നിങ്ങള്‍ക്ക് ഒരു ബ്രിട്ടീഷ് ലോട്ടറി അടിച്ചെന്നും നിങ്ങള്‍ക്കായി കുറെ പണം അവിടെ ട്രഷറിയില്‍ ഉണ്ടെന്നും അത് കിട്ടുന്നതിനുള്ള നിയനസഹായത്തിനായി നിങ്ങള്‍ കുറച്ചു പണം അയച്ചുകൊടുക്കണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്രാഡ് ഇമെയിലും എസ്എംഎസുകളും ഫോണ്‍ വിളികളും മറ്റും നിങ്ങള്‍ക്ക് പരിചയമുണ്ടായിരിക്കും. അതൊക്കെ പണത്തോടുള്ള മനുഷ്യന്റെ അത്യാര്‍ത്തി മുതലാക്കി പണം തട്ടാനുള്ള ഓരോരോ വിദ്യകളാണെന്നും അതിനു തലവച്ചു കൊടുക്കരുതെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്നു കരുതുന്നു. ഇവയെ പൊതുവായി 419 scams അല്ലെങ്കില്‍ നൈജീരിയന്‍ സ്കാം എന്നൊക്കെ അറിയപ്പെടുന്നു.
ഇനി നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ടുന്ന ഇത്തരത്തിലുള്ള മറ്റൊരു തട്ടിപ്പിനെ കുറിച്ച് പറയാം. നിങ്ങള്‍ക്ക് അടുത്തറിയാവുന്ന ഒരു സുഹൃത്തിന്റെ ഇമെയില്‍ മേല്‍വിലാസത്തില്‍ നിന്നും നിങ്ങള്‍ക്ക് ഒരു ഇമെയില്‍ വരും. അവര്‍ ഒരു വിദേശയാത്രയ്ക്ക് പോയി, അവരുടെ പണവും ക്രെഡിറ്റ് കാര്‍ഡും ഫോണും എല്ലാം കള്ളന്മാര്‍ അടിച്ചെടുത്തു, പാസ്പോര്‍ട്ട് മാത്രം നഷ്ടമായില്ല, എംബസ്സിയിലും പോലീസിലും പരാതിപ്പെട്ടിട്ടും യാതൊരു ഉപയോഗവുമുണ്ടായില്ല, തിരിച്ചുള്ള വിമാനം ഏതാനും മണിക്കൂറിനുള്ളില്‍ തിരിക്കും, പക്ഷെ ഹോട്ടല്‍ ബില്‍ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ അവരെ വിടുന്നില്ല, അതിനാല്‍ അവിടെ നിന്നും തിരിച്ചുവരാന്‍ താങ്കള്‍ സഹായിക്കണം എന്നൊക്കെയാണ് ഇമെയിലില്‍ പറയുക.
ഇതൊക്കെ വായിക്കുമ്പോള്‍ താങ്കളിലെ കാരുണ്യവാന്‍ ഉണരുകയും അവര്‍ യാത്രയിലാണോ അല്ലയോ എന്ന് നാട്ടില്‍പ്പോലും അന്വേഷിക്കാതെ അവരെ സഹായിക്കാന്‍ തീരുമാനിക്കുന്നു. അവരുടെ ഇമെയിലിനു മറുപടി കൊടുക്കുന്നു. താങ്കള്‍ മറുപടി അയയ്ക്കുമ്പോള്‍ ഈ പറ്റിപ്പ് ഇടപാട് നടത്തുന്നവരുടെ ഇമെയില്‍ അഡ്രസിലേയ്ക്ക് എത്താനുള്ള രീതിയില്‍ ആയിരിക്കും ഇമെയിലിന്റെ മറുപടി അഡ്രസ് ക്രമീകരിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ യൂണിയന്‍ പോലുള്ള എളുപ്പമാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് പണം അയയ്ക്കാന്‍ താങ്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അങ്ങനെ ഈ ഫ്രാഡ് ഇമെയില്‍ അയച്ചവര്‍ താങ്കളില്‍ നിന്ന്‍ പണം അടിച്ചെടുക്കുകയും ചെയ്യുന്നു.
ആ ഇമെയില്‍ അഡ്രസിന്റെ യഥാര്‍ത്ഥ ഉടമയായ സുഹൃത്തിനെ പിന്നീടൊരിക്കല്‍ നിങ്ങള്‍ കണ്ടുമുട്ടുമ്പോഴായിരിക്കും വിവരങ്ങള്‍ അന്വേഷിക്കുന്നത്. അവര്‍ നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നെന്നും യാത്രയ്ക്ക് പോയിട്ടില്ലെന്നും സഹായം അഭ്യര്‍ത്ഥിച്ച് ഇമെയില്‍ അയച്ചിട്ടില്ലെന്നും അറിയുന്നത് അപ്പോഴായിരിക്കും. രണ്ടുപേരും ഞെട്ടും!
ഇങ്ങനെ ഏതെങ്കിലും വിധത്തില്‍ – വൈറസ് – മാല്‍വെയര്‍ തുടങ്ങിയവ വഴി – ആ സുഹൃത്തിന്റെ ഇമെയില്‍ അഡ്രസും അതില്‍ സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഇമെയില്‍ അഡ്രസുകളും കൈക്കലാക്കി ഇത്തരം ക്രമക്കേടുകള്‍ നടത്തുന്നവര്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഉണ്ട്.
കരുണവേണം, പക്ഷെ ആലോചിച്ചും ചിന്തിച്ചും അന്വേഷിച്ചും മാത്രമേ ഇറങ്ങിതിരിക്കാവൂ എന്ന് മനസ്സിലാക്കാം. ഇന്റര്‍നെറ്റില്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം വിശ്വാസയോഗ്യമാവണമെന്നുമില്ല.
Discussion about this post