ദേവാലയങ്ങളിലോ ബ്രാഹ്മണഗൃഹങ്ങളിലോ വച്ചു സാധാരണമായി നടത്താറുള്ള ഒന്നാണ് ഭഗവതിപ്പാട്ട്. പൂക്കുല, കുരുത്തോല മുതലായവകൊണ്ട് അലംകൃതമായ ഒരു തറയില്‍ പച്ച, ചുവപ്പു, മഞ്ഞ, വെള്ള, കരി, ഈ വര്‍ണ്ണങ്ങളിലുള്ള പലതരം പൊടികളാല്‍, അനേകം ഭുജങ്ങളോടുകൂടിയ ഉഗ്രമായ ദേവീരൂപം കുറുപ്പന്മാര്‍ വരയ്ക്കുന്നു. അനന്തരം അതിനെ ജീവപ്രതിഷ്ഠചെയ്യുന്നു. ഇങ്ങനെ കളമെഴുതുന്നതിന് വാസനയും പരിശീലനവും ആവശ്യമാകയാല്‍ ഇത് ശ്രദ്ധേയമായ ഒരു ചിത്രരചനാഭേദമാണ് എന്നു പ്രത്യേകം പ്രസ്താവിക്കണ്ടതില്ല. മണിക്കൂറുകളോളം നീളുന്നൊരു തപസ്യയാണിത്. ഗോത്രസംസ്‌കാരങ്ങളുടെ വിചിത്ര ചിത്രസൗന്ദര്യങ്ങള്‍ കളമെഴുത്ത് സംസ്‌കാരത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്.
ഏഴുപേരാണ് ഈ ക്ഷേത്രാചാരത്തിനുണ്ടാവുക. ചെണ്ട, ഇലത്താളം, വീണ തുടങ്ങി ഗാനോപകരണങ്ങളുടെ സഹായത്തോടുകൂടി കളത്തിന്‍റെ ചുറ്റുമിരുന്ന് കുറുപ്പന്മാര്‍ ദേവിയുടെ അപദാനങ്ങളെ പരാമര്‍ശിക്കുന്നു. പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ ദേവിയുടെ കോമരം അഥവാ വെളിച്ചപ്പാട്, കലികേറി ഇടംകൈയ്യില്‍ ചിലമ്പുകിലുക്കിക്കൊണ്ടും വലംകൈയ്യില്‍ വാളിളക്കിക്കൊണ്ടും തുള്ളി രംഗപ്രവേശം ചെയ്യുന്നു. ദേവിതന്നെയാണ് എന്ന സങ്കല്പത്തിലാണ് വെളിച്ചപ്പാട് തുള്ളിവന്നു കല്പിക്കുന്നത്. ദേവിയുടെ നിരതിശയമായ ശക്തിയും നിരുപമമായ മഹിമയും അനല്പമായ ദയാവാത്സല്യാദികളും ചൂണ്ടിക്കാണിച്ച് ആരാധകരുടെ ഭക്തിപ്രകടനത്തില്‍ പ്രീതി വെളിവാക്കി അവരുടെ ചില ന്യനതകളെ നിര്‍ദ്ദേശിച്ച് പാട്ട് നടത്തിയതിലുള്ള സന്തുഷ്ടിസൂചിപ്പിച്ച് എന്നും അവരുടെ സന്തോഷത്തില്‍ ജാഗരൂകയായിരിക്കുമെന്ന് ആശ്വസിപ്പിക്കുന്നു.വെളിച്ചപ്പാട് കല്പന പറഞ്ഞുകൊണ്ടിരിക്കുമ്പോഴും പാട്ടും കൊട്ടും തുടരുന്നുണ്ടായിരിക്കും. ക്രമത്തില്‍ കലിയടങ്ങുകയും കോമരം ഭഗവതിയുടെ നടയ്ക്കല്‍ നമസ്കരിക്കുകയും ചെയ്യുന്നു. ഇത്രയുമാണ് സാധാരണ ഭഗവതിപ്പാട്ടിന്‍റെ ചടങ്ങുകള്‍.
