തീയ്യാട്ട്

teeyattu

ഗ്രാമീണമായ വ്യഥകളുടെ പ്രാര്‍ത്ഥനകളാണ് തീയാട്ടുകള്‍. പന്തം (തീ) ഉഴിച്ചിലിന് പ്രാധാന്യമുള്ളതിനാലാണ് തീയാട്ട് എന്ന പേര് വന്നതെന്നും, അതല്ല ദൈവാട്ടം അഥവാ ദൈവമായിട്ടാടല്‍ എന്നത് പിന്നീട് തെയ്യാട്ട് ആയി എന്നും അതില്‍ നിന്ന് ഗ്രാമഭാഷയില്‍ തീയാട്ട് എന്ന പദം ഉണ്ടായി എന്നുമാണ് രണ്ടഭിപ്രായങ്ങള്‍.

ഒരുപാട് പാരമ്പര്യകലകളുടെയും രീതികളുടെയും സമന്വയമായ തീയ്യാട്ടുകള്‍ എല്ലാ കാര്യങ്ങളിലും ഭഗവതിപ്പാട്ടിനോടു തുല്യമായ ഒന്നാകുന്നു. എങ്കിലും ഒരു വ്യത്യാസം ഉണ്ട്. പാട്ട് അഞ്ചാമത്തെ ഘട്ടത്തിലെത്തുമ്പോള്‍ ആവേശാന്ധമായ കോമരം തീയ്യില്‍ ചാടുകയും പതുക്കെ കാല്‍ച്ചുവടു വെച്ചുകൊണ്ടുള്ള നൃത്തം ആരംഭിക്കുകയും ചെയ്യുന്നു. ഭഗവതിപ്പാട്ടിലെ നൃത്തം ഒരു കുടുംബത്തിന്റെ നേര്‍ച്ചയായിട്ടോ ഏതെങ്കിലും ഒരു വഴിപ്പാടായിട്ടോ ആണല്ലൊ. തീയ്യാട്ടിലെ നൃത്തം എല്ലാക്കാലത്തും ഒരു ഗ്രാമത്തിന്റെ മുഴുവന്‍ നേര്‍ച്ചയോ വര്‍ഗ്ഗീയമായ ഏതെങ്കിലും വഴിപാടോ ആയിരിക്കുന്നതാണ്. നമുക്ക് ഇതില്‍ ഗൗനിക്കേണ്ട സംഗതി അതിലെ സംഗീതഭാവവും ഒരു തുറന്ന സ്ഥലത്തു ധാരാളം തിങ്ങിക്കൂടുന്ന ആളുകളുടെ പ്രബോധനത്തിനായി ദേവി പ്രതിനിധിയുടെ നിലയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു വ്യക്തിയുടെ ആ വിശേഷപ്പെട്ട നൃത്തവും മാത്രമാകുന്നു.

കുലധര്‍മ്മമായിട്ടാണ് ഈ കല അഭ്യസിച്ചിരുന്നതെങ്കിലും ഇന്ന് സാമൂഹിക മണ്ഡലങ്ങളില്‍ തീയ്യാട്ടിന് സവിശേഷമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. പല കലാകാരന്മാരുടെയും ശ്രമഫലമായാണ് ഇതുണ്ടായത്. കളംപാട്ട്, കൂത്ത്, കോമരം എന്നീ കലകളുടെ കൂടിച്ചേര്‍ന്ന രൂപമാണ് തീയാട്ട്. കൂത്തില്‍ നിലനില്‍ക്കുന്നത് പോലെതന്നെ ആംഗികവും ആഹാര്യവും ആയ അഭിനയരീതിയാണ് തീയാട്ടിലും. തീയ്യാട്ടു രണ്ടു വിധത്തില്‍ ഉണ്ട്. തിയ്യാട്ടു ഉണ്ണികള്‍ നടത്തുന്ന ഭദ്രകാളിത്തീയ്യാട്ടു കൊച്ചിയിലും തിരുവിതാംകൂറിലും, തിയ്യാട്ടു നമ്പ്യാര്‍ നടത്തുന്ന അയ്യപ്പന്‍ തിയ്യാട്ടു മലബാറിലും ആണു മുമ്പ് കണ്ടുവന്നിരുന്നത്.

കാളി തീയാട്ട്

കളത്തിനു മുന്നില്‍ അരങ്ങേറുന്ന ഒരു അനുഷ്ടാന നൃത്തമാണ് കാളി തീയാട്ട്. ഭദ്രകാളി ചരിതം ആണ് പ്രധാന പ്രമേയം. അതിപ്രാചീനമായ ഈ അനുഷ്ഠാനത്തെപ്പറ്റി കേരളോല്‍പ്പത്തിയില്‍ പരാമര്‍ശമുണ്ട്. തിരുവല്ല, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും പരിസരത്തുമാണ് പ്രധാനമായും അവതരിപ്പിക്കപ്പെടുന്നത്. തായാട്ടുണ്ണികള്‍ എന്നറിയപ്പെടുന്ന ആള്‍ക്കാരാണ് ഇത് അവതരിപ്പിക്കുന്നത്. വേഷഭൂഷാദികള്‍ അണിയലും ഭഗവതിപാട്ടിലേതിലേതുപോലുള്ള കളം വരയക്കലുമാണ് ഇതിലെ ആദ്യ പടി. വേഷഭൂഷാദികളണിഞ്ഞ് വലിയവിളക്കുകൊളുത്തിയ വേദിയിലേക്ക് തീയാട്ടുണ്ണി കിരീടമില്ലാതെ പ്രവേശിക്കുന്നതോടെ തീയാട്ടിന് തുടക്കമാവും.

പിന്നീട് കാഴ്ചക്കാരുടെ മുന്നില്‍വച്ച്, പലദൈവങ്ങളോടും അനുവാദവും അനുഗ്രഹവും വാങ്ങി കിരീടം ചൂടുന്നതോടെ തീയാട്ടുണ്ണി ഭദ്രകാളിയുടെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു. തുടര്‍ന്ന് ഭദ്രകാളി ദാരികനെ വധിച്ച കഥ അവതരിപ്പിക്കപ്പെടുന്നു. ദാരികാസുരവധം ശിവനോട് ഭദ്രകാളി വിവരിക്കുന്നരീതിയിലാണ് അവതരണം. കൊളുത്തിയ വിളക്കാണ് ശിവന്റെ പ്രതിരൂപം. താണ്ഡവനൃത്തശൈലിയിലുള്ള ചുവടുകളും മുദ്രകളും അവതരണത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇതിനായി അവതാരകന്‍ പരമ്പരാഗത നൃത്തശൈലിയൊന്നുമല്ല സ്വീകരിക്കുന്നത് എന്നതും വിശേഷമാണ്.

തിന്മയുടെ പരാജയത്തെ സൂചിപ്പിക്കുന്ന ധാരികാസുര വധത്തോടെ രംഗാവതരണം അവസാനിക്കുന്നു. തുടര്‍ന്ന് കാര്‍മികന്‍ സാധാരണ വേഷത്തില്‍ പൂജാകര്‍മങ്ങള്‍ നടത്തും. പന്തം കൊളുത്തി തേങ്ങാ ഉടച്ച് ബലിയുഴിച്ചില്‍ നടത്തുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കുടുംബക്ഷേത്രമായ കോട്ടയത്തെ പള്ളിപ്പുറത്തു കാവില്‍ എല്ലാ വെള്ളിയാഴ്ച്ചയും കാളി തീയാട്ട് നടത്തിവരുന്നു. തിരുവല്ലയ്ക്കടുത്തുള്ള പുതുകുളങ്ങരെ ദേവിക്ഷേത്രത്തിലും ആഘോഷങ്ങളോടൊപ്പം ഇത് അവതരിപ്പിക്കപ്പെടാറുണ്ട്. ഭദ്രകാളിത്തീയാട്ട് ഭദ്രകാളിക്ഷേത്രങ്ങളിലും നമ്പൂതിരി ഭവനങ്ങളിലും, തീയാട്ടുണ്ണിമാരുടെ വീടുകളിലും നടത്താറുണ്ട്.

അയ്യപ്പന്‍ തീയ്യാട്ട്

ഭഗവതി തിയ്യാട്ടിന് (കാളി തിയാട്ടിന്) സമാനമായ ഒരു അനുഷ്ഠാന കലയാണ് അയ്യപ്പന്‍ തീയ്യാട്ട്. അയ്യപ്പന്‍കാവുകളിലും കൊട്ടാരങ്ങളിലും ബ്രാഹ്മണാലയങ്ങളിലും തീയാടി നമ്പ്യാന്‍മാര്‍ നടത്തുന്ന അനുഷ്ഠാനകലയാണിത്. അയ്യപ്പന്റെ അവതാരരൂപങ്ങളാണ് തീയാട്ട് കളത്തിനുള്ളില്‍ വരയ്ക്കുന്നത്. അയ്യപ്പനെ പുകഴ്ത്തുന്ന, അയ്യപ്പന്‍റെ ഐതിഹ്യകഥകളാണ് അയ്യപ്പന്‍ തീയ്യാട്ടില്‍ അവതരിപ്പിക്കുന്നത്.

സവിശേഷമായ രീതിയില്‍ ഒരുക്കിയെടുക്കുന്ന പന്തല്‍ കുരുത്തോല കൊണ്ട് അലങ്കരിയ്ക്കുന്നു. പിന്നെ കരി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ച് കളം വരയ്ക്കുന്നു. അതിനുശേഷം താളമേളങ്ങള്‍ സജ്ജീകരിക്കുന്നു. അഞ്ചടി, മൂന്നടി തുടങ്ങിയ മേളത്തിലുള്ള താളങ്ങളാണ് തീയ്യാടിന് ഉപയോഗിക്കുന്നത്.

വെള്ളക്കോടി മുണ്ടുകൊണ്ട് തറ്റുടുത്ത് അതിന് മുകളില്‍ ചുവന്ന പട്ട് ചുറ്റി, നെറ്റിമേല്‍ ചന്ദനവും ഭസ്മവും കുങ്കുമവും പൂശി, കഴുത്തില്‍ തുളസിമാലകളുമണിഞ്ഞാണ് അവതരിപ്പിക്കുന്നയാള്‍ രംഗത്തെത്തുന്നത്. മാത്രവുമല്ല കഥ പറഞ്ഞ് കഴിഞ്ഞശേഷം രംഗം വിടുന്നതിന് മുമ്പ് ഗണികേശ്വരന്റെ വേഷം കെട്ടി പ്രത്യക്ഷപ്പെട്ട് കൂത്ത് നടത്തും. കൂത്ത് കഴിയുന്നതോടെ വെളിച്ചപ്പാട് കളം മായ്ക്കും.

അയ്യപ്പന്‍ തീയാട്ട് ഒരേസമയം ദൈവത്തോടുള്ള പ്രാര്‍ത്ഥനയും ജീവിതത്തിന്റെ പ്രശ്നങ്ങളും കഥകളിലൂടെയും പാട്ടുകളിലൂടെയും അവതരിപ്പിക്കുന്നു. ഈ കല പുലര്‍ത്തിപ്പോരാന്‍ കഠിനമായ പരിശീലനവും ഭക്തിയും ഏകാഗ്രതയും ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

8 + 4 =