ഹസ്താമലകം ( കരതലാമലകം – ഉള്ളം കൈയിലെ നെല്ലിക്ക) പോലെയുള്ള അദ്വൈതസത്യം പ്രചരിപ്പിച്ച ആദിശങ്കരനെ കനകധാരാസ്തോത്രം ചൊല്ലി സ്വര്‍ണ്ണനെല്ലിക്കയില്‍ ആവാഹിച്ചു വില്‍ക്കുന്ന വിദ്യ ആചാര്യന്റെ ജന്മനാടായ കാലടിയില്‍! ഇന്നത്തെ (മെയ് 3, 2014) ജന്മഭൂമി ദിനപത്രത്തിലെ സംസ്കൃതി പേജില്‍ കണ്ട പരസ്യം.
ഹസ്താമലകമായ അദ്വൈതം സാക്ഷാത്കരിക്കുന്നതിനുപകരം കനകമലകം തിരക്കി പോകുന്ന ഭക്തരോട് എന്തുചൊല്ലേണ്ടൂ?
സ്വര്‍ണ്ണപ്രഭയില്‍ കണ്ണ് മഞ്ഞളിക്കാതെ, യഥാര്‍ത്ഥ ഹസ്താമലകം അറിയാന്‍ ശ്രീ നൊച്ചൂര്‍ വെങ്കടരാമന്റെ ഹസ്താമലകം പ്രഭാഷണം കേള്‍ക്കൂ.
പരസ്യത്തില്‍ നിന്ന്:
ഉപനയനസമയത്ത് ബാലനായ ശങ്കരന്‍ ഭിക്ഷക്കായി ദരിദ്രമായ ഒരില്ലത്ത് ചെല്ലുകയും ആകെയുണ്ടായിരുന്ന കുറച്ച് ഉണക്ക നെല്ലിക്കകള്‍ നിറഞ്ഞ മനസ്സോടെ നല്‍കിയ വൃദ്ധയായ അന്തര്‍ജ്ജനത്തിന് അഷ്ടൈശ്വര്യങ്ങളും നല്‍കണേയെന്ന്‍ തന്റെ കുലദേവനായ തൃക്കാലടിയപ്പന്റെ പത്നിയായ ലക്ഷ്മീദേവിയോട് അപേക്ഷിച്ചപ്പോള്‍ സ്വര്‍ണ്ണനെല്ലിക്കകള്‍ മഴപോലെ വര്‍ഷിച്ചുവെന്നാണ് ഐതീഹ്യം. ഈ ഐതീഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് കനകധാരായജ്ഞം നടത്തുന്നത്. 32 ബ്രാഹ്മണശ്രേഷ്ഠര്‍ 10008 ഉരു കനകധാരാ സ്തോത്രം ജപിച്ച് യന്ത്രവിധികള്‍ക്ക് അനുസൃതമായി തയ്യാറാക്കുന്ന കനകധാര മഹാലക്ഷ്മീ യന്ത്രങ്ങളും മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണ്ണം-വെള്ളി നെല്ലിക്കകളും യജ്ഞമണ്ഡപത്തില്‍ ലക്ഷ്മീനാരായണ വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ പ്രതിഷ്ഠിക്കുന്നു.കനകധാരാ സ്തോത്രം ചൊല്ലി സ്വര്‍ണ്ണ നെല്ലിക്കകള്‍ പെയ്തതിനാല്‍ സ്വര്‍ണ്ണം വാങ്ങുന്നതിന് ഏറ്റവും നല്ല ദിവസമായ ‘അക്ഷയതൃതീയ’ദിനമായ മേയ് 2നു കനകലക്ഷ്മിയുടെ വിഗ്രഹത്തില്‍ സ്വര്‍ണ്ണനെല്ലിക്ക കൊണ്ട് ‘കനകാഭിഷേകം’ നടത്തിയ ശേഷം സ്വര്‍ണ്ണം-വെള്ളി നെല്ലിക്കകളും കനകധാര മഹാലക്ഷ്മീ യന്ത്രങ്ങളും ഭക്തജനങ്ങള്‍ക്ക് നല്‍കുന്നു. ഇവയ്ക്കു ലക്ഷ്മീനാരായണ കവചം ചെയ്യുന്നതിനാല്‍ യാതൊരു അശുദ്ധിയും ബാധിക്കുന്നതല്ല. ദാരിദ്ര്യം, ദുഃഖം ഇവ ശമിക്കുന്നതിനും ലക്ഷ്മീദേവിയുടെ അനുഗ്രഹം നിലനിര്‍ത്തുന്നതിനും കനകധാരായന്ത്രങ്ങള്‍ പൂജാമുറിയില്‍ വയ്ക്കുന്നതും സ്വര്‍ണ്ണനെല്ലിക്കകള്‍ സ്വര്‍ണ്ണമാലയിലും വെള്ളി നെല്ലിക്കകള്‍ ചരടിലോ വെള്ളിമാലയിലോ ധരിക്കുന്നതും അഷ്ടൈശ്വര്യങ്ങളായ ആയുരാരോഗ്യധനധാന്യസമ്പത്ത് സമൃദ്ധിയ്ക്ക് ഉത്തമമാണ്.
എല്ലായിടത്തും തെറ്റുകളും തെറ്റുകള്‍ ചെയ്യുന്നവരുമുണ്ട്, പിന്നെ ഇവരോടെന്താ എതിര്‍പ്പ് എന്നുചോദിക്കുന്നവരോടായി, “അന്ധവിശ്വാസം പ്രചരിപ്പിച്ച് ചൂഷണം ചെയ്യുന്നതിനെ ഉറക്കെ ജനങ്ങളോട് വിളിച്ചു പറയാന്‍ എനിക്കും, അത്തരം വിശ്വാസങ്ങളില്‍ മുറുകെ പിടിക്കാന്‍ താങ്കള്‍ക്കും അവകാശമുണ്ട്. അതിനിടയില്‍, ‘എലായിടത്തും തെറ്റുണ്ട്, അതിനാല്‍ നമുക്ക് മിണ്ടാതിരിക്കാം’ എന്നുള്ള അന്യായത്തിനു യാതൊരു പ്രസക്തിയില്ല. ഹിന്ദുക്കളിലെ ചൂഷണത്തെക്കുറിച്ച് പറയാന്‍ ‘യുക്തിവാദി’ ആകണം എന്നില്ലല്ലോ. 🙂
Discussion about this post