തിരുവിതാംകൂറിന്‍റ ചരിത്രത്തില്‍ മിന്നിതിളങ്ങിയിരുന്ന ശ്രീ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തന്‍റെ രാജ്യവിസ്തൃതിക്കായി കായംകുളം രാജാവുമായി യുദ്ധത്തിന് തീരുമാനിച്ചു. അന്ന് രാജാവ് യുദ്ധവിജയത്തിനായി ശാര്‍ക്കര ദേവീക്ഷത്രത്തില്‍ ഒരു നേര്‍ച്ചയായയി നടത്താം എന്നു പറഞ്ഞു തുടങ്ങിയതാണ് കാളിയൂട്ട്. അന്നുമുതല്‍ മുറതെറ്റാതെ കുംഭമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച കാളിയൂട്ട് മഹോത്സവം കൊണ്ടാടുന്നു.
ഇതില്‍ കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് പ്രതിപാദിക്കുന്നത്. ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ നിരന്തരം നല്കികൊണ്ടിരുന്ന ദാരികനെ നിഗ്രഹിച്ച് ജനങ്ങള്‍ക്ക് സമാധാനവും ഐശ്വര്യവും ദേവി നല്കി എന്നതാണ് വിശ്വാസം. ഇത് ഒരു അനുഷ്ടാനകലയാണ്.
കാളിനാടകം എന്നപേരില്‍ അറിയപ്പെടുന്ന കാളിയൂട്ട് മഹോത്സവം കുറിപ്പ് കുറിച്ചുകഴിഞ്ഞാല്‍ പിന്നെ ഒമ്പത് ദിവസം സാമൂഹിക അനാചാരങ്ങളെ കളിയാക്കുന്ന പലവിധ കഥകളായി അരങ്ങേറും.
ക്ഷേത്ര മതില്‍ക്കെട്ടിനകത്തുള്ള തുള്ളല്‍പുരയില്‍ ഓരോ രാവിലും കറേശ്ശേ സമയം കൂട്ടി കൂട്ടി ഒമ്പതാം ദിവസം പുലരും വരെ നീളുന്ന വിധമാണ് ഇതിന്‍റെ ചടങ്ങുകള്‍ നടത്തുക.
ഒന്നാം ദിവസം വെള്ളാട്ടം കളി, തുടര്‍ന്നുള്ള ദിവസങ്ങളില്‍ യഥാക്രമം കുരുത്തോലയാട്ടം, നാരദന്‍ പുറപ്പാട്, നായര്‍ പുറപ്പാട്, ഐരാണി പുറപ്പാട്, കണിയാരു പുറപ്പാട്, പുലയര്‍ പുറപ്പാട്, മുടിയുഴിച്ചില്‍, നിലത്തില്‍ പോര്, കാളിയൂട്ട് എന്നിങ്ങനെ നീളുന്നു ചടങ്ങുകള്‍.
മുടിയുഴിച്ചില്‍ ദിവസം നാട്ടുകാര്‍ സമര്‍പ്പിക്കുന്ന നെല്‍പ്പറ സ്വീകരിക്കുന്നതിനുള്ള അവകാശം ഒരു മുസ്ലീം കുടുംബത്തിനും, മീനമാസത്തിലെ ഭരണി നാളില്‍ നടക്കുന്ന ഗരുഡന്‍ തൂക്കത്തിനു വില്ല് വലിക്കാന്‍ ഉപയോഗിക്കുന്ന കയര്‍ നല്‍കുന്നതിനുള്ള അവകാശം ഒരു ക്രിസ്ത്യന്‍ കുടുംബത്തിനുമാണെന്നുള്ള പ്രത്യേകത ഉത്സവത്തിന് എല്ലാ വിഭാഗക്കാരുടേയും സമന്വയത്തിന് വഴിയൊരുക്കുന്നു.
ദാരികനെ അന്വേഷിച്ച് ദേവി എല്ലാ കരകളിലും കാളിയൂട്ടിന് തലേദിവസം പോകുന്ന ചടങ്ങാണ് മുടിയുഴിച്ചില്‍. അപ്പോള്‍ ഭക്തര്‍ ദേവിയ്ക്ക് നെല്‍പ്പറ കാണിക്കയായി അര്‍പ്പിക്കുന്നു. തുടര്‍ന്ന് ദേവി ദാരികനെ നിലത്തില്‍പോരിന് വെല്ലുവിളിക്കുകയും അതനുസരിച്ച് പിറ്റേന്ന് ക്ഷേത്രമൈതാനത്ത് നിലത്തില്‍പോര് നടത്തുകയും അവസാനം പ്രതീകാത്മകമായി കുലവാഴയും കുമ്പളവും വെട്ടി വിജയാഹ്ളാദത്താല്‍ നൃത്തംചവുട്ടി കൈലാസത്തിലെത്തി ഈ സന്തോഷ വര്‍ത്തമാനം പരശിവനെ അറിയിച്ച് അനന്ദനൃത്തത്തിലാറാടുന്നു എന്നാണ് സങ്കല്പം.
Discussion about this post