ഋഷിരാജ് സിംഗിന്റെ തേര്‍ഡ് ഐ

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കഴക്കൂട്ടത്തെയ്ക്ക് ഓട്ടോറിക്ഷ പിടിച്ചു. തിരുവനന്തപുരം കോര്‍പറേഷനു അകത്താണ്. 4.5 kms ദൂരം. ഡ്രൈവര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ല, ഞാന്‍ ചോദിച്ചുമില്ല. കാര്യവട്ടത്ത് ഹൈവെയില്‍ കയറിയപ്പോള്‍ അദ്ദേഹം മീറ്റര്‍ ഇട്ടു.
‘ഇപ്പോള്‍ എന്താ ഇട്ടത്?’
‘മീറ്റര്‍ ഇടാതെ അവരാരെങ്കിലും കണ്ടാല്‍ പൊല്ലാപ്പാകും.’
‘പിന്നെന്താ നേരത്തെ ഇടാത്തത്?’
‘ഓ, അതിപ്പോള്‍ ആവശ്യമില്ലല്ലോ.’
‘ശരി. ഞാന്‍ 4.5 കിലോമീറ്റര്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. അതിനു എത്ര കൂലിയാകുമെന്ന് എനിക്കറിയാം.’
‘അത് പറ്റില്ല, എനിക്ക് റിട്ടേണ്‍ കൂടി വേണം.’
‘അത് നടക്കില്ല.’
ഇത്രയും പറഞ്ഞ് ഞാന്‍ ഫോണ്‍ കയ്യിലെടുത്ത് ഡ്രൈവറുടെ ഫോട്ടോ എടുത്തു, പിന്‍സീറ്റിന്റെ മുന്നില്‍ എഴുതിവച്ചിട്ടുള്ള വണ്ടിയുടെ നമ്പരും റേറ്റ് വിവരങ്ങളും കൂടി ഫോട്ടോ എടുത്തു.
‘ഇതെന്തിനാ സാറേ?’
‘ചേട്ടന്‍ പ്രശ്നം ഉണ്ടാക്കിയാല്‍ ഋഷിരാജ് സാറിനു അയച്ചുകൊടുക്കനാണ്’
അപ്പോള്‍ നമ്മള്‍ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിന്‍റെ മുന്നില്‍ എത്തിയിരുന്നു. ഡ്രൈവര്‍ അവിടെ ചവിട്ടി നിര്‍ത്തി. എന്നോട് പറഞ്ഞു.
‘സാര്‍ ഇവിടെ ഇറങ്ങിക്കോ, ഞാന്‍ കഴക്കൂട്ടത്തേയ്ക്കില്ല’.
‘അതുപറ്റില്ല, എനിക്ക് കഴക്കൂട്ടത്താണ് പോകേണ്ടത്, ഇനി ഒരു കിലോമീറ്റര്‍ കൂടിയല്ലേ ഉള്ളൂ.’
‘ഇതുവരെ ഓടിയ ചാര്‍ജും തരേണ്ട, ഒന്നിറങ്ങിയാല്‍ മതി, ഞാന്‍ സ്റ്റാന്‍ഡില്‍ പൊയ്ക്കൊള്ളാം.’
കൂടുതല്‍ തര്‍ക്കിച്ചില്ല, ഞാന്‍ വെളിയില്‍ കാല്‍ വച്ച്, ഇതുവരെയുള്ള പണം കൊടുക്കാമെന്നു കരുതി പോക്കെറ്റില്‍ നിന്നും പണം എടുക്കുമ്പോഴെയ്ക്കും വണ്ടി വിട്ടുപോയി. എന്തായാലും ഞാന്‍ പരാതി കൊടുത്തില്ല, അത്രയ്ക്ക് പേടിച്ചുപോയി ആ ഡ്രൈവര്‍.

ഋഷിരാജ് സിങ്ങിനെന്താ കൊമ്പുണ്ടോ? ഉണ്ടെന്നാണ് തോന്നുന്നത്.

ഓട്ടോറിക്ഷ മാത്രമല്ല, KSRTC ആന വണ്ടിയെക്കുറിച്ചോ അനധികൃത പാര്‍ക്കിങ്ങിനെ കുറിച്ചോ എന്തുമാകട്ടെ, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് “തേർഡ് ഐ’ പദ്ധതിയില്‍ പരാതി അയയ്ക്കാന്‍ : [email protected], 9446033314 . ഇപ്പോള്‍ത്തന്നെ ഫോണില്‍ സൂക്ഷിച്ചോള്ളൂ.

[ആള്‍ക്കാരുള്ള സ്ഥലത്ത് മാത്രമേ ഇതുപോലെ സംസാരിക്കാവൂ, അല്ലെങ്കില്‍ ചിലപ്പോള്‍ തട്ടുകിട്ടിയേക്കാം, കിട്ടിയിട്ട് പരാതി കൊടുത്താലും വേദന പോകില്ലല്ലോ.]

കൂടാതെ [email protected], [email protected] എന്നീ ഇ-മെയിലുകളിലേക്കും പരാതി അയയ്‌ക്കാം.

ശ്രീ · സാമൂഹികം · 01-02-2014 · ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടന്റ്. F T G+ W

Leave a Reply

Your email address will not be published. Required fields are marked *