ഒരു വസ്തുവിലോ ആശയത്തിലോ ബന്ധപ്പെട്ട കുറെ ആശയങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏകാഗ്രത ആഥവാ ഏകാഗ്രത പരിശീലനം. അത് നല്ലത് തന്നെ. മനസ്സു ശൂന്യമാക്കാനുള്ള ശ്രമം അഥവാ പരിശീലനമാണ് ധ്യാനം. മനസ്സ് ശ്യൂന്യമാക്കാനുള്ള എന്നുപറഞ്ഞാല്‍ മനസ്സ് ഇല്ലാതാകുന്നതു തന്നെയാണ്. മനസ്സ് നിശ്ചലമാകുന്നു എന്നു വേണമെങ്കിലും പറയാം. മനസ് ചലനാത്മകമാണ്.
ചലനമില്ലെങ്കില്‍ മനസ്സുമില്ല. വസ്തു അഥവാ ആശയം ഇല്ലാതെയുള്ള ഏകാഗ്രത എന്നു പറഞ്ഞാലും തെറ്റില്ല. മനസ്സ് എന്നുവെച്ചാല്‍ എന്താണ്? ശുദ്ധബോധത്തിന്‍റെ സൂക്ഷ്‌മമായ ചലനം തന്നെയാണ് മനസ്. ചലനം സ്ഥൂലമാകുമ്പോള്‍ വസ്തു അഥവാ ഇന്ദ്രിയപ്രപഞ്ചം.
ധ്യാനത്താല്‍ മനസ് ഇല്ലാതായി എന്ന് എങ്ങിനെ അറിയും?
അറിയാന്‍ മനസ്സുണ്ടെങ്കിലല്ലേ പറ്റൂ. മനസ്സ് ഉണ്ടോ ഇല്ലയോ എന്നറിയാനുള്ള ആഗ്രഹം അഥവാ സംശയം പോലും ഇല്ലാതായാലേ ധ്യാനം പൂര്‍ണ്ണമാവുകയുള്ളൂ. ശുദ്ധബോധം ശുദ്ധബോധം മാത്രമായിരിക്കുന്ന അവസ്ഥ.
അത് ഒരു അവസ്ഥയാണോ? അനുഭവമാണോ?
വാസ്തവത്തില്‍ അതൊരു അനുഭവമല്ല, അവസ്ഥയുമല്ല. എല്ലാ അവസ്ഥകള്‍ക്കും അനുഭവങ്ങള്‍ക്കും കാരണം അതുതന്നെയാണ് എന്നുപറയാം. എല്ലാ അവസ്ഥകളും അനുഭവങ്ങളും അതില്‍ നിന്ന് ഉത്ഭവിക്കുന്നു. അഥവാ അതാണ് എല്ലാ അവസ്ഥകള്‍ക്കും അനുഭവങ്ങള്‍ക്കും അടിസ്ഥാനം. അത് കാലദേശങ്ങള്‍ക്ക് അതീതമാണ്.
അത് ഒരു പ്രത്യേക അനുഭവമാണോ? അതല്ലേ ബ്രഹ്മാനുഭവം അഥവാ ബ്രഹ്മജ്ഞാനം എന്നൊക്കെ പറയുന്നത്?
അത് ഒരു അനുഭവമേ അല്ല എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. അപ്പോള്‍പ്പിന്നെ വേറിട്ടുള്ള പ്രത്യേക ഒരു അനുഭവമാണോ എന്ന ചോദ്യംതന്നെ അപ്രസക്തമാണ്. ജ്ഞാതാവ്, ജ്ഞാനം, അറിയുന്ന പ്രക്രിയ ഇവ ചേര്‍ന്ന് ത്രിപുടി ഇല്ലതാകുന്നതാണ് ശുദ്ധബോധം. അപ്പോള്‍ അവിടെ അനുഭവം എന്ന ഒന്നില്ല. പിന്നെ അതിന് ബ്രഹ്മം എന്ന പേരുകൊടുത്ത് ആശയക്കുഴപ്പം സൃഷ്‌ടിക്കാതിരിക്കുന്നതല്ലേ നല്ലത്.
