അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന ഈ കവിത കേട്ടിട്ടില്ലാത്തവര്‍ നന്നേ കുറവായിരിക്കും. യുപിസ്കൂളില്‍ പഠിക്കുമ്പോള്‍ ഇതായിരുന്നു സ്കൂള്‍ അസ്സംബ്ലിയില്‍ ചൊല്ലിയിരുന്ന പ്രാര്‍ത്ഥനാഗാനം.
1951ല്‍ എന്‍.എസ്.എസിന്റെ സാമ്പത്തിക ഞെരുക്കമുണ്ടായപ്പോള്‍ അതിനൊരു അറുതിവരുത്താനുള്ള മാര്‍ഗമായി ഉല്‍പന്നപ്പിരിവ് എന്ന ആശയം ശ്രീ എം.പി. മന്മഥന്‍ മുന്നോട്ടുവച്ചു. കരയോഗാംഗങ്ങളുടെ വീടുകള്‍ കയറിയിറങ്ങി നെല്ല്, തേങ്ങ, മരച്ചീനി, കാച്ചി, ചേന തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭാവനയായി സ്വീകരിക്കുകയും അത് ലേലം ചെയ്‌ത് മുതല്‍ക്കൂട്ടുകയുമായിരുന്നു ലക്ഷ്യം. ഉല്‍പന്നപ്പിരിവുകാലത്ത് വാളണ്ടിയര്‍മാര്‍ക്ക് പാടാനായി ശ്രീ മന്മഥന്റെ ആവശ്യപ്രകാരം ശ്രീ പന്തളം കെ.പി. രാമന്‍പിളള രചിച്ചതാണ് ‘അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി’ എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ പ്രാര്‍ഥനാഗാനം. പില്‍ക്കാലത്ത് കേരളത്തിലെ പല വിദ്യാലയങ്ങളിലും പൊതുയോഗങ്ങളിലും ഇത് പ്രാര്‍ത്ഥനാഗീതമായിട്ടുണ്ട്.
പല കരയോഗങ്ങളിലും ശ്രീ മന്മഥന്‍ നേരിട്ടെത്തി ഉല്‍പന്നപ്പിരിവിന് നേതൃത്വം നല്‍കുകയുണ്ടായി. എന്‍.എസ്.എസിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച ഒരു മഹാസംഭവമായി ഉല്‍പന്നപ്പിരിവ് മാറുകയും ചെയ്‌തു. പന്തളം എന്‍.എസ്.എസ് കോളജ് കെട്ടിട നിര്‍മാണഫണ്ട് ശേഖരിക്കാന്‍ മുന്നില്‍നിന്നുപ്രവര്‍ത്തിച്ചത് ശ്രീ മന്മഥനായിരുന്നു. പന്തളത്തും സമീപദേശങ്ങളിലുമുള്ള കരയോഗങ്ങളില്‍ ‘അഖിലാണ്ഡമണ്ഡലം’ എന്ന പ്രാര്‍ഥനാഗാനം ഉറക്കെപ്പാടി വീടുവീടാന്തരം കയറിയിറങ്ങി പണപ്പിരിവ് നടത്തിയിരുന്നത് ശ്രീ എം.പി. മന്മഥന്റെ നേതൃത്വത്തിലായിരുന്നു.
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും
സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്‍ തിരുനാമങ്ങള്‍ പാടി
ശ്രീ എം.പി. മന്മഥനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് കടപ്പാട് : മംഗളം.
Discussion about this post