ആത്മീയതയും തേനീച്ചകളും

Koya's Dhoop

ഡോ. അമൃത്

നല്ല മണമുള്ള ധൂപ് തിരഞ്ഞുതിരഞ്ഞ് ഒടുവില്‍ നമ്മുടെ കോയാക്കാന്റെ ധൂപും കയ്യില്‍ വന്നു പെട്ടു. കുട്ടിക്കാലത്ത് എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു, അവരില്‍നിന്നും കിട്ടിയതാണീ ധൂപ് കത്തിച്ചുവച്ച് പ്രാര്‍ത്ഥിക്കുന്ന ശീലം.

അക്കാലത്ത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ഇവരെന്തിനാ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതെന്ന്. അവര്‍ക്ക് ചില ചെറിയ ചെറിയ ചിട്ടകളൊക്കെ ഉണ്ടായിരുന്നു. എല്ലാ മാസത്തിലും ഒരുദിവസം അവര്‍ ആദിത്യന് മുന്നില്‍ പൊങ്കാല അര്‍പ്പിക്കും. എന്തിനാണെന്ന് ചോദിച്ചാല്‍ ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിഞ്ഞ് പ്രകൃതിയുമായി ലയിച്ചുള്ള ജീവിതമാണത്രേ! അയ്യോ, ഒരു കാര്യം പറയാന്‍ മറന്നു, എന്റെ കൂട്ടുകാരിയെന്ന് പറഞ്ഞത് മറ്റാരെയുമല്ല, എന്റെ അമ്മയുടെ അമ്മയായ എന്റെ അമ്മമ്മ!

ബോബ് കട്ട് മുടിയും, പ്രായാധിക്യം കൊണ്ടു അത്യാവശ്യം ഒരു സ്ഥലത്ത് പാര്‍ക്ക്‌ ആകാനുള്ള അസുഖം ഉള്ളതുകൊണ്ടും സ്വഭാവത്തില്‍ അന്നത്തെ ഞാനും അമ്മമ്മയും മാനസിക നിലയില്‍ ഏതാണ്ട് സമപ്രായക്കാരായിരുന്നു! എങ്കിലും അറിവിന്‍റെ കാര്യത്തില്‍ അവര്‍ തന്നെ മുന്നില്‍ അന്നും ഇന്നും എന്നും എന്റെ ഓര്‍മയില്‍! ഇവരീ അറിവുകളൊക്കെ എവിടുന്നു പഠിച്ചു എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

പണ്ടെങ്ങാണ്ട് അവരുടെ വീടിനടുത്ത് ശ്രീ നാരായണഗുരു സന്ദര്‍ശിച്ചുവത്രേ. തിരിച്ചു പോകുന്ന വഴിക്ക് നമ്മുടെ കോച്ചായിരുന്ന അമ്മമ്മേനെ അനുഗ്രഹിച്ചുവത്രേ! എന്റെ അന്വേഷണത്തില്‍ അത്രയേ അറിയാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ ഞാന്‍ അതുകൊണ്ടൊന്നും തൃപ്തനായിരുന്നില്ല.

അവസാനം എന്റെ അമ്മമ്മയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്‌ ജീവിതത്തില്‍ നമ്മള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ വഴി നാം കൂടുതല്‍ പ്രാപ്തരാകാന്‍ തുടങ്ങും. ആ കാര്യപ്രാപ്തി നമുക്ക് ലഭിക്കാന്‍ നമ്മളെ സഹായിക്കാന്‍ ഒരു മനോഹരമായ പ്രകൃതിയെയാണ്‌ ഈശ്വരന്‍ നമുക്കായി സൃഷ്ടിച്ചിരിക്കുന്നതത്രേ. നമുക്ക് ശ്വസിക്കാനുള്ള വായു പ്രകൃതിയിലുള്ളതുപോലെ നമ്മുടെ മനസ്സിനെ ദൃഢപ്പെടുത്തുവാനായി പല അപൂര്‍വ സമ്പത്തുക്കള്‍ പ്രകൃതിയില്‍ നിറച്ചിട്ടുണ്ടത്രേ!

