ത്രൈയംബക രുദ്രാക്ഷം വാങ്ങൂ വെറും ഒരുറുപ്പികയ്ക്ക്!

rudraksha mahathmyam

കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷമുള്ള മലയാളത്തിലെ ഹാസ്യസാമ്രാട്ടായിരുന്ന, സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട ശ്രീ മാണിക്കോത്ത് രാമുണ്ണിനായര്‍ (എം. ആര്‍. നായര്‍) എഴുതിയ ഹാസ്യകൃതിയാണ് രുദ്രാക്ഷമാഹാത്മ്യം. സമൂഹത്തില്‍ നടമാടുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ അദ്ദേഹം ഹാസ്യശരമെയ്തു. ചിലരൊക്കെ ഈ കഥ സ്കൂളില്‍ പഠിച്ചിട്ടുണ്ടാകാം. എന്തായാലും ഒരുവട്ടംകൂടി വായിക്കണം.

രുദ്രാക്ഷമാഹാത്മ്യ‘ത്തിലെ ഒരു സാമ്പിള്‍ ഇതാ.

പാശ്ചാത്യശാസ്ത്രങ്ങള്‍ കണ്ടതിലും അപ്പുറത്ത് ഇനിയും അനേകമനേകം രഹസ്യങ്ങള്‍ ഉണ്ടെന്ന് ബോധ്യമാകാത്തവര്‍ ആരെങ്കിലുമുണ്ടോ? മന്ത്രത്തിന്റെ അദ്ഭുത ഫലങ്ങളെക്കുറിച്ച് ഒരു അനുഭവമെങ്കിലും നേരിട്ടുണ്ടാവുകയോ പത്രങ്ങളില്‍ വായിക്കുകയോ ചെയ്യാത്തവര്‍ ലക്ഷത്തിലൊന്നുണ്ടോ?

അവള്‍ നിങ്ങളെ സ്നേഹിക്കുന്നില്ലേ?
അദ്ദേഹം നിങ്ങളില്‍ വിരക്തി കാണിക്കുന്നുണ്ടോ?
പരീക്ഷ പാസ്സാകുവാന്‍ സാധിക്കുകയില്ലെന്ന് നിങ്ങള്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞുവോ?
ഉദ്യോഗക്കയറ്റത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഹതാശനായിരിക്കുകയാണോ?
നിങ്ങളുടെ രോഗം മാറുകയില്ലെന്ന് വൈദ്യന്മാര്‍ തീര്‍ച്ചപ്പെടുത്തിയോ?
വിവാഹം ചെയ്തിട്ട് ഒരു വ്യാഴവട്ടക്കാലത്തിലധികമായെങ്കിലും ഒരു കുട്ടിയുടെ മുഖം കാണാതെ മരിക്കേണ്ടിവരുമെന്നാണോ നിങ്ങളുടെ ഭയം?
—എങ്കില്‍ നിങ്ങള്‍ ത്രൈയംബക രുദ്രാക്ഷം ഒന്നു വരുത്തി ഉപയോഗിച്ചു നോക്കുക!

ത്രൈയംബക രുദ്രാക്ഷത്തിന് ഒരുറുപ്പികയേ വിലയുള്ളു. എത്ര പണം നിങ്ങള്‍ ചികിത്സയ്ക്കുവേണ്ടിയും മറ്റുപായങ്ങള്‍ക്കുവേണ്ടിയും ചെലവാക്കി! കൂട്ടത്തില്‍ ഒരുറുപ്പികയ്ക്ക് ഒരവസാന പരീക്ഷകൂടി കഴിച്ചുകൂടെന്നോ?

ഹിമാലയ മഹാഗിരിയുടെ ഗഹ്വരങ്ങളിലൊന്നില്‍ തപസ്സുചെയ്തുകൊണ്ടിരിക്കുന്ന ഒരു മഹാസിദ്ധനാല്‍ പതിനായിരം ഉരു ത്രൈയംബകഹൃദയമന്ത്രം ജപിച്ച് ആവാഹിക്കപ്പെട്ട ഈ സിദ്ധരുദ്രാക്ഷം കഴുത്തില്‍ ധരിക്കുന്നവര്‍ക്ക് ലോകത്തില്‍ അസാദ്ധ്യമായി യാതൊന്നും ഉണ്ടാവുകയില്ല.

സഞ്ജയന്റെ ഈ നര്‍മ്മകഥ മുഴുവനും ആദ്യം മുതലേ വായിക്കൂ.

രുദ്രാക്ഷമാഹാത്മ്യം

കഥാനായകന്‍ പല വൈകുന്നേരവും ചെയ്യാറുണ്ടായിരുന്നതുപോലെ ഒരു വൈകുന്നേരം മാനാഞ്ചിറവക്കില്‍ കിടക്കുകയായിരുന്നു. അങ്ങനെ കിടന്നുകൊണ്ടിരിക്കെ, തന്നെക്കാള്‍ ദുറാവായി, തന്നെക്കാള്‍ ലൂട്ടിമസ്സായി, തന്നേക്കാള്‍ പാംസുസ്നാതനായി, തന്നെക്കാള്‍ അക്ലീമനായി, തന്നെക്കാള്‍ മെലിഞ്ഞവനായി ഒരു സ്വരൂപം അവിടെ ആവിര്‍ഭവിച്ചു. ആദേഹം ഇന്ന് മലബാറിലെ മറ്റൊരു കുബേരനായ പൂഴിപ്പറമ്പില്‍ പറങ്ങോടനായിരുന്നു. പറങ്ങോടനും സഞ്ജയനും അയല്‍വീട്ടുകാരായിരുന്നു. അവര്‍ ഒരുമിച്ചാണ് എഴുത്തുപള്ളിയില്‍ പഠിച്ചത്; ഒരുമിച്ചാണ് അവരെ ഹൈസ്കൂള്‍ ക്ലാസ്സിന്റെ പടിവാതില്ക്കല്‍ വച്ച് തികഞ്ഞ ബുദ്ധിശൂന്യതയുടെ കൂടെ വിളഞ്ഞ തെമ്മാടിത്തരവും കാണിച്ചതിനാല്‍ സ്കൂളില്‍ നിന്ന് “ഇങ്ങിനിച്ചവിട്ടരു”തെന്ന അധികൃതാജ്ഞാ സമേതം വെളിയിലേക്ക് തള്ളിയയച്ചത്; ഒരുമിച്ചാണ് അവര്‍ വീട്ടിലേക്ക് ഒരു ശാപവും നാട്ടിലേക്ക് ഒരു ദ്രോഹവുമായിത്തീര്‍ന്നത്; ഒരുമിച്ചാണ് മുക്കാല്‍ പൈസയുടെ വരവില്ലാതെ അവര്‍ കോഴിക്കോടു മുനിസിപ്പാലിറ്റിയിലെ പൊടികൊണ്ട് മുഖദ്വാരങ്ങള്‍ നിറച്ച് ഒരു വ്യാഴവട്ടക്കാലം സകല തെരുവുകളില്‍ക്കൂടിയും രാപ്പകല്‍ തെണ്ടിയത്; ഒരുമിച്ചാണ് അവരുടെ മൂക്കുകള്‍ മേപ്പടി മുനിസിപ്പാലിറ്റിയിലെ നാനാതരം ദുര്‍ഗന്ധങ്ങള്‍ അനുഭവിച്ച് പഴകിയത്; ഒരുമിച്ചാണ് അവര്‍ അനേകം വായനശാലകള്‍ക്കും, പ്രദര്‍ശനങ്ങള്‍ക്കും, പ്രക്ഷോഭണങ്ങള്‍ക്കും പണപ്പിരിവുകള്‍ നടത്തി, പിരിവിന്റെ പകുതിയിലധികം ഭാഗം കൊണ്ട് കാപ്പിക്ലബ്ബിലേയും സിഗരറ്റു കടയിലേയും കണക്കു തീര്‍ത്ത് തടിയൊഴിച്ചത്; ഒരുമിച്ചാണ് അവര്‍ നിര്‍ദ്ദിഷ്ട സായാഹ്നത്തില്‍ മാനാഞ്ചിറയുടെ വക്കില്‍ മേളിച്ചത്.

ഈ സ്നേഹിതന്മാര്‍ തമ്മില്‍ ഇങ്ങനെയൊരു സംഭാഷണം നടന്നു:

സഞ്ജയന്‍: “എന്താ ചങ്ങാതീ, ഒന്നുമായില്ലേ?”

പറങ്ങോടന്‍: “എല്ലാമായി.”

സഞ്ജയന്‍: “എല്ലാമായെന്നുവച്ചാല്‍?”

പറങ്ങോടന്‍: “എല്ലാം ആയെന്നുതന്നെ. ‘ഐഹിക പാരത്രിക വിജ്ഞാനജ്ഞാന സംവര്‍ദ്ധിനി വായനശാല’യുടെ പേരില്‍ നൂറുറുപ്പിക പിരിച്ചിട്ടുണ്ട്.”

സഞ്ജയന്‍: “നൂറുറുപ്പിക കൊണ്ടെന്താവും? കാപ്പി കുടിച്ച വകയില്‍ ശത്രുഘ്നയ്യര്‍ക്കു തന്നെ എഴുപതുറുപ്പികയിലധികം രണ്ടാളും കൂടി കൊടുപ്പാനുണ്ടാവുകയില്ലേ?”

പറങ്ങോടന്‍: “താന്‍ ബുദ്ധിശൂന്യനായ ഒരു മരക്കഴുതയാണ്; വകതിരിവില്ലാത്ത ഒരു മ്ലേച്ഛനാണ്. അതല്ലെങ്കില്‍ ഈ നൂറുറുപ്പിക ശത്രുഘ്നയ്യര്‍ക്ക് കൊടുപ്പാനാണെന്നാണോ താന്‍ വിചാരിച്ചിരിക്കുന്നത്? തന്റെ തലയുടെ കല്ല് ഇളകിപ്പോയിരിക്കുന്നു! താന്‍ നിയമേന നെല്ലിക്ക ഉപയോഗിക്കണം.”

സഞ്ജയന്‍: “പണം പിരിക്കുന്നത് കടംതീര്‍ക്കുവാനാണെന്നല്ലേ ഞാന്‍ കരുതിയത്?’

പറങ്ങോടന്‍: “അതാണ് തന്റെ വങ്കത്തമെന്നു പറഞ്ഞത്, പണം പിരിച്ചത് ധനമുണ്ടാക്കുവനാണ്.”

സഞ്ജയന്‍: “പിരിഞ്ഞപണം ധനമല്ലേ?”

പറങ്ങോടന്‍: “അതേ. പക്ഷേ അത് സാധനമല്ല, ഉപായം മാത്രമാണ്. അതു ചൂണ്ടലിന്റെ ഇരയാണ്, ഇരയെ മത്സ്യം ഭക്ഷിക്കും; മത്സ്യത്തെ നമ്മള്‍ ഭക്ഷിക്കും.”

സഞ്ജയന്‍: “ഈ ഇര ഭക്ഷിക്കുന്ന മത്സ്യങ്ങള്‍ ഏതാണ്?”

പറങ്ങോടന്‍: “പത്രവായനക്കാര്‍!”

സഞ്ജയന്‍: “ഏതു പത്രത്തിന്റെ വായനക്കാര്‍?”

പറങ്ങോടന്‍: “നൂറുറുപ്പികകൊണ്ട് ഏതെല്ലാം പത്രങ്ങളില്‍ ഞാനുദ്ദേശിക്കുന്ന ഒരു പരസ്യം പ്രസിദ്ധപ്പെടുത്തുവാന്‍ സാധിക്കുമോ?”

സഞ്ജയന്‍: “താന്‍ എന്തു പരസ്യമാണ് പ്രസിദ്ധപ്പെടുത്തുവാന്‍ വിചാരിക്കുന്നത്? ‘നമ്മള്‍ രണ്ട് നിസര്‍ഗ്ഗ നിസ്തേജന്മാര്‍ ഗതികെട്ടമ്പലവാസികളായി നടക്കുന്നതിനാല്‍ പൊതുജനങ്ങളുടെ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്നോ? ചിത്രമായി!”

പറങ്ങോടന്‍: “അതു വരുമ്പോള്‍ കണ്ടോളൂ.”

സഞ്ജയന്‍: “അല്ലാ നേരമ്പോക്കു പോട്ടെ! സത്യമായും ഇങ്ങനെ കഷ്ടപ്പെട്ടു നേടിയ പണം വല്ല ഭ്രാന്തിന്റെയും വാലിന്മേല്‍ കെട്ടി ആകാശത്തിലേക്കു വിടുവാന്‍ താന്‍ ആലോചിക്കുകയല്ലല്ലോ!”

പറങ്ങോടന്‍: “ആകാശത്തിലേക്കു വിടുവാന്‍ തന്നെയാണ് പോകുന്നത്. പക്ഷേ ഭ്രാന്തിന്റെ വാലിന്മേല്‍ കെട്ടീട്ടല്ല; പരസ്യത്തിന്റെ കഴുത്തില്‍ തൂക്കീട്ടാണ്. അത്രയേ വ്യത്യാസമുള്ളൂ.”

