ആറന്മുള പൈതൃകഗ്രാമത്തെ സംരക്ഷിക്കാനും സമ്പൂര്‍ണ ദുരന്തമായി മാറാന്‍ പോകുന്ന വിമാനത്താവള നിര്‍മ്മാണത്തെ ചെറുക്കാനും ഉള്ള സമരത്തിന്റെയും ശ്രമങ്ങളുടെയും ഭാഗമായി നിര്‍മ്മിച്ച ഡോകുമെന്ററി “വിമാനത്താവളം: ആറന്മുളയ്ക്കൊരു ദുരന്തതാവളം” ആറന്മുളയിലെ സമരപ്പന്തലില്‍ വച്ച് ഇന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ശ്രീ. പന്ന്യന്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്തു.
ആറന്മുളയിലെ പാരിസ്ഥിതികപ്രശ്നം, ‘സമീപഭാവിയില്‍ അമേരിക്കന്‍ വ്യോമസേനയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാവുന്ന വിമാനത്താവളം’ എന്നിവയെയെല്ലാം സംബന്ധിച്ച് സിനിമാസംവിധായികയായ രേവതി എസ്. വര്‍മ്മയുടെ സംവിധാനമികവില്‍ അഡ്വ. പ്രതീഷ് വിശ്വനാഥ് നിര്‍മ്മിച്ച അധിനിവേശവിരുദ്ധപാരിസ്ഥിതിക ഡോക്യുമെന്ററിയാണ് ഇത്. ശ്രീ ബലരാമ കൈമള്‍ നന്നായി വിവരണവും നിര്‍വഹിച്ചിരിക്കുന്നു.
കവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി, സാമൂഹ്യപ്രവര്‍ത്തകനും ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി ചെയര്‍മാനുമായ കുമ്മനം രാജശേഖരന്‍, സാമൂഹ്യപ്രവര്‍ത്തകനും ആറന്മുക്കാരനുമായ കെ പി ശ്രീരംഗനാഥന്‍, മുല്ലക്കര രത്നാകരന്‍ എം എല്‍ എ, പരിസ്ഥിതിപ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍, ആറന്മുള കണ്ണാടി വിദഗ്ദ്ധനായ രാജീവ് തുടങ്ങിയവര്‍ വിശദമായി വസ്തുതകള്‍ അവതരിപ്പിക്കുന്നു.
“നാടിന്റെയും, കൃഷിയുടെയും, ജനാധിപത്യത്തിന്റെയും നാശത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനുമെല്ലാം എതിരെയായുള്ള ഒരു ജനതയുടെ രോഷത്തെ ഇതില്‍ ഞങ്ങള്‍ ലോകത്തിന്റെ മുന്നില്‍ വെളിപ്പെടുത്തുന്നു. പകരംവയ്ക്കാനാത്തവിധം മനപ്പൂര്‍വ്വം നശിപ്പിക്കപ്പെടുന്ന പ്രകൃതിയെ, നാശം നേരിടുന്ന കാര്‍ഷികസംസ്കാരത്തെ, ഇല്ലാതാകാന്‍ പോകുന്ന സാംസ്കാരികഗ്രാമത്തെ, എല്ലാം ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നു. സാമ്പത്തികമായി യാതൊരു വിധത്തിലും ലാഭമല്ലായെന്നു ഒറ്റനോട്ടത്തില്‍ വിലയിരുത്താവുന്ന ഒരു വലിയ പദ്ധതി എന്തുവിലകൊടുത്തും നടപ്പാക്കിയെടുക്കാന്‍ ശ്രമിക്കുന്ന കുടിലബുദ്ധിയുടെ പിന്നിലെ രഹസ്യങ്ങള്‍ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. മണി മുഴങ്ങുന്നതാര്‍ക്കു വേണ്ടി എന്ന് നാം ഉള്‍ക്കിടിലത്തോടെ തിരിച്ചറിയുന്നു.”
എല്ലാവരും ഈ ഡോകുമെന്ററി കാണണം, മനസ്സിലാക്കണം, പ്രചരിപ്പിക്കണം.
Discussion about this post