ഭരതവാക്യം എന്നുപറഞ്ഞാൽ ഒരു കാര്യത്തിലെ അവസാനവാക്ക് എന്നോ എന്തെങ്കിലും ഒരു കാര്യം പറഞ്ഞവസാനിപ്പിക്കുക എന്നോ പറയാം. ഭരതവാക്യത്തിനും അപ്പുറം പിന്നെ ഒന്നുമില്ല എന്നതാണു നാട്ടുനടപ്പ്.
പഴയകാലനാടകങ്ങൾ അവസാനിപ്പിച്ചിരുന്നത് ഭരതവാക്യം എന്നറിയപ്പെട്ടിരുന്ന പദ്യം ചൊല്ലിയായിരുന്നു. നാട്യശാസ്ത്രരചയിതാവായ ഭരതമുനിയിൽ നിന്നുമാണ് ഭരതവാക്യം എന്ന പ്രയോഗം വന്നത്. (നാട്യശാസ്ത്രം വായിക്കാം.)
ഒരർത്ഥത്തിൽ ഭരതവാക്യം ഒരു കഥാപാത്രത്തിന്റെ മാത്രമല്ല, മറിച്ച് ജീവിച്ചിരിക്കുന്ന, ജീവിച്ചിരുന്ന, ജീവിക്കാൻ പോകുന്ന എല്ലാവരുടെയും അവസാനവരികൾ കൂടിയാണ്. പഴയകാല സംസ്കൃതനാടകങ്ങൾ പരിശോധിച്ചാൽ ഭരതവാക്യത്തിന്റെ പ്രസക്തി മനസ്സിലാകും.
ഭരതവാക്യം പദ്യരൂപേണ ആയതുകൊണ്ടു തന്നെ എഴുതുന്നയാളിന് പദ്യരചനയിലും അല്പം സർഗ്ഗവാസന ആവശ്യമാണ്. ‘നാടകാന്തം കവിത്വം’ എന്ന പ്രയോഗം നിലവിൽ വന്നതും ഒരുപക്ഷേ ഭരതവാക്യരചനകളിലൂടെയാകാം. ഭരതവാക്യം എന്ന പേരിൽ അക്കാഡമി പുരസ്കാരജേതാവ് ജി ശങ്കരപ്പിള്ള ഒരു പുസ്തകം രചിച്ചിട്ടുണ്ട്.
Discussion about this post