അന്നു രാത്രി ഞാന്‍ വളരെ കുറച്ചേ ഉറങ്ങിയുള്ളു. സ്വപ്നമാണെങ്കില്‍ കുറേയധികം കാണുകയും ചെയ്തു.

കണ്ണു തുറന്നപ്പോള്‍ നമ്മുടെ പറങ്ങോടനുണ്ട് കട്ടിലിന്മേലിരിക്കുന്നു.

“എന്താണിത്ര പുലര്‍ച്ചെ പുറപ്പെട്ടത്?”

“പുലര്‍ച്ചയോ? പുലര്‍ന്നിട്ട് നാഴിക നാലായി.”

ഞാന്‍ എഴുന്നേറ്റിരുന്നു. മിസ്റ്റര്‍ പറങ്ങോടന്‍ അന്നത്തെ കേരളകാഹളത്തിന്റെയും മലയാളമദ്ദളത്തിന്റെയും ഓരോ കോപ്പി കിടക്കയില്‍ വച്ചു. ‘കാഹള’ത്തിലുള്ള ഒരു പരസ്യത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി. ഞാന്‍ വായിച്ചു. പരസ്യം ഇതായിരുന്നു.


“അദ്ഭുതം! അത്യദ്ഭുതം!! ഇങ്ങനെയൊന്നു കണ്ടിട്ടില്ല” എന്നാണ് ഉപയോഗിച്ചവരെല്ലാം—ഒന്നൊഴിയാതെ പറയുന്നത്. ഹിമാലയത്തില്‍ നിന്ന് ഞങ്ങള്‍ നേരിട്ടു വരുത്തിയ സാക്ഷാല്‍ ത്രൈയംബക രുദ്രാക്ഷങ്ങളെപ്പറ്റി നിങ്ങള്‍ ഇനിയും കേട്ടിട്ടില്ലെങ്കില്‍ അത് കേള്‍ക്കുമ്പോഴേക്ക് ഞങ്ങളുടെ സ്റ്റോക്കു തീര്‍ന്നുപോയെന്നു വരാവുന്നതാണ്. കഷ്ടിച്ച് മുന്നൂറെണ്ണം മാത്രമേ ബാക്കിയുള്ളു. ഈ രുദ്രാക്ഷങ്ങളിലോരോന്നും പതിനായിരം ഉരു ത്രൈയംബകഹൃദയമന്ത്രം ജപിച്ച് ആവാഹിക്കപ്പെട്ടതാണ്. ഹിമാലയ മഹാഗിരിയുടെ ഗഹ്വരങ്ങളിലൊന്നില്‍ തപസ്സുചെയ്തുകൊണ്ടിരിക്കുന്ന ഒരു മഹാസിദ്ധനാണ് ഇവയെ സംസ്കരിച്ചിട്ടുള്ളത്. ഈ രുദ്രാക്ഷം കഴുത്തില്‍ ധരിക്കുന്നവര്‍ക്ക് ലോകത്തില്‍ അസാദ്ധ്യമായി യാതൊന്നും ഉണ്ടാവുകയില്ലെന്നു പറയുന്നത് അതിശയോക്തിയാണെന്നു കരുതുന്നവര്‍ ഇതൊന്നു പരീക്ഷിച്ചു നോക്കുകയേ വേണ്ടു. രുദ്രാക്ഷം ഒന്നിന് വില 1 ക. മാത്രം. ഒരു ഡസന്‍ ഒന്നായി വാങ്ങുന്നവര്‍ 10 ക. മണിയോര്‍ഡര്‍ ചെയ്താല്‍ മതി. ഉടനേ അപേക്ഷിക്കുക.

അപേക്ഷിക്കേണ്ടും മേല്‍വിലാസം:

രുദ്രാക്ഷസിദ്ധ ഡിപ്പോ
ഡിപ്പാര്‍ട്ടുമെന്റ് K—/379
കോഴിക്കോട്.


“മദ്ദള”ത്തിലെ പരസ്യം കുറച്ചുകൂടി ഗംഭീരമായിരുന്നു.

“ഇക്കണ്ടതൊന്നും കണക്കല്ല മന്നവ!”

പാശ്ചാത്യശാസ്ത്രങ്ങള്‍ കണ്ടതിലും അപ്പുറത്ത് ഇനിയും അനേകമനേകം രഹസ്യങ്ങള്‍ ഉണ്ടെന്ന് ബോധ്യമാകാത്തവര്‍ ആരെങ്കിലുമുണ്ടോ? മന്ത്രത്തിന്റെ അദ്ഭുത ഫലങ്ങളെക്കുറിച്ച് ഒരു അനുഭവമെങ്കിലും നേരിട്ടുണ്ടാവുകയോ പത്രങ്ങളില്‍ വായിക്കുകയോ ചെയ്യാത്തവര്‍ ലക്ഷത്തിലൊന്നുണ്ടോ? ഉണ്ടെങ്കില്‍ അവരെ ഞങ്ങളുടെ സിദ്ധരുദ്രാക്ഷം (ത്രൈയംബക രുദ്രാക്ഷം) വിശ്വസിപ്പിക്കും! അവള്‍ നിങ്ങളെ സ്നേഹിക്കുന്നില്ലേ? അദ്ദേഹം നിങ്ങളില്‍ വിരക്തി കാണിക്കുന്നുണ്ടോ? പരീക്ഷ പാസ്സാകുവാന്‍ സാധിക്കുകയില്ലെന്ന് നിങ്ങള്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞുവോ? ഉദ്യോഗക്കയറ്റത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഹതാശനായിരിക്കുകയാണോ? നിങ്ങളുടെ രോഗം മാറുകയില്ലെന്ന് വൈദ്യന്മാര്‍ തീര്‍ച്ചപ്പെടുത്തിയോ? വിവാഹം ചെയ്തിട്ട് ഒരു വ്യാഴവട്ടക്കാലത്തിലധികമായെങ്കിലും ഒരു കുട്ടിയുടെ മുഖം കാണാതെ മരിക്കേണ്ടിവരുമെന്നാണോ നിങ്ങളുടെ ഭയം? ——എങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ത്രൈയംബക രുദ്രാക്ഷം ഒന്നു വരുത്തി ഉപയോഗിച്ചു നോക്കുക!

