മദ്യവും ശ്രീനാരായണധര്‍മ്മവും

narayana-dharmam-madyamകൊല്ലവര്‍ഷം 1100 ചിങ്ങത്തില്‍ ശിവഗിരി മഠത്തില്‍വച്ച് ശ്രീനാരായണഗുരു അരുളിച്ചെയ്ത ഉപദേശങ്ങള്‍ പദ്യരൂപത്തില്‍ ആത്മാനന്ദ സ്വാമി എഴുതി ശ്രീനാരായണതീര്‍ത്ഥര്‍ വ്യാഖ്യാനിച്ച് പ്രസിദ്ധപ്പെടുത്തിയ ‘ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി’ എന്ന പുസ്തകത്തില്‍ മദ്യനിഷേധം പ്രധാനപ്പെട്ട ഒരു സാമാന്യധര്‍മ്മമാണ് എന്നുപറയുന്നു. പക്ഷെ, ശ്രീനാരായണധര്‍മ്മം പരിപാലിക്കാനുള്ള യോഗാംഗങ്ങളും യോഗനേതാക്കന്മാരും ഇത് പാലിക്കുന്നുവോ?

ഗുരുരുവാച:
അഹിംസാ സത്യമസ്തേയസ്തഥൈവാവ്യഭിചാരിതാ
മദ്യസ്യ വര്‍ജ്ജനം ചൈവം പഞ്ച ധര്‍മ്മാസ്സമാസതഃ 67
അഹിംസ, സത്യം, അസ്തേയം, വ്യഭിചാരമില്ലായ്മ, മദ്യവര്‍ജ്ജനം എന്നിങ്ങനെ ധര്‍മ്മത്തെ ചുരുക്കത്തില്‍ അഞ്ചായി തിരിക്കാം.

“മദ്യനിഷേധം”
ബുദ്ധേര്‍വൈകല്യജനകം മദ്യമിത്യുച്യതേ ബുധൈഃ
മദ്യസേവാം ന കുര്‍വീത മദ്യം വിഷസമം വിദുഃ 82
മദ്യം ബുദ്ധിയ്ക്ക് ഭ്രമത്തെ ഉണ്ടാക്കുന്ന വസ്തുവാണ്; വിഷതുല്യമാണ്.അതിനാല്‍ മദ്യപാനം ആരും ചെയ്യരുത്.

സുരാഹിഫേനവിജയാധൂമപത്രാദി വത്സലാഃ!
ചിത്തഭ്രമ വിധായിത്വാന്മദ്യത്വേനേഹ ഗണ്യതേ. 83
കള്ള്, കറുപ്പ്, കഞ്ചാവ്, പുകയില മുതലായവ ബുദ്ധിഭ്രമം ഉണ്ടാക്കുന്നതില്‍ മദ്യത്തിന്റെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു.

മദ്യസ്യ വിക്രയാദാനേ സന്ധാനം ദാനമേവ ച
കദാപി നാചരേദ്ധീമാന്‍മഹാപാതകഹേതുകം. 84
മദ്യം പാപത്തെ ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് ബുദ്ധിമാനായ ഒരാള്‍ അതിനെ വില്‍ക്കുകയോ അന്യര്‍ക്ക് കൊടുക്കുകയോ  സ്വയം വാങ്ങുകയോ ശേഖരിച്ചു വയ്ക്കുകയോ ഒരിക്കലും ചെയ്യരുത്.

മദ്യപാനാദ്‌വീതലജ്ജം ജിഹാസന്ത്യപി ബാലകാഃ
വിഷൂചീഗ്രസ്തമിവ തം ജൂഗുപ്സന്തേ വിവേകിനഃ 85
കള്ളുകുടിച്ച് നാണംകെട്ടവനെ  കാണാന്‍പോലും കൊള്ളാത്തവനാണെന്നും മറ്റും പറഞ്ഞു പരിഹസിച്ച് കേവലം തിരിച്ചറിവില്ലാത്ത ബാലന്മാര്‍പോലും ത്യജിക്കുന്നു. വിവേകികള്‍ വിഷൂചി പിടിപെട്ടവനെ കണ്ടാലെന്നതുപോലെ വെറുക്കുന്നു.

മദ്യകര്‍ത്താപൂതിഗന്ധിഃ പടശ്ചാസ്യ നികേതനം
ദുര്‍ഗ്ഗന്ധകലുഷം തേന സ്പൃഷ്ടം സര്‍വമപീദൃശം. 86
മദ്യമുണ്ടാക്കുന്നവന്‍ ദുര്‍ഗ്ഗന്ധമുള്ളവനായിത്തീരുന്നു. അവന്‍റെ വസ്ത്രവും  ഭവനവും ദുര്‍ഗന്ധമായിരിക്കും. തന്നെയല്ല, അവന്‍ തൊടുന്ന സര്‍വ വസ്തുക്കളും ദുര്‍ഗന്ധം ഉള്ളതാകും.

മദ്യാസക്തം സ്വസ്യ ഭാര്യാ പിതാ മാതാ സഹോദരഃ
പുത്രോപി ചേശ്വരോ ദ്വേഷ്ടി തസ്മാന്മദ്യം പരിത്യജേത്. 87
മദ്യപാനിയെ അവന്‍റെ ഭാര്യ, അച്ഛന്‍, അമ്മ, സഹോദരന്‍, പുത്രന്‍, ഈശ്വരന്‍ ഇവര്‍ വെറുക്കുന്നു. അതുകൊണ്ട് ആരും കള്ളുകുടിക്കരുത്.

കടപ്പാട്: ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി PDF, ശ്രേയസ്.

ശ്രീ · തത്ത്വചിന്ത · 09-05-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *