ഇന്ന് 2014 ജൂണ്‍ 19. ഇന്ന് വായനാദിനവുമാണ്. രാവിലെ ആറുമണിയ്ക്ക് എഴുന്നേറ്റ് കിഴക്കോട്ടു നോക്കി, ഇല്ല, സൂര്യഭഗവാന്‍ എത്തിയിട്ടില്ല. ഭഗവാന്റെ തേര് വരുന്നതിന്റെ തെളിച്ചം കിഴക്കുദിക്കില്‍ കാണാരാകുന്നുണ്ട്. ബാല്കണിയില്‍ നിന്ന് നേരെ മുകളിലേയ്ക്ക് നോക്കി. ഇതാ നില്‍ക്കുന്നു അര്‍ദ്ധവൃത്താകൃതിപൂണ്ട അമ്പിളിയമ്മാവന്‍. ക്യാമറ (Canon Powershot XS50 HS) എടുത്തുകൊണ്ടുവന്ന്‍ സൂം ചെയ്ത് ഒരു ഫോട്ടോയെടുത്തു പ്രിവ്യൂ നോക്കി, അമ്മാവന്റെ മുഖവും എന്റെ മുഖംപോലെ തന്നെ – മുഖക്കുരുവന്ന പാടുകള്‍ അതുപോലെയുണ്ട്! അമ്മാവന്റെ മുഖത്തിന്റെ പകുതിയില്‍ നിന്നും അല്പം കൂടിമാത്രമേ കാണാറാകുന്നുള്ളൂ.
അപ്പോഴാണ് ഓര്‍ത്തത്, ഏകദേശം ഒരാഴ്ച മുമ്പായിരുന്നു പൌര്‍ണമി (വെളുത്ത വാവ്) . അതിനുശേഷം കുറേശ്ശെ തേമ്പിത്തേമ്പി അമ്മാവന്‍ പകുതിയോളമായി. അപ്പോള്‍ ഇന്ന് പൌര്‍ണമി കഴിഞ്ഞ് സപ്തമിയോ ആയിരിക്കാം. കലണ്ടറില്‍ നോക്കി, അതേ സപ്തമി തന്നെ. ഇനി അമാവാസി (കറുത്ത വാവ്) ആകുന്നതുവരെ ശശിമാമന്‍ കുറേശെ മെലിഞ്ഞുമെലിഞ്ഞ് നമ്മുടെ കാഴ്ചയ്ക്ക് ഇല്ലാതായി തീരും. പൌര്‍ണമി മുതല്‍ അമാവാസി വരെ ശശിയമ്മാവന്‍ ഉദിക്കുന്ന സമയം സന്ധ്യയില്‍ നിന്നും തുടങ്ങി ഓരോ ദിവസവും ഏകദേശം അമ്പതു മുതല്‍ ഒരു മണിക്കൂര്‍ വരെ താമസിച്ചു ഉദിച്ച് അവസാനം അമാവാസിയ്ക്ക് ഉദിക്കാതെ പോകുന്നു. അമാവാസി കഴിയുമ്പോള്‍ നേരം പുലരുമ്പോള്‍ ഉദിച്ച് തുടങ്ങി ഓരോ ദിവസവും ഏകദേശം അമ്പതു മുതല്‍ ഒരു മണിക്കൂര്‍ വരെ നേരത്തെ ഉദിച്ച് പൌര്‍ണമിയാകുമ്പോള്‍ സന്ധ്യയ്ക്ക് ഉദിക്കുന്നു. ഈ കണക്കുകളൊന്നുംതന്നെ കൃത്യമല്ല, നിങ്ങളുടെ സ്ഥലത്തെ കൃതമായ ചന്ദ്രോദയവും ചന്ദ്രാസ്തമയവും അറിയാന്‍ timeanddate.com വെബ്സൈറ്റ് നോക്കൂ. നമ്മുടെ കലണ്ടര്‍ പ്രകാരം ഇക്കാര്യം കൂടുതലറിയാന്‍ തിഥി അറിയൂ.
Discussion about this post