ബ്രഹ്മം എന്ന സങ്കല്പത്തിന് കുഴപ്പം വല്ലതുമുണ്ടോ?
ബ്രഹ്മം എന്ന പദത്തിന്റെ വാച്യാര്‍ത്ഥം വികസിക്കുന്നത്, വലുത്, ബ്രഹത്, എന്നൊക്കെയാണ്. ശുദ്ധബോധം സ്ഥലകാല സങ്കല്പങ്ങള്‍ക്ക് അതീതമാണ്. അത് ചെറുതുമല്ല വലുതുമല്ല. ബ്രഹ്മം എന്നുപറഞ്ഞാല്‍ അത് ഈശ്വരസങ്കല്പത്തിന്‍റെ ഒരു ബുദ്ധിപരമായ രൂപഭേദം മാത്രമാന്നെന്നാണ് എനിക്കു തോന്നുന്നത്.
ഒരാള്‍ക്ക് അത്മജ്ഞാനം കിട്ടി അഥവാ സത്യബോധമുണ്ടായി എന്നു പറയാമോ?
പ്രതേകിച്ച് ഒന്നും അറിയാനും കിട്ടാനുമുള്ള ഇച്ഛ ഇല്ലാതാക്കുന്നതാണ് ശുദ്ധബോധം. അതെപ്പറ്റി സംസാരിക്കുമ്പോള്‍ അതിനെക്കുറിച്ച് വിവക്ഷിക്കുന്ന ഒരു പദം അവസ്ഥയെന്നോ അനുഭവമെന്നോ ഒക്കെ പറയേണ്ടിവരും. പക്ഷേ അത് വേറിട്ടുള്ള ഒരു അറിവോ അനുഭവമോ അല്ല.
പിന്നെ ധ്യാനിക്കുന്നത് എന്തിനു വേണ്ടിയാണ്? അതിന്‍റെ ഉദ്ദേശം എന്താണ് അഥവാ എന്തായിരിക്കണം?
നിങ്ങള്‍ക്ക് ആശാന്തിയുണ്ടെങ്കില്‍ അത് മാറാന്‍ വേണ്ടി മാത്രം ധ്യാനിച്ചാല്‍ മതി.
ധ്യാനത്തില്‍ കൂടി സത്യം അറിയാന്‍ പറ്റില്ലേ? മായ നീങ്ങി കിട്ടില്ലേ? ത്രിപുടി മുടിഞ്ഞാല്‍ പിന്നെ ആര് എന്തിനെയാണ് അറിയുന്നത്?
മായ എന്നുവെച്ചാല്‍ ഇല്ലാത്തത് എന്നാണര്‍ത്ഥം. ഇതൊന്നും ഇല്ലാത്തതാണ് എന്നൊരാള്‍ പറയുന്നത് എന്തൊരു വൈരുദ്ധ്യമാണെന്നു ചിന്തിക്കുക. ഇല്ലാത്ത ഒരാള്‍ വന്ന് ഇല്ലെന്നു പറയുകയും ഇല്ലാത്ത ദക്ഷിണയും വാങ്ങി ഇല്ലാത്ത ചായയും കുടിച്ച് എണീറ്റ് പോവുകയും ചെയ്യുക!
അപ്പോള്‍ ഇതൊക്കെ ഉള്ളതാണോ?
ഉള്ളത്, ഇല്ലാത്തത് എന്ന് തീരുമാനിക്കാന്‍ എന്ത് അളവുകോലാണ് ഉള്ളത്? തത്വശാസ്ത്രം അനുസരിച്ച് എല്ലാത്തിനും phenomenological reality ഉണ്ട്. ഭ്രാന്തന് hallucinations ഉണ്ടാകുന്നു. അതിന് അതിന്‍റെതായ ഉണ്മ ഉണ്ട്. നിങ്ങള്‍ സ്വപ്നം കാണുന്നു. സ്വപ്നത്തിന് അതിന്‍റെതായ വാസ്തവികത ഉണ്ട്. അതുപോലെ ഇപ്പോഴത്തെ നിങ്ങളുടെ അനുഭവത്തിനും അതിന്‍റെതായ സത്യം ഉണ്ട്. ഇതില്ല എന്ന് ഒരുത്തന്‍ വാതുറന്ന് പറയുന്നതാണ് കള്ളം, വഞ്ചന. ഞാന്‍ ജനിച്ചിട്ടേ ഇല്ല എന്നു പറയുന്നതു കള്ളമാണോ? നിങ്ങള്‍ ജനിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ അമ്മയുടെ പ്രസവം എടുത്ത ആശുപത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണോ?
അപ്പോള്‍ ബ്രഹ്മം സത് ജഗന്മിഥ്യ എന്ന് പറയുന്നത് തെറ്റാണോ?
ആ പ്രസ്താവനയും മായയല്ലേ? അപ്പോള്‍ രണ്ടു നെഗറ്റീവ് പോസിറ്റീവ് ആയി മാറും. അപ്പോള്‍ എല്ലാം ഉള്ളതു തന്നെ.
ബ്രഹ്മം സത്യമല്ലേ?
ബ്രഹ്മം നിങ്ങളുടെ സങ്കല്‍പമല്ലേ? കാണാവുന്ന ഒരു കഷണം പിണ്ണാക്ക് മായയാണ് എന്ന് പറയുന്ന നിങ്ങള്‍ നിങ്ങളോട് മനസിലെ ഒരു സങ്കല്‍പമായ ബ്രഹ്മം സത്യമാണ് എന്ന് എങ്ങനെയാണ് സമര്‍ഥിക്കുന്നത്? നിങ്ങള്‍ സത്യമെന്ന് പറയുന്നത് നിങ്ങളുടെ തലച്ചോറിന്‍റെയോ മനസിന്‍റെയോ ഒരു state മാത്രമായിക്കൂടെ? അത് ആത്യന്തിക സത്യമാണ് എന്നുള്ളതിന് എന്താണുറപ്പ്?
അപ്പോള്‍പ്പിന്നെ പരമമായ സത്യം ഒന്നില്ലേ?
എല്ലാം ആകൃതി ഇല്ലാത്ത ഇന്ദ്രിയാനുഭവങ്ങളുടെ അടിസ്ഥാനമായ ശുദ്ധബോധത്തിലാണ് നിലകൊള്ളുന്നത്. അതിന് ചെറുത് എന്നോ വലുതോ എന്നോ ഉള്ള പേരുകളിട്ട് മനുഷ്യരെ കുഴപ്പത്തിലാക്കേണ്ട ആവശ്യം എന്താണ്?
പ്രജ്ഞാനം ബ്രഹ്മം എന്നു പറയുന്നുണ്ടല്ലോ?
എങ്കില്‍ പ്രജ്ഞ എന്ന വാക്ക് പോരേ? മറ്റൊരു വാക്ക് ബ്രഹ്മമെന്നു മറ്റും കൊണ്ടുവന്ന് ചിന്താകുഴപ്പം സൃഷ്‌ടിക്കുന്നതെന്തിന്?
അഹം ബ്രഹ്മാസ്മി എന്നു പറയുന്നുണ്ടല്ലോ?
അഹം ബോധോസ്മി എന്നു പറഞ്ഞാല്‍ മതിയല്ലോ!
അതു പറയാന്‍ സാറ് ആരാണ്? അഹം ബ്രഹ്മാസ്മി എന്നു പറഞ്ഞാല്‍ എന്താണു കുഴപ്പം?
വലിയ എന്തോ ഇപ്പോള്‍ കിട്ടുമെന്ന് കരുതി നിങ്ങളെ പോലുള്ളവര്‍ ബലം പിടിച്ച് ധ്യാനമെന്ന പേരില്‍ മനസിനെ പീഡിപ്പിച്ച് മാനസികതകരാറുകള്‍ വരുത്തിവെയ്‌ക്കും. വേറെ കുഴപ്പമൊന്നുമില്ല.
