ഋതുവായ പെണ്ണിനുമിരപ്പനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരു നാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ
ഋതുവായ പെണ്ണിനും – മാസമുറ ആചരിച്ച് പുറത്തു മാറിയ സ്ത്രീയ്ക്കും
ഇരപ്പനും – തെണ്ടി നടക്കുന്നവനും
ദാഹകനും – ചുടുകാട്ടില്‍ ശവം ദഹിപ്പിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവനും
പതിതനും – സദാചാര ഭ്രഷ്ടുമൂലം പതിച്ചുപോയവനും
അഗ്നിയജനം ചെയ്ത ഭൂസുരനും – യാഗാദി കര്‍മ്മങ്ങള്‍ ചെയ്ത് ആഢ്യനായിക്കഴിയുന്ന ബ്രാഹ്മണനും
ഹരിനാമകീര്‍ത്തനമിത് – ഈ ഭഗവദ് നാമസങ്കീര്‍ത്തനം
ഒരുനാളും ആര്‍ക്കും – ഒരിക്കലും ആര്‍ക്കും
അരുതാത്തതല്ല – നിഷേധിക്കപ്പെട്ടതല്ല
ഹരിനാരായണായ നമഃ – ഹരിനാരായണനു നമസ്കാരം.
[കടപ്പാട് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍]
തുഞ്ചത്ത് എഴുത്തച്ഛന്റെ വിപ്ലവകരമായ ഒരു ആഹ്വാനമാണിത്. ഇരപ്പനെയും ദാഹകനെയും ഋതുമതിയായ പെണ്ണിനേയും ബ്രാഹ്മണനെയും ഒരേ സമതയില്‍ കാണുന്ന ദര്‍ശനം! ആരും ആര്‍ക്കും മുകളിലോ താഴെയോ അല്ലെന്ന കാഴ്ചപ്പാട് ഇതില്‍ വ്യക്തമായി സ്ഫുരിക്കുന്നു. നാമസങ്കീര്‍ത്തനവും ഈശ്വരാരാധനയും എല്ലാവര്‍ക്കും എപ്പോഴും ആകാം. ഹരിനാമ കീർത്തനം പോലെ ഒരു ജ്ഞാനപുസ്തകം അധികം കാണാനാവില്ല.
ആര്‍ത്തവകാലത്ത് അമ്പലത്തില്‍ കയറിയേ സമാധാനം കിട്ടൂ എന്ന് സ്ത്രീകള്‍ക്ക് യാതൊരു വാശിയും ഉണ്ടാകേണ്ടതില്ല. എന്നിരുന്നാലും ശബരിമലയില്‍ സ്ത്രീകളെ, അവര്‍ക്ക് ആര്‍ത്തവബുദ്ധിമുട്ട് ഇല്ലാത്ത സമയത്ത്, കയറ്റുന്നതില്‍ മേല്‍പ്പറഞ്ഞ ക്ഷേത്രത്തിലെ താന്ത്രിക സങ്കല്‍പ്പം തടസ്സമാണെങ്കില്‍ അത് കാലോചിതമായി പരിഷ്കരിക്കപ്പെടണം. മണ്ഡലകാലങ്ങളില്‍ അമ്പലം തുറന്നിരിക്കുന്ന സമയം കൂട്ടാമെങ്കില്‍, മലയാളമാസത്തിലെ ആദ്യ ദിവസങ്ങളില്‍ ശബരിമല അമ്പലം തുറക്കാമെങ്കില്‍, മണ്ഡലകാലത്ത് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാനുള്ള ദൈവഹിതവും ഉണ്ടാവും, ‘ദൈവജ്ഞര്‍’ ആ ഹിതം കണ്ടറിയാനുള്ള സന്മനസ്സ് ഉണ്ടാക്കിയാല്‍ മതി.
ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അമ്പലത്തില്‍ വരുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോഴും ആരും പരിശോധിക്കാറുമില്ല, ഓരോ സന്ദര്‍ശകരും ഓരോ സ്ഥലത്തിനും ആവശ്യമായ രീതിയില്‍ മാന്യത പാലിക്കും എന്നാണ് കരുതപ്പെടുന്നത്. അതിനാല്‍, ആ സാമാന്യമര്യാദ പാലിക്കാന്‍ ശബരിമലയുമായി അടുത്തിടപഴകുന്നവരും തയ്യാറാകണമായിരുന്നു എന്നതും കാലികമായ വസ്തുത.
ദുര്‍ഘടം പിടിച്ച വഴികളുള്ള കൈലാസത്തിലും ഹിമാലയത്തിലും അമര്‍നാഥിലും സ്ത്രീകള്‍ക്ക് വിലക്കില്ല. അപ്പോള്‍ അഗസ്ത്യാര്‍കൂടത്തോ ശബരിമലയിലോ സൗകര്യങ്ങളുടെ അപര്യാപ്തി എന്ന കാരണത്താലും സ്ത്രീകളെ വിലക്കേണ്ടതുമില്ല.
ആചാരാനുഷ്ഠാനങ്ങളുടെ വിഷയത്തില്‍ സ്വാമി വിവേകാനന്ദന്റെ ഈ അഭിപ്രായം നാമോര്‍ക്കുന്നത് നല്ലതാണ്.
“മണി വലതുകയ്യില്‍ പിടിക്കണോ, ചന്ദനപ്പൊട്ട് നെറ്റിയില്‍ എവിടെയാണ് ചാര്‍ത്തേണ്ടത്, ദീപം രണ്ടുപ്രാവശ്യം ഉഴിയണോ, നാല് പ്രാവശ്യം വേണോ എന്നും മറ്റുമുള്ള കാര്യങ്ങളെപ്പറ്റി രാവും പകലും തല പുണ്ണാക്കുന്നവര്‍ ഭാഗ്യഹീനര്‍ തന്നെ. അതുകൊണ്ടാണ് നമ്മള്‍ അന്യരുടെ ചെരുപ്പിന്‍ ചവിട്ടേറ്റ് കിടക്കുന്നത്.” – വിവേകാനന്ദ സ്വാമികള്‍
Discussion about this post