കല്ലറ-പാങ്ങോട് സമരത്തിന്റെ സ്മാരകമായി കല്ലറ ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള രക്തസാക്ഷി മണ്ഡപം.
ബ്രിട്ടീഷ് രാജ് അവസാനിപ്പിക്കുന്നതിനായുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതായി ഭാരത സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള 39 സമരങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ കല്ലറ-പാങ്ങോട് സമരം. കല്ലറയുടെ പ്രാന്തപ്രദേശത്തുള്ള താളിക്കുഴി എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത് എന്നതും അച്ഛനും അമ്മാവനും പറഞ്ഞുകേട്ടിട്ടുള്ള വീരകഥകളുമാണ് ഈ സമരത്തിനു ഞാനുമായുള്ള അടുത്ത ബന്ധം.
മഹാത്മാഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ബ്രിട്ടീഷ് രാജിനെതിരെ തിരുവനന്തപുരം ജില്ലയിലെ അടുത്തടുത്ത പ്രദേശങ്ങളായ കല്ലറയിലെയും പാങ്ങോടിലെയും കര്‍ഷകര്‍ നടത്തിയ സമരമാണ് കല്ലറ-പാങ്ങോട് സമരം. ദിവാന്‍ സി.പി. രാമസ്വാമിയുടെയും രഹസ്യ പോലീസിന്റെയും കാര്‍ക്കശ്യത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്ന അവസരത്തില്‍ , കല്ലറയിലെയും പാങ്ങോടിലെയും ചന്തകളില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള പ്രവേശനചുങ്കം അകാരണമായി വര്‍ദ്ധിപ്പിച്ചു. അതിനെതിരെ കൊച്ചപ്പി പിള്ള, പ്ലാക്കീഴ് കൃഷ്ണ പിള്ള, ചെല്ലപ്പന്‍ വൈദ്യന്‍, ചെറുവാളം കൊച്ചുനാരായണന്‍ ആചാരി എന്നിവരുടെ നേതൃത്വത്തില്‍ ജാതിമതങ്ങള്‍ക്കതീതമായി കര്‍ഷകര്‍ സംഘടിച്ചു. 1930 സെപ്റ്റംബര്‍ മാസാവസാനം (29/30) അവര്‍ കല്ലറ ചന്തയില്‍ ചുങ്കപ്പിരിവ് നല്‍കാതെ പ്രതിക്ഷേധിച്ചു. സമര നേതാവായിരുന്ന കൊച്ചപ്പി പിള്ളയെ പോലീസ് കസ്റ്റടിയിലെടുത്ത് പാങ്ങോട് പോലീസ് ഔട്ട്‌പോസ്റ്റില്‍ വച്ച് പീഡിപ്പിച്ചു. ഇതില്‍ പ്രതിക്ഷേധിച്ച് നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. തിരുവനന്തപുരത്തുനിന്നും പാങ്ങോടേയ്ക്കുള്ള എല്ലാ റോഡുകളും മരം വെട്ടിയിട്ടും കല്ലുകള്‍ നിറച്ചും അടച്ച് കൂടുതല്‍ പോലീസ് സേന എത്തുന്നതിനെ ജനം പ്രതിരോധിച്ചു.
പട്ടാളത്തില്‍ നിന്നും വിരമിച്ച പട്ടാളം കൃഷ്ണന്റെ ഇടപെടലിനാല്‍ അടുത്ത ദിവസം കൊച്ചപ്പി പിള്ളയെ മോചിപ്പിച്ചു. അതേ ദിവസംതന്നെ, കല്ലറയിലെ റോഡ് ഉപരോധം നീക്കിയ പോലീസുകാരനെ നാട്ടുകാര്‍ അടിച്ചുകൊന്നു. അന്നുച്ചയ്ക്ക് നാട്ടുകാര്‍ പാങ്ങോട് പോലീസ് ഔട്ട്‌പോസ്റ്റിലേയ്ക്ക് സായുധരായി മാര്‍ച്ച് ചെയ്തു. നാട്ടുകാരും പോലീസും തമ്മില്‍ നടന്ന വെടിവയ്പ്പില്‍ സമരനേതാക്കളായ പ്ലാക്കീഴ് കൃഷ്ണപിള്ളയും ചെറുവാളം കൊച്ചുനാരായണനാചാരിയും അവിടെവച്ചുതന്നെ മരിച്ചു. അടുത്ത ദിവസം കൂടുതല്‍ പോലീസ് തിരുവനന്തപുരത്തുനിന്ന്‍ പാങ്ങോട് എത്തുകയും വീടുവീടാന്തരം തെരച്ചില്‍ നടത്തി സമരത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന മറ്റുള്ളവരെയെല്ലാം അറസ്റ്റ് ചെയ്ത് സമരം അടിച്ചമര്‍ത്തി.
ഒരു വര്‍ഷത്തിനകം തന്നെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി. കേസിലെ ഒന്നാം പ്രതിയും പതിമൂന്നാം പ്രതിയുമായിരുന്ന കൊച്ചപ്പി പിള്ളയേയും പട്ടാളം കൃഷ്ണനെയും 1940 ഡിസംബര്‍ 17നും 18നുമായി തൂക്കിക്കൊന്നു. മറ്റുള്ളവരെ കഠിന തടവിനും ശിക്ഷിച്ചു. മറ്റൊരു പ്രതിയായ രാമേലിക്കോണം പദ്മനാഭന്‍ പോലീസ് വീട് വളഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തിരുന്നു. പാലുവള്ളി അബ്ബാസ് ചട്ടമ്പി, മടത്തുവാതുക്കല്‍ ശങ്കരന്‍ മുതലാളി, മാങ്കോട് ഹനീഫ ലബ്ബ, ഡ്രൈവര്‍ വാസു, ഗോപാലന്‍, പനച്ചക്കോട് ജമാല്‍ ലബ്ബ, കല്ലറ പദ്മനാഭപിള്ള, മാധവകുറുപ്പ്, കൊചാലുംമൂട് അലിയാരുകുഞ്ഞ്, മുഹമ്മദാലി, വാവാക്കുട്ടി, കുഞ്ഞന്‍ പിള്ള, പാറ നാണന്‍ തുടങ്ങിയവരുടെ പേരുകള്‍ ഈ കേസ് റെക്കോര്‍ഡുകളില്‍ കാണാം.
പാങ്ങോട് നിന്നും പത്തു കിലോമീറ്റര്‍ ദൂരെയുള്ള കടയ്ക്കല്‍ എന്ന സ്ഥലത്തും ഇതേ ദിവസം ഒരു ലഹളയുണ്ടായി, ഫ്രാങ്കോ രാഘവന്‍ പിള്ളയാണ് അതിനു നേതൃത്വം കൊടുത്തത്. കടയ്ക്കല്‍ ലഹളയും അംഗീകരിക്കപ്പെട്ട ഒരു സ്വാതന്ത്ര്യ സമരമാണ്.
കൂടുതല്‍ അറിയാന്‍ :
Wiki Link: http://en.wikipedia.org/wiki/Kallara-Pangode_Struggle
Discussion about this post