കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം
No Result
View All Result
കുടുക്ക
No Result
View All Result
Home സാമൂഹികം

ജാതകവും ജ്യോതിഷവും – സ്വാമി വിവേകാനന്ദന്‍

ശ്രീ by ശ്രീ
June 14, 2014
in സാമൂഹികം
ജാതകവും ജ്യോതിഷവും – സ്വാമി വിവേകാനന്ദന്‍
1
SHARES
0
VIEWS
Share on FacebookShare on Twitter

സ്വാമി വിവേകാനന്ദന്‍

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം നാലാം ഭാഗം തത്ത്വാന്വേഷണം എന്ന ഗ്രന്ഥത്തിലെ ധര്‍മ്മപരിചയം എന്ന ഉപഭാഗത്തില്‍പ്പെടുന്ന ‘മനുഷ്യന്‍ സ്വന്തം വിധിയുടെ വിധാതാവ്’ എന്ന ഇരുപത്തിരണ്ടാമത്തെ അദ്ധ്യായമാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഈ അദ്ധ്യായത്തിന്റെ ആംഗലേയ ഭാഷ്യം Man the Maker of His Destiny എന്ന ചാപ്റ്ററില്‍ വായിക്കാം.]

ദക്ഷിണഭാരതത്തില്‍ ഒരിക്കല്‍ ഒരു പ്രബലരാജവംശം വാണിരുന്നു. കാലാകാലം ജീവിച്ചിരുന്ന പ്രാമാണികരായ ആളുകളുടെ ജനനസമയത്തെ ആസ്പദമാക്കി അവരുടെ ജാതകം എഴുതിക്കുവാന്‍ ഈ രാജവംശജര്‍ ഒരു ചിട്ടവെച്ചു. ജാതകങ്ങളില്‍ പ്രവചിക്കപ്പെട്ട പ്രധാനസംഭവങ്ങളെ പിന്നീട് ജീവിതത്തിലെ യഥാര്‍ത്ഥാനുഭവങ്ങളുമായി ഓരോന്നും സംഭവിക്കുമ്പോള്‍, അതുമായി താരതമ്യപ്പെടുത്തിപ്പോന്നു. ഇങ്ങനെ ഒരായിരം കൊല്ലത്തേക്കു നടന്നുവന്നു. തല്‍ഫലമായി, ജാതകവും അനുഭവവും തമ്മില്‍, യോജിപ്പുള്ള കാര്യങ്ങള്‍ കണ്ടെത്തി. ഇവയിലന്തര്‍ഭവിച്ച സാമാന്യതത്ത്വങ്ങളെ സമാഹരിച്ചു രേഖപ്പെടുത്തിയത് ഒരു വലിയ ഗ്രന്ഥമാക്കി. ഈ രാജവംശം കാലാന്തരത്തില്‍ നശിച്ചുപോയി. എന്നാല്‍ ജ്യോതിഷികളുടെ വംശം നിലനിന്നു. അവരുടെ പക്കല്‍ ആ ഗ്രന്ഥവും കിട്ടി. ജ്യോതിഷം നിലവില്‍ വന്നത് ഈ വഴിക്കാവാനാണിടയെന്നു തോന്നുന്നു. ജ്യോതിഷത്തിലെ നിസ്സാരാംശങ്ങളിലുള്ള അതിര്‍കവിഞ്ഞ താല്‍പര്യപ്രകടനം ഹിന്ദുക്കള്‍ക്ക് വളരെ ദോഷം ചെയ്തിട്ടുള്ള അന്ധവിശ്വാസങ്ങളിലൊന്നാണ്.

