മറ്റുള്ളവരുടെ ഭാവി പ്രവചിച്ചും പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ചും വാണരുളുന്ന നെടുമങ്ങാട് ശ്രീ ദേശികം രഘുനാഥന്‍ ജ്യോത്സ്യരുടെ കുമ്പസാരം മനോരമയില്‍. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്‍റെ വീട്ടിന്റെ മുന്നിലൂടെ പോകുന്ന വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി, അദ്ദേഹത്തിന്‍റെ വീടിനോടുചേര്‍ന്നു നിര്‍മ്മിച്ചിരുന്ന പൈതൃകശേഖരത്തിലേയ്ക്ക് ശക്തിയോടെ വെള്ളം വന്നുവീണ് എല്ലാം ഒലിച്ചുപോയി എന്നൊരു പത്രവാര്‍ത്ത തിരുവനന്തപുരം എഡിഷനില്‍ ഉണ്ടായിരുന്നു. അതുമായിച്ചേര്‍ത്ത് ഈ ലേഖനം വായിക്കൂ. പാവം ശനി, അവനെ ഇതിലും കരുവാക്കി, എങ്കിലും പല്ലികളുടെ ഈ കഥ നിങ്ങള്‍ അറിഞ്ഞിരിക്കുക. ഇനിയും നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് “പരിഹാരം” കാണാന്‍ ജ്യോത്സ്യനോട് ചോദിയ്ക്കാന്‍ പോകുന്നുണ്ടോ എന്നും ചിന്തിക്കുക. അദ്ദേഹത്തിനുണ്ടായ സങ്കടത്തില്‍ പങ്കുചേരുന്നു.
മനോരമയിലെ ലേഖനം : http://goo.gl/cSx36Y
ശനി പിടിച്ചാല്‍ മുനിയായാലും മുടിഞ്ഞതു തന്നെ. എന്റെ കുടുംബത്തില്‍ സര്‍വ്വര്‍ക്കും ശനി. പിറന്ന കുഞ്ഞും ശനിയില്‍ പിറന്നു. ഈ ശനിച്ചുഴി അത്യാപത്ത് ഉണ്ടാക്കുമെന്നെനിക്കറിയാമായിരുന്നു.
പല്ലിയുടെ ഗതിതന്നെ വരുമായിരിക്കും എന്ന് കുറേക്കാലമായി ഉറപ്പിച്ചിരുന്നു. ആള്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ വാതിലിലിരുന്ന് ചിലയ്ക്കുന്ന പല്ലി ശുഭാ-അശുഭം മറ്റുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നു. ഈ പല്ലി തന്നെ ആരെങ്കിലും വാതിലടയ്ക്കുമ്പോള്‍ അവിടെ ഇരുന്ന് ചതഞ്ഞു മരിക്കും. ഇതാണ് പലപ്പോഴും പ്രവചനക്കാരുടെ സ്ഥിതിയും.
ഇതറിയാവുന്നതുകൊണ്ട് കുറേക്കാലമായി ഒരു പ്രാഥമിക ശ്രദ്ധ എന്ന നിലയില്‍ ഞാന്‍ കഴിവതും ഫോണ്‍ എടുത്തിരുന്നില്ല. ജനസമ്പര്‍ക്കവും ആവുംവിധം കുറച്ചു. ഏതിലൂടെയാണ് ശനി പിടികൂടുകയെന്ന് പറയാനൊക്കില്ലല്ലോ. അങ്ങനെ പഴുതടച്ചു പോകുകയായിരുന്നു. അപ്പോഴാണ് മുറിവില്‍ മുളകുതേച്ചതു പോലെ കഴിഞ്ഞ മാസം രാഹു-കേതുക്കളുടെ മാറ്റം സംഭവിച്ചത്. ഈ മാറ്റത്തിന്റെ ഗുണദോഷം ഞാന്‍ പലതിലും എഴുതി. ഞാനും ശ്രദ്ധാപൂര്‍വം കാത്തിരുന്നു. വിപത്തിന്റെ നിമിഷവും കാത്ത്.
നാലാം തീയതി രാഹുവിന് ബലം വര്‍ദ്ധിച്ച ദിവസം അഷ്ടമി തിഥിയില്‍ ആയുര്‍ഭാവത്തില്‍ ഗുളികന്‍ നില്‍ക്കുന്ന രാത്രിയില്‍ ‘ശനി പിടിച്ചാല്‍ മുനിയും മുടിയും’ എന്ന് ഞാന്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കി. ഒരു ജന്മം വിയര്‍പ്പൊഴുക്കിയതെല്ലാം പോയി. ഇനി എല്ലാം ഒന്നേന്ന് ഉണ്ടാക്കണം. എത്രയോ ലക്ഷം വേണ്ട കാര്യം. അതിനെക്കാളുപരി എന്റെ കൗമാരം മുതല്‍ ഞാന്‍ ജന്മപ്രേരണയുടെ ഫലമായി സ്വരൂപിച്ചു സംവിധാനം ചെയ്ത എന്റെ പൈതൃക മ്യൂസിയം ആകെ തകര്‍ന്നു. അതിന്റെ മൂല്യം രൂപയിലല്ല. അതിന്റെ വില നമ്മുടെ സംസ്‌കാരപൈതൃകത്തിലാണ്. അതില്‍ ഒരു ഉപ്പു കഷണം പോലും എത്രകോടി കൊടുത്താലും ആ പഴമയോടെ ശേഖരിക്കാന്‍ ഇനി കഴിയില്ല.
ഇത്രയും നാശം വിതച്ചതിന്റെ അടിസ്ഥാനം എന്റേയും കുടുംബത്തിന്റേയും സമയദോഷമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ മറുവശത്ത് മറ്റൊരു വലിയ അനാസ്ഥയുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ. നാല്‍പത്തിയെട്ട് ദിവസമായി ലീക്ക് ചെയ്യുന്ന ഈ പൈപ്പ് നന്നാക്കണമെന്ന് ദിവസവും ആവശ്യപ്പെട്ടിട്ടും അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഇതിനു മുന്‍പും ഇതേ പൈപ്പ് ഇതേ പ്രദേശത്ത് വിവിധ ഭാഗങ്ങളില്‍ പൊട്ടി നാല് വീട് തകര്‍ന്നിട്ടുണ്ട്.
Discussion about this post