സ്‌നേഹം നടിച്ചു ചതിപ്രയോഗം നടത്തുന്നത് അഥവാ നശിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഒരാളോട് കാണിക്കുന്ന സ്നേഹപ്രകടനം ആണ് ‘ധൃതരാഷ്ട്രാലിംഗനം’ എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത്.
വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് പാണ്ഡവന്മാര്‍ തിരിച്ചെത്തിയപ്പോള്‍ നേരത്തെയുണ്ടാക്കിയ വ്യവസ്ഥകള്‍ മറന്ന് ഒരു സൂചികുത്താനുള്ള ഇടംപോലും അവര്‍ക്കു നല്‍കുകയില്ലെന്നു ദുര്യോധനാദികള്‍ വാശിപിടിച്ചു. അവസാനം കുരുക്ഷേത്രയുദ്ധത്തിന്‍റെ കാഹളം മുഴങ്ങി. യുദ്ധത്തില്‍ കൗരവന്മാര്‍ തോറ്റു. കൗരവപക്ഷത്തില്‍ കൃപരും കൃതവര്‍മാവും അശ്വഥാമാവുമൊഴികെ മറ്റെല്ലാവരും വീരചരമം പ്രാപിച്ചു. യുദ്ധക്കളം സന്ദര്‍ശിക്കാനായി ദുഃഖാര്‍ത്തനായ ധൃതരാഷ്ട്രര്‍ ധര്‍മപത്നിയായ ഗാന്ധാരിയുമൊത്തു പുറപ്പെട്ടു. ഭീമസേനന്‍ നടത്തിയ ഗദാപ്രയോഗം മൂലം തുടയെല്ലു തകര്‍ന്നാണ് ദുര്യോധനന്‍ മരിച്ചതെന്നു ധൃതരാഷ്ട്രര്‍ വേദനയോടെ തിരിച്ചറിഞ്ഞു.
യുധിഷ്ഠിരനും സഹോദരങ്ങളും അദ്ദേഹത്തെ ബഹുമാനപുരസ്സരം സ്വീകരിക്കാന്‍ തയാറായി. യുധിഷ്ഠിരന്‍ വല്യച്ഛന്‍റെ കാല്‍തൊട്ടു നമസ്കരിച്ചു. കോപംകൊണ്ടു കലുഷമായ ധൃതരാഷ്ട്രര്‍ മുഖത്തെ ശാന്തഭാവംകൊണ്ടു ദേഷ്യം മറയ്ക്കാന്‍ ശ്രമിച്ചു.
അദ്ദേഹം ധര്‍മപുത്രരെ കെട്ടിപ്പിടിച്ചു നെറുകയില്‍ ചുംബിച്ച് ആശീര്‍വദിച്ചു. പിന്നീടു വന്നത് ഭീമസേനനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം രണ്ടു കൈകളും നീട്ടി ആശ്ളേഷിക്കാന്‍ തയാറായി. ആ സമയത്തു ധൃതരാഷ്ട്രരുടെ മുഖത്തു കണ്ട ഭാവപ്പകര്‍ച്ച മനസ്സിലാക്കിയ ശ്രീകൃഷ്ണന്‍ നീട്ടിപ്പിടിച്ച കരങ്ങള്‍ക്കിടയിലേക്കു ഭീമന്‍റെ വലുപ്പമുള്ള ഒരു ഇരുമ്പുപ്രതിമ വച്ചുകൊടുത്തു. ധൃതരാഷ്ട്രര്‍ ബലിഷ്ഠമായ ഇരുകരങ്ങള്‍ ചേര്‍ത്ത് ആ പ്രതിമയെ ആലിംഗനം ചെയ്തു. നെഞ്ചോടു ചേര്‍ത്തു ശക്തിയായി അമര്‍ത്തി.
പതിനായിരം ആനകളുടെ കരുത്തുള്ള ആ കൈകള്‍ക്കിടയില്‍പെട്ട ഭീമപ്രതിമ തകര്‍ന്നു തരിപ്പണമായി. ശക്തമായ ആശ്ളേഷത്തിന്‍റെ സമ്മര്‍ദംകൊണ്ടു ധൃതരാഷ്ട്രര്‍തന്നെ രക്തം ഛര്‍ദിച്ചു. ഭീമനെയാണു ഞെരിച്ചുകൊന്നത് എന്ന പശ്ചാത്താപത്താല്‍ ധൃതരാഷ്ട്രര്‍ കരയാന്‍ തുടങ്ങി. താന്‍ കെട്ടിപ്പിടിച്ചു തകര്‍ത്തിട്ടതു ഭീമസേനനെയല്ലെന്നും ഭീമന്‍റെ വലുപ്പമുള്ള ഇരുമ്പുപ്രതിമയാണെന്നും ശ്രീകൃഷ്ണന്‍ പറഞ്ഞറിഞ്ഞ അദ്ദേഹം ക്ഷമായാചനം ചെയ്തു. കൃഷ്ണന്‍റെ ശാസനയും സാരോപദേശവും കേട്ട ധൃതരാഷ്ട്രര്‍ പതുക്കെ ശാന്തനായി.
കടപ്പാട് : ഉള്ളടക്കം – യാഹൂ, ചിത്രം – വിക്കിമീഡിയ
Discussion about this post