jyothisham1

ഗ്രീക്കുകാരാണ് ജ്യോതിഷം ആദ്യം ഭാരതത്തില്‍ കൊണ്ടുവന്നതെന്നും, അവര്‍ ഹിന്ദുക്കളില്‍നിന്ന് ജ്യോതിശ്ശാസ്ത്രം (ഖഗോളശാസ്ത്രം) കരസ്ഥമാക്കി യൂറോപ്പിലേക്കു കൊണ്ടുപോയി എന്നും ഞാന്‍ വിചാരിക്കുന്നു. എന്തെന്നാല്‍, ഭാരതത്തില്‍ പ്രാചീനകാലത്തെ യജ്ഞവേദികള്‍ ക്ഷേത്രഗണിതപരമായ ചില രൂപകല്‍പ്പനകളനുസരിച്ച് ഉണ്ടാക്കിയിരുന്നതായും ചില കര്‍മ്മങ്ങള്‍, ഗ്രഹങ്ങള്‍ ചില രാശികളില്‍ വരുമ്പോള്‍ അനുഷ്ഠിക്കേണ്ടിയിരുന്നതായും കാണുന്നു. അതിനാലാണ്, ഗ്രീക്കുകാര്‍ ഹിന്ദുക്കള്‍ക്ക് ജ്യോതിഷവും ഹിന്ദുക്കള്‍ ഗ്രീക്കുകാര്‍ക്ക് ജ്യോതിശ്ശാസ്ത്രവും പ്രദാനം ചെയ്തു എന്ന് ഞാന്‍ വിചാരിക്കുന്നത്.

അത്ഭുതമായ പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള ചില ജ്യോതിഷികളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നക്ഷത്രങ്ങളുടെ നിലയെയോ അതുപോലുള്ള കാര്യങ്ങളെയോ മാത്രം ആസ്പദമാക്കിയാണ് അവരപ്രകാരം ചെയ്തതെന്നു വിശ്വസിക്കാന്‍ ന്യായമില്ല. അനേകം ദൃഷ്ടാന്തങ്ങളില്‍ ആയതു കേവലം പരഹൃദയജ്ഞാനം മാത്രമാണ്. ചിലപ്പോള്‍ അത്ഭുതാവഹങ്ങളായ ദീര്‍ഘദര്‍ശനങ്ങള്‍ നടത്തിക്കാണുന്നുണ്ട്. എന്നാല്‍ അനേകം ഉദാഹരണങ്ങളില്‍ അവ ശുദ്ധഭോഷ്കാണ്.

jyothisham2

ലണ്ടനില്‍വെച്ച് ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്തുവന്നു. “അടുത്തകൊല്ലം എന്റെ സ്ഥിതിയെന്താവും?” എന്നു ചോദിച്ചിരുന്നു. എന്താണങ്ങനെ ചോദിക്കാന്‍ കാരണമെന്നു ഞാനയാളോടന്വേഷിച്ചു. ‘എന്റെ സ്വത്തെല്ലാം നശിച്ചുപോയി. ഞാനിപ്പോള്‍ കടുത്ത ദാരിദ്യ്രത്തിലാണ്’ എന്നായിരുന്നു മറുപടി. അനേകം ജീവികള്‍ക്കു പണമാണ് ഏകദേവന്‍. ദുര്‍ബ്ബലരായ ചില ആളുകളുടെ സ്വത്തെല്ലാം നശിക്കുകയും അവര്‍ക്കു ദുര്‍ബ്ബലത തോന്നിത്തുടങ്ങുകയും ചെയ്യുമ്പോള്‍ പണമുണ്ടാക്കാന്‍ വേണ്ടി അവര്‍ എല്ലാത്തരം രഹസ്യമാര്‍ഗ്ഗങ്ങളും പരീക്ഷിക്കുവാന്‍ സന്നദ്ധരാവുകയും ജ്യോതിഷാദിവിദ്യകളെ തേടുകയും ചെയ്യുന്നു.

‘ഇതു വിധിയാണ് എന്നു പറയുന്നവന്‍ ഭീരുവും മൂഢനുമാണ്’ എന്നിങ്ങനെ സംസ്കൃതത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്. ‘എന്റെ വിധിയെ ഞാന്‍ തന്നെ സൃഷ്ടിക്കും’ എന്നാണ് ബലവാന്മാര്‍ പറയുക. വിധിയെപ്പറ്റി പുലമ്പിക്കൊണ്ടിരിക്കുന്നത് പ്രായം കൂടിവരുന്നവരാണ്. യുവജനങ്ങള്‍ പ്രായേണ ജ്യോതിഷത്തെ ആശ്രയിക്കാറില്ല. ഗ്രഹങ്ങള്‍ നമ്മുടെ മേല്‍ പ്രഭാവം പ്രയോഗിക്കുന്നുണ്ടാവാം. എന്നാല്‍ നാം അതിനത്ര പ്രാധാന്യം കല്‍പ്പിക്കാന്‍ പാടില്ല.

jyothisham3

നക്ഷത്രങ്ങളെപ്പറ്റിയുള്ള കണക്കുകൂട്ടലുകളും അതുപോലുള്ള വിദ്യകളും കൌശലങ്ങളും മറ്റുംകൊണ്ടു കാലയാപനം കഴിക്കുന്നവരെ വര്‍ജ്ജിക്കേണ്ടതാണെന്നു ശ്രീബുദ്ധന്‍ പറയുന്നുണ്ട്. ഇന്നേവരെ ജനിച്ചവരിലേക്കും മഹാനായ ഹിന്ദുവാണദ്ദേഹം; അതിനാല്‍ അദ്ദേഹത്തിനു പരമാര്‍ത്ഥജ്ഞാനമുണ്ടായിരുന്നു.