എന്നാല്‍ ഭഗവതിപ്പാട്ടില്‍ നാലായിരത്തി നാനൂറ്റി നാല്‍പ്പത്തിയെട്ടു കഥാസാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതൊരനുഷ്ഠാനകലയായി ഏഴു ദിവസം രാത്രിയും പകലും നന്തുണിയും കുഴുതാളവുംകെട്ടി പാടി അവതരിപ്പിക്കുന്നു. വട്ടക്കളം, രുദ്രക്കളം, ശംഖ്‌വീരാവട്ടം, കൊടിക്കൂറ, പള്ളിവാള്, ചിലമ്പ്, പീഠക്കെട്ട്, കൊടിക്കൂറ, നവഗ്രഹം എന്നിങ്ങനെയുള്ള വ്യത്യസ്‌ത കളങ്ങള്‍ ഏഴു ദിനവും വരക്കും. ഇങ്ങനെ വരച്ചെടുക്കുന്ന കൊടിക്കൂറകളങ്ങള്‍ക്കെല്ലാം ചേര്‍ത്ത് താലപ്പൊലിക്കളം എന്നു പറയുന്നു. അഞ്ചു രൂപപ്പൊടികൊണ്ടാണ് മനോഹരങ്ങളായ ഈകളങ്ങള്‍ തീര്‍ക്കുന്നത്. അവ അരിപ്പൊടി, മഞ്ഞള്‍പ്പൊടി, പച്ചപ്പൊടി, കൃഷ്‌ണപ്പൊടി, മഞ്ഞള്‍ചുവപ്പിച്ച പൊടി എന്നിവയാണ്. കല്ലാറ്റ് കുറുപ്പന്‍മാര്‍ സ്വരൂപക്കളം വരയ്‌ക്കുമ്പോള്‍ പെരുമണ്ണാന്‍ സമുദായക്കാരായ ചോപ്പന്‍മാര്‍ പത്മക്കളമാണ് പ്രധാനമായി വരയ്‌ക്കുന്നത്. പെരുമണ്ണാന്‍ സമുദായക്കാരാണു ഭഗവതിപ്പാട്ട് അവതരിപ്പിക്കുന്നത്.
അവതാരം, നാട്ടുദാനം, വീട്ടുദാനം, പുത്തര്‍ക്ക് പൊലിവാരം, പൊന്‍മകന്‍ പിറക്കല്‍, ചോറൂണ്‍, എഴുത്തും പയറ്റും, വാണിഭം, എടത്തെരുവ്, മാലയോഗം തിരഞ്ഞുപോക്ക്, മാലവെപ്പ്, കുടിവെപ്പ്, നാലാംകളി, വാണിഭകപ്പലോട്ടം, വിരുത്തുണിപോക്ക്, ചൂതാട്ടം, ചിലമ്പിളക്കി പുറപ്പാട്, പൊന്‍മകനെ കൊന്ന് കഴുമേയിടുക, തെരുവുകൂട്ടം, ഭര്‍ത്താവിനെ തിരഞ്ഞുപോക്ക്, തോറ്റി തെളിയിക്കല്‍, പടയും പാണ്ടിരാജ്യവും, ദാരികവധംഎന്നിങ്ങനെയാണിത് ഭഗവതിപ്പാട്ടിലെ കഥാഗതി.
