ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് കൊച്ചിയില്‍ ഒരു യുവതി ആത്മഹത്യ ചെയ്തു എന്നൊരു വാര്‍ത്ത വായിച്ചു. അധിക്ഷേപിച്ചു എന്നുപറഞ്ഞാല്‍ എങ്ങനെയാണത് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. യുവതിയ്ക്കെതിരെ അയാള്‍ തെറിയോ ആരോപണങ്ങളോ മറ്റോ അയാളുടെ ടൈംലൈനില്‍ ഇട്ടെന്നാണോ? നാട്ടുകാര്‍ തമ്മില്‍ പരസ്യമായി അങ്ങോട്ടുമിങ്ങോട്ടും തെറി പറയുന്നത് കേട്ടിട്ടുണ്ട്, അതുപോലെ ഫേസ്ബുക്കിലും വ്യക്തികള്‍ തമ്മില്‍ ആക്രമിക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷെ, ആത്മഹത്യ ചെയ്യാന്‍ തക്കതായ ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപം എന്താണെന്ന് മനസ്സിലാകുന്നില്ല.
അപവാദ പ്രചരണങ്ങള്‍ പണ്ടുമുതലേയുള്ള കലാപരിപാടിയാണ്. നാട്ടിന്‍പുറത്ത് ചിലരെ ‘ആകാശവാണി’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അവരോടൊരു കാര്യം പറഞ്ഞാല്‍ മതി, അത് നാടെല്ലാം അറിയും. മറ്റുള്ളവന്റെ സ്വകാര്യത അറിയാനും പറഞ്ഞുപരത്താനും ആഗ്രഹമുള്ള മനുഷ്യര്‍ അതിനുവേണ്ടി ഇക്കാലത്ത് ഫേസ്ബുക്കിനെയും മൊബൈല്‍ഫോണിനെയും ഉപയോഗിക്കുന്നത് സഹജസ്വഭാവം.
നാട്ടില്‍ അയല്‍പക്കത്തുള്ള രണ്ടു വീട്ടുകാര്‍ തമ്മിലുള്ള പ്രശ്നത്തിനും യുവതിയുടെ മരണത്തിനും കാരണമായ കാതലായ പ്രശ്നം എന്തെന്ന് അന്വേഷിക്കാതെ ചാനലുകള്‍ ഫേസ്ബുക്കിനെയും മൊബൈല്‍ഫോണിനെയും സോഷ്യല്‍ മീഡിയയെയും നവമാധ്യമങ്ങളെയും ആവശ്യത്തില്‍ കൂടുതല്‍ കുറ്റപ്പെടുത്തുന്നതായി തോന്നുന്നു.
ആ യുവതിയെ അധിക്ഷേപിച്ചവനെ പിന്തുണയ്ക്കുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം, മറിച്ച് സോഷ്യല്‍ മീഡിയയെ കണ്ണടച്ചധിക്ഷേപിക്കാന്‍ ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിനെ ചോദ്യം ചെയ്തതാണ്.
Discussion about this post