ഭഗവദ്ഗീത വായിച്ചു സമയം കളയാതെ ഫുട്ബോള്‍ കളിക്കൂ എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതായി പല ചര്‍ച്ചകളിലും കാണാറുണ്ട്. എതുസാഹചര്യത്തിലാണ് സ്വാമികള്‍ അങ്ങനെ പറഞ്ഞത്? വിവേകാനന്ദസാഹിത്യസര്‍വസ്വത്തിന്റെ മൂന്നാം വാല്യത്തില്‍ ‘വേദാന്തവും ഭാരതീയജീവിതവും‘ എന്ന അദ്ധ്യയത്തിലാണ് ഈ പരാമര്‍ശം ഉള്ളത്, ഈ ഭാഗം വായിച്ചുനോക്കൂ.
“ഉപനിഷത്തുകളുടെ മഹത്ത്വമിരുന്നിട്ടും, നാം അഭിമാനിക്കാറുള്ള നമ്മുടെ ഋഷിപാരമ്പര്യവുമൊക്കെയിരുന്നിട്ടും, മറ്റു മാനവവംശങ്ങളെ അപേക്ഷിച്ച്, നാം ദുര്‍ബ്ബലരാണ്, അതീവ ദുര്‍ബ്ബലരാണെന്നു നിങ്ങളോടെനിക്കു പറയേണ്ടതുണ്ട്.
ഒന്നാമതായി, കായികമായ നമ്മുടെ ദൗര്‍ബ്ബല്യം. നമ്മുടെ ദുരിതങ്ങളുടെ മൂന്നിലൊരു പങ്കിനെങ്കിലും ഈ കായിക ദൗര്‍ബ്ബല്യമാണ് കാരണം. നാം അലസരാണ്; നമുക്കു പ്രയത്‌നിക്കാന്‍ വയ്യ; ഒത്തൊരുമിക്കാന്‍ വയ്യ; അന്യോന്യം സ്നേഹമില്ല. കടുത്ത സ്വാര്‍ത്ഥപരതയാണ് നമുക്കുള്ളത്.
നമ്മില്‍ മൂന്നുപേര്‍ ഒന്നിച്ചുകൂടിയാല്‍ പരസ്പരം വിദ്വേഷിക്കയായി, പരസ്പരം അസൂയപ്പെടുകയായി. ഇതാണ് നമ്മുടെ നില. ആശയ്ക്കു വകയില്ലാത്തവണ്ണം ചിന്നിച്ചിതറിയ ജനക്കൂട്ടങ്ങള്‍, കടുംസ്വാര്‍ത്ഥികള്‍; നെറ്റിയില്‍ ഒരു കുറിയിടേണ്ടത് ഇങ്ങനെയാണോ അങ്ങനെയാണോ എന്നതിനെച്ചൊല്ലി നൂറ്റാണ്ടുകളായി തമ്മില്‍തല്ലുന്നവര്‍; ഒരുവന്റെ നോട്ടം എന്റെ ഭക്ഷണത്തെ മലിനപ്പെടുത്തുമോ ഇല്ലയോ എന്നും മറ്റുമുള്ള വന്‍പ്രശ്‌നങ്ങളെ അധികരിച്ചു നിരവധി ഗ്രന്ഥങ്ങള്‍തന്നെ എഴുതിവിടുന്നവര്‍! കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി നമ്മുടെ ചെയ്തികളായിരുന്നു ഇതെല്ലാം. ഇത്ര അദ്ഭുതസൗന്ദര്യമുള്ള പ്രശ്‌നങ്ങളിലും ഗവേഷണങ്ങളിലും ബുദ്ധിശക്തി മുഴുവന്‍ വ്യാപരിപ്പിച്ചുവന്ന ഒരു മനുഷ്യവര്‍ഗ്ഗത്തില്‍നിന്ന് ഉത്കൃഷ്ടമായ യാതൊന്നും പ്രതീക്ഷിക്കാവതല്ല.
നമുക്കു നമ്മെക്കുറിച്ചു നാണവുമില്ലേ? അതേ, ചിലപ്പോഴുണ്ട്: പക്ഷേ ഇതൊക്കെ വ്യര്‍ത്ഥമാണെന്നു തോന്നിയാലും വേണ്ടെന്നു വെയ്ക്കാന്‍ നമുക്കു വയ്യ. തത്തയെപ്പോലെ പലതും നാം പറയാറുണ്ട്. പക്ഷേ ഒരിക്കലും ചെയ്യാറില്ല. പറയലും ചെയ്യാതിരിക്കലും നമ്മുടെ ശീലമായിരിക്കയാണ്. എന്തുകൊണ്ട്? കായികദൗര്‍ബ്ബല്യംകൊണ്ട്.
ഇത്തരം ക്ഷീണിച്ച തലച്ചോറുകൊണ്ട് ഒന്നും ചെയ്യുക സാധ്യമല്ല. അതിനെ നാം ശക്തിപ്പെടുത്തണം. ആദ്യമായി നമ്മുടെ യുവാക്കള്‍ കരുത്തരാകണം. മതം പിന്നീടു വന്നുകൊള്ളും.
യുവസുഹൃത്തുക്കളേ, നിങ്ങള്‍ കരുത്തരാകുവിന്‍. അതാണ് നിങ്ങള്‍ക്കെന്റെ ഉപദേശം. ഗീത പഠിച്ചിട്ടെന്നതിലുമധികം ഫുട്‌ബോള്‍ കളിച്ചിട്ടു സ്വര്‍ഗ്ഗത്തോടടുക്കാം. കുറേ കടന്ന വാക്കുകളാണിവ; എങ്കിലും നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് എനിക്കിതു പറയണം. എനിക്കറിയാം, തകരാറെവിടെയാണെന്ന്. കുറച്ചനുഭവം എനിക്കുണ്ടായിട്ടുണ്ട്.
ബാഹുബലവും ശരീരബലവും കുറച്ചുകൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഗീത കൂടുതല്‍ നന്നായി മനസ്സിലാകും. കുറേ ചൊറുചൊറുക്കുള്ള രക്തം നിങ്ങള്‍ക്കുണ്ടായാല്‍, കൃഷ്ണന്റെ ബലിഷ്ഠമായ പ്രതിഭയും മഹത്തായ പ്രതാപവും നിങ്ങള്‍ക്കു കൂടുതല്‍ നന്നായി മനസ്സിലാകും.
നിങ്ങളുടെ ശരീരം നിങ്ങളുടെ കാലില്‍ ഉറച്ചുനിന്നാല്‍, ആണുങ്ങളാണെന്ന ബോധം നിങ്ങള്‍ക്കുണ്ടായാല്‍, ഉപനിഷത്തുകളും ആത്മമഹിമയും കൂടുതല്‍ നന്നായി മനസ്സിലാകും. അങ്ങനെ ഇതെല്ലാം നമ്മുടെ ആവശ്യങ്ങള്‍ക്കുപയോഗിക്കണം.”
കടപ്പാട് : ഉള്ളടക്കം – ശ്രേയസ്, ചിത്രം – mystikal india
Discussion about this post