സിംപതിസം – ഫൂലന്‍ദേവിയും കോലപ്പനും രാജവെമ്പാലയും

ഡോ. വി. ജോര്‍ജ് മാത്യു

പാറശ്ശാലയിലെ കോലപ്പനും ഫൂലന്‍ദേവിയും

കുറെ വര്‍ഷം മുന്‍പ് ഒരു ദിവസം രാത്രി കോലപ്പന്‍ ഒറ്റയ്ക്ക് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു.

“ഠോ………..” ഒരു വെടി ശബ്ദംകേട്ട് കോലപ്പന്‍ ഞെട്ടി ഉണര്‍ന്നു.

“ഫൂലന്‍ദേവിയെ വെടിവച്ചു കൊന്നു.” ഒരശരീരി ശബ്ദം വിളിച്ചു പറഞ്ഞു. അതു സ്വന്തം ശബ്ദം പോലെയാണ് കോലപ്പന് തോന്നിയത്.

എന്തെന്നില്ലാത്ത പരവേശം, വെടി കോലപ്പനു കൊണ്ടതുപോലെ. തൊണ്ടയിലും വായിലും ഈര്‍പ്പം ഇല്ലാതെയായി, വരണ്ടുണങ്ങി. എടുത്തടിച്ചതുപോലെ കോലപ്പന്‍ കട്ടിലില്‍ നിന്നും തറയിലേക്ക്‌ കമിഴ്ന്നുവീണു. തല പൊക്കിപിടിച്ചതു കൊണ്ട് മുഖം തറയില്‍ ഇടിച്ചില്ല. പക്ഷേ കാല്‍മുട്ടുകള്‍ രണ്ടും തറയിലിടിച്ചു തകര്‍ന്നിരുന്നു. അസഹനീയമായ വേദന, മരിക്കാന്‍ പോകുന്നതുപോലെ. പക്ഷെ എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. കാല്‍മുട്ടുകള്‍ക്ക് പരിക്കുപറ്റിയിരുന്നു. വലിഞ്ഞിഴഞ്ഞ് അടുത്ത മുറിയിലേക്കു ചെന്നു. അവിടെ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു. അടുത്തിരുന്ന വിളക്കില്‍ നിന്നും എണ്ണയെടുത്ത് കാല്‍മുട്ടുകളില്‍ പുരട്ടി. അപ്പോള്‍ കുറച്ചു ആശ്വാസം കിട്ടി. തറയില്‍ത്തന്നെ കിടന്ന് നേരം വെളുപ്പിച്ചു.

എന്താണ്‌ സംഭവിച്ചതിനെപ്പറ്റി കോലപ്പന് സ്വയം ഒരു വിശദീകരണവും തോന്നിയില്ല. ചമ്പല്‍കാടുകളിലെ ഒരു കൊള്ളക്കാരിയാണ് ഫൂലന്‍ദേവി എന്ന് അറിയാമായിരുന്നു. പിന്നെ അവര്‍ പാര്‍ലമെന്‍റ് അംഗമായി എന്നും കേട്ടിട്ടുണ്ട്. അവരെ വെടിവെച്ചു കൊന്നെങ്കില്‍ താനെന്തിനു നിലത്തു വീഴണം? പിറ്റേദിവസം പത്രം നോക്കി. ഒരു വാര്‍ത്തയും ഇല്ല. കോലപ്പന്‍റെ കാല്‍ നേരെയാകാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുത്തു.