മനക്ലേശം ഇല്ലാതാക്കാനാണ് ധ്യനിക്കേണ്ടത് എന്ന് സാറ് പറഞ്ഞു. ശരിയായ ധ്യാനം എന്താണ്?
ആദ്യം ഉറങ്ങിപ്പോകാതിരിക്കാന്‍ നിവര്‍ന്നിരുന്ന് ധ്യാനിക്കുന്നതാണ് നല്ലത്. ആദ്യം കുറെ സമയം ചുറ്റുപാടുകളെ ശ്രദ്ധിക്കുക. പിന്നെ നിങ്ങളുടെ ശരീരത്തില്‍ നിന്നുള്ള സംവേദനങ്ങളെ ശ്രദ്ധിക്കുക. പിന്നെ നിങ്ങളുടെ മനസിനെ (വികാരവിചാരങ്ങളെ) ശ്രദ്ധിക്കുക. പിന്നെ വെറുതെ ഇരിക്കുക. ഒന്നിനെയും ശ്രദ്ധിക്കാതെ ഒന്നും പ്രതീക്ഷിക്കാതെ പൂര്‍ണ്ണ വിശ്രാന്തി. ശരീരത്തിനും മനസിനും. മൊത്തം പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ ഇരിക്കേണ്ട.
ഒന്നും പ്രതീക്ഷിക്കാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ? ധ്യാനം എന്തിനാണ് ചെയ്യുന്നത്?
നിങ്ങള്‍ക്ക് പൂര്‍ണ്ണമായ വിശ്രമം അഥവാ ആത്‌മ സംതൃപ്തി വേണമെന്ന് തോന്നിയാല്‍ മാത്രം ഇത് ചെയ്താല്‍ മതി.
പതിനഞ്ചു മിനിട്ടില്‍ കൂടുതലായാല്‍ പ്രയോജനം കിട്ടില്ലേ?
സാധാരണഗതിയില്‍ ഇല്ല. തന്നെയുമല്ല ദോഷം ഉണ്ടാകാന്‍ സാധ്യതയും ഉണ്ട്. ശരീരത്തിനും മനസിനും ചലനം ആവശ്യമാണ്. പതിനഞ്ചു മിനുട്ട് ധ്യാനിച്ചാല്‍ അതിന്‍റെ ഫലം ദിവസം മുഴുവന്‍ വ്യാപിക്കും. മനസിന്‍റെ താളത്തില്‍ കാലക്രമേണ മാറ്റം വരും. എപ്പോഴും ശാന്തി അനുഭവപ്പെടും.
കാലക്രമേണ ധ്യാനത്തിതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാമോ?
നേരെ മറിച്ച് കുറയ്ക്കാന്‍ സാധിക്കും. ദിവസം മുഴുവന്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം മനസ്സ് ഒന്നുമായി താദാത്മീകരിക്കാതെ ശാന്തമായ നിലയില്‍ തന്നെ ഇരിക്കും. അതായത് എപ്പോഴും നിങ്ങള്‍ ഉള്ളില്‍ ധ്യാനത്തില്‍ത്തന്നെ ആയിരിക്കും. പ്രത്യേകിച്ച് പതിനഞ്ചു മിനിറ്റ് കണ്ണും പൂട്ടിയിരിക്കേണ്ട ആവശ്യം ഉണ്ടാകില്ല.
അതാണോ ആത്മസാക്ഷാത്കാരം എന്നൊക്കെ പറയുന്നത്? അതു കിട്ടി എന്ന് ഉറപ്പ് വരുമോ?
അങ്ങനെ വലിയ സാധനങ്ങളൊന്നും കിട്ടണമെന്നുള്ള മോഹം ഉണ്ടാവില്ല. യാതൊരു സംശയവും നിങ്ങളെ അലട്ടുകയും ഇല്ല.