ഭഗവതിപ്പാട്ടിലെ പ്രധാന കഥാപാത്രമായ ചോപ്പനെ കൈയില്‍ പള്ളിവാളും ഓടര്‍മണിയും ഓലക്കുടയും തൊപ്പിയും കച്ചയുമായി ഒരാളും താലമേന്തിയ കന്യകമാരും ചെണ്ടവാദ്യത്തിന്റേയും ആര്‍പ്പുവിളികളുമായും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ഇതിനെ കൊട്ടിവിളിച്ചുകയറുകയെന്നാണു പറയാറ്. ചോപ്പന്റെ ചുവന്ന പട്ടില്‍ നന്തുണി പൊതിഞ്ഞ് കൈയില്‍പിടിച്ചിരിക്കും. ക്ഷേത്രത്തിലെത്തിയാല്‍ അമ്മണത്തറയില്‍ (പാട്ടുതറ) പായവിരിച്ച് ഇരുത്തുന്നതിനുമുമ്പ് ചോപ്പന്‍ വാര്‍ച്ചചൊല്ലി കോമരം തുള്ളി മൂന്നു പ്രദക്ഷിണംവച്ച് അരിയെറിയുന്നു. അതിനുശേഷം ചോപ്പന്‍ രാശിനോക്കി ആ വര്‍ഷത്തെ ഗുണദോഷങ്ങളെക്കുറിച്ച് പ്രവചനം നടത്തുന്നു.
ഇനി കളമെഴുത്താണ്. അതിനായി സ്ഥാനക്കാല്‍ നാട്ടി ചുടിപാകി, ചുവപ്പും വെള്ളയും കുറി ധരിക്കുന്നു. തിരിമുഖം, കരിമൊഴി, നെല്ല്, ചോറ്, വാമൊഴി, പുളി, ആലില, പൂക്കില, അഷ്‌ടദളം, പട്ടുകര, സ്വസ്‌തിക, താമര എന്നിങ്ങനെ ഒരോന്നും വരയ്ക്കുന്ന കളങ്ങളിലുണ്ടാകും. കളം വരച്ചുതീര്‍ന്നാല്‍ അതിനുചുറ്റും കുരുത്തോലകൊണ്ട് അരങ്ങുതൂക്കുകയായി. വെട്ടരങ്ങ്, ചീന്തരങ്ങ്, പൂവ്, ഇല, തത്ത, പ്രാവ്, കൊട്ട, മൂടി എന്നിങ്ങനെ രൂപങ്ങളെല്ലാം അരങ്ങിലുണ്ടാകും.
അരങ്ങൊരുക്കികഴിയുമ്പോള്‍ പൂജയ്ക്കായി സാധനങ്ങളൊരുക്കുന്നു. നാളികേരം, ഇളനീര്‍, വെറ്റില, അടയ്‌ക്ക, ചുണ്ണാമ്പ്, വെളളം, കിണ്ണം, മുന്തിരി, കല്‍ക്കണ്ടം തുടങ്ങി പളളിവാള്‍, ചിലമ്പ്, അരമണി, പീഠം, കച്ച, തൂക്കുവിളക്ക്, നിലവിളക്ക്, കുത്തുവിളക്ക്, തിരുവുടയാട, വാല്‍ക്കണ്ണാടി, കിണ്ടി, തെങ്ങിന്‍ പൂക്കില, കവുങ്ങിന്‍പൂക്കില, നെല്ല്, വെള്ളരി, കറുത്തരി, അരി വറുത്തത്, തവിട്, അപ്പം, അട, തണ്ണീരാമൃത്, പഴം, ചന്ദനത്തിരി, അഷ്‌ടഗന്ധം, കര്‍പ്പൂരം, ഭസ്‌മം, പാല്‍, പണം, പീഠവിരി, എണ്ണ, തിരി, നാക്കില, കീറ്റില, വരെ ഉണ്ടായിരിക്കും
കളംപൂജ കഴിഞ്ഞാല്‍ ചോപ്പന്‍ അമ്മണത്തറയില്‍ വിളക്കുതെളിച്ചശേഷം നന്തുണ്ണിവച്ച് ഗുരുപൂജ തുടങ്ങുന്നു. ഇനി സ്തുതിപാടലാണ് അദ്യം നന്തുണി കൊട്ടി നന്തുണിയെ സ്‌തുതിച്ചു പാടുന്നു. തുടര്‍ന്ന് ഗണപതി, സരസ്വതി കളമ്പൊലി പാടുന്നു. ഇത്രയുമായാല്‍ ഭഗവതിപ്പാട്ട് തുടങ്ങുകയായി.
