കടപ്പാട്: സി. ശ്രീധരന്‍ മാസ്റ്റര്‍ , ജന്മഭൂമി
ലക്ഷണമൊത്ത ഒരു കാവ്യം രചിക്കാത്തതിന്റെ പേരില്‍ ‘മഹാകവി’പ്പട്ടം ലഭിക്കാതെ പോയെങ്കിലും മലയാളികളുടെ മനസ്സില്‍ എന്നും മഹാനായ കവിയായി വിരാജിക്കുന്നു കുഞ്ഞുണ്ണിമാസ്റ്റര്‍. ഉള്‍ക്കരുത്തുകൊണ്ട് സമ്പന്നമായ കുഞ്ഞുകവിതകളിലൂടെ യാണദ്ദേഹം ‘ഉയരമില്ലാത്തവനെ’ങ്കിലും സാഹിത്യലോകത്ത് ഉന്നതശീര്‍ഷനായത്. തന്നെപ്പോലെതന്നെ നീളം കുറഞ്ഞ വരികളിലൂടെ ധര്‍മ്മോപദേശങ്ങളും സാമൂഹിക വിമര്‍ശനങ്ങളും ആക്ഷേപഹാസ്യവുമെല്ലാം അദ്ദേഹം സമൃദ്ധമായി സഹൃദയര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു.
കുഞ്ഞുങ്ങളോടായിരുന്നു മാഷിനേറെയിഷ്ടം എന്നത് പ്രസിദ്ധമാണ്. ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ എന്നത് കേരളം സ്വീകരിച്ച ഒരു സുന്ദരോക്തിയാണ്. അദ്ദേഹം എവിടെ ചെന്നാലും കുറച്ച് കോളേജ് കുമാരന്മാരും കുമാരിമാരും ഒപ്പമുണ്ടാകുമായിരുന്നു. ഇന്നത്തെ തലമുറക്ക് പഴഞ്ചനെന്ന് തോന്നിയ്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വേഷം. ഒട്ടും ആകര്‍ഷകമല്ലാത്ത കുറിയ ശരീരം, തേച്ചുവെടിപ്പാക്കാത്ത, കോളറില്ലാത്ത കുപ്പായവും മുക്കാല്‍ മുണ്ടും ഒരു കാലന്‍കുട- ഇതൊക്കെയായിരുന്നു ബാഹ്യമായി നാം കാണുന്ന കുഞ്ഞുണ്ണിമാഷ്.
ഇങ്ങനെയൊക്കെയായ മാഷിനെ ചുമലേറ്റി നടക്കാന്‍ യുവാക്കളെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരിക്കാം? നിഷ്കളങ്കമായൊരു മനസും കവിതയിലെ ലാളിത്യവും എന്നുതന്നെയാണുത്തരം. എല്ലാവരോടും സ്നേഹവും അടുപ്പവും കാണിക്കുമ്പോഴും ഒന്നിനോടും അമിതമായ ആസക്തിയില്ലാതെ അദ്ദേഹം ജീവിച്ചു. ഒരു ജാടയുമില്ലാതെ പ്രായഭേദമെന്യേ എല്ലാവരോടും ഇടപഴകാനാനും സ്നേഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
കുട്ടികളുടെ രചനകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ വേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആരംഭിച്ച ‘ബാലപംക്തി’ വളരെക്കാലം സജീവമായിരുന്നു. അതില്‍ കുട്ടികളുടെ കഥകളും കവിതകളും എഡിറ്റുചെയ്യുകയും ചെറിയ ഉപദേശങ്ങള്‍ എഴുതുകയും ചെയ്യുന്ന ‘കുട്ടേട്ടന്‍’ കുഞ്ഞുണ്ണിമാഷാണെന്ന് പറഞ്ഞുതന്നത്, അന്ന് ‘കേസരി’ പത്രാധിപരായിരുന്ന എം.എ. സാറായിരുന്നു. 1970-കളുടെ അവസാനം ‘ബാലഗോകുലം’ എന്ന കുട്ടികളുടെ പ്രസ്ഥാനം പിച്ചുവെച്ച് നടക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. കുട്ടികള്‍ക്ക് പ്രിയപ്പെട്ട ‘കുട്ടേട്ടനെ’ കാണാന്‍ എം.എ. സാറുമൊത്ത് കോഴിക്കോട്ട് മീഞ്ചന്ത ശ്രീരാമകൃഷ്ണാശ്രമത്തിലെത്തിയത് ഇപ്പോഴും ഓര്‍ക്കുന്നു. (മാഷിന്റെ ജീവിതം പോലെതന്നെ അത്യന്തം ലളിതമായ സൗകര്യങ്ങളോടുകൂടിയ ആ ചെറിയ മുറി പിന്നീട് പലതവണ സന്ദര്‍ശിക്കുകയുണ്ടായി.)
ബാലഗോകുലം എന്ന പ്രസ്ഥാനത്തെപ്പറ്റിയും കേരളത്തിലെ കുട്ടികളുടെ പ്രശ്നങ്ങളെപ്പറ്റിയും ദീര്‍ഘനേരം മാഷുമായി സംസാരിച്ചു. കുഞ്ഞുണ്ണിമാഷ് അന്നും പില്‍ക്കാലത്തും ഊന്നിപ്പറഞ്ഞ കാര്യം കുട്ടികളുടെ ഭാഷയും സംസ്കാരവും സംബന്ധിച്ചായിരുന്നു. കുട്ടികള്‍ മലയാളഭാഷ നന്നായി പഠിക്കണം. അക്ഷരം ശുദ്ധമായി പറയാനും എഴുതാനും പഠിക്കണം. സംസ്കാരസമ്പന്നരാവാന്‍ മാതൃഭാഷാ പഠനം അത്യന്താപേക്ഷിതംതന്നെയാണ്. ഇന്ന് മലയാളഭാഷാ പഠനത്തെ സംബന്ധിച്ച് സര്‍ക്കാരും ഇതര സംഘടനകളും ഗൗരവമായി ചിന്തിച്ചുതുടങ്ങുന്നതേയുള്ളൂ എന്നോര്‍ക്കുമ്പോഴാണ് 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ തന്നെ കുഞ്ഞുണ്ണിമാഷ് ഈ വിഷയത്തില്‍ കാണിച്ച ജാഗ്രതയുടെ പ്രാധാന്യം മനസിലാവുന്നത്. ആയിടക്കദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍, “ജനിക്കുമ്പോള്‍ തന്നെ തന്റെ മോന്‍ ഇംഗ്ലീഷ് പഠിക്കണമെന്നുദ്ദേശിച്ച് ഭാര്യയുടെ പേറ് അങ്ങിംഗ്ലണ്ടിലാക്കിയ” മാന്യനെ പരിഹസിക്കുന്ന രണ്ടുവരി കവിതയെഴുതി. ഇത് നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്ക് നന്നായി ബോധിച്ച വരികളായിരുന്നു!
കേരളത്തില്‍ കാണുന്ന അമിതമായ ഇംഗ്ലീഷ്പ്രേമത്തെയും മാതൃഭാഷയെ താഴ്ത്തിക്കെട്ടുന്ന പ്രവണതയെയും മാഷ് തന്റെ ഇത്തിരികവിതയെന്ന മൂര്‍ച്ചയേറിയ ‘ആയുധ’മുപയോഗിച്ച് വേണ്ടപോലെ പരിഹസിച്ചു. ഇന്ന് 35 വര്‍ഷങ്ങള്‍ക്കുശേഷവും മാഷിന്റെ ആശങ്കകള്‍ ശരിയായിരുന്നു എന്ന് നാം മനസിലാക്കുന്നു. നമ്മുടെ നാട്ടിലെ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ മലയാളത്തിന്റെ ‘മണ്ണും മനസ്സു’മുപയോഗിച്ച് കുട്ടികളെ നിര്‍ബന്ധമായി ഇംഗ്ലീഷ് ഭാഷയും യൂറോപ്യന്‍ ഭാഷയും ഭക്ഷണരീതികളും പരിശീലിപ്പിച്ച്, അവരെ ‘സായിപ്പാ’ക്കാന്‍ പരക്കംപായുന്ന കാലത്താണ് കുഞ്ഞുണ്ണിമാഷ് അതിനെതിരെ തൂലിക ചലിപ്പിച്ചത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്നുണ്ടായിരുന്നു കേരളത്തില്‍. ഷൂസും ടൈയും വായില്‍ ഇംഗ്ലീഷ് പാട്ടുമായി കുട്ടികള്‍ സ്കൂളില്‍ പോകുന്നത് കണ്ട് രക്ഷിതാക്കള്‍ ആനന്ദനിര്‍വൃതിയടഞ്ഞു!
കേരളത്തില്‍ വ്യാപകമായി ബാലഗോകുലം യൂണിറ്റുകള്‍ (ഗോകുലങ്ങള്‍) സ്ഥാപിച്ചുകൊണ്ടിരുന്ന 1980-കളില്‍ അതിനുവേണ്ടി കേരളത്തില്‍ അങ്ങോളമിങ്ങോളം കുഞ്ഞുണ്ണിമാസ്റ്റര്‍ യാത്രചെയ്തു. രക്ഷാധികാരി ശിബിരങ്ങള്‍, ബാലമിത്ര ശില്‍പശാലകള്‍, ഭഗിനിമാര്‍ക്കുള്ള പരിശീലന ശിബിരങ്ങള്‍, കുട്ടികളുടെ നാടക-കവിതാക്യാമ്പുകള്‍ എന്നുവേണ്ട എല്ലാ പ്രധാന പരിപാടികളിലും മാഷിന്റെ സജീവസാന്നിധ്യമുണ്ടാകുമായിരുന്നു. ആയിരക്കണക്കിന് കുട്ടികള്‍ ഒരുമിച്ച് കൂടുന്ന ബാലമേളകളില്‍ കുഞ്ഞുണ്ണിമാഷ് സംസാരിച്ചുതുടങ്ങിയാല്‍ കുട്ടികള്‍ നിശ്ശബ്ദരായി എത്രസമയം വേണമെങ്കിലും കേട്ടിരിക്കുന്നത് അത്ഭുതത്തോടെയാണ് ഞങ്ങള്‍ കണ്ടുനിന്നത്!
കുട്ടികള്‍ക്കുവേണ്ടി കോഴിക്കോട്ട് നടത്തപ്പെട്ട കവിതാക്യാമ്പുകളില്‍ മാഷിന്റെ മുഴുവന്‍സമയ സാന്നിധ്യവുമുണ്ടായിരുന്നു. മൂന്ന് ദിവസവും കുട്ടികളുടെ കൂടെ അദ്ദേഹം ക്യാമ്പില്‍ ചെലവഴിച്ചു. മഹാകവി അക്കിത്തം, നാരായണക്കുറുപ്പ്, കൈതപ്രം, ശ്രീധരനുണ്ണി മുതലായ പല പ്രശസ്തരുമായി ഇടപഴകാന്‍ കുട്ടികള്‍ക്കതില്‍ അവസരമുണ്ടായിരുന്നു.
ഗോകുലങ്ങളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ക്ക് അടുക്കും ചിട്ടയുമുണ്ടാകാനായി പാഠ്യപദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ പ്രധാന ചുമതലക്കാരന്‍ കുഞ്ഞുണ്ണിമാഷായിരുന്നു. അതിനുവേണ്ടി എം.എ. സാറിന്റെ കൂടെ മാഷിന്റെ മുറിയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. 1980 കളുടെ ആരംഭത്തിലായിരുന്നു അത്. വിദ്യാലയ പാഠ്യപദ്ധതിയില്‍നിന്നും മലയാള അക്ഷരപഠനവും തുഞ്ചന്‍-കുഞ്ചന്‍-ചെറുശ്ശേരി മഹാകവിത്രയത്തിന്റെ കിളിപ്പാട്ടും തുള്ളലും ഗാഥയും അപ്രത്യക്ഷമാവുമെന്നും ആയതിനാല്‍ ഇവയെല്ലാം ഗോകുല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അങ്ങനെ മലയാളഭാഷയുടെ ബാലപാഠം മുതല്‍ മലയാള കവിതാ സാഹിത്യത്തിലെ കമനീയ മാൃതൃകകള്‍ വരെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഡിപിഇപി എന്ന പേരില്‍ പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ച പുതിയ പരിഷ്കാരം കാരണം മലയാളഭാഷ ‘തലകുത്തി നില്‍ക്കുന്ന’ ഇക്കാലത്ത്, കുഞ്ഞുണ്ണിമാഷിന്റെ അന്നത്തെ പ്രവചനം എത്ര അര്‍ത്ഥപൂര്‍ണമായിരുന്നു എന്ന് നമുക്ക് അത്ഭുതപ്പെടാം.
പാഠ്യപദ്ധതിയിലെ അക്ഷരമാലാ പഠനവും ഉച്ചാരണശുദ്ധിയും പൂര്‍ണമാകാന്‍ ഓരോ കുട്ടിക്കും കേട്ടുപഠിക്കാനായി ശുദ്ധമലയാളഭാഷയുടെ ഓഡിയോ കാസറ്റ്, മാഷിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്തു ബാലഗോകുലം പ്രസിദ്ധപ്പെടുത്തി. അദ്ദേഹംതന്നെയായിരുന്നു അതിന് മുന്‍കയ്യെടുത്തത്.
