ഒരു ഫെയ്‌സ്ബുക്ക് സ്റ്റാറ്റസോ ചിത്രമോ വീഡിയോയോ ഏതാനുംപേര്‍ കണ്ടാല്‍ ഉടനെ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ അടിച്ചു വിടാറുണ്ട് – ‘വൈറലായി’ എന്ന്.
സച്ചിന്റെ കുടുംബഫോട്ടോ വൈറലാകുന്നു, സരിതയുടെ ഫെയ്‌സ്ബുക്ക് പേജ് വൈറലാകുന്നു എന്നിങ്ങനെ ദിവസേന ഓരോരോ കാര്യങ്ങള്‍ ഇങ്ങനെ ‘വൈറല്‍’ ആകാറുണ്ട്. മലയാളം ഇന്റര്‍നെറ്റ് മീഡിയ പലതിനെയും ഇങ്ങനെ എഴുതിയെഴുതി ‘വൈറല്‍’ ആകാറുമുണ്ട്!
എന്താണീ വൈറല്‍?
രോഗം പരത്തുന്ന വൈറസുകള്‍ ഒരു സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്നതുപോലെ, ഒരു ആശയം അല്ലെങ്കില്‍ ഒരു കാര്യത്തെ സംബന്ധിക്കുന്ന പരസ്യം ആള്‍ക്കാര്‍ക്കിടയില്‍ പരക്കുന്നതിനെയാണ് വൈറലാകുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിനെ വൈറല്‍ മാര്‍ക്കറ്റിംഗ് എന്നുപറയുന്നു. ചില വെബ്സൈറ്റുകളില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തിയും ആദ്യം എത്തുന്നവര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്തും മറ്റും കൂടുതല്‍പ്പേരെ ആകര്‍ഷിക്കാനുള്ള കുറുക്കുവിദ്യകള്‍ ചെയ്യാറുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഒരേ കാര്യം തന്നെ കൂടുതല്‍പ്പേര്‍ ഷെയര്‍ ചെയ്തിട്ട് നമുക്കു മുന്നില്‍ എത്തിക്കൊണ്ടിരിക്കുമ്പോള്‍ കരുതാം അത് വൈറലായി എന്ന്!
വൈറസ് ബാധയാല്‍ ഉണ്ടാകുന്ന വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന ‘വൈറല്‍ ഫിവര്‍’ എന്ന വാക്കാണ് മലയാളിക്ക് മഴക്കാലത്ത് കൂടുതലായും കേട്ടു പരിചയമുള്ള വൈറല്‍. ഇപ്പോള്‍ അങ്ങനെയൊരു എബോള വൈറസ് രോഗം ആഫ്രിക്കയില്‍ പടരുന്നു. സോഷ്യല്‍ മീഡിയ ഭാഷയില്‍ പറഞ്ഞാല്‍ ‘എബോള വൈറസ് വൈറലാകുന്നു’.
ആഫ്രിക്കയില്‍ പടര്‍ന്നുപിടിക്കുന്ന ഈ എബോള വൈറസ് രോഗത്തെ കുറിച്ച് ലോകാരോഗ്യസംഘടനയുടെ വീഡിയോ കാണൂ.
പശ്ചിമ ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട എബോള രോഗം മറ്റ് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കാനിടയുള്ളതിനാല്‍ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ ജാഗ്രതയിലാണ്. യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളും എബോള ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍ച്ച് മുതല്‍ ഗ്വിനിയ, ലൈബീരിയ, സിയാറ ലിയോണ്‍ എന്നിവിടങ്ങളിലായി 1201 പേരെ എബോള ബാധിക്കുകയും 672 പേര്‍ മരിക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
രോഗവ്യാപനം നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവന്‍ സ്‌കൂളും അടച്ചതായും അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ദിവസത്തെ അവധി നല്‍കിയതായും ലൈബീരിയ അറിയിച്ചു.
വൈറസ് രോഗമാണ് എബോള. കടുത്ത പനി, പേശി വേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ അവയവ പരാജയത്തിനും അനിയന്ത്രിതമായ രക്തസ്രാവത്തിനും കാരണമാകുകയും ചെയ്യും. മരണസാധ്യതയും വളരെക്കൂടുതലാണ്. രോഗബാധിതമായ മൃഗങ്ങളുടെ രക്തം, ശരീരദ്രവങ്ങള്‍ എന്നിവ വഴിയാണ് രോഗപ്പകര്‍ച്ച. കുരങ്ങുകള്‍, വവ്വാലുകള്‍ തുടങ്ങിയ സസ്തനികള്‍ വഴിയാണ് രോഗംകൂടുതലും പകരുന്നത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരാമെന്നത് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നു. എബോള വൈറസിനെതിരെ ഫലപ്രദമായ മരുന്നുകളില്ല. പ്രതിരോധമരുന്ന് കണ്ടെത്താനുള്ള ഊര്‍ജിതശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റില്‍ എബോളയെക്കുറിച്ച് കൂടുതല്‍ വായിക്കാം.
Discussion about this post