സംന്യാസം, ദീക്ഷ ഇവയുടെ ആവശ്യമില്ലേ?
നിങ്ങള്‍ക്ക് ആത്മനിയന്ത്രണം ഒട്ടുമില്ലെങ്കില്‍ നിങ്ങള്‍ക്ക് ലോകത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ മാത്രമേ അല്പമെങ്കിലും മനശാന്തി കിട്ടുകയുള്ളൂ. എങ്കില്‍അതൊക്കെ ആദ്യം സഹായകമാകും.
അവസാനം അതൊക്കെ ഉപദ്രവമോ തടസമോ ആകുമോ?
ഏത് മതത്തിലായാലും സംന്യാസാശ്രമങ്ങളില്‍ കാലക്രേമേണ മത്സരബുദ്ധിയും സ്വാര്‍ത്ഥതയും മോഹഭംഗങ്ങളും കൂടുതലുള്ള ആളുകള്‍ വന്നു ചേരുകയും അവിടത്തെ അന്തരീക്ഷം മലിനപ്പെടുകയും ചെയ്യും. നിങ്ങള്‍ സ്വയം കണ്ടെത്താന്‍ വേണ്ടി മറ്റൊരു പേരു സ്വീകരിക്കുകയും നിങ്ങളുടെ സാധാരണ വസ്ത്രം ഉപേക്ഷിച്ച് സ്പെഷ്യല്‍ കാഷായം ധരിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ അകന്ന് പോവുകയല്ലേ ചെയ്യുന്നത്? മറ്റെന്തോ കിട്ടുമെന്ന വ്യമോഹത്തില്‍ നിങ്ങള്‍ കുടുങ്ങുകയല്ലേ ചെയ്യുന്നത്?
സ്വയം കണ്ടെത്തല്‍ എന്നൊന്നുണ്ടോ?
വാസ്തവത്തില്‍ ഇല്ല. ഉള്ളത് സംശയവും അത് കൊണ്ട് ഉണ്ടാവുന്ന മനോവിഷമവും അവസാനിക്കുക മാത്രമാണ്.
ധ്യാനിക്കാന്‍ ഗുരുവിന്‍റെ ആവശ്യമുണ്ടോ? താങ്കള്‍ ഗുരുവാണോ?
ഞാന്‍ ഗുരു അല്ല. ധ്യാനം സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഉറക്കം പോലെ, അതിന് ഒരു കോഴ്സിന്‍റെ ആവശ്യം ഇല്ല. അതൊരു മനശാസ്ത്ര പഠന വിഷയമാണ്. മനസിനെ പിരിമുറുക്കങ്ങളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നും മോചിപ്പിക്കുന്ന പ്രക്രിയായിട്ടാണ് ഞാന്‍ ധ്യാനത്തെ കാണുന്നത്. അതിന് മതപരമായ പരിവേഷം കൂടിയേതീരൂ എന്നില്ല.
ശാന്തശീലരായ ആളുകളുടെ സഹവാസം നിങ്ങളെ കൂടുതല്‍ ശാന്തനാക്കുന്നുവെങ്കില്‍ അതു നല്ലതുതന്നെ. അവരെ ഗുരുവെന്ന് വിളിച്ച് അവരുടെ കാല്‍ കഴുകി ആ വെള്ളം കുടിക്കേണ്ട ആവശ്യമില്ല.
മൗനം ധ്യാനത്തെ സഹായിക്കുമോ?
സാവകാശത, ആത്മനീരീക്ഷണം ഇവയൊക്കെയാണ് പ്രധാനം. എല്ലാ കാര്യത്തിലും മിതത്വം പാലിക്കുന്നതാണ് നല്ലത്. അമിതമായ ആഹാരം, അമിതമായ സംസാരം ഇവയൊക്കെ മനസിനെ അസ്വസ്ഥമാക്കും. ഞാന്‍ അടുത്ത ആറു മാസം വാതുറന്ന് സംസാരിക്കില്ല, എഴുതി കാണീക്കുകയോ ആംഗ്യം കാണിക്കുകയോ ചെയുകയുള്ളൂ എന്നൊക്കെ പറയുന്നത് സ്റ്റ്ണ്ട് വേലകള്‍ ആണ്. മറ്റുള്ളവരുടെ മുമ്പില്‍ ദിവ്യത്വം ഭാവിക്കാന്‍ അതൊക്കെ സഹായകമാകും.
