വിപരീത ലക്ഷ്യത്തോടെ ചെയ്ത പ്രവൃത്തി ഗുണകരമായി മാറുമ്പോള്‍ പറയുന്ന ശൈലിയാണ് ‘ഉര്‍വശീശാപം ഉപകാരം’.
പന്ത്രണ്ടു വര്‍ഷത്തെ വനവാസത്തിനിടയില്‍ യുധിഷ്ഠിരന്‍ അനുജനായ അര്‍ജുനനെ അരികില്‍ വിളിച്ചു പറഞ്ഞു:
“അര്‍ജുനാ, കൗരവന്മാരുമായി നമുക്ക് ഏറ്റുമുട്ടേണ്ട കാലം വരും. അതിനാല്‍ ആവുന്നത്ര വേഗത്തില്‍ ദിവ്യായുധങ്ങള്‍ നേടാന്‍ ശ്രമിക്കണം. വ്യാസന്‍ എനിക്ക് ഉപദേശിച്ചുതന്നിട്ടുള്ള പ്രതിസ്മൃതി എന്ന ദിവ്യമന്ത്രം ഞാന്‍ നിനക്ക് ഉപദേശിക്കാം. അതുമായി നീ വടക്കോട്ടു പോയി ഇന്ദ്രാദി ദേവന്മാരെ പ്രസാദിപ്പിച്ച് അവരില്‍നിന്നു ദിവ്യാസ്ത്രങ്ങള്‍ നേടിയെടുക്കണം.”
ജ്യേഷ്ഠന്‍റെ ഉപദേശപ്രകാരം ദേവലോകത്തെത്തിയ അര്‍ജുനനെ ദേവന്മാരും മഹര്‍ഷിമാരും ഉള്‍പ്പെടെ ഒരു വലിയ സമൂഹം ഇന്ദ്രന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ദേവന്മാരില്‍നിന്ന് എല്ലാ ദിവ്യായുധങ്ങളും നേടി.
ഒരു ദിവസം ദേവസദസ്സില്‍ ഇന്ദ്രനും അര്‍ജുനനും മറ്റു ദേവഗണങ്ങളും അപ്സരസുകളുടെ നൃത്തം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അര്‍ജുനന്‍ ഇമവെട്ടാതെ ഉര്‍വശിയെ നോക്കിയിരിക്കുന്നതു കണ്ടപ്പോള്‍ ഇന്ദ്രനു തോന്നി മകന്‍ അവളില്‍ അനുരക്തനായിരിക്കുന്നു എന്ന്.
ഉര്‍വശിക്കും അര്‍ജുനനോട് ഇഷ്ടം തോന്നി. ചിത്രസേനന്‍റെ നിര്‍ദേശപ്രകാരം ആടയാഭരണങ്ങള്‍ അണിഞ്ഞ ഉര്‍വശി അര്‍ജുനന്‍റെ മുറിയിലെത്തി. അദ്ദേഹം ബഹുമാനപുരസരം ഉര്‍വശിയെ സ്വീകരിച്ചിരുത്തി വണങ്ങിനിന്നു, കല്‍പന കാത്തുനില്‍ക്കുന്ന ഒരു ദാസനെപ്പോലെ. ഉര്‍വശിക്കു നിരാശ തോന്നി. അര്‍ജുനന്‍ അന്പരന്നു. താന്‍ നൃത്തസമയത്തു സൂക്ഷിച്ചുനോക്കിയത് ഭക്തിമൂലമാണെന്നും തന്‍റെ വംശത്തിന്‍റെ മാതാവെന്ന നിലയിലാണ് ഉര്‍വശിയെ കരുതുന്നതെന്നും അര്‍ജുനന്‍ അറിയിച്ചു.
ഇതു കേട്ട ഉര്‍വശി ഇപ്രകാരം ശപിച്ചു: “നിന്നെ ആഗ്രഹിച്ചുവന്ന എന്നെ ഒരു പുരുഷനൊത്തവണ്ണം സ്വീകരിക്കാത്ത നീ സ്ത്രീകള്‍ക്കിടയില്‍ ഒരു നപുംസകമായി പാട്ടും നൃത്തവും പഠിപ്പിച്ച് കഴിഞ്ഞുകൂടാനിടവരട്ടെ.”
വിവരമറിഞ്ഞ ഇന്ദ്രന് ഒട്ടും സങ്കടം തോന്നിയില്ല. അദ്ദേഹം അര്‍ജുനന്‍റെ അടുത്തുവന്നു പറഞ്ഞു: “വിവരങ്ങളെല്ലാം ഞാനറിഞ്ഞു. സാരമില്ല. ഉര്‍വശീശാപം ഉപകാരമായിത്തീരും.”
അങ്ങനെതന്നെ സംഭവിച്ചു. പന്ത്രണ്ടു കൊല്ലത്തെ വനവാസത്തിനുശേഷം വിരാടരാജധാനിയില്‍ ഒരു കൊല്ലം അജ്ഞാതവാസം നടത്തിയപ്പോള്‍ ബൃഹന്നള എന്ന പേരില്‍ ആളറിയാതെ പെണ്ണുങ്ങള്‍ക്കു പാട്ടും നൃത്തവും പഠിപ്പിക്കുന്ന ഒരു നപുംസകമായി അര്‍ജുനനു കഴിയാന്‍ സാധിച്ചത് ഈ ശാപംമൂലമാണ്. അങ്ങനെ ഒരുവർഷത്തെ അജ്ഞാതവാസവും ശാപവും ഒരേസമയം തീർക്കുകയും ചെയ്തു. അങ്ങനെ ഉര്‍വശീശാപം അര്‍ജുനന് ഉപകാരമായി.
ഉള്ളടക്കം കടപ്പാട് : യാഹൂ മലയാളം
ചിത്രം കടപ്പാട് : വികിമീഡിയ
Discussion about this post