ചെറ്റ

ചെറ്റ

ചെറ്റ എന്ന് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയത്  (22 മേയ് , 2014)

തിരുവനന്തപുരം ജില്ലയിലെ വാമനപുരം വില്ലേജിലെ കാഞ്ഞിരംപാറ ലോവര്‍ പ്രൈമറി സ്കൂളിലാണ് ഞാന്‍ പഠിച്ചത്. അടുത്തുള്ള ലക്ഷം വീട് കോളനിയിലെ കുട്ടികളാണ് സഹപാഠികള്‍. ഈറയുടെ ചീളുകളില്‍ മെടഞ്ഞെടുത്ത ഓല ചേര്‍ത്തുകെട്ടി ഭിത്തിയുണ്ടാക്കിയ കുടിലിലായിരുന്നു അവരെല്ലാം താമസിച്ചിരുന്നത്. അങ്ങനെയുള്ള വീടിനെയാണ്‌ ചെറ്റക്കുടില്‍ എന്ന് പറയുന്നതെന്ന് ഇടയ്ക്കെപ്പോഴോ ഞാന്‍ മനസ്സിലാക്കി. ഞാന്‍ അവരെക്കാള്‍ ‘ഉയര്‍ന്ന’വനായിരുന്നു – മണ്‍കട്ട കെട്ടി ചാണകം തേച്ച, അടയ്ക്കാമരം കൊണ്ടുള്ള ഉത്തരവും കഴുക്കോലും, അതില്‍ മെടഞ്ഞെടുത്ത ഓലയും കെട്ടിയ സുന്ദരമായ വീട്ടില്‍ താമസം. ഗോലിയും, കബഡിയും, കുട്ടിയും കോലും, സെവന്റീസും എണ്ണിത്തൊട്ടും മറ്റും കളിക്കാന്‍ എന്നെയും കൂട്ടിയിരുന്നു. ഗോലികളിയില്‍ തോല്‍ക്കുന്ന ടീമിന്റെ കൈമുട്ടില്‍ ഗോലിയടിക്കുമ്പോള്‍ എന്നെ വേദനിപ്പിക്കാതെ, സ്കൂളിലെ നന്നായി പഠിക്കുന്നവന്‍ എന്ന സൗജന്യം അനുവദിച്ചു തന്നിരുന്നവര്‍.

ഒന്നിച്ചുപഠിച്ച് വളര്‍ന്നതിനാലായിരിക്കാം ചെറ്റക്കുടില്‍ എന്നതോ ചെറ്റ എന്നതോ ഒരിക്കലും ഒരു വിലകുറഞ്ഞ പദമായി തോന്നിയിട്ടില്ല. എന്നാല്‍ ഈയിടയ്ക്ക് കേരളരാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും ‘അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കാവലാളുകള്‍‍’ എന്നറിയപ്പെടാന്‍ ശ്രമിച്ചിരുന്ന ഒരു പാര്‍ട്ടിയുടെ സര്‍വ്വാധികാരിയായൊരു നേതാവ്, മറ്റൊരാളെ ഉദ്ദേശിച്ച് ‘ചെറ്റ’ എന്ന പദപ്രയോഗം നടത്തിയതു മുതല്‍ ആലോചിക്കുകയാണ് – ചെറ്റക്കുടിലില്‍ ജീവിക്കുന്നവരോട് ഒട്ടും പ്രതിബന്ധതയില്ലാത്ത ഈ നേതാവിനെയാണോ കേരളത്തിലെ വിവരവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാര്‍ നേതാവായി കൊണ്ടു നടക്കുന്നത്? ഈ യാത്ര എങ്ങോട്ടാണ് സഖേ?

ചെറ്റ എന്ന വാക്കിന്റെ നിഘണ്ടു അര്‍ത്ഥം.
– മറ, തട്ടി (ഓലകൊണ്ടോ മുളംകീറുകൊണ്ടോ കെട്ടിയുണ്ടാക്കുന്ന മറയോ തട്ടിയോ, ചുമരോ, വാതില്‍പ്പാളിയോ)
– ചെറ്റക്കുടില്‍

ഈ പോസ്റ്റ്‌ എഴുതിക്കൊണ്ടിരിക്കുമ്പോള്‍, ചെറ്റ എന്ന് അന്വേഷിച്ചാല്‍ ഗൂഗിള്‍ എന്തു മറുപടി തരും എന്നന്വേഷിച്ചു. ഇതാണ് സെര്‍ച്ച്‌ URL. http://goo.gl/CwMfua . അതില്‍ താഴോട്ടു സ്ക്രോള്‍ ചെയ്തപ്പോള്‍ കണ്ടതാണ് ഈ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം. അതെന്താ ഇങ്ങനെ എന്ന് വണ്ടറടിക്കുന്നവര്‍ക്കുവേണ്ടി ഇതിന്റെ സാങ്കേതികത എഴുതാം.

വെബ്‌പേജുകളില്‍ ഒരു ചിത്രത്തിനോടു ചേര്‍ന്നു വരുന്ന ടെക്സ്റ്റിന്റെയും ലേഖനത്തിന്റെ തലക്കെട്ടിന്റെയും HTMLല്‍ ചിത്രത്തിന്റെ ALT, Title ടാഗുകളില്‍ കൊടുത്തിരിക്കുന്ന ടെക്സ്റ്റിന്റെയും മറ്റും കീവേര്‍ഡ്‌ സാന്ദ്രത തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ ഓടോമാട്ടിക് ആയി സെര്‍ച്ച്‌ എഞ്ചിന്‍ റിസള്‍ട്ടില്‍ ഇതുപോലെ ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് കാണിക്കുന്നത്. പക്ഷെ, ഈ തെരഞ്ഞെടുപ്പ് എത്രത്തോളം ഉചിതമാണെന്ന് വായനക്കാര്‍ സ്വയം ആലോചിക്കേണ്ടതാണ്, ഞാന്‍ ഉത്തരവാദിയല്ല എന്ന് പ്രസ്താവിക്കട്ടെ! ഈ സാങ്കേതികത മനസ്സിലാകാത്തവര്‍ ക്ഷമിക്കുക, ഈ പാരഗ്രാഫ് നിങ്ങള്‍ക്കുവേണ്ടിയല്ല എന്നുകരുതുക. 🙂

ശ്രീ · കൗതുകം · 22-05-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *