മനസിന്‍റെ താളാത്മകതയാണ് കലയ്ക്ക് ആധാരം. ശുദ്ധ സംഗീതമാണ് ഏറ്റം അടിസ്ഥാനപരമായ കല.
അനേക തലമുറകളിലൂടെ ആര്‍ജ്ജിച്ച പൂര്‍വികാനുഭവങ്ങളാണ് പാരമ്പര്യത്തിന്‍റെ അടിസ്ഥാനം. നാം ഓരോന്നും കാണുകയും അവയോടു പ്രതികരിക്കുന്നതുമെല്ലാം നമ്മുടെ പൂര്‍വികര്‍ക്ക് അത്തരം കാര്യങ്ങളോട് പ്രതികരിച്ചപ്പോളുണ്ടായ അനുഭവങ്ങളുടെ ഫലമനുസരിച്ചാണ്. പച്ചനിറം നമുക്ക് സുരക്ഷിതബോധം തരുന്നത് പൂര്‍വികാനുഭവത്തില്‍ പച്ച ജലസമൃദ്ധി, ചെടികളും മരങ്ങളും, ആഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ടാണ്. ചുവപ്പുനിറം നമുക്ക് അപകടത്തിന്‍റെ സൂചന നല്കുന്നത് പൂര്‍വികാനുഭവത്തില്‍ ചുവപ്പ് രക്തം വരുന്നതും അപകടവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. ഓരോ പ്രായത്തിലും നമ്മുടെ പൂര്‍വികര്‍ ചെയ്തതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ആ പ്രായങ്ങള്‍ എത്തുമ്പോള്‍ നമ്മെ സ്വാധീനിക്കുന്നുണ്ടാവാം. ഒരാളുടെ അച്ഛന്‍ മാത്രം ചെയ്ത ഒരു പ്രവൃത്തി അല്ലെങ്കില്‍ അയാള്‍ക്ക് മാത്രം ഉണ്ടായ ഒരനുഭവം അയാളുടെ മക്കളില്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ലായെന്നുവരാം. പക്ഷേ അനേക തലമുറകളായി ഉണ്ടായ അനുഭവങ്ങള്‍ അല്ലെങ്കില്‍ ചെയ്യുന്ന പ്രവൃത്തികള്‍ വരുംതലമുറയെ സ്വാധീനിക്കും.
ബാബുക്കയുടെ ബാപ്പ ബംഗാളില്‍നിന്നും വന്ന സംഗീതജ്ഞനായിരുന്നു. അദ്ദേഹത്തിന്‍റെ പൂര്‍വ്വികരും സംഗീതജ്ഞരായിരുന്നു എന്നാണ് അറിവ്. തീരെ കുഞ്ഞായിരുന്നപ്പോള്‍ ബാപ്പയുടെ പാട്ട് കേള്‍ക്കാനിടയായ സന്ദര്‍ഭങ്ങള്‍ ബാബുക്കയുടെ സംഗീത വാസനയെ തൊട്ടുണര്‍ത്തിക്കാണും. പിന്നീട് ബാപ്പയെ അന്വേഷിച്ച് ബംഗാളില്‍ ചുറ്റിക്കറങ്ങിയ കാലഘട്ടത്തില്‍ കല്‍ക്കട്ടയിലെ സംഗീതസദസ്സുകള്‍ കേള്‍ക്കാനും വിവിധ സംഗീതജ്ഞരുമായി ഇടപെടാനും കിട്ടിയ അവസരങ്ങളും ബാബുക്കയുടെ സംഗീതാത്മകത വളരാന്‍ സഹായകമായി. ചിട്ടയായി ഹിന്ദുസ്ഥാനിസംഗീതം ഒരു ഗുരുവിനു ശിഷ്യപ്പെട്ട് പഠിച്ചിരുന്നെങ്കില്‍ ബാബുക്ക ഏതെങ്കിലും ഒരു ഖരാനയുടെ മാത്രം ചുവടുപിടിച്ച് പാടുന്ന ഒരു ക്ലാസ്സിക്കല്‍ ഗായകനായി തീരുമായിരുന്നു. അപ്രകാരം ഒരു പഠനം ഉണ്ടായില്ലെന്നതുകൊണ്ടാണ് മലയാളത്തിന് ബാബുരാജ് എന്ന സംഗീതസംവിധായകനെ ലഭിച്ചത്.
ബാബുക്ക സംഗീതസംവിധായകനായി രംഗത്തവരുന്ന കാലത്ത് നൗഷാദിന്‍റെയും മറ്റും പ്രസിദ്ധമായ ഹിന്ദി പാട്ടുകളുടെ ട്യൂണുകള്‍ ഫിറ്റുചെയ്ത് മലയാള കവിതകള്‍ ഇറക്കുന്ന പതിവാണ് നിലവിലുണ്ടായിരുന്നത്. അല്ലെങ്കില്‍ കര്‍ണ്ണാടക സ്റ്റൈലിലുള്ള ട്യൂണുകള്‍, കര്‍ണാടക രാഗങ്ങള്‍, അതിന്‍റെ സഞ്ചാരം, വള്ളിപുള്ളി മാറ്റാതെ കവിതകളില്‍ ഫിറ്റു ചെയ്യുന്ന ക്രാഫ്റ്റ്. ദേവരാജനും മറ്റും ആദ്യകാലത്ത് പാര്‍ട്ടിക്കുവേണ്ടിയും നാടകങ്ങള്‍ക്കുവേണ്ടിയും ഇറക്കിയ പാട്ടുകള്‍ ശ്രദ്ധിക്കുക. പില്ക്കാലത്തെ ദേവരാജന്‍ തന്നെയാണ് ഹിന്ദി ട്യൂണുകള്‍ ഫിറ്റു ചെയ്ത ഈ പാട്ടുകള്‍ ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും.
