കഴക്കൂട്ടം ഹൈസ്കൂളിലെ സ്പോര്‍ട്സ് ഗ്രൗണ്ടിന്റെ വശത്തുകൂടിയുള്ള ചെറിയ റോഡുവഴി ഇന്നലെ വൈകിട്ട് നടക്കാനിറങ്ങി. മതിലിനപ്പുറത്ത് കുട്ടികളുടെ ആരവം കേട്ട് ഞാന്‍ തലപൊക്കി നോക്കിയതിനാല്‍ അപ്പുറത്ത് മതിലിനു മുകളിലൂടെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ഒരു ചെറിയ തളിക പെട്ടെന്ന് പറന്നുപോകുന്നത് കാണുവാനുള്ള ഭാഗ്യം ഈ ദേഹത്തിനും ലഭിച്ചു. പോക്കറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ എടുത്ത് ഫോട്ടോയെടുക്കാനുള്ള സാവകാശം പോലും കിട്ടിയില്ല, ഏതാനും സെക്കന്റുകള്‍ ഞാന്‍ അത്ഭുതസ്തബ്ധനായി നിന്നുപോയി. തൊണ്ടയില്‍ വെള്ളം വറ്റി. ഉടനെ തന്നെ ഞാന്‍ ശശിയണ്ണന്റെ ചായക്കടയില്‍ കയറി കുറച്ച് ചൂടുവെള്ളം കുടിച്ചു. കുട്ടികള്‍ കൂട്ടമായി അവിടെ നില്‍ക്കുന്നതെന്തിനെന്ന്‍ അന്വേഷിച്ചു. കുട്ടികള്‍ Discus throw പരിശീലിക്കുകയാണ് എന്ന് അണ്ണന്‍ പറഞ്ഞു. ആ കുട്ടികളുടെ ഭാഗ്യം, അവിടെയെത്തിയതിനാല്‍ അവര്‍ക്കും ആ തളിക നേരിട്ട് കാണുവാനുള്ള ഭാഗ്യം കിട്ടിക്കാണുമല്ലോ.
[കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഞാന്‍ പോയിട്ടുണ്ടെങ്കിലും അവിടെവച്ച് പറക്കുംതളിക കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. മനോരമയിലെ പറക്കുംതളിക വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കും അതിയായ ആഗ്രഹം തോന്നിയിരുന്നു ഒരു തളിക നേരിട്ടുകാണാന്‍. പ്രായം കൊണ്ട് ഞാന്‍ മേജര്‍ ആണെങ്കിലും, പട്ടാളത്തിലെ മേജര്‍ അല്ലാത്തതിനാലും UFO photo prank പോലുള്ള mobile app മൊബൈല്‍ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് ഫോട്ടോയില്‍ UFO ഇമേജ് ചേര്‍ത്ത് പറ്റിക്കാന്‍ മുതിരാത്തതിനാലും മനോരമ എന്റെ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കില്ലല്ലോ! ]
ഇനിയും സംഭവം എന്തെന്ന് മനസ്സിലായിട്ടില്ലെങ്കില്‍ ഈ വാര്‍ത്ത വായിച്ചോള്ളൂ.
Discussion about this post