തിരുവനന്തപുരത്തുകാരെ സൂക്ഷിക്കുക

തിരുവനന്തപുരത്തുകാരെ (തെക്കനെ) സൂക്ഷിക്കണം, വിശ്വസിക്കാന്‍ കൊള്ളില്ലാത്രേ!

ഒരു തെക്കനെയും ഒരു മൂര്‍ഖനെയും ഒന്നിച്ചുകണ്ടാല്‍ ആദ്യം തെക്കനെ അടിച്ചു കൊല്ലണം എന്നത്രേ! മൂര്‍ഖനെക്കാള്‍ അപകടകാരിയാണ് തെക്കനത്രേ! പണ്ടുമുതലേ കേള്‍ക്കുന്ന ഒരു പല്ലവിയാണിത്.

ശരിയായിരിക്കും, പുതുപ്പള്ളി ചണ്ടി , കണ്ണൂര്‍ വിജയന്‍, കോട്ടയം പി സി വിഴുപ്പ്, ചെന്നിത്തല രമേശന്‍, ചങ്ങനാശ്ശേരി സരിത , കൊല്ലം ബിജു രാധാകൃഷ്ണന്‍, എറണാകുളം തെറ്റയില്‍, മലപ്പുറം കുഞ്ഞാലി തുടങ്ങിയവരുടെ ലീലാവിലാസങ്ങള്‍ കൊണ്ടാടപ്പെടുന്നത് തിരുവനന്തപുരത്ത് ആണല്ലോ.

തൊഴിലിന്റെ ഭാഗമായും രാഷ്ട്രീയപരമായും ഇവിടെയെത്തി സ്ഥിരതാമസമായവരാണ് തിരുവനന്തപുരത്ത് കൂടുതലായുള്ളത്. അധികാരകേന്ദ്രത്തിലുള്ളവര്‍ പലരും ധാര്‍ഷ്ട്യമുള്ളവരായിരിക്കാം. കേരളത്തിന്റെ തെക്കേയറ്റത്തായിട്ടുപോലും സംസ്ഥാന തലസ്ഥാനമായിമാറിയ തിരുവനന്തപുരത്തോട് സഹജമായ ഒരു കോംപ്ലക്സ്‌ മറ്റു ജില്ലകളില്‍ താമസിക്കുന്നവരില്‍ ഉണ്ടാകുന്നതിലും ആശ്ചര്യപ്പെടാനില്ല.

ലോകത്തിന്റെ പലഭാഗത്തുള്ളവരോട് പല സ്ഥലങ്ങളിലായി ഈ തിരുവനന്തപുരത്തുകാരന്‍ ജോലി ചെയ്തിട്ടുണ്ട്; തിരുവനന്തപുരത്തുകാര്‍ക്ക്‌ എന്തെങ്കിലും പ്രത്യേക ന്യൂനതകളുള്ളതായി ഞാന്‍ കണ്ടിട്ടില്ല. താങ്കളോ?

‘തെക്കനെ സൂക്ഷിക്കണം’ എന്നുള്ളൊരു ചൊല്ല് കാലാകാലങ്ങളായി പ്രചരിച്ചതിനാല്‍, പ്രചരിപ്പിച്ചതിനാല്‍, എന്തു സംഭവം നടന്നാലും അതിലൊരു തെക്കന്‍ ഉണ്ടോ, ഉണ്ടെങ്കില്‍ അവനില്‍ ഈ ചൊല്ല് ചേര്‍ത്തുനോക്കുന്നത് ഇപ്പോളൊരു ശീലമായിട്ടുണ്ട്. ഒരു ജ്യോത്സ്യന്‍ പത്രത്തിലെ ദിവസഫലത്തില്‍ എന്തെങ്കിലും എഴുതിയിരുന്നാല്‍ അന്ന് നടക്കുന്ന സംഭവങ്ങളെയെല്ലാം ഇക്കാര്യം മനസ്സില്‍ വച്ച് നോക്കിക്കാണുന്നതുപോലെ. ഇത് സാധാരണ മനസ്സിന്റെ ഒരു സ്വഭാവം മാത്രം. തെക്കനും ജീവിച്ചുപോട്ടെന്നേ!

ശ്രീ · ലേഖനം · 05-08-2013 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *