ഇന്ന് കര്‍ക്കിടകവാവ്.
എന്നും രാവിലെ വരാന്തയിലിരുന്ന് പത്രത്തിലെ തലക്കെട്ടിലൂടെ കണ്ണോടിച്ച് ചായ കുടിക്കുമ്പോള്‍ ഈ കാക്ക സുഹൃത്തുക്കളും ഒപ്പം കൂടും. അവര്‍ക്ക് ബിസ്കറ്റ് പൊടിച്ച് ഇട്ടുകൊടുക്കണം. അവരില്‍ കുഞ്ഞുങ്ങളുണ്ട്, കുഞ്ഞുങ്ങള്‍ക്ക് ആഹാരം എടുത്ത് കൊക്കില്‍ വച്ചുകൊടുക്കുന്ന അച്ഛനമ്മമാരുണ്ട്, കൂട്ടിലുള്ള പറക്കമുറ്റാത്ത മക്കള്‍ക്ക് കൊടുക്കാന്‍ ബിസ്കറ്റും എടുത്ത് അടുത്തുള്ള തെങ്ങിന്റെ മുകളിലേക്ക് പറക്കുന്ന വരുണ്ട്, അംഗവൈകല്യം വന്നവരുണ്ട്.
ഇവരുടെ ഭാഷ എനിക്കറിയില്ല, എനിക്കും അവര്‍ക്കും സംസ്കൃതം മന്ത്രങ്ങള്‍ ചൊല്ലാനോ മനസ്സിലാക്കാനോ അറിയില്ല, അര്‍പ്പണം നടത്താന്‍ പുരോഹിതനുമില്ല, മനസ്സല്ലാതെ മറ്റൊരു അമ്പലവുമില്ല, എന്നാലും എനിക്കും അവര്‍ക്കും വിശപ്പുമാറും.
ഇന്നും രാവിലെ നമ്മുടെ ചായകുടി കഴിഞ്ഞു, ഞങ്ങള്‍ സന്തുഷ്ടരായി പിരിഞ്ഞു. എന്റെ അച്ഛനും അമ്മയ്ക്കും പിതൃപരമ്പരയ്ക്കും സഹജീവികള്‍ക്കും വേണ്ടി ബലിതര്‍പ്പണം നടത്താന്‍ എനിക്ക് മറ്റൊരു അമ്പലത്തില്‍ പോകേണ്ട. ഞാന്‍ എവിടെയുണ്ടോ അവിടെത്തന്നെ ബലിതര്‍പ്പണം നടത്താം, ആത്മബലി അഥവാ ആത്മസമര്‍പ്പണം നടത്താം, സദാസമയം.
Discussion about this post