ജ്യോതിര്‍ഗ്ഗണങ്ങള്‍ വന്നുകൊള്ളട്ടെ. അതുകൊണ്ടെന്തു ദോഷം? ഒരു നക്ഷത്രത്തിനു താറുമാറാക്കാവുന്നതാണ് എന്റെ ജീവിതമെങ്കില്‍, അതൊരു കാശിനു വിലപിടിപ്പുള്ളതല്ല. ജ്യോതിഷവും അതുപോലുള്ള ഗൂഢവിദ്യകളും പ്രായേണ ദുര്‍ബലമനസ്സിന്റെ ചിഹ്നങ്ങളാണെന്നു നമുക്കറിയാറാകും. അതിനാല്‍ അവ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയാലുടന്‍ നാം ഒരു വൈദ്യനെ കാണുകയും നല്ല ആഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.

jyothisham4

ഒരു പ്രതിഭാസത്തിനു വിശദീകരണം അതിന്റെ പ്രകൃതത്തില്‍നിന്നുതന്നെ കിട്ടുമെങ്കില്‍, ബാഹ്യമായ വിശദീകരണം അന്വേഷിക്കുന്നത് അസംബന്ധമാണ്. ലോകത്തിന്റെ വിശദീകരണം അതില്‍നിന്നുതന്നെ ലഭിക്കുന്നുണ്ടെങ്കില്‍, അതു പിന്നെ വെളിയില്‍ തേടുന്നത് അസംബന്ധമാണ്. നിങ്ങള്‍ക്കറിയാവുന്ന വല്ല മനുഷ്യന്റെയും ജീവിതത്തില്‍ ആ മനുഷ്യനിലെ ശക്തിവിശേഷങ്ങള്‍ കൊണ്ടുതന്നെ സമാധാനം കാണാന്‍ പാടില്ലാത്ത വല്ല പ്രതിഭാസവും നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതിനാല്‍, നക്ഷത്രങ്ങളെയോ ലോകത്തിലുള്ള മറ്റു വല്ലതിനേയുമോ തേടുന്നതുകൊണ്ടെന്തു പ്രയോജനം?

എന്റെ ഇന്നത്തെ അവസ്ഥക്കു എന്റെ സ്വന്തം കര്‍മ്മങ്ങള്‍ മതിയായ സമാധാനമാണ്. യേശുക്രിസ്തുവിന്റെ കാര്യത്തില്‍പ്പോലും അപ്രകാരമാണ്. അവിടുത്തെ പിതാവ് വെറും ഒരാശാരിപ്പണിക്കാരനായിരുന്നു എന്ന് നമുക്കറിയാം. അവിടുത്തെ ശക്തിയുടെ നിദാനമമ്പേഷിച്ച് നാം മറ്റാരുടെയും അടുത്തു പോകേണ്ടതില്ല. തന്റെതന്നെ ഭൂതകാലത്തിന്റെ ഒരു പരിണതഫലമായിരുന്നു ക്രിസ്തു. ആ ഭൂതകാലമത്രെയും ഈ യേശുവിന്റെ സൃഷ്ടിക്കായുള്ള തയ്യാറെടുപ്പായിരുന്നു. ബുദ്ധന്‍ തന്റെ ഭൂതകാലങ്ങളിലേക്കുള്ള വളരെ ദൂരം പിന്തിരിഞ്ഞുനോക്കി. താന്‍ മൃഗശരീരങ്ങളിലായിരുന്ന അവസ്ഥയില്‍നിന്ന് എങ്ങനെ ഒടുവില്‍ ബുദ്ധനായി വന്നു എന്നു പറയുന്നുണ്ട്. സമാധാനത്തിനു നക്ഷത്രങ്ങളെ തിരക്കിപ്പോകുന്നതെന്തിന്? അവയ്ക്കു നമ്മുടെ മേല്‍ അല്പം പ്രാഭവമുണ്ടായിരിക്കാം. എന്നാല്‍ ആയതില്‍ ശ്രദ്ധ വ്യാപരിപ്പിച്ച് സ്വന്തം മനസ്സുകള്‍ക്കു തളര്‍ച്ചയുണ്ടാക്കാതെ അവയെ അവഗണിക്കുകയത്രേ നാം ചെയ്യേണ്ടത്. ഞാന്‍ ഉപദേശിച്ചുപോരുന്ന കാര്യങ്ങളില്‍ പ്രഥമവും പ്രധാനതമവും ഇതാണെന്നും ഇവിടെ പ്രസ്താവിക്കട്ടെ – അതായത്, ആത്മീയമോ മാനസികമോ കായികമോ ആയ ദൌര്‍ബ്ബല്യമുളവാക്കുന്ന യാതൊന്നിനെയും കാല്‍വിരലുകൊണ്ടുപോലും തൊടാതിരിക്കുക.

മനുഷ്യനില്‍ പ്രകൃത്യാ ഉള്ള ശക്തിയുടെ പ്രകാശനമത്രേ മതം. അനന്തശക്തിയാര്‍ന്ന ഒരു സ്പ്രിംഗ് ഈ ചെറുശരീരത്തില്‍ ചുരുണ്ടുകിടക്കുന്നുണ്ട്. ആ സ്പ്രിംഗ് ക്രമേണ വികസിപ്പിച്ചു വരികയാണ്. അതു വികസിക്കുന്തോറും, തുടരെ സ്വീകരിക്കപ്പെടുന്ന ഓരോ ശരീരവും മതിയാകാതെ വരുന്നു. അതിനാല്‍ അതു അവയുപേക്ഷിച്ചിട്ട് കൂടുതല്‍ ഉത്കൃഷ്ടങ്ങളായ ശരീരങ്ങളെ കൈക്കൊള്ളുന്നു. മനുഷ്യചരിത്രസാരമിതാണ്, മതത്തിന്റേയും നാഗരികതയുടേയും പുരോഗതിയുടേയും ചരിത്രമിതാണ്. ബന്ധനസ്ഥനായ ആ അപ്രതിമപ്രഭാവന്‍ പ്രൊമിത്യൂസ് ബന്ധവിമുക്തനാവുകയാണ്. അതെപ്പോഴും ശക്തിയുടെ ക്രമോന്നതമായ അഭിവ്യക്തിയത്രേ. അതിനാല്‍ ജ്യോതിഷത്തെപ്പോലുള്ള കാര്യങ്ങള്‍, അവയില്‍ ഒരു കഴഞ്ചു സത്യമുണ്ടെന്നിരുന്നാലും, വര്‍ജ്ജിക്കപ്പെടേണ്ടതാണ്.