ത്രൈയംബക രുദ്രാക്ഷത്തിന് ഒരുറുപ്പികയേ വിലയുള്ളു. എത്ര പണം നിങ്ങള്‍ ചികിത്സയ്ക്കുവേണ്ടിയും മറ്റുപായങ്ങള്‍ക്കുവേണ്ടിയും ചെലവാക്കി! കൂട്ടത്തില്‍ ഒരുറുപ്പികയ്ക്ക് ഒരവസാന പരീക്ഷകൂടി കഴിച്ചുകൂടെന്നോ?

ഈ ഉറുപ്പിക വെറുതെപോവുകയില്ലെന്ന് ഞങ്ങള്‍ ഉറപ്പുതരുന്നു. ഹിമാലയത്തിലെ ഒരു സിദ്ധയോഗിയാണ് ഈ രുദ്രാക്ഷങ്ങളെ മന്ത്രപൂതമാക്കിയിരിക്കുന്നത്. ഇന്നുതന്നെ ഒന്നിന് എഴുതുക! ഉപയോഗിച്ച് തൃപ്തിയടയുക! 10ക മണിയോര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 12 രുദ്രാക്ഷം അയയ്ക്കും.

സിദ്ധ രുദ്രാക്ഷ ഡിപ്പോ
ഡിപ്പാര്‍ട്ടുമെന്റ് K—/379
കോഴിക്കോട്.


പറങ്ങോടന്റെ തലയ്ക്കു സുഖമില്ലായ്മയെപ്പറ്റി മുമ്പൊരു സംശയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ അത് ദൃഢപ്പെട്ടു. ഇങ്ങനെയൊരു ഭ്രാന്ത് ആരെങ്കിലും ഇതുവരെ കേട്ടിട്ടുണ്ടോ? എന്തൊരു പച്ചക്കളവാണ്! ഏതു ഹിമാലയ യോഗി? എന്തു രുദ്രാക്ഷം? എന്നു മാത്രമല്ല, ഈ കളവുകള്‍ പ്രസിദ്ധപ്പെടുത്തിയതിന് വല്ല പോലീസ് പ്രോസിക്യൂഷന്‍ കൂടി വരുവാന്‍ തരമുണ്ടോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ ആ ശങ്ക അസ്ഥാനത്തിലാണെന്ന് എനിക്കുതന്നെ ബോദ്ധ്യമായി. പരസ്യങ്ങളില്‍ എന്തും എത്രയും പറയാമെന്നാണ് നിയമം! എന്നാലും മറ്റുള്ള സംഗതികളോ? ഞാന്‍ ചോദിച്ചു:—”എടോ സത്യമായും താനാണോ ഈ പരസ്യങ്ങളുടെ കര്‍ത്താവ്?”

“അതേ”

“തന്റെ കൈവശം രുദ്രാക്ഷങ്ങളുണ്ടോ?”

“ഉണ്ട്: മൂന്നു ചാക്കു നിറയെ ഉണ്ട്.”

“അവ മന്ത്രപൂതങ്ങളാണോ?”

“അല്ലെന്ന് ആരു പറയുന്നു?”

ഞാന്‍ ആലോചിച്ചു. അതു ശരിതന്നെ.

“ഇതിന് ഒരു സമയം ആളുകള്‍ ആവശ്യപ്പെട്ടാലോ?”

“മഹാബുദ്ധിമാനേ, അത് ആളുകള്‍ ആവശ്യപ്പെടണമെന്നു കരുതിയല്ലേ ഇല്ലാത്ത പണം ചെലവാക്കി പരസ്യം പ്രസിദ്ധപ്പെടുത്തിയത്?”

“ഇവയ്ക്കു താന്‍ പറഞ്ഞ ഫലങ്ങള്‍ എങ്ങനെ കാണും?”

“പോട്ടെ. ഞാനൊരു വീരവാദം പറയട്ടെ; ഇന്നുമുതല്‍ മൂന്നു മാസത്തിനകത്ത് നമ്മുടെ രുദ്രാക്ഷം ഉപയോഗിച്ച് രോഗം മാറിയവരുടെ, പരീക്ഷ പാസ്സായവരുടെ, ഇഷ്ടപ്പെട്ട പ്രെണ്ണിന്റെ പ്രേമം നേടിയവരുടെ, ഉദ്യോഗകയറ്റം കിട്ടിയവരുടെ, വ്യവഹാരത്തില്‍ ജയിച്ചവരുടെ, അത്യാപത്തില്‍ നിന്നു രക്ഷപെട്ടവരുടെ സ്വന്തം കൈയക്ഷരത്തിലുള്ള മുന്നൂറില്‍ കുറയാതെ എഴുത്തുകള്‍ നമ്മള്‍ക്കു പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുവാന്‍ കഴിയുമെന്നു ഞാന്‍ ഉറപ്പുതരുന്നു. വാതുവെയ്ക്കുന്നോ?”

ഞാന്‍ മിഴിച്ചു. പറങ്ങോടനെപ്പറ്റി അതുവരെയില്ലാതിരുന്ന ഒരു ബഹുമാനം എന്റെ മനസ്സില്‍ അങ്കുരിച്ചു. കാര്യം എനിക്ക് അപ്പോഴും മനസ്സിലായിട്ടില്ല, പക്ഷേ അങ്ങോരുടെ വാക്കുകളിലെ ശാന്തതയും ഉറപ്പും അത്ര അധൃഷ്യങ്ങളായിരുന്നു. സവിനയം ഞാന്‍ ചോദിച്ചു:

“അപ്പോള്‍ തന്റെ ഈ രുദ്രാക്ഷങ്ങള്‍ക്ക് യഥാര്‍ത്ഥമായ വല്ല ദിവ്യശക്തിയുമുണ്ടോ?”

പറങ്ങോടന്‍ കട്ടിലിന്മേല്‍ നിന്ന് എഴുന്നേറ്റ് ക്യാന്‍വാസ് കസാലയിന്മേല്‍ പോയി ചാരിക്കിടന്ന് കൈകൊട്ടി മേല്പോട്ടു നോക്കി അത്യുച്ചത്തില്‍ “ഹാ….ഹാ….ഹാ” എന്നു പൊട്ടിച്ചിരിച്ചു. ഒരു ചിരി കഴിഞ്ഞപ്പോള്‍ വേറൊരു ചിരി ആരംഭിച്ചു. അങ്ങനെ തിരുവാതിര ഞാറ്റുവേലയിലെ മഴപോലെ ഏകദേശം അരമണിക്കൂര്‍ നേരം ചിരിച്ചു. എനിക്കു കുറേശ്ശെ ശുണ്ഠി വന്നു തുടങ്ങി. “താനെന്താണ് കഴുതയെപ്പോലെ ഇളിക്കുന്നത്?” എന്നു ഞാന്‍ ചോദിച്ചു. പറങ്ങോടന്‍ അക്ഷോഭ്യനായി സമാധാനം പറഞ്ഞു — “തന്റെ ഉപമ പ്രകൃതിശാസ്ത്രവിജ്ഞാനത്തെ കുറിക്കുന്നില്ല; പ്രതിയോഗിയെ വല്ലതും പറഞ്ഞ് അവമാനിക്കണമെന്നുള്ള ദുരുദ്ദേശ്യത്തെ മാത്രമേ കുറിക്കുന്നുള്ളൂ. അതുപോട്ടെ, ശുദ്ധാത്മാവേ, കൂപമണ്ഡൂകമേ, മരമസ്തിഷ്കമേ, നിര്‍വിചാര സത്വമേ, വങ്കശിരോമണേ, ആജന്മ ഗര്‍ദ്ദഭമേ,…”