വീണതിന്‍റെ പിറ്റേദിവസം കോലപ്പന്‍ ഒരു സുഹൃത്തിനോട്‌ തന്‍റെ അനുഭവത്തെ പറ്റി പറഞ്ഞു. ആ സമയത്ത് ഫൂലന്‍ദേവി വെടിയേറ്റു മരിച്ചതായിട്ടാണ് തനിക്കു തോന്നുന്നതെന്ന് കോലപ്പന്‍ സുഹൃത്തിനോട് പറഞ്ഞു. അതിന് താന്‍ എന്തു പിഴച്ചു? തന്നെ എന്തിന്‌ തറയില്‍ അടിക്കണം? എന്നു സുഹൃത്തു ചോദിച്ചു. അതിന്‍റെ ആറാമത്തെ ദിവസം അതിരാവിലെ പേപ്പര്‍ കണ്ടു സുഹൃത്ത് ഞെട്ടി. ഫൂലന്‍ദേവിയെ വെടിവെച്ചു കൊന്നതായി വാര്‍ത്ത. വാര്‍ത്ത വായിച്ച് സുഹൃത്ത് കോലപ്പനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. കോലപ്പന്‍ ഞെട്ടിയില്ല. കാരണം ഫൂലന്‍ദേവി കൊല്ലപ്പെട്ടു എന്നു കോലപ്പനു തീര്‍ച്ചയായിരുന്നു. മിക്കവാറും അയാള്‍ വെടിയൊച്ച കേട്ട സമയത്ത് ഫൂലന്‍ദേവിക്ക് വെടി കൊണ്ടുകാണുമെന്ന് അയാള്‍ക്ക്‌തോന്നി. അല്ലെങ്കില്‍ അധികം താമസിയാതെ അവര്‍ വെടിയേറ്റു മരിക്കുമെന്ന് അയാള്‍ക്ക്‌ തീര്‍ച്ചയായിരുന്നു.

കോലപ്പന്‍ ഒരു സാധു മനുഷ്യനാണ്. അയാള്‍ കൊള്ളക്കാരനല്ല. ഫൂലന്‍ദേവിയും അയാളും തമ്മില്‍ എന്താണ്‌ ബന്ധം? കേരളത്തില്‍ ജനിച്ചു ജീവിക്കുന്ന കോലപ്പനും ചമ്പല്‍ കാടുകളിലെ ഫൂലന്‍ദേവിയും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ? ഇതു മുജ്ജന്മ ബന്ധമാണോ?

പാരാസൈക്കോളജിയില്‍ സിംപതിസം എന്നൊരു സങ്കല്പം ഉണ്ട്. രണ്ടു ജീവികള്‍ തമ്മിലുണ്ടാകുന്ന ഒരു തരം താദാത്മീകരണമാണിത്. മനസ്സുകള്‍ തമ്മിലുള്ള സാമ്യം ഇതു സംഭവിക്കാന്‍ ഒരു കാരണമാണ്. ചിലപ്പോള്‍ ഇതു മനുഷ്യനും മൃഗവും തമ്മിലും സംഭവിക്കാം.

കോലപ്പന്‍റെത്‌ വളരെ നാടകീയമായ ഒരനുഭവമായിരുന്നു. അതു തത്സമയ അനുഭവമായിരുന്നോ അതോ ഒരാഴ്ച കഴിഞ്ഞ് നടക്കാന്‍ പോകുന്ന കാര്യത്തിന്‍റെ മുന്‍കൂട്ടിയുള്ള അറിവ് ആയിരുന്നോ എന്ന് കോലപ്പന് അറിഞ്ഞുകൂടാ. ഫൂലന്‍ദേവി കൃത്യമായി എന്നാണ് മരിച്ചതെന്ന് വാര്‍ത്തയില്‍ ഉണ്ടായിരുന്നതായി കൊലപ്പന് ഓര്‍മ്മയില്ല. ഏതായാലും സിംപതിസം എന്ന ഒരു പ്രവര്‍ത്തനം ഇവിടെ നടന്നുവെന്നാണ് എനിക്കുതോന്നുന്നത്.

രാജവെമ്പാലയുടെ കഥ

വനത്തില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യനും രാജവെമ്പാലയും ഉത്തമസുഹൃത്തുക്കളായിരുന്നു. കുട്ടിക്കാലം തൊട്ടേ അവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. രാജവെമ്പാല പലപ്പോഴും ഇയാളുടെ കുടിലിനകത്തു വന്നു കിടക്കുമായിരുന്നു. ഏതു സമയത്തും രാജവെമ്പാല എവിടെയാണ് കിടക്കുന്നതെന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു. ഒരിക്കല്‍ രാജവെമ്പാലയെ വേട്ടയാടാന്‍ വേണ്ടി കുറേപ്പേര്‍ കാട്ടിലെത്തി. തങ്ങളുടെ ഉദ്ദേശം വ്യക്തമാക്കാതെ രാജവെമ്പാല എവിടെ ഉണ്ടെന്ന് അവര്‍ ഈ മനുഷ്യനോടു തിരക്കി. രാജവെമ്പാല എവിടെയാണ് കിടക്കുന്നതെന്ന് അയാള്‍ കൃത്യമായി പറഞ്ഞു കൊടുത്തു. വേട്ടക്കാര്‍ പോയി രാജവെമ്പാലയെ വെടിവെച്ചുകൊന്നു. സ്ഥലം പറഞ്ഞു കൊടുത്തയാള്‍ക്ക് പാരിതോഷികം കൊടുക്കാനായി വന്നപ്പോള്‍ അയാള്‍ കുടിലിനകത്ത് കാരണം വ്യക്തമാകാത്ത രീതിയില്‍ മരിച്ചുകിടക്കുന്നതാണ് അവര്‍ കണ്ടത്.

സമാനഇരട്ടകള്‍

സമാനഇരട്ടകള്‍ (identical twins) തമ്മില്‍ സിംപതിസം ഉണ്ടാകുക അസാധാരണമല്ല. ഇരട്ടകളില്‍ ഒരാള്‍ അസുഖം ഉണ്ടായാല്‍ മറ്റെ ആള്‍ക്ക് ക്ഷീണം തോന്നാം. അവര്‍ തമ്മില്‍ ടെലിപ്പതി സാധാരണമാണ്.

ഒരാള്‍ ചെറിയ കുട്ടി ആയിരുന്നപ്പോള്‍ പണ്ട് ബംഗാളില്‍ ജീവിച്ചുമരിച്ച ഒരാളുടെ ഓര്‍മ്മകള്‍ അയാളിലുണ്ടായിരുന്നു. താന്‍ കഴിഞ്ഞ ജന്മത്തില്‍ വരള്‍ച്ചമൂലം മരിച്ച ബംഗാളിയായിരുന്നു എന്നയാള്‍ കരുതി. കുറെക്കൂടെ വളര്‍ന്നുകഴിഞ്ഞപ്പോള്‍ താന്‍ ഒരു റോമന്‍ പടയാളി ആയിരുന്നുവെന്നു അയാള്‍ക്ക്‌ തോന്നി. ചില പ്രത്യേക അനുഭവങ്ങളിലൂടെ മനസ്സിനു വീണ്ടും മാറ്റം സംഭവിച്ചു കഴിഞ്ഞപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ തഞ്ചാവൂരില്‍ ക്ഷേത്രം പണിയില്‍ പങ്കെടുത്ത ഒരു ശില്പി ആയിരുന്നു താന്‍ എന്നയാള്‍ക്ക് തോന്നി തുടങ്ങി. ഏതൊരുസമയത്തും നമ്മുടെ മനസിന്‍റെ വേവ്സ് അനുസരിച്ചാണ് നമ്മുടെ മനസ്സ് സമാന വേവ്സുള്ള മനസ്സുകളുമായി ബന്ധപ്പെടുന്നത്. ഇപ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന വികാരവിചാരങ്ങള്‍ പൂര്‍ണ്ണമായി നമ്മുടേതുമാത്രം ആകണമെന്നില്ല. നമ്മുടെ മനസ്സുപോലത്തെ മനസുള്ളവരും നമ്മുടെ ബന്ധുക്കളും സ്നേഹിതന്മാരും ഒക്കെ അവരറിയാതെ തന്നെ നമ്മെ സ്വാധീനിക്കുന്നുണ്ടാവാം. അതുപോലെ തിരിച്ചും.

ഡോ. വി. ജോര്‍ജ് മാത്യു · മനഃശാസ്ത്രം · 07-07-2014 · പ്രശസ്ത പാരാസൈക്കോളജിസ്റ്റാണ് ഡോ. വി. ജോര്‍ജ് മാത്യു. കേരള സര്‍വകലാശാല മനഃശാസ്ത്രം വിഭാഗം തലവനായിരുന്നു. ഹോളിഗ്രേറ്റിവ് സൈക്കോളജി എന്നൊരു നൂതന മനഃശാസ്ത്ര വിഭാഗത്തിന്റെ ഉപജ്ഞാതാവാണ്. F W

Leave a Reply

Your email address will not be published. Required fields are marked *