jyothisham5

ഒരു ജ്യോതിഷിയെസ്സംബന്ധിച്ച പഴയൊരു കഥ കേട്ടിട്ടുണ്ട്. അയാള്‍ ഒരു രാജാവിന്റെ അടുത്തുചെന്ന് അദ്ദേഹം ആറുമാസത്തിനകം മരിക്കുമെന്നു പ്രവചിച്ചു. ഭയവിഹ്വലനായ രാജാവ്, ഭയാധിക്യത്താല്‍ ഏതാണ്ടപ്പോള്‍തന്നെ മരിക്കുമെന്ന മട്ടായി. എന്നാല്‍ രാജസചിവന്‍ ഒരു സമര്‍ത്ഥനായിരുന്നു. ഈ ജ്യോതിഷികള്‍ പൊതുവേ വിഡ്ഢികളാണെന്ന് അയാള്‍ രാജാവിനോടു പറഞ്ഞു. പക്ഷേ രാജാവിനു മന്ത്രിയുടെ വാക്കില്‍ വിശ്വാസം വന്നില്ല. അതിനാല്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുവാന്‍ ജ്യോതിഷിയെ വീണ്ടും കൊട്ടാരത്തിലേക്കു വരുത്താതെ ഗത്യന്തരമില്ലെന്നായി. കൊട്ടാരത്തിലെത്തിയ ജ്യോതിഷിയോട് അയാളുടെ ഗണിതപ്രവചനം ശരിയാണോ എന്ന് മന്ത്രി ചോദിച്ചു. അതു തെറ്റാന്‍ വഴിയില്ലെന്നയാള്‍ മറുപടി പറഞ്ഞു. എങ്കിലും മന്ത്രിയുടെ തൃപ്തിക്കായി എല്ലാം ഒരിക്കല്‍ക്കൂടി ഗണിച്ചുനോക്കിയിട്ട് അതു തികച്ചും ശരിയാണെന്നറിയിച്ചു. രാജാവിന്റെ മുഖം കരുവാളിച്ചു. ‘അപ്പോള്‍ നിങ്ങള്‍ എന്നു മരിക്കുമെന്നാണ് പറയുന്നത്?’ മന്ത്രി ജ്യോതിഷിയോടു ചോദിച്ചു. ‘പന്ത്രണ്ടുകൊല്ലം കഴിഞ്ഞാല്‍’ എന്നായിരുന്നു മറുപടി. ഉടനെ മന്ത്രി തന്റെ വാളൂരി ഒറ്റവെട്ടിനു ജ്യോതിഷിയുടെ ശിരസ്സ് ഉടലില്‍നിന്നു വേര്‍പ്പെടുത്തിയിട്ട് രാജാവിനോടു പറഞ്ഞു: ‘അങ്ങേക്കിപ്പോള്‍ ബോദ്ധ്യമായല്ലോ ഇവന്‍ കള്ളനാണെന്ന്. ഈ നിമിഷംതന്നെ അവന്‍ ചത്തുവല്ലോ.’

jyothisham6

നിങ്ങളുടെ ജനത ജീവിക്കാനാഗ്രഹിക്കുന്നെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം അകന്നുനില്‍ക്കട്ടെ. നല്ല കാര്യങ്ങളുടെ ലക്ഷണം അവ നമുക്കു കരുത്തുണ്ടാകുമെന്നതാണ്. ജീവിതം നല്ലതാണ്. മരണം ചീത്തയും. ഇത്തരം മൂഢവിശ്വാസങ്ങളും നിങ്ങളുടെ രാജ്യത്തു കുമിള്‍ കുരുക്കുംപോലെ പ്രചരിച്ചുവരുന്നുണ്ട്. കാര്യങ്ങളുടെ യുക്തിയുക്തമായ അപഗ്രഥനത്തിനു കഴിവില്ലാത്ത സ്ത്രീകള്‍ അവയൊക്കെ വിശ്വസിക്കാന്‍ തയ്യാറാകയും ചെയ്യുന്നു. സ്ത്രീകള്‍ സ്വാതന്ത്യ്രത്തിനുവേണ്ടി ശ്രമിക്കുന്നുവെങ്കിലും, ഇതേവരെ അവരുടെ ബുദ്ധിക്കു ബലവും ഉറപ്പും ഉണ്ടായിട്ടില്ലാത്തതാണിതിനു കാരണം. ഒരുത്തി ഒരാഖ്യായികാപുസ്തകത്തില്‍ നിന്നെങ്ങാനും ഏതാനും വരി കവിത മനഃപാഠമാക്കിയിട്ട് ‘ബ്രൌണിങ്ങ്’ മുഴുവന്‍ തനിക്കറിയാമെന്നു പറയുന്നു. മറ്റൊരുത്തി ഒരു അദ്ധ്യായനപദ്ധതിയിലെ മൂന്നു പ്രഭാഷണങ്ങള്‍ കേട്ടിട്ട് താന്‍ ലോകത്തിലെ സകലകാര്യങ്ങളെക്കുറിച്ചും അഭിജ്ഞയാണെന്നു സ്വയം വിചാരിക്കുന്നു. സ്ത്രീകള്‍ക്ക് സഹജമായ അന്ധവിശ്വാസങ്ങളെ കൈവെടിയാന്‍ സാധിക്കുന്നില്ലെന്നുള്ളതാണ് വൈഷമ്യം. അവര്‍ക്ക് ഒട്ടേറെ പണമുണ്ട്. കുറെ ബുദ്ധിപരമായ ജ്ഞാനമുണ്ട്. ഈ പരിവര്‍ത്തനഘട്ടത്തിലൂടെ കടന്നുപോയി അവര്‍ക്കൊരു നിലയുറച്ചുകിട്ടിക്കഴിഞ്ഞാല്‍ എല്ലാം നേരെയായിക്കൊള്ളും. എന്നാല്‍ അവര്‍ കപടവിദ്യക്കാരാല്‍ വഞ്ചിക്കപ്പെടുന്നു. ഞാന്‍ പറയുന്നതു കേട്ടു ഖേദിക്കരുത്. ആരെയും അസുഖപ്പെടുത്തണമെന്ന് എനിക്കുദ്ദേശമില്ല. എന്നാല്‍ സത്യം പറയാതെ നിവൃത്തിയില്ല. ഈവക കാര്യങ്ങള്‍ക്കു നിങ്ങള്‍ എത്രമാത്രം വശംവദരായിപ്പോകുന്നുണ്ടെന്നു കാണുന്നില്ലേ? ഈ സ്ത്രീകള്‍ വളരെ നേരുള്ളവരാണെന്നും സകലരിലും സുപ്താവസ്ഥയിലിരിക്കുന്ന ആ ഈശ്വരത്വം ഒരിക്കലും നശിക്കുന്നില്ലെന്നും ഓര്‍മ്മിക്കുക. ആ ഈശ്വരത്വത്തെ തൊട്ടുണര്‍ത്തേണ്ടതെങ്ങനെയെന്നറിയുകയേ വേണ്ടൂ!

ഓരോ മനുഷ്യജീവിയിലും ഈശ്വരത്വമുണ്ടെന്നുള്ള പരമാര്‍ത്ഥബോധം ജീവിതം നീങ്ങുംതോറും എന്നില്‍ അധികമധികം ദൃഢമായിവരികയാണ്. എത്ര വഷളരായാലും ഒരൊറ്റ പുരുഷനിലും സ്ത്രീയിലും ഈശ്വരത്വം നശിക്കുന്നതല്ല. അതിനെ എങ്ങനെ പ്രാപിക്കണമെന്ന് അവരറിയുന്നില്ലെന്നേയുള്ളൂ. ആ പരമസത്യത്തിനുവേണ്ടി അവര്‍ കാത്തിരിക്കയുമാണ്. അങ്ങനെയുള്ള സ്ത്രീപുരുഷന്മാരെ, ദുഷ്ടന്മാരായ ആളുകള്‍ എല്ലാത്തരം ഭോഷ്കുകളും പ്രയോഗിച്ചു വഞ്ചിക്കാന്‍ നോക്കുന്നു. പണത്തിനുവേണ്ടി ചതി കാണിക്കുന്നവനെ മൂഢനെന്നും നെറികെട്ടവനെന്നും വിളിക്കാറുണ്ടല്ലോ. ആത്മീയവിഷയത്തില്‍ അന്യന്മാരുടെ കണ്ണില്‍ മണ്ണിടാനൊരുങ്ങുന്നവന്റെ അധര്‍മ്മം അതിനെക്കാള്‍ എത്രയോ വലുതാണ്! ഇതത്യന്തം ശോചനീയമാണ്.

സത്യത്തിനുള്ള ഏകനികഷം, അതു നിങ്ങള്‍ക്കു ബലം നല്‍കി, മൂഢവിശ്വാസങ്ങള്‍ക്കുപരി നിര്‍ത്തുമെന്നുള്ളതാണ്. ഈ ലോകവും ഈ ശരീരവും ഈ മനസ്സുംപോലും മൂഢവിശ്വാസങ്ങളാകുന്നു. എത്ര അനന്തമായ ആത്മാക്കളാണ് നിങ്ങള്‍! എന്നിട്ട് ഈ കണ്ണു ചിമ്മുന്ന നക്ഷത്രങ്ങള്‍ നിങ്ങളെ പേടിപ്പിക്കുകയോ, ലജ്ജാവഹംതന്നെ! നിങ്ങള്‍ ഈശ്വരന്മാരാണ്. കണ്ണു ചിമ്മുന്ന നക്ഷത്രങ്ങളുടെ നിലനില്പുതന്നെ നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.