1995 ല്‍ കാലടിയില്‍ നടന്ന ബാലഗോകുലത്തിന്റെ ഇരുപതാം വാര്‍ഷിക മഹാസംഗമത്തില്‍വച്ച് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ത്ഥസ്വാമികള്‍ കുഞ്ഞുണ്ണിമാഷിനെ ‘കേരളപാണിനി’ എന്ന പദവി നല്‍കി ആദരിച്ചു. അതിന് സാക്ഷികളായ 5000 ല്‍പ്പരം കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കയ്യടിക്കുന്നുണ്ടായിരുന്നു. പിന്നീട് മറ്റ് പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും “കുട്ടികളുടെ സാന്ദീപനി” എന്ന ഈ അംഗീകാരം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സ്വയം മാതൃഭാഷക്കും അതിന്റെ സംസ്കാരത്തിനും വേണ്ടി സമര്‍പ്പിത ജീവിതം നയിച്ച മാഷിനെ അങ്ങനെ ആദരിക്കാന്‍ കഴിഞ്ഞതില്‍ ബാലഗോകുലത്തിന് അഭിമാനിക്കാം.
കുട്ടികളുടെ സാംസ്കാരികാഭിവൃദ്ധിയിലൂടെ മാത്രമേ സമൂഹനന്മയിലേക്ക് നയിക്കാനാവൂ എന്ന് ചിന്തിച്ചിരുന്ന മാഷ്, അവര്‍ക്കുവേണ്ടി നിരവധി പുസ്തകങ്ങള്‍ രചിച്ചു. അവയില്‍ ഉപദേശങ്ങളടങ്ങിയ മുത്തുമണികളും കുഞ്ഞിക്കവിതകളും നാടന്‍കവിതകളും കഥകളും നാടകങ്ങളും എല്ലാമുള്‍പ്പെടും. ആയിരക്കണക്കിന് പഴഞ്ചൊല്ലുകളും കടംകഥകളും നാടന്‍പാട്ടുകളും സമാഹരിക്കുക എന്നത് അദ്ദേഹത്തിന്റെ വലിയൊരു ശ്രമമായിരുന്നു. കുട്ടികള്‍ക്കുവേണ്ടി ഒരു മലയാള നിഘണ്ടു തന്നെ അദ്ദേഹം തയ്യാറാക്കി. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ ‘ബാലസാഹിതി പ്രകാശന്‍’ കേരളത്തിലുടനീളം കുഞ്ഞുണ്ണിമാഷിന്റെ പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ചു. ജ്ഞാനയജ്ഞമെന്ന ഗൃഹസമ്പര്‍ക്ക പരിപാടിക്ക് തുടക്കം മുതല്‍ കൈമുതലായത് മാഷിന്റെ പുസ്തകങ്ങള്‍തന്നെയാണ്.
കേരളത്തിലെ കവിശ്രേഷ്ഠരില്‍ നിഷ്കളങ്ക മനസുമായി, ഇത്രയധികം കുട്ടികളുമായി ഇടപഴകിയ മറ്റൊരാളെ കാണാന്‍ പ്രയാസമാണ്. അദ്ദേഹത്തിന്റെ ഫലിതം ചാലിച്ചുള്ള പ്രസംഗങ്ങള്‍ പ്രസിദ്ധമാണ്. എന്നാല്‍ ആധ്യാത്മികതയുടെ ഉന്നതശ്രേണിയിലായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍ എന്നുള്ളതിന് നിരവധി ഉദാഹരണങ്ങള്‍ ഒറ്റവരിക്കവിതകളിലുണ്ട്. ഉപനിഷത് തത്വങ്ങള്‍ സാധാരണക്കാരായ മലയാളിക്ക് മനസിലാവുന്ന ഭാഷയില്‍ അദ്ദേഹം അവതരിപ്പിച്ചു. ആരെയും ഭയപ്പെടാതെ, ഒന്നിനോടും പ്രത്യേക താല്‍പര്യമില്ലാതെ, അന്ത്യശ്വാസം വരെ നിസ്സംഗനായി ജീവിക്കാനദ്ദേഹത്തിന് സാധിച്ചു.
കുഞ്ഞുണ്ണിമാഷിന്റെ ജന്മദിനമായ മെയ് 10-ാം തീയതി അദ്ദേഹത്തിന്റെ പേരില്‍ നല്‍കപ്പെടുന്ന ‘കുഞ്ഞുണ്ണി പുരസ്കാര’ത്തിലൂടെ ബാലസാഹിതീ പ്രകാശനും ബാലഗോകുലവും ദീപ്തമായ ആ സ്മരണയെ ഉജ്വലമാക്കുകയാണ് ചെയ്യുന്നത്.
Discussion about this post