അമ്മമ്മയുടെ യക്ഷികഥകള്‍ കേട്ടിട്ടുള്ളതുകൊണ്ടാകണം കുട്ടിക്കാലത്ത് എനിക്ക് സാമാന്യം നല്ല ഭയം ഉണ്ടായിരുന്നു. ഒരുപക്ഷേ പ്രകൃതിയെ സംരക്ഷിക്കാന്‍ നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു തന്ന കഥകള്‍ മാത്രമാകാം അതെല്ലാം! എന്നാല്‍ എന്റെ അമ്മമ്മ ഈ ലോകത്തോട് ഗുഡ് ബൈ പറഞ്ഞതോടെ എന്റെ ഭയവും മാറി. പില്‍കാലത്ത് പഠനവുമായി ബന്ധപ്പെട്ട് ആത്മീയതയെ കുറിച്ച് മനസ്സിലാക്കാന്‍ ഞാന്‍ പല മതഗ്രന്ഥങ്ങളും വായിച്ചു, പല ആശ്രമങ്ങളും സന്ദര്‍ശിച്ചു, എന്നാല്‍ അതുകൊണ്ടൊക്കെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതു മതഗ്രന്ഥങള്‍ മധു ഊറുന്ന പൂക്കളായും ആശ്രമങ്ങള്‍ തേനീച്ച കൂടുകളായുമാണ്!

തേനീച്ചകളുടെ ജീവിതം വളരെ രസകരമാണ്. പൂക്കള്‍ തോറും പറന്നു നടന്നു നല്ല നല്ല പൂക്കളില്‍ നിന്നും മധു ശേഖരിച്ചു അവരുടെ സ്വന്തം സഞ്ചിയില്‍ സൂക്ഷിക്കും. എന്നാല്‍ പൂക്കളില്‍ നിന്നും അവര്‍ ശേഖരിക്കുന്ന മധു ഔഷധമൂല്യമുള്ള തേനായി മാറുന്നത് അവര്‍ ഓരോരുത്തരുടെയും കഴിവ് കൊണ്ടാണെന്ന് അവര്‍ അറിയുന്നുണ്ടോ ആവോ?

നമ്മുടെ മതഗ്രന്ഥങ്ങളെയെല്ലാം നല്ല നല്ല പൂക്കളായി സങ്കല്‍പ്പിച്ചാല്‍ ആ മനോഹരമായ പൂക്കളില്‍ കാണുന്ന മധുവാകുന്ന അറിവ് ശേഖരിച്ചു അതില്‍ നിന്നും തിരിച്ചറിവ് ആകുന്ന മൂല്യമുള്ള തേന്‍ നാമെല്ലാം ഉണ്ടാക്കുന്നുണ്ടോ, അത് സ്വയം രുചിച്ചു ജീവിതം ആസ്വദിക്കുന്നുണ്ടോ, എന്നൊരു കൊച്ചു സംശയംമുണ്ട്! ആ…!

അയ്യോ! നമ്മുടെ കോയാക്ക ഉണ്ടാക്കിയ ധൂപ് എരിഞ്ഞ് തീര്‍ന്നു. ഈ ധൂപിന്റെ മണം പ്രത്യേകതയുള്ളതുതന്നെ! അടിപൊളി! പല ആശ്രമങ്ങള്‍ക്കും ആത്മീയതയുടെ മണം പരത്തുന്നതില്‍ കോയാക്കാന്റെ ധൂപ് ഒരു ചെറുതല്ലാത്തൊരു പങ്കുവഹിക്കുന്നുണ്ടെന്നുതോന്നുന്നു! 🙂

ഡോ. അമൃത് · ലേഖനം · 22-06-2014 · വര്‍ക്കല മേല്‍വെട്ടൂരില്‍ 'അഗസ്ത്യഗുരു സിദ്ധമര്‍മ്മ ചികിത്സാലയം' സിദ്ധാശുപത്രി നടത്തുന്നു. സിദ്ധമര്‍മ്മ ചികിത്സാരീതിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു. ഫോണ്‍ : 9995205441 F T G+ W

Leave a Reply

Your email address will not be published. Required fields are marked *