jyothisham7

ഞങ്ങള്‍ ഒരിക്കല്‍ ഹിമാലയത്തില്‍ക്കൂടി സഞ്ചരിച്ചു. നോക്കെത്താത്തവണ്ണം നീണ്ട വഴി ഞങ്ങളുടെ മുമ്പില്‍ കിടക്കുന്നു. സാധു സന്ന്യാസിമാരായ ഞങ്ങള്‍ക്കു വാഹകന്മാരെ കിട്ടാന്‍ വഴിയില്ല. അതിനാല്‍ മുഴുവന്‍ ദൂരവും നടന്നാണ് പോയത്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു വയസ്സനുണ്ടായിരുന്നു. അന്തമില്ലാതെ നിമ്നോന്നതങ്ങളായി മുമ്പില്‍ നീണ്ടുകിടന്ന വഴി കണ്ടിട്ട് വൃദ്ധന്‍ പറഞ്ഞു: ‘ഇതെങ്ങനെ നടന്നു തീര്‍ക്കാനാണ്? എനിക്കിനി ഒട്ടും വയ്യ. എന്റെ നെഞ്ചു പൊട്ടിപ്പോകും.’ ഞാന്‍ അദ്ദേഹത്തോടു സ്വന്തം കാല്‍ച്ചുവട്ടിലേക്കു നോക്കാന്‍ പറഞ്ഞു. അദ്ദേഹം അപ്രകാരം ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു: ‘നിങ്ങളുടെ ചവുട്ടടിയിലുള്ള വഴി നിങ്ങള്‍ കടന്നു കഴിഞ്ഞതാണ്. അതേ വഴിതന്നെയാണ് നിങ്ങളുടെ മുമ്പില്‍ കാണുന്നതും. അതും താമസിയാതെ നിങ്ങളുടെ ചവുട്ടടിയിലാകും.’ ഏറ്റവും ഉന്നതങ്ങളായ വസ്തുക്കളും നിങ്ങളുടെ ചവുട്ടടിയിലാണ്; എന്തെന്നാല്‍ നിങ്ങള്‍ ഈശ്വരാവതാരങ്ങളത്രെ. ഈ സകലവസ്തുക്കളും നിങ്ങളുടെ ചവിട്ടടിയിലാണ്. നക്ഷത്രങ്ങളെ പിടിക്കണക്കിനു വാരിവിഴുങ്ങാന്‍ നിങ്ങള്‍ക്കു കഴിയും, അത്ര മഹത്താണ് നിങ്ങളുടെ യഥാര്‍ത്ഥസ്വരൂപം. അതിനാല്‍, ശക്തരാവുക; എല്ലാ മൂഢവിശ്വാസങ്ങളേയും അതിക്രമിച്ചു സ്വതന്ത്രരാവുക.

Tags: ജ്യോതിഷം

Discussion about this post

കൂടുതല്‍ പോസ്റ്റുകള്‍

  • ആണവം കണ്മം മായ
  • ഗുരുവിൻ്റെ കുണ്ഡലിനി പാട്ടും കൊറോണയും !
  • അന്നദാനത്തിന് സമമായി മറ്റൊരു ദാനവുമില്ല!
  • തിരിനാളവും, കുണ്ഡലിനിയും!
  • Flame of IT glows forever !
  • Whatever happening is “PREDETERMINED”!
  • സിദ്ധന്മാരും കോപ്പിറൈറ്റും
  • അരയന്മാരുടെ പോരാട്ടവീര്യത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന അഞ്ചുതെങ്ങ് കോട്ട
  • വക്കം പൊന്നുംതുരുത്തിലെ അതുല്യമായ മഹാശിവരാത്രി ആഘോഷം
  • പാരാമോട്ടോര്‍ ഫ്ലയിംഗ് എന്ന സാഹസിക കായിക വിനോദം
  • നാട്ടുകാര്‍ക്ക് അപായ സൂചന നല്‍കിക്കൊണ്ട് കാട്ടായിക്കോണം സ്റ്റാര്‍ ബ്രദേഴ്സിന്റെ മതിലിലെഴുത്ത്
  • മുക്കാലുവട്ടത്തമ്മ – പ്രകൃതിയുടെ അനുകൂല ഊര്‍ജ്ജം
  • Be at Peace & Rest in Peace
  • ഉള്ളിവടയിലെ പെട്രോള്‍ സാമ്പത്തികം
  • ഭാരതമാകുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണഘടനാ പ്രതിഷ്ഠാ വാർഷിക ദിനം ഇന്ന്.
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media

No Result
View All Result
  • ലേഖനം
  • സാമൂഹികം
  • കൗതുകം
  • നര്‍മ്മം
  • വീഡിയോ
  • തത്ത്വചിന്ത
  • മനഃശാസ്ത്രം
  • ചിത്രം

© Kudukka Media