ഏഴാം ദിവസം ഉത്സവപ്പിറ്റേന്ന് ദേശത്തെ തണ്ടന്റെ വീട്ടില്‍നിന്നു രണ്ടു സ്‌ത്രീകളെ രണ്ടു കുടങ്ങളില്‍ ലഹരിപാനീയം ഒഴിച്ച് വാഴയില വാട്ടി വായകെട്ടി കുരുത്തോലകൊണ്ട് അലങ്കരിച്ച് തലയില്‍വച്ച് ചെണ്ടവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആര്‍പ്പുവിളികളുമായി ആനയിക്കുന്നു. ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ ഇറക്കിവയ്‌ക്കുന്നു. ഇതാണ് മധുവരവ് എന്ന ചടങ്ങ്.
തുടര്‍ന്ന് കാരാളന് ഊട്ടും ചെണ്ടക്കളിയും. ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ പതിനാറു ഗണം പത്മം ഇട്ട് നാക്കില ചുവപ്പിച്ച് ഒരു നറുക്കിലയും ഒരു ചെറുതിരിയും ഉരുളചോറും മധുപാനീയം ഒഴിച്ച് ഗുരുതി. അടോടൊപ്പം ചെണ്ടക്കളിയും. ചെണ്ടക്കളി അവതരിപ്പിക്കുന്നത് തമാശരൂപേണയാണ് . കുരുത്തോലകൊണ്ട് കൊടിനറുക്കും ചെറുനറുക്കും കുത്തി വാഴപ്പിണ്ടികൊണ്ട് തെങ്ങുണ്ടാക്കി, പോളകൊണ്ട് അറുപത്തിനാലു ഗണം ഉണ്ടാക്കി ഗുരുതിവച്ച് പൂജകഴിച്ച് കളിവാക്കു ചൊല്ലി പ്രദക്ഷിണം വയ്‌ക്കുന്നു. അതിനുശേഷം വലിയ കളിവാക്കു ചൊല്ലി രഹസ്യം, പിശാച് കെട്ട് ചൊല്ലുന്നു.
ഗുരുതി സമര്‍പ്പണമാണ് ഇനി. സ്‌തോത്രം ചൊല്ലി കോഴിയെ അറുത്ത് തല ദൂരെയിട്ട് പ്രവചിക്കുന്നു (ഇപ്പോള്‍ കോഴിക്ക് പകരം കുമ്പളങ്ങ ഉപയോഗിക്കുന്നു). കൈമുദ്രകള്‍ പിടിച്ചതിനുശേഷം അഷ്‌ടകങ്ങള്‍ ചൊല്ലി സമര്‍പ്പിക്കുന്നു. ഗുരുതിക്കു ശേഷം ഉരുളി കമഴ്‌ത്തി നന്തുണിയും കുഴിതാളവും കൊട്ടി ചുവടുവച്ച് കളിച്ചാണ് ഭഗവതിയെ തേരേറ്റുന്നു. തേരേറ്റത്തിനുശേഷം അഴല്‍ കത്തിച്ച് തവിടു തൂവി പാട്ടു കൊട്ടലില്‍ കൂറ വലിക്കുന്നു. ഇതോടെ പാട്ടിന് സമാപനം കുറിക്കുന്നു.
പാട്ട് കഴിയുന്നതുകൂടി ഒരു ദേശത്തിന്‍റെ സംരക്ഷണവും ഭക്തരുടെ ദുഃഖനിവാരണവും ദേവീപ്രീതിയാല്‍ ഉണ്ടാകുമെന്ന വിശ്വാസത്തോടൊപ്പം പൈതൃകമായ ഒരു കലാരൂപത്തിന്‍റെ നിവതിയും ഗ്രാമീണരില്‍ പ്രതിഫലിക്കുന്നു.
Discussion about this post