ധ്യാനം പരിശീലിക്കുന്നവര്‍ സസ്യ ഭക്ഷണമേ കഴിക്കാവൂ എന്നുപറയുന്നത് ശരിയാണോ?
സസ്യഭക്ഷണമാണ് സാത്വികമായിട്ടുള്ളത്. മാംസാഹാരം രാജസികമാണ്. അതുകൊണ്ട് പരിശീലനസമയത്ത് ആദ്യം സസ്യാഹാരമാണ് ശാന്തി കൈവരിക്കാന്‍ നല്ലത്. ധ്യാനം നല്ലവണ്ണം ഉറച്ച ആളിന് ആഹാരം ഏതായാലും വലിയ ഒരു പ്രശ്നമാവുകയില്ല.
ധ്യാനത്തിന് മന്ത്രം സഹായകമാണോ?
മന്ത്രം ഏകാഗ്രത പരിശീലനത്തിന് ഉതകും. മന്ത്രം പറഞ്ഞ് നേരത്തെ അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള ശന്തഭാവത്തെ പെട്ടെന്ന് മനസില്‍ കൊണ്ടുവരാന്‍ ഉതകിയേക്കാം. പക്ഷേ വര്‍ദ്ധിച്ച ശാന്തി ബന്ധപ്പെടുത്തലുകള്‍ക്ക് അപ്പുറമാണ്. അത് unconditional ആണ്. അതിന് മന്ത്രം തടസ്സം തന്നെയാണ്. ആവശ്യത്തില്‍ കൂടുതല്‍ മന്ത്രം പറയുന്നത് ചിത്തവിഷോഭത്തിനും ചിത്തവിഭ്രമത്തിനും തന്നെയും കാരണമാകും.
താന്ത്രിക അനുഷ്ഠാനങ്ങള്‍ ധ്യാനത്തെ സഹായിക്കുമോ?
താന്ത്രിക മാന്ത്രിക അനുഷ്ഠാനങ്ങള്‍ എല്ലാംതന്നെ എകാഗ്രതയെ സഹായിച്ചേക്കാം. മനുഷ്യന്‍റെ സഹജമായ പ്രവൃത്തികള്‍, കൃഷി, കച്ചവടം ഇവയൊന്നും ചെയ്യാത്തവര്‍ക്ക് അവയുടെ ചോദന express ചെയ്യാനും അങ്ങനെ മനസിനെ ശാന്തമാക്കാനും ഇത്തരത്തിലുള്ള ക്രിയകള്‍ സഹായിച്ചേക്കാം. പാരമ്പര്യാടിസ്ഥാനത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ട് ജീവിക്കുന്നവര്‍ക്ക് ഇവയുടെ ആവശ്യമില്ല.
ധ്യാനം കൊണ്ട് സമാധിയില്‍ പോകാന്‍ കഴിയുമോ? സാറിന് സമാധി കിട്ടിയിട്ടുണ്ടോ?
മനസിന്‍റെ സമാന അവസ്ഥയാന് സമാധി. അത് ഒരു പോകലല്ല. അത് കിട്ടേണ്ട ഒരു സാധനവമല്ല. അത് ഏറ്റം സഹജമായ ഒന്നും കിട്ടേണ്ടാത്ത ഒരിടത്തേക്കും പോകേണ്ടാത്ത മനസ് ഒടുങ്ങലാണ്. അതിനെ ഏതോ അപൂര്‍വ്വമായ മറ്റെന്തോ ആയികരുതാതിരിക്കുക.
Discussion about this post