ഞാന്‍ : “നില്കൂ ! നില്കൂ ! ഞാനും കുറച്ചു പറയട്ടെ: ‘കര്‍ദ്ദമശിരസ്സേ, സമ്പൂര്‍ണ്ണോന്മാദമേ, നിസര്‍ഗ്ഗ ദീപാളിത്തമേ, നിര്‍ഭര തെമ്മാടിത്തമേ, ദുസ്സഹ വിഡ്ഢിത്തമേ, കുതിരവട്ടമേ!’ – ഇനിപ്പറഞ്ഞോളൂ.”

പറങ്ങോടന്‍ : “ഹു : തന്റെ സിദ്ധാന്തം. ആട്ടെ ഞാന്‍ പറയാം. ഈ രുദ്രാക്ഷങ്ങള്‍ക്ക് ആ മുറ്റത്തു കാണുന്ന ഉരുളന്‍ കല്ലുകളെക്കാള്‍ യാതൊരു മഹത്ത്വവുമില്ല. സര്‍വവ്യാപിയായ ബ്രഹ്മം അവയിലെന്നപോലെ ഇവയിലുമുണ്ടെന്ന് വേണമെങ്കില്‍ സിദ്ധാന്തിക്കാം.”

ഞാന്‍ : “എന്നാല്‍ താന്‍ എങ്ങനെയാണ് തന്റെ രുദ്രാക്ഷങ്ങള്‍ ഉപയോഗിക്കുന്നവര്‍ തനിക്കു സര്‍ട്ടിഫിക്കറ്റ് തരുമെന്ന് പ്രതീക്ഷിക്കുന്നത്!”

പറങ്ങോടന്‍ കീശയില്‍ നിന്ന് ഒരു സിഗററ്റെടുത്തു കൊളുത്തി ഇങ്ങനെ പറഞ്ഞു: “ആദ്യമായി ഞാന്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. കാര്യം ഞാന്‍ ഒടുക്കം പറയാം. ഈ ലോകത്തില്‍ രോഗം പിടിച്ചവരൊക്കെ മരിക്കുന്നുണ്ടോ?”

“ഇല്ല”

“പരീക്ഷയ്ക്കു പോയവരൊക്കെ തോല്ക്കുന്നുണ്ടോ?”

“ഇല്ല”

വിവാഹംകഴിക്കുന്നവരില്‍ നൂറില്‍ നൂറും തങ്ങള്‍ക്ക് തീരെ പ്രണയമില്ലാത്ത സ്ത്രീപുരുഷന്മാരെയാണോ വിവാഹം കഴിക്കുന്നത്?”

“അല്ല”

“കോടതികളില്‍ കേസ്സുള്ളവര്‍ എല്ലാം ചെലവുസഹിതം തോല്ക്കാറുണ്ടോ?”

“ഇല്ല”

“ശരി: എന്നാല്‍ നമുക്ക് സര്‍ട്ടിഫിക്കറ്റു കിട്ടും. നൂറു വിദ്യാര്‍ത്ഥികള്‍ നമ്മുടെ രുദ്രാക്ഷം വാങ്ങിയാല്‍ അവരില്‍ ഇരുപതുപേര്‍ — ഇല്ലെങ്കില്‍ പത്തുപേര്‍, അതുമല്ലെങ്കില്‍ രണ്ടാളുകള്‍—എങ്കിലും പാസ്സാവുകയില്ലേ? അവര്‍ തീര്‍ച്ചയായും നമ്മള്‍ക്ക് ആ വിവരം എഴുതി അയയ്ക്കും. രുദ്രാക്ഷം വാങ്ങുന്ന നൂറു രോഗികളില്‍, ഈ കോഴിക്കോടു നഗരത്തില്‍ കൂടി, രണ്ടാളുകളുടെയെങ്കിലും രോഗം മാറിക്കിട്ടുകയില്ലേ? ആ രണ്ടാളുകള്‍ നമ്മള്‍ക്ക് സസന്തോഷം സര്‍ട്ടിഫിക്കറ്റ് തരും.”

“ബാക്കിയുള്ള തൊണ്ണൂറ്റെട്ടാളുകളോ?”

“അവര്‍ തങ്ങള്‍ക്കു പറ്റിയ വിഡ്ഢിത്തത്തെ പറ്റി ഒരക്ഷരം മിണ്ടുകയില്ല. ഒരു പക്ഷേ നമ്മള്‍ക്ക് എഴുതിയേക്കാം. ആ എഴുത്തുകള്‍ നമ്മള്‍ പ്രസിദ്ധപ്പെടുത്തിക്കൊള്ളണമെന്നു നിയമമുണ്ടോ? അതുമല്ല. ഉപയോഗിച്ചു ഫലം കണ്ടു എന്നു വിശ്വസിക്കുന്നവര്‍ അവിശ്വാസികളുടെ വാക്ക് എടുക്കുകയുമില്ല.”

“അതിരിക്കട്ടെ, ‘ഡിപ്പാര്‍ട്ടുമെന്റ് K/379 എന്നുവച്ചാലെന്താ? എന്തു K? 379 ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്തിനു വേണ്ടിയാണ്?”

“അതൊക്കെ വിഡ്ഢികള്‍ക്ക് വിഴുങ്ങാനാണ് മൂപ്പരേ! K/379 എന്നു വച്ചാല്‍ A/1 എന്നു മാത്രമാണര്‍ത്ഥം. കിം ബഹുനാ? ‘എട്ടു നാളിനകം പുറം ചില ചട്ടമൊന്നു പകര്‍ന്നു പോം’ എന്നു മാത്രമേ ഞാന്‍ തല്ക്കാലം പറയുന്നുള്ളൂ.”

“ശരി! ശരി! ഭേഷ്! — തന്നെപ്പറ്റി പറഞ്ഞതൊക്കെ ഞാന്‍ മാപ്പുസമേതം മടക്കിയെടുത്തിരിക്കുന്നു. ‘തേരിലേറി നടക്കുമമ്പൊടു ഞാനുമെന്നുടെ പാര്‍ത്ഥനും’ എന്നു കൂടി ഞാന്‍ പറയാന്‍ വിചാരിക്കുന്നു. പാര്‍ത്ഥന്‍ എന്നുവച്ചാല്‍ പ്രകൃതത്തില്‍ പറങ്ങോടന്‍ ഇത്യര്‍ത്ഥം.”

“താന്‍ എന്തെങ്കിലും പറഞ്ഞുകൊള്ളൂ. ഞാന്‍ പോകുന്നു. പിന്നെക്കാണാം.”

പറങ്ങോടന്‍ പോയി. പിന്നെ എന്തെന്നില്ലാത്ത ഒരു ഉന്മേഷത്തോടുകൂടി ആസന്നമായ ലോക വഞ്ചനാസമാരംഭം ഗതിവേഗം കൂട്ടിയ ഹൃത്സ്പന്ദത്തോടുകൂടി ഞാന്‍ ദിനകൃത്യങ്ങള്‍ക്കൊരുങ്ങി.

ദിവസം പത്തുപതിനഞ്ചു കഴിഞ്ഞു. ഓര്‍ഡറുകള്‍ ഒന്നും വന്നു ചേര്‍ന്നില്ല. ശത്രുഘ്നയ്യരുടെ കാപ്പിക്ലബ്ബിനു മുന്‍വശത്തു കൂടി പോകുവാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് പറങ്ങോടനും ഞാനും ചിലപ്പോള്‍ ഒന്നും രണ്ടും ഫര്‍ലോങ് വഴി വളച്ചാണ് പോകാറുള്ളത്.

കുറച്ചു ദിവസം കൂടി കാത്തു. അതിനകത്ത് തിരുവിതാംകൂറില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് അബ്രഹാം കപ്പമൂട്ടില്‍ എന്ന ഒരു വിദ്വാന്‍ മാത്രം ഒരെഴുത്തെഴുതി. കാര്‍ഡായിരുന്നു. പറങ്ങോടനും ഞാനും ഒരുമിച്ചിരിക്കുമ്പോഴാണ് തപാല്‍ ശിപായി അതു കൊണ്ടുവന്നുതന്നത്. പരസ്യത്തിലുള്ള മേല്‍വിലാസം കണ്ടപ്പോള്‍ത്തന്നെ പറാങ്ങോടന്‍ വിജയസൂചകമായ ഒരു പുഞ്ചിരിയോടു കൂടി എന്നെ ഒന്നു നോക്കി. എന്റെ നെഞ്ഞിടിപ്പ് ദുര്‍ഭരമായിരുന്നു. “ഗണപതിക്കയ്യല്ലേ? ഉറക്കെ വായിക്കൂ!” എന്നു ഞാന്‍ പറങ്ങോടനോടു പറഞ്ഞു. അങ്ങോര്‍ വായിച്ചു:

“കേരള കാഹളത്തില്‍ നിങ്ങളുടെ പരസ്യം കണ്ടതിന്മണ്ണമാണ് ഞാനിതെഴുതുന്നത്. ഞാന്‍ ഏഴു വര്‍ഷമായി ഒരു വയറുവലികൊണ്ട് എന്തെന്നില്ലാത്ത വിമ്മിട്ടം അനുഭവിക്കുന്നു. നിങ്ങളുടെ രുദ്രാക്ഷം കൊണ്ട് വല്ല പൊറുതിയുമൊണ്ടാവുമോ? ഒണ്ടാവുമെങ്കില്‍ ഒരെണ്ണം മറുവശത്തെഴുതിയ മേല്‍‌വിലാസത്തില്‍ അയച്ചേക്കണം. ആദ്യംതന്നെ പണമൊന്നും തരികേല. നോവു മാറിയെങ്കില്‍ ഒന്നല്ല രണ്ടോ നാലോ രൂപതന്നെ കൂടുതല്‍ തന്നേക്കാം. നിങ്ങളെപ്പറ്റി വളരെയൊക്കെ പ്രശംസിച്ചു നടക്കുകയും ചെയ്യാം.”

ഈ കാര്‍ഡു വായിച്ചു തീര്‍ന്നതോടുകൂടി പറങ്ങോടന്റെ കോപത്തിനു തുല്യമായി ഈ ലോകത്തില്‍ മറ്റൊന്നുണ്ടെങ്കില്‍ അത് എന്റെ നിരാശത മാത്രമായിരുന്നു. ആ കരിനാഗപ്പള്ളിയിലെ നിസര്‍ഗ്ഗനിസ്തേജന്റെ വയറ്റുനോവ് “ധാരാഹന്ത കല്പാന്തതോയേ” കുളിക്കുമ്പോഴെങ്കിലും മാറിപ്പോകുമല്ലോ എന്നായിരുന്നു ഞങ്ങളുടെ ഒറ്റ വ്യസനം. കപ്പമൂട്ടിനെ കഠിനമായി ശകാരിച്ചുകൊണ്ട് ഒരു കാര്‍ഡ് എഴുതി അയയ്ക്കുവാന്‍ ഞങ്ങള്‍ ആലോചിച്ചുവെങ്കിലും അതിന്നാവശ്യമായ ഒമ്പതു പൈസ തത്ക്കാലം കൈവശമില്ലാത്തതുകൊണ്ട് അതു നിവൃത്തിയില്ലാതെവന്നു.

ഈ കാര്‍ഡു കിട്ടി ഒരാഴ്ച കഴിഞ്ഞതിനു ശേഷമാണ് തൃക്കരിപ്പൂരില്‍ നിന്ന് ഒരാള്‍, സ്വകാര്യമായ ഒരു കാര്യലാഭത്തെ ഉദ്ദേശിച്ചുകൊണ്ടാണെന്ന മുഖവുരയോടു കൂടി ഞങ്ങളുടെ രുദ്രാക്ഷത്തിനാവശ്യപ്പെട്ടത്. പക്ഷേ ഇത്തവണ കാര്‍ഡിന്റെ കൂടെ മണിഓര്‍ഡറും ഉണ്ടായിരുന്നു. രുദ്രാക്ഷം അയ്ക്കുവാനുള്ള തുക മാത്രം ഒരുറുപ്പികയില്‍ നിന്നെടുത്ത് ബാക്കി, ആവശ്യങ്ങള്‍ നൂറായിരം ഉണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ ഒരു പെട്ടിയില്‍ നിക്ഷേപിച്ചു. പിന്നീടുള്ള ചരിത്രം ചുരുക്കിപ്പറയാം: മൂന്നുമാസം കൊണ്ട് രണ്ടിടങ്ങഴി രുദ്രാക്ഷം ഞങ്ങള്‍ പല സ്ഥലങ്ങളിലേക്കുമായി അയച്ചുകൊടുത്തു. നാലുമാസം കഴിഞ്ഞപ്പോഴേക്കും മദ്രാസ്, കല്‍ക്കത്ത, ബോംബായ് എന്നീ നഗരങ്ങളിലെ ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ ഓരോ ചെറിയ പരസ്യവും മലയാളം പത്രങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകളോടു കൂടിയ അര പേജ് പരസ്യങ്ങളും കൊടുക്കുവാന്‍ ഞങ്ങള്‍ക്കു സാധിച്ചു.

