ഒരു വ്യവസായിയുടെ രമ്യഹര്‍മ്മ്യം സി പി എം സംസ്ഥാന സെക്രട്ടറി ശ്രീ പിണറായി വിജയന്‍റെ വീടാണെന്ന് തെറ്റിദ്ധരിപ്പിച്ചു ഇമെയില്‍ പ്രചരിച്ചതും, മാനനഷ്ടം കാരണമായി ശ്രീ വിജയന്‍ സൈബര്‍പൊലീസില്‍ കേസു കൊടുത്തതും, ചിലര്‍ ഇമെയില്‍ ഫോര്‍വേഡ് ചെയ്തപ്പോള്‍ ചില ഹാസ്യാത്മകമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതിനാല്‍ അറസ്റ്റിലായതും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.
സൈബര്‍ നിയമങ്ങളില്‍ പുതുതായി കൂട്ടിച്ചേര്‍ത്തവ പ്രാവര്‍ത്തികമായി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം നടന്നത്. അതിനാല്‍തന്നെ കടുത്ത നടപടികളെടുക്കാനും പൊലീസിനു കഴിഞ്ഞു. അച്ചടിദൃശ്യമാധ്യമങ്ങളില്‍കൂടിയും ബ്ലോഗുകളില്‍കൂടിയും ഈ സംഭവത്തിനു നല്ല പ്രചാരം കിട്ടി. ഈ വീട് ശ്രീ പിണറായിയുടേത് അല്ലെന്നും ഏതോ ഒരു വ്യവസായിയുടെതാണെന്നും എല്ലാവര്‍ക്കും ബോദ്ധ്യമായി.
ഇതുമായി ബന്ധപ്പെട്ടു പലരെയും അറസ്റ്റ് ചെയ്തു. അടുത്ത കാലത്ത്, ഗള്‍ഫിലേക്ക് പോകുന്ന വഴി ഒരാളെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തതായും വാര്‍ത്ത കേട്ടു. അങ്ങനെ നല്ലരീതിയില്‍ പൊലിസ് ഈ കേസ് കൈകാര്യം ചെയ്തു. അഭിനന്ദനങ്ങള്‍.
രാഷ്ട്രീയത്തില്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചെളിവാരിയെറിയുന്നത് ദിവസേന നാം കാണുന്നുണ്ട്. ഇടതു വലതിനെയും, വലതു ഇടതിനെയും, ഇടതിലെ വലുത് ചെറുതിനെയും, വലതിലെ ചെറുത് വലുതിനെയും ചെളിയഭിഷേകം ചെയ്യുന്നത് ഒരു നിത്യസംഭവമാണല്ലോ. ഈ ചെളിവാരിയെറിയലൊക്കെ മാധ്യമങ്ങളില്‍ കൂടി ദിവസേന നാം വായിക്കാറുണ്ട്, ചിരിക്കാറുണ്ട്. അതിനൊക്കെ സാധാരണയായി മാനനഷ്ടകേസ് കൊടുത്തതായി കണ്ടിട്ടില്ല. കൊടുത്താലും കുറച്ചു കഴിഞ്ഞു പിന്‍വലിക്കുമായിരിക്കും.
ശ്രീ പിണറായിയുടെ കാര്യത്തില്‍, ഒരു ഇമെയില്‍ ചെയിന്‍ ഇത്രയും കടുത്ത നടപടികള്‍ വരുത്തിവച്ചു എന്നത് അവിശ്വസനീയമായി തോന്നുന്നു. ഇമെയില്‍ അയച്ചവര്‍ക്കോ ഫോര്‍വേഡ് ചെയ്തവര്‍ക്കോ ശ്രീ പിണറായി വിജയനെ തകര്‍ക്കാന്‍ ആയിരുന്നു ഉദ്ദേശം എന്നു വിശ്വസിക്കാനും കഴിയുന്നില്ല – ഇന്റര്‍നെറ്റിനു അത്രയ്ക്ക് ശക്തിയുണ്ടോ? എന്തായാലും സൈബര്‍ നിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ലോരു ബോധവല്‍ക്കരണമായി ഈ സംഭവം ഉപയോഗിക്കാന്‍ കേരള പോലിസിനു കഴിഞ്ഞു എന്നത് വളരെ നല്ലതാണ്. ഇന്റര്‍നെറ്റില്‍ ഇത്തരം ഇമെയിലുകള്‍ ഫോര്‍വേഡ് ചെയ്തു ശീലിച്ച നമുക്കെല്ലാം അത് നല്ലൊരു പാഠവുമായി.
അതൊക്കെ അവിടെ നില്‍ക്കട്ടെ. ഇനി വിഷയത്തിലേക്ക് വരട്ടെ.
കുറച്ചു പേരെ അറസ്റ്റ് ചെയ്യാനും കുറ്റം തെളിയിക്കാനും കഴിഞ്ഞു. കൂടാതെ, ഫോര്‍വേഡ് ചെയ്യപ്പെട്ട ചിത്രത്തിലെ വീട് പിണറായിയുടേതല്ല എന്ന് എല്ലാവര്‍ക്കും വ്യക്തമായി. അതിനാല്‍, ഇതൊരു മഹാകുറ്റമായി കണക്കാക്കാതെ, മാപ്പ് എഴുതിവാങ്ങിയോ മറ്റോ, കുറ്റക്കാരായവരെ വെറുതെ വിടുകയും കേസ് പിന്‍വലിക്കുകയും ചെയ്യണമെന്നു ശ്രീ പിണറായി വിജയനോട് അഭ്യര്‍ഥിക്കുന്നു. അങ്ങനെ ചെയ്യുന്നത് നന്മയാണ്, അദ്ദേഹത്തിനു സൈബര്‍ലോകത്തുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുകയേയുള്ളൂ എന്നുറപ്പാണ്.
ഈ കേസില്‍ ഉള്‍പ്പെട്ട ആരെയും എനിക്ക് അറിയില്ല, പത്രത്തില്‍ വായിച്ച പേരുപോലും ഓര്‍മ്മയില്ല. രാഷ്ട്രീയാതീതമായി ഒരു സൈബര്‍ജീവി എന്ന നിലയിലാണ് ഈ അഭ്യര്‍ത്ഥന. നന്ദി.
“To Err Is Human, To Forgive Divine” (ദൈവമുള്ളവര്‍ക്കും ദൈവമില്ലാത്തവര്‍ക്കും!)
Discussion about this post