വിവേകാനന്ദ സ്വാമികള്‍
നാം യുക്തിയെത്തന്നെ അനുസരിക്കണം. യുക്തി ഉപയോഗിച്ചിട്ടും വിശ്വാസം വന്നിട്ടില്ലാത്തവരോടു സഹതപിക്കുകയും വേണം. യുക്തിയുപയോഗിച്ചു നാസ്തികത്വത്തിലാണ് എത്തുന്നതെങ്കില്‍ അതിനെ സ്വീകരിക്കുന്നതാണ്, ആരെങ്കിലും പറയുന്നതിനെ പ്രമാണിച്ചു മുപ്പതുമുക്കോടി ദേവന്‍മാരെ വിശ്വസിക്കുന്നതിനേക്കാള്‍ മനുഷ്യസമുദായത്തിന് ഏറെ നല്ലത്. പുരോഗതി, വികാസം, സാക്ഷാല്‍ക്കാരം, ഇതാണ് നമുക്കാവശ്യം. വെറും സിദ്ധാന്തങ്ങള്‍ ഒരിക്കലും മനുഷ്യനു കൂടുതല്‍ ഔന്നത്യമുണ്ടാക്കീട്ടില്ല.
ഗ്രന്ഥങ്ങള്‍ എത്ര കൂടിയാലും മനുഷ്യന് അധികം പരിശുദ്ധിയുണ്ടാവാന്‍ സഹായിക്കില്ല. സ്വാനുഭവത്തിലാണ് അതിനുള്ള ഏകശക്തി. അതു നമ്മളിലിരിക്കുന്നു, ചിന്തനം കൊണ്ടുണ്ടാകയും ചെയ്യുന്നു. മനുഷ്യര്‍ ചിന്തിക്കട്ടെ, ഒരു മണ്‍കട്ട ചിന്തിക്കില്ല; അതു മണ്‍കട്ടയായിത്തന്നെ ഇരിക്കുന്നു. മനുഷ്യന്‍ ചിന്തിക്കുന്നവന്‍; ഇതത്രേ മനുഷ്യമഹിമ. ചിന്ത മനുഷ്യന്റെ സഹജസ്വഭാവമാണ്. അതാണ് മനുഷ്യനെ മറ്റു ജീവികളില്‍നിന്നു വ്യത്യാസപ്പെടുത്തുന്നത്. ഞാന്‍ ചിന്താശീലത്തില്‍ വിശ്വസിക്കുകയും അതിനെ അനുസരിക്കുകയും ചെയ്യുന്നു. പ്രമാണം വരുത്തിക്കൂട്ടുന്ന കെടുതി ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്: പ്രമാണം മൂര്‍ദ്ധന്യത്തിലെത്തിയ രാജ്യത്തിലാണ് ഞാന്‍ ജനിച്ചത്.
തത്ത്വനിര്‍ണ്ണയത്തിനു യുക്തിയുപയോഗിക്കുകയേ വഴിയുള്ളൂ; അതു മതകാര്യത്തിലായാലും ശരി. മതം വളരെ ബീഭത്‌സമായതിനെയും നിര്‍ദ്ദേശിച്ചു എന്നുവരാം. ഉദാഹരണം: സ്വമതസ്ഥരല്ലാത്തവരെ ഹിംസിപ്പാന്‍ മുഹമ്മദുമതം അനുവദിക്കുന്നുണ്ട്. ‘അവിശ്വാസികള്‍ മഹമ്മദീയരാവത്തപക്ഷം അവരെ കൊല്ലുക,’ എന്നു ഖുറാനില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവരെ തീയിനും വാളിനും ഇരയാക്കുകയാണ് വേണ്ടത്. ഇതു ശരിയല്ലെന്നു ഒരു മുഹമ്മദീയനോടു പറഞ്ഞാല്‍ ‘നിങ്ങള്‍ക്കെങ്ങനെ അറിയാം? അതു നല്ലതല്ലെന്നു നിങ്ങള്‍ എങ്ങനെ അറിഞ്ഞു? അതു നന്മയാണെന്നു ഖുറാന്‍ വിധിച്ചിട്ടുണ്ട്,’ എന്നാവും അയാള്‍ സ്വാഭാവികമായി മറുപടി പറയുക.
മതഗ്രന്ഥങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നതു തീര്‍പ്പാന്‍ മദ്ധ്യസ്ഥനാര്? തമ്മില്‍ തര്‍ക്കിക്കുന്ന ബൈബിളും ഖുറാനും മറ്റുഗ്രന്ഥങ്ങളും മദ്ധ്യസ്ഥത വഹിച്ചുകൂടല്ലോ. അപ്പോള്‍ സ്വതന്ത്രനും നിഷ്പക്ഷനുമായ ഒരു മദ്ധ്യസ്ഥന്‍ വേണം. ആ മദ്ധ്യസ്ഥപ്രമാണം സാര്‍വ്വജനീനവും സര്‍വ്വസാമാന്യവുമായിരിക്കണം. അതു യുക്തിയെ കവിഞ്ഞു മറ്റെന്താണ്?
ആധാരം: പ്രായോഗികവേദാന്തം (ലണ്ടന്‍, നവംബര്‍ 17, 1896) – സ്വാമി വിവേകാനന്ദന്‍
കൂടുതല്‍ വായിക്കാന്‍ : http://sreyas.in/
Discussion about this post