വായുവില്‍ പൊങ്ങിനില്‍ക്കാവുന്ന മാജിക്കിന്റെ രഹസ്യം

നിലത്തുതൊടാതെ, വായുവില്‍ പൊങ്ങിനിക്കുന്ന, ‘യോഗികള്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടില്ലേ? മുകളിലെ വീഡിയോ കാണൂ. ( Link: Magician Ramana Impossible Balance (Indian Magic) ഈ വീഡിയോ വളരെയേറെ പ്രചാരം നേടിയിട്ടുണ്ട്.

നിലത്തു തൊടാതെ,  യോഗദണ്ഡില്‍ കയ്യും വച്ച് ധ്യാനനിരതനായിരിക്കുന്ന ഇദ്ദേഹത്തെ ആരായാലും ആദ്യമൊന്നു നമിക്കും. പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തില്‍ പറയുന്ന അഷ്ടസിദ്ധികളിലൊന്നായ, ശരീരത്തെ അത്യന്തം കനം കുറഞ്ഞതാക്കാനുള്ള, ലഘിമ എന്ന സിദ്ധിയാണിതെന്ന് വീഡിയോ കാണുന്ന സമയത്ത് നമുക്ക് തോന്നും. ഇത് സത്യമാണോ?

രണ്ടാമത്തെ വീഡിയോ കാണൂ. Ramana Levitation Revealed!

യോഗദണ്ഡിന്റെ രൂപത്തിനുള്ളിലൂടെ ഒരു ബലമുള്ള കമ്പി പോകുന്നുണ്ട്, അതിന്റെ ഒരറ്റം ഭൂമിയില്‍ ഉറപ്പിച്ചിട്ടുണ്ട്. മറ്റേയറ്റത്ത് ഒരാള്‍ക്ക് സുഖമായിരിക്കാനുള്ള സംവിധാനവുമുണ്ട്. ഈ കമ്പി മുഴുവന്‍ മരയത്തക്കതായാണ് ഈ മുഴുവന്‍ സാധനം നിര്‍മ്മിച്ചിരിക്കുന്നത്. മണ്ടന്മാരായ നമ്മള്‍ ഇതൊക്കെ കണ്ട് കണ്ണുതള്ളി ഭക്തിയോടെ നമസ്കരിച്ച് അത്യാവശ്യം പണം ദക്ഷിണയായി നല്‍കി ഇദ്ദേഹത്തെ സ്തുതിക്കും.

യോഗസൂത്രത്തില്‍ പറയുന്ന അഷ്ടസിദ്ധികള്‍ സാധ്യമാണോ? എനിക്കറിയില്ല. സാധ്യമാണെന്ന് കേട്ടിട്ടുണ്ട്. അതാവശ്യമാണോ, അതുണ്ടെങ്കില്‍ എന്തു പ്രയോജനം എന്നൊന്നും എനിക്കറിയില്ല. രാജയോഗം വഴിയോ ജ്ഞാനമാര്‍ഗ്ഗം വഴിയോ, ഏതുവഴിയായാലും, ഒരാള്‍ ആത്മസാക്ഷാത്കാരം നേടുമ്പോള്‍ ഈ സിദ്ധികള്‍ തനിയെ ഉണ്ടാകുമെന്നും കേള്‍ക്കുന്നു. എന്നാല്‍ ഒരു ജ്ഞാനിയ്ക്ക്, ഇതെല്ലാം വെറും മായാജാലങ്ങള്‍ എന്നതിനപ്പുറം ഇതില്‍ പ്രത്യേകിച്ചെന്തെങ്കിലും താല്പര്യം ഉണ്ടാവാനിടയില്ല. ഇങ്ങനെയെന്തെങ്കിലും സിദ്ധികള്‍ നേടാനുള്ളതല്ല ഈ ജീവിതം – സിദ്ധി ഉണ്ടാക്കുക എന്നതല്ല ജീവിതലക്ഷ്യം – എന്നുമാത്രമെനിക്കറിയാം.

അനന്തരം (ഭൂതജയത്തിനുശേഷം) അണിമാദി അഷ്ടൈശ്വര്യസിദ്ധിയുണ്ടാകുന്നു. പിന്നീട് കായസമ്പത്ത്, ഭൂതധര്‍മ്മപ്രതിബന്ധമില്ലായ്മ എന്നീ സിദ്ധികളുമുണ്ടാകുന്നു.
അണിമ: ശരീരത്തെ അത്യന്തം സൂക്ഷ്മമാക്കാനുള്ള കഴിവ്.
ലഘിമ: ശരീരത്തെ അത്യന്തം കനം കുറഞ്ഞതാക്കാനുള്ള കഴിവ്.
മഹിമ: ശരീരത്തെ ഏറ്റവും വലുതാക്കാനുള്ള കഴിവ്.
ഗരിമ: ശരീരത്തെ അത്യന്തം കനമുള്ളതാക്കാനുള്ള കഴിവ്.
പ്രാപ്തി: സങ്കല്പം കൊണ്ട് മാത്രം ഏതൊരു വസ്തുവും പ്രാപിക്കുവാനുള്ള കഴിവ്.
പ്രാകാമ്യം: പദാര്‍ഥങ്ങളെക്കൂടാതെ തന്നെ അവയെ സംബന്ധിച്ച ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള കഴിവ്.
ഈശിത്വം: ഭൂതഭൗതികപദാര്‍ഥങ്ങളെ നാനാസ്വരൂപത്തി‍ല്‍ ഉത്പാദിപ്പിക്കാനും, നിലനിര്‍ത്താനും, ശാസിക്കാനുമുള്ള കഴിവ്.
വശിത്വം: ഭൂതഭൗതികപദാര്‍ഥങ്ങളെ വശത്താക്കാനുള്ള കഴിവ്.
കായസമ്പത്ത്: ഈ സിദ്ധിയെക്കുറിച്ച് അടുത്ത സൂത്രത്തില്‍ വിവരിക്കുന്നുണ്ട്.
ധര്‍മ്മാനഭിഘാതം: ഭൂതങ്ങളോ അവയുടെ ധര്‍മ്മങ്ങളോ തനിയ്ക്ക് ഒരു പ്രകാരത്തിലും തടസ്സമാവാതിരിക്കലാണ് ഈ സിദ്ധി. ഇത് സിദ്ധിച്ച യോഗിയ്ക്ക് ഭൂമിയ്ക്കുള്ളിലോ, ജലാന്തര്‍ഭാഗത്തോ, അഗ്നിയിലോ എവിടെ വേണമെങ്കിലും പ്രവേശിക്കാനോ താമസിക്കുവാനോ തടസ്സമുണ്ടാവില്ല.

കടപ്പാട് : ശ്രേയസ്

ശ്രീ · കൗതുകം,വീഡിയോ · 19-05-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *