കൊച്ചിയിലെ കാപ്പിരി മുത്തപ്പന്‍

Kappiri Mutthappan of Kochiഡോ. വി. ജോര്‍ജ് മാത്യു

കൊച്ചിയില്‍ പരക്കെയുള്ള ഒരു സംസാര വിഷയമാണ് കാപ്പിരി മുത്തപ്പന്‍. സന്ധ്യാസമയങ്ങളില്‍ മരങ്ങളിലാണ് സാധാരണയായി കാപ്പിരി മുത്തപ്പനെ കാണുന്നത്. ചില വീടുകളിലും അപൂര്‍വ്വമായി കാപ്പിരിമുത്തപ്പന്‍ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ കാപ്പിരിമുത്തപ്പന്‍റെ ശല്യം ഉണ്ടായതായി പറയപ്പെടുന്ന ഒരു വീട്ടില്‍ ഞാനെത്തി. അവര്‍ പറഞ്ഞ കഥ:

ഏതാണ്ട് അഞ്ചുനൂറ്റാണ്ടുമുമ്പ് പോര്‍ട്ടുഗീസുകാര്‍ ധാരാളമായി കച്ചവടത്തിനു വരാന്‍ തുടങ്ങിയ കാലം. കുറേ പോര്‍ട്ടുഗീസുകാര്‍ ഒരു കപ്പലില്‍ ആഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന കുറേ കാപ്പിരി അടിമകളും അവരോടൊപ്പം ഉണ്ടായിരുന്നു. യാത്രാമദ്ധ്യേ പെട്ടെന്ന് കടലില്‍ കാറ്റും കോളും ഉണ്ടായി. കടല്‍ ക്ഷോഭിച്ചു. കപ്പല്‍ മുങ്ങുമെന്ന നിലയിലായി. എല്ലാവരും ചേര്‍ന്ന് പ്രാര്‍ത്ഥിച്ചു. തിരമാലകളുടെ ഉയരം കൂടിക്കൊണ്ടിരുന്നു. അവസാനം ഒരാളെ ബലികൊടുക്കാന്‍ കപ്പിത്താന്‍ തീരുമാനിച്ചു. ആരോഗ്യദൃഢഗാത്രനായ ഒരു കാപ്പിരിയെയാണ് അതിനായി കപ്പിത്താന്‍ തിരഞ്ഞെടുത്തത്. അയാളുടെ കൈകാലുകള്‍ ബന്ധിച്ച് കപ്പലിന്‍റെ അമരത്തുകൊണ്ടുപോയി നിറുത്തി, തല വെട്ടി, ഉടലും ശിരസ്സും കടലിലേക്ക്‌ തള്ളിയിട്ടു. അതോടെ കപ്പല്‍ ശാന്തമായത്രേ.

ആ കപ്പല്‍ പിന്നെ തിരികെ പോയില്ല. കപ്പിത്താന്‍ ഒരു നാട്ടുകാരിയെ വിവാഹം കഴിച്ച് ഇവിടെത്തന്നെ കൂടി. ഫെര്‍ണാണ്ടസ് എന്നായിരുന്നു അയാളുടെ പേര്. വീട്ടില്‍ ആഹാരം പാകം ചെയ്തു കഴിക്കുമ്പോള്‍ ബലികൊടുത്ത കാപ്പിരിയെ സങ്കല്‍പ്പിച്ച് ആഹാരം ഒരു പ്രത്യേക സ്ഥാനത്തു വച്ചശേഷം മാത്രമേ വീട്ടില്‍ മറ്റാളുകള്‍ ആഹാരം കഴിക്കാവൂ എന്ന് ഫെര്‍ണാണ്ടസിന് നിര്‍ബന്ധമുണ്ടായിരുന്നു. കാപ്പിരിയെ ബലികൊടുത്തതുകൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ഓരോ പ്രാവശ്യവും ആഹാരം കഴിക്കുന്നതിനു മുമ്പേ കാപ്പിരിയ്ക്കു വയ്ക്കുക എന്ന ആചാരം അങ്ങനെ ആ വീട്ടില്‍ തലമുറകളായി തുടര്‍ന്നു വന്നിരുന്നു.

ഏതാണ്ട് നൂറ്റമ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഡച്ചുകാരുമായുള്ള യുദ്ധത്തില്‍ പോര്‍ട്ടുഗീസുകാര്‍ തോറ്റു. ഡച്ചുകാര്‍ പോര്‍ട്ടുഗീസ് ഭവനങ്ങള്‍ കയ്യേറി പോര്‍ട്ടുഗീസുകാരെ കൊല്ലാന്‍ തുടങ്ങി. അനേകം പോര്‍ട്ടുഗീസുകാര്‍ ഓടി രക്ഷപെട്ടു. ഡച്ചുകാരുടെ കയ്യില്‍ അകപ്പെടുമോ എന്നുഭയന്ന് വിലപിടിപ്പുള്ള സാധനങ്ങളെല്ലാം വീട്ടില്‍ എവിടെയെങ്കിലും ഒളിച്ചുവെച്ചിട്ടാണ് പലരും പലായനം ചെയ്തത്. യുദ്ധം തീര്‍ന്നു കഴിഞ്ഞ് തിരിച്ചുവന്ന് നിധിയെടുക്കാമെന്നു അവര്‍ കരുതി. പലരും നിധിക്കു കാവലായി ഒരു കാപ്പിരി അടിമയെക്കൊന്ന് ബലികൊടുത്തിട്ടാണ് പോയത്‌.

അന്നുണ്ടായിരുന്ന കപ്പിത്താന്‍ ഫെര്‍ണാണ്ടസിന്‍റെ പിന്‍ഗാമികള്‍ കേരളം വിട്ടോ, അതോ ഇവിടെത്തന്നെ താമസിച്ചോ എന്ന് വ്യക്തമല്ല. ഏതായാലും ഞാന്‍ സന്ദര്‍ശിച്ച വീട്ടിലെ ആള്‍ക്കാര്‍ കാപ്പിരിയുടെ ആത്മാവിന് ആഹാരം കൊടുക്കുന്ന, കാപ്പിരിയ്ക്കു വയ്ക്കുക എന്ന
ആചാരം തുടര്‍ന്നുവന്നിരുന്നു, തൊട്ടുമുന്‍പത്തെ തലമുറവരെ.

ആ വീട്ടിലെ ഇപ്പോഴത്തെ ഗൃഹനായികയ്ക്ക് നല്ല വിദ്യാഭ്യാസമുണ്ട്. വലിയമ്മ മരിച്ചത്തിനുശേഷം കാപ്പിരിക്ക്‌ ആഹാരം വയ്ക്കുന്ന പതിവ് അവര്‍ നിര്‍ത്തലാക്കി. അതിനുശേഷം വീട്ടില്‍ പല അനര്‍ത്ഥങ്ങളും സംഭവിക്കാന്‍ തുടങ്ങിയത്രേ. പ്രശ്നങ്ങള്‍ ഒഴിവാക്കി കിട്ടാന്‍ കാപ്പിരിക്ക്‌ ആഹാരം വയ്ക്കുന്ന പതിവ് തുടരാന്‍ ഭര്‍ത്താവ് അവരെ ഉപദേശിച്ചുവെങ്കിലും അവര്‍ തയാറായില്ല. അങ്ങനെയിരുന്നപ്പോള്‍ കാപ്പിരിയുടെ രൂപം പലരും കാണാന്‍ തുടങ്ങി.

ഒരു ദിവസം സന്ധ്യാസമയത്ത് പറമ്പില്‍ ചെമ്പരത്തിപ്പൂ പറിക്കാന്‍ പോയ കുട്ടി തൊട്ടടുത്ത മരത്തില്‍ ഒരു കാപ്പിരി ഇരിക്കുന്നതുകണ്ട് ഭയന്നു. പിറ്റേദിവസം കുട്ടിക്ക് പനി പിടിച്ചു. അമ്മ ഉടന്‍ തന്നെ ആ മരം മുറിച്ചു. കുട്ടി എന്നെക്കൊണ്ടുപോയി മരം നിന്ന ആ സ്ഥാനം കാണിച്ചു തന്നു, കുട്ടി കണ്ട കാപ്പിരിയുടെ രൂപവും വിവരിച്ചു തന്നു. അവസാനം ഒരു അച്ചനെ വീട്ടില്‍ വിളിച്ചുകൊണ്ടുവന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി. അതിനുശേഷം ആരും കാപ്പിരിയുടെ രൂപം കണ്ടിട്ടില്ലത്രേ.

ഇപ്പോഴും അനര്‍ത്ഥങ്ങള്‍ ചുരുക്കമായി സംഭവിക്കുന്നുണ്ടെങ്കിലും അതിന്‍റെ കാരണക്കാര്‍ കാപ്പിരിയാകണമെന്നില്ല എന്നാണ് വീട്ടുകാരുടെ വിശ്വാസം. കാപ്പിരിക്ക്‌ ചോറു കൊടുക്കുന്നത് നല്ലതായിരിക്കും എന്ന ഒരു വിശ്വാസം ഗൃഹനാഥനുണ്ട്. വീട്ടിലുള്ളവരുടെ മനസ്സമാധാനത്തിനു വേണ്ടിയാണെങ്കിലും ഏതാണ്ട് അഞ്ഞൂറു വര്‍ഷം മുമ്പ് കടലില്‍ വെച്ച് കൊല്ലപ്പെട്ട ഒരു കാപ്പിരിക്ക്‌ ഇപ്പോഴും കൊച്ചിയില്‍ ആഹാരം വെയ്ക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് ഗൃഹനായിക. അവര്‍ക്കു എന്‍റെ അഭിപ്രായം അറിയണം.

ശാരീരികമായി വ്യക്തികള്‍ പൂര്‍ണ്ണമായും വേറിട്ടവരാണ്. ശരീരത്തിന് അതിര്‍വരമ്പുകളുണ്ട്. മനസ്സ് വൈബ്രേഷന്‍ ആണ്. അതിന് അതിര്‍ത്തികളില്ല. നമ്മുടെ മനസ് നമ്മുടെ ബന്ധുമിത്രാദികളുടെയും നമ്മെപ്പോലെ ചിന്തിക്കുന്നവരുടെയും മനസുകളുമായി ചേര്‍ന്നു കിടക്കുകയാണ്. നാം സ്വപ്നത്തില്‍ ഒരാളെ കാണുന്നതുപോലെയാണ് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിപ്പിലാത്ത ഒരാളുടെ രൂപം ബാഹ്യമായി കാണുന്നതും. നമ്മുടെ മനസ്സിലാണ് മരിച്ചയാളുടെ മനസ്സു നിലകൊള്ളുന്നത്‌. മരിച്ച ആളെ ഓര്‍മിക്കുന്നതും അതിനുവേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നതും കുടുംബ മനസ്സിനെ സാന്ത്വനപ്പെടുത്താന്‍ ഉപകരിച്ചേയ്ക്കും. കുടുംബമനസ്സിന് അശാന്തിയുണ്ടായാല്‍ അതു അനര്‍ത്ഥങ്ങള്‍ക്ക് കാരണമാകാം.

ഇവിടെ കാപ്പിരിക്ക്‌ ആഹാരം വെയ്ക്കുന്നതല്ല പ്രശ്നം. ഇപ്പോഴത്തെ ഗൃഹനായിക മറ്റൊരു വീട്ടില്‍ നിന്ന് കല്യാണം കഴിച്ചു കൊണ്ടുവരപ്പെട്ടതാണ്. അവര്‍ക്ക് ഈ വീട്ടുകാരുടെ തലമുറകളായി കൈമാറി വന്ന ബലികൊടുക്കപ്പെട്ട കാപ്പിരിയോടുള്ള വികാരം മനസില്ലാക്കാന്‍ കഴിയുന്നില്ല. അച്ഛനോടൊപ്പം ഗൃഹനായിക ഉള്‍പ്പെടെ എല്ലാവരും ഒരേ മനസ്സോടെ കാപ്പിരിയുടെ ആത്മാവിനു നിത്യശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കുകയും അപ്രകാരം കാപ്പിരിയുടെ മനസ്സ് സ്വസ്ഥത പ്രാപിച്ചു എന്ന് വിശ്വസിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പിന്നെ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. തനിക്കിതിലൊന്നും വിശ്വാസമില്ല എന്ന് ഗൃഹനായിക പറയുകയും ഉള്ളില്‍ സംശയവും ഭയവും വച്ചു പുലര്‍ത്തുകയും ചെയ്യുന്നതാണ് പ്രശ്നം.


എഡിറ്റര്‍: മാതൃഭൂമിയില്‍ സുജിത്ത് സുരേന്ദ്രന്‍ എഴുതിയ കാപ്പിരിക്കൊച്ചി എന്ന ലേഖനത്തില്‍ നിന്നുള്ളതാണ് വിളക്കുമാടത്തിന്റെ ചിത്രം. ആ ലേഖനത്തിലെ കാപ്പിരി മുത്തപ്പന്‍ എന്ന ഭാഗവും ചുവടെ ചേര്‍ക്കുന്നു.