ബാബുക്ക ആരംഭം മുതല്‍ തന്നെ അവിശ്വസനീയമായ സര്‍ഗാത്മകത കാണിക്കുന്ന ട്യൂണുകളാണ് രചിച്ചത്. ഹിന്ദുസ്ഥാനി രാഗങ്ങള്‍ അദ്ദേഹത്തിന് എളുപ്പം വഴങ്ങിയിരുന്നു. ബുദ്ധിക്കും കണക്കിനും മുന്‍തൂക്കം നല്‍കുന്ന നിയമബദ്ധമായ കര്‍ണാടകസംഗീതത്തിനു പകരം വൈകാരിക ഭാവങ്ങള്‍ക്ക് ആവിഷ്ക്കാരം നല്‍കുന്ന ചിട്ടകളാല്‍ ബന്ധിക്കപ്പെടാത്ത ഹിന്ദുസ്ഥാനി രാഗങ്ങള്‍ കേരളീയര്‍ക്ക് പുതിയ അനുഭവമായി. ഗീതേ ഹൃദയസഖീ ഗീതേ, താമരകുമ്പിളല്ലോ മമഹൃദയം തുടങ്ങിയ പാട്ടുകള്‍ ഓര്‍മ്മിക്കുക. ഓരോ ചരണത്തിനും വ്യത്യസ്ഥമായ ട്യൂണുകള്‍.
നാടന്‍ ശൈലിയിലുള്ള മനോഹരമായ പാട്ടുകളും കംപോസ് ചെയ്തിട്ടുണ്ട്. രാഘവന്‍ മാസ്റ്ററിനുശേഷം നാടന്‍ പാട്ടുകള്‍ നന്നായി ഉപയോഗപെടുത്തിയ മറ്റാരുമില്ല, ബാബുക്കയല്ലാതെ. ഏതുതരം പാട്ടെടുത്താലും ഏറ്റവും നല്ല ഗാനങ്ങള്‍ ബാബുക്കയുടേതുതന്നെയായിരിക്കും. ഹിന്ദുസ്ഥാനി രാഗങ്ങളാണെങ്കിലും മലയാളത്തിന്‍റെ തനിമ മുറ്റിനില്‍ക്കുന്ന ഗാനങ്ങള്‍. മാമലകള്‍ക്കപ്പുറത്ത്, മഞ്ഞണിപ്പൂനിലാവ്, അഞ്ജനക്കണ്ണെഴുതി തുടങ്ങിയ പാട്ടുകള്‍ ഓര്‍മിക്കുക. സിനിമയില് സന്ദര്‍ഭത്തിനു യോജിക്കുന്ന തരത്തിലുള്ള ട്യൂണുകള്‍ ഇടാന്‍ പാട്ടായാലും റീറെക്കോര്‍ഡിങ്ങായാലും ബാബുക്കയ്ക്ക് അസാധാരണമായ കഴിവുണ്ടായിരുന്നു. ജോസഫ്‌കൃഷ്ണയെപ്പോലൊക്കെയുള്ള പശ്ചാത്യസംഗീതജ്ഞരുടെ സഹായമുണ്ടെങ്കിലും ഓര്‍ക്സ്ട്രേഷന്‍ ഗംഭീരമായി ചെയ്യാന്‍ ബാബുക്കയ്ക്ക് കഴിഞ്ഞിരുന്നു. തലാത് മുഹമ്മദ് പോലെ നാഷണല്‍ലെവല്‍ ഗായകരെക്കൊണ്ട് മലയാളം പാട്ടുപാടിക്കാന്‍ മലയാള സംഗീതസംവിധായകരില്‍ ബാബുക്കയ്ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
ഒരേ പാട്ടിന് നിഷ്പ്രയാസം രണ്ടോ മൂന്നോ ട്യൂണുകള്‍ ഇടാന്‍ ബാബുക്കയ്ക്ക് കഴിഞ്ഞിരുന്നു. ഒരു പ്രൊഡ്യൂസറിന്റെ നിര്‍ബന്ധപ്രകാരം ഓരോ പാട്ടിനും മൂന്ന് ട്യൂണുകള്‍ വീതം ഇട്ട് അതെല്ലാം പ്രൊഡ്യൂസറിന്റെ മക്കളെ കേള്‍പ്പിക്കണമായിരുന്നു. മക്കള്‍ സെലക്ട് ചെയ്യുന്ന ട്യൂണുകള്‍ സാധാരണക്കാര്‍ക്ക് ഇഷ്ടപെടുന്നതായിരിക്കുമെന്നായിരുന്നു പ്രൊഡ്യൂസറുടെ വിചാരം. അവസാനം മക്കള്‍ പറയുന്ന ട്യൂണാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നത്.
ഒരു ഗായകന്‍ ജനഹൃദയങ്ങളില്‍ കയറിക്കൂടുന്നത് ഒരു തരം കണ്ടീഷനിംഗില്‍ കൂടെയാണ്. ശബ്ദമാധുരി, പാടാനുള്ള കഴിവ്, സംഗീതാഭിരുചി, സാധന തുടങ്ങിയവയെക്കാള്‍ നല്ല പാട്ടുകള്‍ പാടിപ്പാടി ആ ശബ്ദവും പാടുന്ന രീതിയും എല്ലാം ജനങ്ങള്‍ക്ക് പടിപടിയായി ഇഷ്ടപ്പെട്ടതായിത്തീരുന്ന പ്രക്രിയയ്ക്കാണ് പ്രാധാന്യം. ബാബുക്കയുടെ പാട്ടുകള്‍ പാടിപ്പാടിയാണ് യേശുദാസും ജാനകിയുമൊക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകരായി തീര്‍ന്നത്. താമസമെന്തേ വരുവാന്‍ എന്ന പാട്ടിനുമുന്‍പ് യേശുദാസ് എവിടെയായിരുന്നു? തളിരിട്ടകിനാക്കള്‍ ജാനകിക്ക് മലയാള സിനിമാരംഗത്ത് അത്യുജ്ജലമായ സ്ഥാനം നേടിക്കൊടുത്തു.
മറ്റനേകം സംഗീത സംവിധായകര്‍ക്ക് ബാബുക്ക മാതൃകയായി. എ .റ്റി. ഉമ്മറിനെയും മറ്റും സംഗീതസംവിധാനം പഠിപ്പിച്ചതില്‍ ബാബുക്ക പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ജീവിച്ചിരുന്ന കാലത്ത് നിക്കാഹുകള്‍ക്ക് പോയി ഹാര്‍മോണിയം വായിച്ച് പാടുമായിരുന്നെങ്കിലും ഒരു ഗായകനായി ബാബുക്ക പരക്കെ അറിയപ്പെട്ടിരുന്നില്ല. ലൈവായി അദ്ദേഹം പാടിയ പാട്ടുകള്‍ കാസറ്റ് ആയാലും സിഡി ആയാലും ഒക്കെ ഇറങ്ങുകയും അത് അനേകര്‍ വാങ്ങി കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു മ്യുസിക്ക് ഡയറക്ടര്‍ സ്വന്തം പാട്ടുകള്‍ പാടുന്നത് കേള്‍ക്കുന്നതിന് ഒരു പ്രത്യേകത ഉണ്ടായിരിക്കാം. പ്രശസ്ത പാട്ടുകാരന്‍ പാടുന്നതിനെക്കാള്‍ ബാബുക്ക സ്വയം പാടുന്നത് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്.
ഇന്ന് നൂറുകണക്കിന് മലയാള സിനിമകള്‍ ഇറങ്ങുന്നുമുണ്ട്. പാട്ടുകള്‍ ഉണ്ടാക്കാനും റെക്കോര്‍ഡ് ചെയ്യുവാനുമൊക്കെ കമ്പ്യൂട്ടര്‍പോലെയുള്ള സാങ്കേതിക വിദ്യകള്‍ ഉണ്ട്. ഉന്നത പരിശീലനവും അറിവും ഉള്ള മുന്‍നിര സംഗീതസംവിധായകര്‍ക്ക് വളരെ തിരക്കാണ്, അവരുടെ പ്രതിഫലത്തുകകള്‍ വളരെ ഉയര്‍ന്നവയാണ്. പക്ഷേ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും ഓര്‍മിക്കപ്പെടുകയും ചെയ്യുന്ന പാട്ടുകള്‍ അപൂര്‍വമാണ്. വര്‍ഷങ്ങള്‍ കടന്നുപോകുംതോറും ബാബുക്കയുടെ പാട്ടുകള്‍ കേരളീയര്‍ കൂടുതലായി തുടര്‍ന്നുകേള്‍ക്കുകയും പാടുകയും ചെയുന്നു എന്നതുതന്നെയാണ് അവയുടെ സവിശേഷത.
മ്യുസിക് ഡയറക്ടര്‍മാരും പാട്ടുകാരും ഇനി അനേകം വരും പോകും. പക്ഷേ ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ എന്ന പോലെ ബാബുക്ക മാത്രം എല്ലാക്കാലവും മലയാള മനസ്സില്‍ നിറഞ്ഞു നില്ക്കും.
ബാബുക്കയുടെ ചില പാട്ടുകള്‍ ആസ്വദിക്കാം
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു…
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
https://www.youtube.com/watch?v=l7MayjJtyH8
പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
https://www.youtube.com/watch?v=4LCUFu2L72s
Discussion about this post