മതപരിവര്‍ത്തനം മോശമാണ്, ശ്രമിക്കരുത് – ഫ്രാന്‍സിസ് മാര്‍പാപ്പ

 

francis-pope

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പത്തു തുറന്ന നിരീക്ഷണങ്ങള്‍ അര്‍ജന്റീനയിലെ ‘വിവ’ വാരികയില്‍ പ്രസിദ്ധീകരിച്ചു.

“സഭ വളരുന്നത് ആളുകളെ ആകര്‍ഷിക്കുന്നതിലൂടെയാണ്, മതപരിവര്‍ത്തനത്തിലൂടെയല്ല. മതപരിവര്‍ത്തനത്തിനായുള്ള ശ്രമം അവസാനിപ്പിക്കൂ. പ്രകൃതിയെ സംരക്ഷിക്കൂ. അന്യരില്‍ സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതു നിര്‍ത്തൂ.” തുടങ്ങിയ പ്രധാനപ്പെട്ട ആശയങ്ങളാണ് മാര്‍പ്പാപ ക്രൈസ്തവ സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത്.

ലളിത ജീവിതം ഇഷ്ടപ്പെടുന്ന ഈ ഫ്രാസിസ് മാര്‍പ്പാപ പലപ്പോഴും സത്യം മനസ്സിലാക്കി സംസാരിക്കാറുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്. വിശ്വാസത്തിലൂടെ സത്യദര്‍ശനത്തോടടുക്കുന്ന ഒരു മനുഷ്യന്റെ തിരിച്ചറിവുകള്‍ ഇദ്ദേഹത്തില്‍ പലപ്പോഴും കാണാറുണ്ട്‌. ക്രിസ്തുമതസമൂഹം ഈ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഉള്‍ക്കൊള്ളട്ടെ, സനാതനമായ സത്യത്തിലേക്ക് കൂടുതല്‍ അടുക്കട്ടെ.

സന്തുഷ്ടമായ ജീവിതത്തിനു മാര്‍പാപ്പയുടെ പത്തു ‘ഒറ്റമൂലികള്‍’:

  1. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. ഈ തത്വം എല്ലാവരും പ്രാവര്‍ത്തികമാക്കണം.
  2. മറ്റുള്ളവരോടു തുറന്ന മനസ്സും മഹാമനസ്‌കതയും പുലര്‍ത്തണം. ഉള്ളിലേക്കു സ്വയം വലിയുന്നവന്‍ സ്വാര്‍ഥനായി മാറും. കെട്ടിക്കിടക്കുന്ന ജലം മലിനമാകുന്നതുപോലെ കെട്ടിയിട്ട മനസ്സും മലിനമാകും.
  3. ക്ഷോഭമില്ലാത്ത, ശാന്തമായ ജീവിതം നയിക്കുക.
  4. ആരോഗ്യകരമായ വിശ്രമമവേളകള്‍ കണ്ടെത്തുക. ഉപഭോക്തൃ മനോഭാവം നമുക്കു സമ്മാനിച്ചത് ആശങ്കകളാണ്. കുട്ടികളുമൊത്തു കളിക്കാനും തമാശകള്‍ പങ്കുവയ്ക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം.
  5. ഞായറാഴ്ച കുടുംബത്തിനുവേണ്ടിയാണ്. ഈ ദിവസം ജോലിക്കാര്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കണം.
  6. ചെറുപ്പക്കാര്‍ക്ക് അന്തസ്സുള്ള ജോലികള്‍ക്കായി ക്രിയാത്മകവും നൂതനവുമായ മാര്‍ഗങ്ങള്‍ കണ്ടെത്തുക. ചെറുപ്പക്കാരുമായി നന്നായി ഇടപെടുക. മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ അവര്‍ ലഹരിമരുന്നുകളിലേക്കു വഴുതിവീണു ജീവിതം തന്നെ അവസാനിപ്പിച്ചേക്കാം.
  7. പ്രകൃതിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. പ്രകൃതിശോഷണം ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. പ്രകൃതിയെ വിവേചനമില്ലാതെ നിഷ്ഠുരമായി ചൂഷണം ചെയ്യുന്നതിലൂടെ മനുഷ്യകുലം ആത്മഹത്യാപരമായ നിലപാടാണു സ്വീകരിക്കുന്നത്.
  8. നിഷേധാത്മക സമീപനം അവസാനിപ്പിക്കുക. മറ്റുള്ളവരെക്കുറിച്ചു നിഷേധാത്മകമായി സംസാരിക്കുന്നത് നമ്മുടെ ആത്മവിശ്വാസമില്ലായ്മയാണു കാണിക്കുക. പോസിറ്റീവായ സംസാരത്തിലൂടെ നമ്മെത്തന്നെ ഉയര്‍ത്തുന്നതിനു പകരം മറ്റുള്ളവരെ വെട്ടിത്താഴെയിടുന്നതു പോലെയാണു മോശമായ, നിഷേധാത്മകമായ സംസാരം. നെഗറ്റീവ് കാര്യങ്ങള്‍ ഒഴിവാക്കുന്നത് ആരോഗ്യം പ്രദാനംചെയ്യും.
  9. മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കരുത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുക. സ്വന്തം ജീവിതസാക്ഷ്യത്തിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ നമ്മളും വളരും, മറ്റുള്ളവരും വളരും. എല്ലാറ്റിലും മോശം മതപരിവര്‍ത്തനമാണ്. അതു നമ്മെ തളര്‍ത്തും. മതപരിവര്‍ത്തനത്തിനായി ഒരു വ്യക്തിയുമായി നാം സംസാരിക്കുന്നത് അദ്ദേഹത്തിന്റെ വിശ്വാസത്തെ മാനിക്കാത്തതിനു തുല്യമാണ്. അതു നിര്‍ബന്ധിക്കലാണ്.
  10. സമാധാനത്തിനായി പ്രവര്‍ത്തിക്കുക. യുദ്ധങ്ങളുടെ കാലഘട്ടത്തിലാണു നമ്മള്‍ ജീവിക്കുന്നത്. സമാധാനത്തിനായുള്ള ആഹ്വാനം പ്രഘോഷിക്കപ്പെടണം. സമാധാനമെന്നതു നിശ്ശബ്ദമല്ല, ചലനാത്മകമാണ്.

കടപ്പാട് : മനോരമ

ശ്രീ · ലേഖനം · 11-08-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *