ക്രിയേറ്റിവ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്ന Worth1000 എന്ന വെബ്സൈറ്റില്‍ ഏകദേശം അഞ്ചു വര്‍ഷം മുമ്പ് ഒക്ടോബര്‍ 2008ല്‍ Archaeological Anomalies എന്ന പേരില്‍ നടത്തിയ ഒരു അഡ്വാന്‍സ്‌ഡ് ഫോട്ടോഷോപ്പ് എഫക്റ്റ് മത്സരത്തില്‍ പങ്കെടുത്ത ചില ചിത്രങ്ങളാണ് ഇവ. ഈ മത്സരത്തിലെ എല്ലാ ചിത്രങ്ങളും കാണാം. [FB, YT]
“രാമായണവും മഹാഭാരതവും ചുമ്മാ കഥകള്‍ ആണെന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢികള്‍ കണ്ടോളൂ, ഇത് ഭീമപുത്രനായ ഘടോല്‍ക്കചന്റെ 80 അടി നീളമുള്ള അസ്ഥികൂടമാണ്, 2007-ല്‍ ഇന്ത്യന്‍ സേനയുടെ സഹായത്താല്‍ നാഷണല്‍ ജിയോഗ്രഫി ടീം ഇന്ത്യയുടെ അതിര്‍ത്തിയില്‍ കണ്ടെടുത്തു” എന്നൊക്കെ പറഞ്ഞു ഇതിലെ ചില ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കിലും ഇമെയില്‍ ലിസ്റ്റുകളിലും മറ്റും കാണുന്നുണ്ട്. ഭാരതസംസ്കാരത്തിന്റെ ഔന്നത്യം കാണിക്കാന്‍ ഇത്തരം ഫോട്ടോഷോപ്പ് വിദ്യകളെ ആശ്രയിക്കണോ? ഭീമമായ ആകാരത്തിനു പ്രത്യേകിച്ച് യാതൊരു കാര്യവുമില്ല, സനാതനമായ ജ്ഞാനത്തിലൂന്നിയതാണ് നമ്മുടെ സംസ്കാരം. അതിനാല്‍ ഇതുപോലെ ഏതെങ്കിലും ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ഉണരേണ്ടതല്ല ഭാരതീയന്റെ അഭിമാനം!
ഭാരതത്തിന്റെ വടക്കുഭാഗത്ത് ഇന്ത്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ഭാഗത്തു സേനയുടെ സഹായത്തോടെ നാഷണല്‍ ജിയോഗ്രഫിക് ടീമിന്റെ ഇന്ത്യന്‍ ഡിവിഷന്‍ ഇത്തരം ഭീമാകാരമായ പുരാതന മനുഷ്യനെ കണ്ടെത്തിയെന്ന തെറ്റായ ഒരു വാര്‍ത്ത മാര്‍ച്ച് 2007ല്‍ ‘ഹിന്ദു വോയിസ്‘ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ സൂപ്പര്‍ ഹ്യൂമന്‍ ഏകദേശം 200BC യിലാണ് ജീവിച്ചിരുന്നതെന്നും മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്ന ഭീമാകാരന്മാരുടെ അസ്ഥികൂടമാണ് ഇതെന്നും കാണിക്കുന്ന ശിലാലിഖിതങ്ങളും ഇവിടെ കാണപ്പെട്ടു എന്നും ഇവര്‍ വളരെ വലുതും ശക്തിമാന്മാരും ആയിരുന്നെന്നും ഒരു വലിയ മരം തന്നെ കടപുഴുകാന്‍ തക്ക ശക്തിയുള്ളവരും ആയിരുന്നെന്നും ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ ‘ഹിന്ദു വോയിസ്’ എഴുതി! വായനക്കാര്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ എഡിറ്റര്‍ മറ്റൊരു ലക്കത്തില്‍ ഖേദപ്രകടനവും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ, തെറ്റായ ആ പഴയ വാര്‍ത്തയെ പിന്‍പറ്റിയാണ് ഇപ്പോഴും പലരും ഘടോല്‍കചന്റെ ചിത്രവും മറ്റും പ്രചരിപ്പിക്കുന്നത്. ശരിയിലേയ്ക്കുള്ള തിരുത്തലുകള്‍ ആരുടേയും ശ്രദ്ധയില്‍ പെടുകയില്ലല്ലോ!
ഡിസംബര്‍ 14, 2007ലെ ഒരു ലേഖനത്തില്‍ നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റി തന്നെ ഇക്കാര്യം തള്ളിയിട്ടുണ്ട്.
അതുപോലെ, അമേരിക്കയിലെ Cornell University യുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പ്രോഗ്രാമിലെ ചില ചിത്രങ്ങളും ഇതുപോലെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലതും മുകളില്‍ കൊടുത്തിട്ടുണ്ട്.
ഗൂഗിള്‍ ഇമേജ് സെര്‍ച്ച് ചെയ്‌താല്‍ ആദ്യം കിട്ടുന്നത് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ് പേജുകള്‍ ആയിരിക്കും. ഈ ചിത്രങ്ങളോടൊപ്പം ശരിയെക്കാളുപരി തെറ്റായ വിവരങ്ങളാണ് കൂടുതല്‍ പ്രച്ചരിച്ചിരിക്കുന്നത് എന്നതിനാല്‍ ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അത് ശരിയാണ് എന്ന് കരുതും എന്നേയുള്ളൂ.
Discussion about this post