത്രന്മാരുണ്ടായി. സുന്ദരന്മാരായ ഇവര്‍ക്കു പക്ഷേ വിദ്യാഭ്യാസത്തില്‍ അധിക താല്പര്യം ഇല്ലായിരുന്നു. ഇക്കാരണംകൊണ്ട് തന്നെ രാജാവ് അതീവ ദുഃഖിതനായി.സമ്പത്തു നിറഞ്ഞുനില്‍ക്കുന്ന രാജ്യത്ത് യൗവ്വനവും, കാമവും, അജ്ഞതയും കൂടി കലരുമ്പോള്‍ സന്തതികള്‍ ദുഷ്ടന്മാരും കുലദ്രോഹികളുമായി മാറുമെന്ന് രാജാവ് ഭയപ്പെട്ടു. തന്റെ പുത്രന്മാരെ നല്ലപോലെ പഠിപ്പിച്ച് അവരെ നേര്‍വഴിക്കു നടത്തുവാനായി പ്രാപ്തരായ ഒരാളെപ്പോലും രാജാവിന് രാജ്യത്ത് കണ്ടെത്താനായില്ല.
അങ്ങനെയിരിക്കുമ്പോഴാണ് സോമശര്‍മ്മാവെന്ന പണ്ഡിതബ്രാഹ്മണന്‍ രാജകൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നത്. മഹാരാജിവിന്റെ വിഷമം അറിഞ്ഞപ്പോള്‍ ആറുമാസത്തിനുള്ളില്‍ രാജകുമാരന്മാരെ നീതിശാസ്ത്രമെല്ലാം പഠിപ്പിച്ച് ഉത്തമപുത്രന്മാരാക്കി മാറ്റാമെന്ന് അദ്ദേഹം വാക്കുകൊടുത്തു. ഇതുകേട്ട മഹാരാജാവ് അതീവസന്തുഷ്ടനായി തന്‍റെ മക്കളെ അദ്ദേഹത്തെ ഏല്‍പിച്ചു.
രാജകുമാരന്മാരെ പഠിപ്പിക്കുന്നതിനായി പണ്ഡിതബ്രാഹ്മണന്‍ ഒരു എളുപ്പവഴി കണ്ടെത്തി. കഥകളിലൂടെ നീതിശാസ്ത്രങ്ങളുടെ പൊരുള്‍ രാജകുമാരന്മാര്‍ക്ക് പറഞ്ഞുകൊടുത്തു. അങ്ങനെ അഞ്ചുതന്ത്രങ്ങളും കുമാരന്മാരെ പഠിപ്പിച്ചു. ഈ കഥകളാണ് പഞ്ചതന്ത്രം കഥകളെന്നറിയപ്പെടുന്നത്.
Discussion about this post