മട്ടാഞ്ചേരി മങ്ങാട്ടുമുക്കിലേക്കെത്തുമ്പോള്‍ മതിലിനോട് ചേര്‍ന്ന് ഒരു ചെറിയ വിളക്കുമാടം കാണാം. ഉരുകിയൊലിക്കുന്ന മെഴുകുതിരികള്‍ സദാ തെളിഞ്ഞു കത്തുന്നു. പൂക്കളോ, നേര്‍ച്ചക്കള്ളോ, ചുരുട്ടോ, പുഴുങ്ങിയ മുട്ടയോ അവിടെ കണ്ടേക്കാം. ‘കാപ്പിരി മുത്തപ്പന്’ വിശ്വാസികള്‍ വെച്ചിട്ടുള്ള കാണിക്കയാണവ. പ്രത്യേക യാമങ്ങളില്‍ മുത്തപ്പന്‍ വരുമെന്നും ഇവയൊക്കെ ഭക്ഷിച്ച് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചു തരുമെന്നുമാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ഇവിടെ കാവലാളായിരുന്ന ഒരു പഴയ കാപ്പിരിയുടെ ആത്മാവാണ് ‘കാപ്പിരി മുത്തപ്പന്‍’ എന്ന് പറയപ്പെടുന്നു. ഇരുട്ടുവീണ വഴികളില്‍ വഴിതെറ്റുന്നവര്‍ക്ക് വഴികാട്ടിയായും നാടിന്റെ കാവല്‍ക്കാരനായും മുത്തപ്പന്‍ ഇന്നുമുണ്ടെന്ന് ഇവിടത്തെ ചിലരെങ്കിലും വിശ്വസിക്കുന്നു.

വൈദേശികര്‍ അവരുടെ സമ്പത്ത് കുഴിച്ചുമൂടി അവയ്ക്ക് കാവലാകാനുള്ള ആത്മാവായി കാപ്പിരി അടിമയെ ബലി നല്‍കി കുഴിച്ചിടാറുണ്ടത്രെ. ഈ അടിമയാണ് മുത്തപ്പെനെന്നും പറഞ്ഞുകേള്‍ക്കാം. മറ്റൊന്ന്, അതിര്‍ത്തി മതിലിന്റെ ഉറപ്പിനായി ബലിനല്‍കിയ കാപ്പിരിയാണ് മുത്തപ്പനെന്നും ചിലര്‍ പറയുന്നു. ഈ മതിലിന് ‘കാപ്പിരി മതില്‍’ എന്നാണ് പേര്. ഇത്തരത്തില്‍ നിരവധി മതിലുകളും കുടീരങ്ങളും മട്ടാഞ്ചേരി, ഫോര്‍ട്ടു കൊച്ചി, വൈപ്പിന്‍, ചെറായി ഭാഗങ്ങളില്‍ കാണാറുണ്ടായിരുന്നു.

പിന്നീട്, മതിലുകള്‍ പലതും സ്വകാര്യ വ്യക്തികള്‍ കൈയടക്കുകയും കുടീരങ്ങളും മതിലുകളും പൊളിച്ചു മാറ്റുകയും ചെയ്തു. വിരലിലെണ്ണാവുന്ന ചിലത് മാത്രം ഇന്നും അവശേഷിക്കുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മതിലിനും മാടത്തിനും ചുറ്റും തിരക്കേറും. കുറച്ചകലെയായുള്ള പനയപ്പിള്ളി ജങ്ഷനിലും ‘കാപ്പിരി കുടീരം’ കാണാം.

ഡോ. വി. ജോര്‍ജ് മാത്യു · മനഃശാസ്ത്രം · 27-06-2014 · പ്രശസ്ത പാരാസൈക്കോളജിസ്റ്റാണ് ഡോ. വി. ജോര്‍ജ് മാത്യു. കേരള സര്‍വകലാശാല മനഃശാസ്ത്രം വിഭാഗം തലവനായിരുന്നു. ഹോളിഗ്രേറ്റിവ് സൈക്കോളജി എന്നൊരു നൂതന മനഃശാസ്ത്ര വിഭാഗത്തിന്റെ ഉപജ്ഞാതാവാണ്. F W

Leave a Reply

Your email address will not be published. Required fields are marked *