പറങ്ങോടന്‍ പ്രതീക്ഷിച്ചിരുന്നതുപോലെ അന്നേ ഞങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ വരാതിരുന്നില്ല. അവയില്‍ ചിലതില്‍ കൂടി പ്രസ്ഫുരിച്ച ഞങ്ങളുടെ രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തിലുള്ള അതിരറ്റ ഭക്തിവിശ്വാസങ്ങള്‍ കണ്ടപ്പോള്‍ “ഒടുക്കം ഇതില്‍ നമ്മളറിയാത്ത വല്ല അഭൗമശക്തികളും ഉണ്ടായിരിക്കുമോ?” എന്നുകൂടി ഞാന്‍ പറങ്ങോടനോടു ചോദിക്കുവാന്‍ പ്രേരിതനായി. ആ വഞ്ചകമഹാസമ്രാട്ടാകട്ടെ,
“വെണ്‍ചന്ദ്രികയ്ക്കു നിറംകൂടുമാറൊന്നു
പുഞ്ചിരികൊള്ളുക മാത്രം ചെയ്തു!”

ഒരെഴുത്ത് ഇതാ:


S 2400
ഗുരുപാദങ്ങളെ,

ലോക രക്ഷചെയ്‌വാന്‍ അവതരിച്ചിരിക്കുന്ന അങ്ങുന്ന് ആരാണെന്ന് ഞാന്‍ അറിയുകയില്ല. പക്ഷേ ആരായിരുന്നാലും അങ്ങ് ലോകത്തിന് പ്രദാനം ചെയ്തിരിക്കുന്ന ഈ ദിവ്യവരം—അതിവിശിഷ്ടമായ ത്രൈയംബക രുദ്രാക്ഷം—ലോകത്തിലെ അവതാരപുരുഷന്മാരുടെ ഇടയില്‍ അങ്ങയുടെ സ്ഥാനത്തെ ഉറപ്പിച്ചിരിക്കുന്നു. എനിക്കയച്ചുതന്ന രുദ്രാക്ഷം ഞാന്‍ ധരിക്കുവാന്‍ തുടങ്ങിയതിന്റെ ശേഷം ഞാനൊരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന ഒരു കേസ് ജയിച്ചു. എന്റെ ഭാര്യ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. കഴിഞ്ഞ ആഴ്ച ഒരു വലിയ പ്രൈസ് കുറിയുടെ ഒന്നാം നറുക്കും എനിക്കു കിട്ടി. ഇങ്ങനെ അടുത്തടുത്ത് ഒരു ഭാഗ്യ സന്നിപാതം ഞാന്‍ എന്റെ ജീവകാലത്ത് അനുഭവിച്ചിട്ടില്ല. ദയ ചെയ്ത് പന്ത്രണ്ടു രുദ്രാക്ഷം കൂടി ഈ എഴുത്തുകണ്ട ഉടനെ അയച്ചുതരുവാനപേക്ഷ. പത്തുറുപ്പിക ഇന്നലെ മണിയോര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഈ പരസ്യം നിങ്ങള്‍ക്ക് ഏതു വിധത്തില്‍ വേണമെങ്കിലും ഉപയോഗിക്കാം
കൃതജ്ഞതാകുലന്‍
കോറോത്ത് കൃഷ്ണന്‍നായര്‍


സാമ്പിളിന് ഒരെഴുത്തു കൂടി താഴെ ചേര്‍ക്കുന്നു.

P 2009
സര്‍,

നിങ്ങളുടെ രുദ്രാക്ഷം ധരിച്ചതിന്റെ ശേഷം ചിരകാലമായി ഞാനാഗ്രഹിച്ചിരുന്ന കാര്യം ഏഴു ദിവസത്തിനകം സാധിച്ചിരിക്കുന്നു. നന്ദി പറയുന്നു. മൂന്നു രുദ്രാക്ഷത്തിന്റെ വില ഇതു സഹിതം അയയ്ക്കുന്നു. സ്നേഹിതന്മാര്‍ക്കു വേണ്ടിയാണ്.
ഔസേഫ് മാത്തന്‍ ബി.ഏ.


(പറയുന്നതിനിടയ്ക്ക് എഴുത്തിനു മീതെയുള്ള നമ്പര്‍ പറങ്ങോടന്‍ ചേര്‍ത്തതാണ് രണ്ടായിരത്തിലധികം എഴുത്തുകള്‍ ഞങ്ങള്‍ക്ക് കിട്ടിയെന്ന് അതു കണ്ടാല്‍ തോന്നുമെങ്കിലും ആദ്യത്തെ എഴുത്തിന്നു കൊടുത്ത നമ്പര്‍ 2000 ആണെന്നു കൂടി ഇവിടെ പ്രസ്താവ്യമാണ്, S എന്നും P എന്നുമുള്ള അക്ഷരങ്ങള്‍ എഴുത്ത് ആദ്യം വായിച്ചത് സഞ്ജയനോ പറങ്ങോടനോ ആണെന്നു മാത്രമേ കുറിക്കുന്നുള്ളൂ.)

പക്ഷേ രണ്ടായിരത്തിലധികം എഴുത്തുകള്‍ വരാന്‍ ഞങ്ങള്‍ വളരെയൊന്നും താമസിക്കേണ്ടി വന്നില്ല. രുദ്രാക്ഷം പാര്‍സലായി ആയയ്ക്കുവാന്‍ നിശ്ചയിക്കപ്പെട്ട കൂലിക്കാരുടെ എണ്ണം പ്രതിമാസം രണ്ടു വീതം വര്‍ദ്ധിച്ചു. ഒരു കൊല്ലത്തിനകത്ത് എഴുത്തുകള്‍ക്ക് മറുപടി അയയ്ക്കുവാന്‍ രണ്ട് ക്ലാര്‍ക്കുമാരെയും ഞങ്ങള്‍ നിശ്ചയിക്കേണ്ടി വന്നു. ഇംഗ്ലീഷ് ദിനപ്രത്രങ്ങളില്‍ ത്രൈയംബക രുദ്രാക്ഷത്തിന്റെ പരസ്യം ആരും പെട്ടന്ന് കാണുവാനിടയില്ലാത്ത മൂലയില്‍ ഒരിഞ്ച് (ഒറ്റക്കോളം) ആയിരുന്നത് പോയി ഒരു മുഴുവന്‍ പേജായിത്തീര്‍ന്നു. 1934 ജനുവരി 1-ആം തീയതി മുതല്‍ ഒരു വലിയ മാളികക്കെട്ടിടം ഞങ്ങള്‍ 50 ക വാടകയായെടുത്തു. രുദ്രാക്ഷം സപ്ലൈ ചെയ്യുന്ന ഏജന്‍സികളുടെ എണ്ണം ആറായിരുന്നു. വേറെയും പരിഷ്കാരങ്ങള്‍ ഞങ്ങള്‍ വരുത്തി. വെള്ളികെട്ടിച്ച രുദ്രാക്ഷം അഞ്ചുറുപ്പികയ്ക്കും സ്വര്‍ണ്ണം കെട്ടിച്ചത് ഇരുപതുറുപ്പികയ്ക്കും ഞങ്ങള്‍ അയയ്ക്കുവാന്‍ തുടങ്ങി. (ആ വഴിക്കും ആദായമുണ്ടായിരുന്നു). സ്ത്രീകള്‍ക്കു ധരിക്കുവാന്‍ ഒരു മാതിരി ചെറിയ രുദ്രാക്ഷം അതിമനോഹരമായ ലോക്കറ്റില്‍ അടക്കി സ്വര്‍ണ്ണചെയിന്‍ സമേതം 100 ക. വിലയായി ഞങ്ങള്‍ സ്റ്റോക്കു ചെയ്തു.

1935 പിറന്നു. പറങ്ങോടനും ഞാനും പണക്കാരായി. ഞങ്ങള്‍ക്ക് രാഷ്ട്രീയ കാര്യങ്ങളില്‍ അഭിരുചി വര്‍ദ്ധിച്ചു. പറങ്ങോടനും ഞാനും ഓരോ പ്രാദേശിക ബോര്‍ഡിന്റെ അധ്യക്ഷന്മാരായി. കാറുകള്‍ ഞങ്ങള്‍ക്ക് പ്രത്യേകമുണ്ടായിരുന്നു. ശത്രുഘ്നയ്യര്‍ പൊളിഞ്ഞു ദീപാളിയായി. ടൗണിലുള്ള അയാളുടെ കാപ്പിക്ലബ് കെട്ടിടം ലേലത്തില്‍ വിറ്റപ്പോള്‍ അതു ഞങ്ങള്‍ വാങ്ങി ആ സ്ഥലത്ത് അതിഗംഭീരമായ ഞങ്ങളുടെ രുദ്രാക്ഷ ഡിപ്പോ പണിയിച്ചു. ഗൗരീശങ്കര്‍ ബാങ്ക് മാനേജരായിരുന്ന ശങ്കര്‍ ലാല്‍സേട്ട് ഇന്‍സോള്‍വെന്റായപ്പോള്‍ കടപ്പുറത്തുള്ള അദ്ദേഹത്തിന്റെ അമരാവതീസദൃശമായ മൂന്നുനില ബംഗ്ലാവും ഞങ്ങള്‍ വിലകൊടുത്തു വാങ്ങി. പറങ്ങോടന്‍ എന്ന പേരിന് അവസ്ഥ പോരായ്കയാല്‍ അങ്ങോര്‍ തന്റെ പേരുമാറ്റി, പി. എന്‍. പൂഴിപ്പറമ്പ് എന്നാക്കി. നിലവിലുള്ള രണ്ടു കാറുകള്‍ക്കു പുറമേ ഒരു റോള്‍സ് റോയ്സ് ഞങ്ങള്‍ ഇരുവരും കൂടി വാങ്ങി.

ആറു മാസം മുന്‍പ് ഒരു ദിവസം ഞങ്ങളുടെ റോള്‍സ്‌റോയ്സ് ബംഗ്ലാവിന്റെ ഗെയ്റ്റിനടുത്ത് എത്താറായപ്പോള്‍ പന്ത്രണ്ടണ വിലയുള്ള ചുരുട്ടിന്റെ ‘അന്ത്യദ്രേക്കാണ’ത്തെ പുറത്തേക്കെറിഞ്ഞ് ഞാന്‍ പറങ്ങോടനോടു പറഞ്ഞു:

“അന്നൊരു ദിവസം നമ്മുടെ രുദ്രാക്ഷത്തില്‍ വാസ്തവത്തില്‍ നമ്മള്‍ കാണാത്ത വല്ല മഹത്ത്വവും ഒളിഞ്ഞുകിടക്കുന്നുണ്ടായിരിക്കുമോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ താന്‍ പുച്ഛരസത്തോടു കൂടി ചിരിച്ചത് ഓര്‍മ്മയുണ്ടോ?”

പറങ്ങോടന്‍: “എന്തോ എനിക്കോര്‍മ്മയില്ല. പക്ഷേ അങ്ങനെ വല്ല മഹത്ത്വവും ഉണ്ടെന്നാണോ തന്റെ വിശ്വാസം?”

ഞാന്‍: “അതേ.”

പറങ്ങോടന്‍: “തെളിവ്?”

ഈ സമയത്ത് കാര്‍ നാനാസുമസുരഭിലമായ നടയില്‍ക്കൂടി വീടിന്റെ മുന്‍വശത്തെത്തി നിന്നു. ഞാന്‍ പുറത്തിറങ്ങി — സ്വര്‍ണ്ണംകെട്ടിച്ച ആനക്കൊമ്പു വടി ബംഗ്ലാവിന്റെയും കാറിന്റെയും പൂന്തോട്ടത്തിന്റെയും നേരെ ചൂണ്ടിക്കൊണ്ടു പറഞ്ഞു. “തെളിവോ? അതാ! ഇതാ! അതാ!”

പറങ്ങോടന്‍ ചിരിച്ചു. പക്ഷേ ഇത്തവണ ആ ചിരിയില്‍ പുച്ഛരസം തീരെ ഉണ്ടായിരുന്നില്ല.
(ഇതി ശ്രീരുദ്രാക്ഷമാഹാത്മ്യം സമാപ്തം)

ശ്രീ · നര്‍മ്മം · 01-08-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *